2011, നവംബർ 7, തിങ്കളാഴ്‌ച

മെലിയുന്ന കവിതകള്‍


ദേശാഭിമാനി വാരിക,ഒക്ടോ.9


പുതു കവികളില്‍ ശ്രദ്ധേയനായ നിരഞ്ജന്റെ കവിതാ സമാഹാരത്തിന്റെ പേര് ' ചിലവു കുറഞ്ഞ കവിതകള്‍' എന്നാണ്. കവികള്‍ ഇയ്യിടെയായി മിതവ്യയശീലക്കാരായിരിക്കുന്നു. നമ്മുടെ കവിതകള്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നു. പക്ഷേ, അവയെ തൊഴുത്തില്‍ കെട്ടാമെന്ന് ആരും കരുതേണ്ട. പ്രമേയത്തെക്കുറിച്ച് പുതു കവികള്‍ക്ക് ഒട്ടും വ്യാകുലതയില്ലിപ്പോള്‍. 'എഴുത്ത്' കവിതയുടെ മുഖ്യപ്രശ്‌നമായി മാറിയിരിക്കുന്നു.
' നിറവിനെക്കുറിച്ചൊരു സ്വപ്നം
ഭിത്തികള്‍ക്കിടയിലും സാധ്യമാണ്
കട്ടിലിന്നടിയിലും സാധ്യമാണ്' - എന്ന് പി.രാമന്‍. കവിതയിപ്പോള്‍ ഏത് ശൂന്യസ്ഥലികളിലും പടര്‍ന്നു തുടങ്ങിയിരിക്കുന്നു.
'ആരും കാണാതെ
കാറ്റത്ത് ഇളകിയാടുന്ന
പുല്‍ക്കൊടിപോലെ,
പ്രാചീന മൗനം കൊണ്ട്
ഋതുക്കളെ നേരിടുന്ന
വൃക്ഷ ജന്മം പോലെ,
മൗനമോ-
ശബ്ദമോ ആകും മുദ്ര' എന്ന് ശിവദാസ് പുറമേരി എഴുതുന്നുണ്ട്.
വൃത്തം, അലങ്കാരം, താളം, ബിംബം, ഇമേജറി തുടങ്ങിയവയുടെയൊന്നും ആടയാഭരണങ്ങളില്ലാതെ പുതിയ 'ചെലവു കുറഞ്ഞ കവിതകള്‍' നിശിതമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. മിതത്വം എന്നത് പുതു കവിതയ്ക്ക് ഉത്തരവാദിത്തമായിരിക്കുന്നു. 'സംസ്‌കൃതം പറയുന്ന ശീലം മുഴുവനുപേക്ഷിക്കണം' എന്ന് സച്ചിദാനന്ദന്‍ മുമ്പ് ഉപദേശിച്ചിരുന്നു. 'ന്യൂനീകരണ' (minimalism) ത്തിന്റെ പുതിയൊരു സൗന്ദര്യശാസ്ത്രം തന്നെ പുതുകവിതകള്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
ലോകത്തുള്ള എല്ലാ കാര്യങ്ങളും വഹിക്കേണ്ടി വരുന്ന ചുമടുതാങ്ങികളായി കവിതയെ മാറ്റാന്‍ പുതു കവി ഇഷ്ടപ്പെടുന്നില്ല. എല്ലാം ഒരു കവിതയില്‍ത്തന്നെ പറയേണ്ടതില്ല എന്ന് അവര്‍ കരുതുന്നു. കവിത ഒരു 'ഷോപ്പിംഗ്മാള്‍' അല്ല എന്നവര്‍ക്കറിയാം.
'ബിംബങ്ങളെ
ആഴത്തില്‍ത്തന്നെ കുഴിച്ചിടണം
അല്ലെങ്കില്‍ ജഡം
ശവപ്രണയിയായ ഏതെങ്കിലും കവിയുടെ
കവിതയിലോ ഗാനത്തിലോ കടന്നുകൂടി
തനിക്കു ജീവനുണ്ടെന്നഭിനയിക്കും'
എന്ന് സച്ചിദാനന്ദന്‍ 'ബിംബങ്ങളുടെ മരണം' എന്ന കവിതയില്‍ എഴുതുന്നു. മൃതബിംബങ്ങളുടെ പ്രദര്‍ശന ശാലയാവാന്‍ പുതു കവികള്‍ തങ്ങളുടെ കവിതയെ അനുവദിക്കുന്നില്ല. അനുഭവങ്ങളെ ധീരമായി നേരിടാന്‍ കെല്പുള്ളവയാണ് തങ്ങളുടെ വാക്കുകള്‍ എന്ന അഭിമുഖീകരണത്തിന്റെ രാഷ്ട്രീയം പുതു കവിതകളുടെ ഭാഷ മുന്നോട്ടുവയ്ക്കുന്നുണ്ട്.
മലയാളത്തിന്റെ ജൈവികതയിലേക്കും ജൈവികമാകുമ്പോഴുള്ള സൂക്ഷ്മതയിലേക്കും പുതിയ കവിത ഉണര്‍ന്നിരിക്കുന്നു. ആഭരണങ്ങള്‍കൊണ്ട് വൈരൂപ്യത്തെ മറച്ചുവയ്ക്കാന്‍ പുതു കവികള്‍ക്ക് താല്പര്യമില്ല. വാക്കുകളുടെ പകിട്ടു കൊണ്ടല്ല നോട്ടത്തിന്റെ താന്‍ പോരിമ കൊണ്ടാണ് ഇന്ന് കവിത ലോകത്തെ നേരിടുന്നത്.
'വ്യക്തഭംഗികള്‍ കാണാതാകിലും കലയുയര്‍-
ന്നത്രമേലുള്‍ക്കൊള്‍വതിലഭിമാനിപ്പൂ ഞങ്ങള്‍'
എന്ന് വൈലോപ്പിള്ളിയെപ്പോലെ പുതു കവികളും അഭിമാനിക്കുന്നു.
പുതു കവിതകളില്‍ ഒരു 'പദക്ലിനിക്ക്' പ്രവര്‍ത്തിക്കുന്നുണ്ട്.
'പറഞ്ഞതുതന്നെ പറഞ്ഞും
എണ്ണയുള്ളത് തിന്നും
കൊഴുപ്പ് കൂടിയിട്ടുണ്ട്
ബൈപാസ് ചെയ്തില്ലെങ്കില്‍
ആയുസ്സുകുറയും' എന്നാണ് തടിയന്‍ കവിതാ മൂപ്പനോട് പദക്ലിനിക്കിലെ ഡോക്ടര്‍ ഉപദേശിക്കുന്നത്. (വാക്കുകള്‍ ആശുപത്രിയില്‍- ഗഫൂര്‍ കരുവണ്ണൂര്‍). മാറാന്‍ കൂട്ടാക്കാത്ത പഴയ കാവ്യഭാവുകത്വത്തിന്റെ പരിസരത്ത് അലഞ്ഞു നടക്കുന്ന ദുര്‍മേദസ്സുള്ള കവിതകള്‍ക്ക് ഹൃദയസ്തംഭനത്തിന് സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഉറുക്കഴിഞ്ഞതുപോലെ, കരുത്ത് ചോര്‍ന്ന് കവിത തളര്‍ന്നു വീണത്. വസന്തതിലകവും ഉല്‍പ്രേക്ഷയും കവിതയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. രണ്ടു നാടന്‍ ബിംബങ്ങള്‍ കഴുത്തില്‍ കയ്യിട്ട് മറയ്ക്കിരിക്കാന്‍ കൊണ്ടു പോകുന്നു. അങ്ങനെയാണ് കവിത മെലിഞ്ഞു പോയത്.
കവിത ലക്ഷ്യവേധിയാവുകയും 'കുന്തം- പോലെ കൂര്‍പ്പിച്ചൊരിച്ഛകള്‍' അവയില്‍ തുടിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ കൃശശരീരത്തിന് സാധൂകരണമുണ്ടാകുന്നു. സംസ്‌കൃതം പറയുന്ന ശീലം വെടിഞ്ഞ്, നാടന്‍ പദങ്ങളുടെയും ഗ്രാമീണ ഗന്ധങ്ങളുടെയും ജൈവികതയിലേക്ക് അനാര്‍ഭാടമായി ഇറങ്ങി വന്ന കവിത കൂടുതല്‍ സത്യസന്ധത ആര്‍ജ്ജിക്കുന്നു. കവിത നമ്മുടെ കഥപറയാന്‍ തുടങ്ങുന്നു. അതിഭാവുകത്വത്തിന്റെ മാസംളതയും മുഖം മിനുക്കിയ തൊങ്ങലുകളും വെടിഞ്ഞ്, അനുഭവത്തെ നേര്‍ക്കു നേരെ നേരിടാന്‍ കഴിയുമെന്ന ഇച്ഛാബലം പുതു കവിത പ്രകടിപ്പിക്കുന്നു.
'വഴിനടപ്പിലെ തന്‍ വഴി തരുന്ന ഊര്‍ജ്ജവും ഊറ്റവുമുണ്ട്. ഒരേ തച്ചില്‍ തളഞ്ഞ് ചീഞ്ഞു പോകില്ലെന്ന ഉറപ്പും തെറിപ്പുമുണ്ട്' എന്ന് അന്‍വര്‍ അലി ആത്മവിശ്വാസത്തോടെ പറയുന്നത് നാം അവിശ്വസിക്കേണ്ടതില്ല.
'ആട്ടിന്‍കാട്ടം' എന്ന കവിതയില്‍ പുതുകവികളുടെ കാവ്യസങ്കല്പത്തെ സച്ചിദാനന്ദന്‍ വിചാരണചെയ്യുന്നുണ്ട്.
'ഉത്തമകവിത
ആട്ടിന്‍കാട്ടം പോലിരിക്കണം
എന്ന് പയ്യന്‍ പേച്ച്.
പുല്ലിന്റെ പച്ച കാണാതെ
പൂവിന്റെ മണം ആളാതെ
പുഴപോലെ ഒഴുകാതെ
വിയര്‍പ്പില്ലാതെ വികാരമില്ലാതെ
മരിച്ചുദഹിച്ചു കറുത്തുരുണ്ട്
പതിമൂന്നു വാക്കുകളില്‍ കവിയാതെ
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടപോലൊരു
വൃഥാജന്മം'
പക്ഷേ ഇത്തരത്തില്‍ കാലത്തിനു വെളിയിലാണോ പുതുകവിത? സച്ചിദാനന്ദന്‍ 'പയ്യന്‍' എന്നു വിശേഷിപ്പിക്കുന്ന പുതുകവികളോട് സംഘസാഹിത്യത്തിലേക്കും മലയാളത്തിന്റെ സമ്പന്നമായ കാവ്യസംസ്‌കൃതിയിലേക്കും തിരിച്ചുചെല്ലാനാണ് സച്ചിദാനന്ദന്‍ ഉപദേശിക്കുന്നത്.ആധുനികകവികള്‍ ഏത് സ്‌കൂളിലാണ് പഠിച്ചത് എന്ന് വൈലോപ്പിള്ളി അദ്ഭുതംകൂറിയിരുന്നു.മലയാളത്തിന്റെ കാവ്യസംസ്‌കാരത്തെക്കുറിച്ചു പഠിക്കാന്‍ സ്‌ളേറ്റും പെന്‍സിലുമെടുത്ത്,തലയില്‍ മുണ്ടിട്ട് പള്ളിക്കൂടത്തിലേക്കു പോകുന്ന പുതിയ 'പയ്യനെ'ക്കുറിച്ചാണ് സച്ചിദാനന്ദന്‍ എഴുതുന്നത്.
തലമുറകള്‍ മാറുമ്പോള്‍ പഠിക്കുന്ന സ്‌കൂളുകളും പഠിപ്പിക്കുന്ന അധ്യാപകരും ആര്‍ജ്ജിക്കുന്ന അനുഭവങ്ങളും മാറുന്നു എന്നതാണ് സത്യം.
'മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന ഈ സമീപനരീതി എന്നെ ചെടിപ്പിച്ചിട്ടുണ്ട്' എന്ന പി.രാമന്റെയും(കനം),'ഞാന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൗരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല' എന്ന അന്‍വര്‍ അലിയുടേയും(ആടിയാടി അലഞ്ഞ മരങ്ങളേ) വാക്കുകളെ സമൂഹനിരാസത്തിന്റെ നിരുത്തരവാദ പ്രസ്താവനകളായി വായിച്ചെടുക്കേണ്ടതില്ല.മറിച്ച് പ്രതിബദ്ധതയെക്കുറിച്ചുള്ള പരമ്പരാഗത
ദര്‍ശനങ്ങളില്‍ നിന്നുള്ള വിച്ഛേദത്തിലൂടെ സ്വന്തമായി ഒരു ഇടം കണ്ടെത്താനുള്ള പുതുകവികളുടെ പിടച്ചിലായി വേണം ഇതിനെ കാണാന്‍.മാറ്റൊലിക്കവികളെയല്ലല്ലോ നമുക്കാവശ്യം.
'ഒരു മഴയും ഞാന്‍ നേരെ നനഞ്ഞില്ല' എന്ന് പി.രാമന്‍ എഴുതുമ്പോള്‍, നഷ്ടബോധമാണോ,കുറ്റബോധമാണോ, അഭിമാനമാണോ, പലായനവാദമാണോ ധ്വനിക്കുന്നത് എന്ന കാവ്യാത്മക സന്ദേഹത്തില്‍ അകപ്പെടേണ്ടതിനു പകരം പുതുകവിയുടെ ഒളിച്ചോട്ടമായി മുദ്രയടിക്കുന്നത് കാവ്യനിരൂപണത്തിലെ ക്രിമിനല്‍ കുറ്റമാണ്.
പുതുകവിയുടെ വാക്കിന്റെ തൂക്കം രൂപപ്പെട്ടത് സാമൂഹ്യാന്തരീക്ഷത്തില്‍നിന്നുതന്നെയാണ്.തന്നെ 'ഭാഷ'പ്പെടുത്തിയ 'ഉമ്മമലയാള'ത്തോടു മാത്രമേ തനിക്കു കണക്കുപറയേണ്ടതുള്ളൂ എന്ന അന്‍വറിന്റെ ഊറ്റം യഥാര്‍ത്ഥത്തില്‍ ചെന്നുതൊടുന്നത് സ്വത്വത്തിന്റെ വേരുകളിലേക്കും അതുവഴി ഭൂമിമലയാളത്തിലേക്കുമാണ്!
വാക്കിനെ അറിയുന്നവനാണ് കവി.
'വാക്കല്ലാതെ മറ്റൊരുവാതിലും ഇല്ലാതെ
ഒരു കോട്ടയിലാണു മനുഷ്യന്‍
കവിയേ അതറിയുന്നുള്ളൂ'
എന്ന് കല്പറ്റ നാരായണന്‍ എഴുതുന്നുണ്ട്(കവി).പുതിയ കവിയില്‍ 'വാരിധിതന്നില്‍ തിരമാലകളെന്നപോലെ'യല്ല വാക്കുകള്‍ പ്രവഹിക്കുന്നത്.തിരമാലകള്‍ക്കടിയിലെ അദൃശ്യമായ ഊര്‍ജ്ജപ്രവാഹമാണ് പുതുകവിതയില്‍ വാക്കുകള്‍.'ഒരു കവിതയിലും കയറ്റിവെക്കാത്ത മൗനമുണ്ടെന്നുള്ളില്‍' എന്ന് ഗഫൂര്‍ കരുവണ്ണൂര്‍ എഴുതിയത് (അകം) വാക്കിന്റെ നിശ്ശബ്ദഗര്‍ജ്ജനത്തെക്കുറിച്ചുതന്നെയല്ലേ?
വീരാന്‍കുട്ടിയും അജീഷ്ദാസനും വിഷ്ണുപ്രസാദും കെ.എം.പ്രമോദും അടക്കമുള്ള പുതുകവികള്‍ കാവ്യരചനയുടെ രേഖീയ സ്വഭാവത്തെ അട്ടിമറിക്കുകയും പ്രമേയബദ്ധമായ കാവ്യസങ്കല്പങ്ങള്‍ക്ക്പകരം ശിഥിലവും വികേന്ദ്രീകൃതവുമായ ആവിഷ്‌കരണ രീതി അവലംബിക്കുകയും ചെയ്യുന്നു. ഇവര്‍ അനുഭവങ്ങളെ നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നരീതി പൂര്‍വ്വകവികളില്‍നിന്ന് വ്യത്യസ്തമായിരിക്കാം.പക്ഷേ അവര്‍ ഒളിച്ചോടുന്നില്ല.
'കലുഷിതമെന്‍ ജീവിതമൂറി
ക്കവിതകളായതു കോരി
പാഴ്‌നരയൊടു പകരംവീട്ടി
പ്പാനംചെയ്തു രസിപ്പന്‍'
എന്ന്, അനുഭവങ്ങളെ പുളിക്കാന്‍വച്ച് അത് മൂത്ത് പാകംവരുമ്പോള്‍ കവിതകളായി മാറുന്ന പക്വതയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. കാലം പുതിയ കുട്ടികള്‍ക്ക് ലഘുവായ അനുഭവങ്ങളുടെ തൂവലുകള്‍ മാത്രമാണോ കരുതിവച്ചിട്ടുള്ളത്?'കുളിക്കിടയില്‍ യുറേക്കയാവുന്ന ആര്‍ക്കിമെഡീസ് കവിത'യാണോ(കുളിമുറിയിലെ കവിത-നിരഞ്ജന്‍) ഇന്നത്തേത്? ഒരിക്കുമല്ല.
മഹാഖ്യനങ്ങള്‍ അപ്രസക്തമാകുന്ന ആധുനികോത്തരകാലത്ത്, കര്‍തൃത്ത്വരഹിതമായ അനുഭവപ്രവാഹത്തിന്റെ കാലസന്ധിയില്‍ കവിതയെ സംബന്ധിച്ച ധാരണകള്‍ തകിടംമറിയുന്നു.മെലിഞ്ഞ കവിതകളാണ് ഈ സാംസ്‌കാരിക ദുര്‍ന്നീതികളെ പ്രതിരോധിക്കാന്‍ മുന്നിട്ടുനില്‍ക്കുന്നത്.
പുഴ കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുമ്പോഴും, കുന്നുകള്‍ ലോറിയില്‍ കയറിപോകുമ്പോഴും കാട് അറക്കമില്ലിലേക്കു പോകുമ്പോഴും
'കാറ്റേ, നിനക്കുമാത്രം ഒരുമടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നൂടെ നിനക്ക്?(വിഷ്ണുപ്രസാദ്-വായു)
എന്ന കവിത മലയാളത്തിലെ മറ്റേത് പാരിസ്ഥിതികകവിതകളുടെ മഹാഖ്യാനത്തേക്കാളും സൂക്ഷ്മസ്ഥലികളെ സ്പര്‍ശിക്കുന്നത് അവബോധത്തിന്റെ മഹാകാശങ്ങള്‍ അന്യമാവാത്തതുകൊണ്ടുതന്നെയാണ്.
'അധികനാള്‍ ഒരേ അളവില്‍
ചേരില്ല കുപ്പായങ്ങള്‍' എന്ന് ഗഫൂര്‍(അളവ്). പയ്യന്മാര്‍ പുതിയ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയിരിക്കുന്നു!!

2011, മേയ് 29, ഞായറാഴ്‌ച

സാംസ്‌കാരിക കേരളം ജാഗ്രത പാലിക്കുക

നമ്മുടെ സംസ്‌കാരത്തിന്റെ ഊര്‍ജ്ജപ്രവാഹമായ മാതൃഭാഷ പതിറ്റാണ്ടുകളായി അവഗണനയുടെ കുപ്പത്തൊട്ടിയില്‍ കിടക്കുകയായിരുന്നു.മലയാളത്തില്‍ എഴുതി വിശ്വപ്രസിദ്ധരായവര്‍ക്കോ,മലയാളത്തില്‍ പ്രംസംഗിച്ച് ഊറ്റംകൊണ്ടവര്‍ക്കോ,മലയാളത്തില്‍ പേനയുന്തിയ മാധ്യമങ്ങള്‍ക്കോ,മലയാളത്തില്‍ അവതാരദൗത്യം നിര്‍വ്വഹിക്കുന്ന ചാനലുകള്‍ക്കോ മലയാളത്തില്‍ സിനിമപിടിക്കുന്ന വേന്ദ്രന്‍മാര്‍ക്കോ മലയാളം മലയാളം എന്ന് നൂറ്റൊന്നാവര്‍ത്തി ഉരുവിടുന്ന രാഷ്ട്രീയ സിംഹങ്ങള്‍ക്കോ ലോകത്തില്‍ ഒരുഭാഷയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുര്‍ഗതി നേരിട്ട മലയാളത്തെക്കുറിച്ച് വേവലാതിയില്ലായിരുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് എല്ലാവരുംചേര്‍ന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡംവെക്കാന്‍ മത്സരിച്ചു.ചാനലുകള്‍ മലയാലത്തില്‍ മൊഴിഞ്ഞു...രാഷ്ട്രീയ കേസരികള്‍ മലയാളത്തില്‍ നിയമസഭയില്‍ ഘോരഘോരം പ്രസംഗിച്ചു. മലയാളം രക്ഷപ്പെട്ടില്ല...മാതൃഭാഷ പഠിക്കാത്ത;മാതൃഭാഷയിലൂടെ പഠിക്കാത്ത കേരളത്തിലെ കുഞ്ഞുങ്ങള്‍ അവരുടെ സൂക്ഷ്മജീവിത പരിസരത്തില്‍ നിന്നും അകന്നുപോയി.മാതൃഭാഷ തകര്‍ന്നാല്‍ ഒരു സംസ്‌കാരം തകരുമെന്ന നിരീക്ഷണം കേരളത്തിന്റെ ദരിദ്രമായ സാമൂഹ്യജീവിതം തെളിയിച്ചു....മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്വന്തം ഭാഷയുടെ ദയനീയമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചു. ക്ലാസ്സിക്ക് പദവിക്കു വേണ്ടി ദല്‍ഹിയില്‍ പാടുകിടന്നവര്‍ക്ക് സ്വന്തംനാട്ടില്‍ മാതൃഭാഷ ഇപ്പോഴും രണ്ടാം ഭാഷയാണ് എന്നതില്‍ ഒട്ടും ലജ്ജതോന്നിയില്ല. ഭരണഭാഷ മലയാളമാക്കണമെന്ന് പതിറ്റാണ്ടുകളായി നമ്മള്‍ തീരുമാനിച്ചതാണ്. കൊളോണിയല്‍ അടിമത്തത്തിന്റെ പ്രേതംബാധിച്ച നമ്മള്‍ ഇപ്പോഴും സ്വന്തം മലയാളി പ്രജകളെ സായിപ്പിന്റെ ഭാഷയില്‍ ഭരിച്ചുമുടിക്കുന്നു.മാവേലി സ്റ്റോറിലെ ബില്ലു പോലും ഇംഗ്ലീഷില്‍!!..

നിയമസഭയില്‍ മാതൃഭാഷാ പഠനം സംബന്ധിച്ച് ചോദ്യമുയര്‍ന്നു.മുഖ്യമന്ത്രിക്ക് കാര്യം ബോധ്യമായി..അങ്ങനെ നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011 മെയ് 6 ന് ചരിത്രപ്രസിദ്ധമായ ആ ഉത്തരവിറങ്ങി. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.മറ്റൊരു ഭാഷയേയും പോറലേല്‍പ്പിക്കാതെ മാതൃഭാഷ പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവിലുണ്ട്.മലയാളത്തിന്റെ നവോത്ഥാനത്തിന് കേരളം കാതോര്‍ത്തു.മാതൃഭാഷ മെല്ലെ മിടിച്ചു തുടങ്ങി....എന്നാല്‍ ആ ഉത്തരവിന്റെ കഴുത്തില്‍ കോടാലി വീഴാന്‍ പോകുന്നു.. ഉത്തരവ് പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരിക്കുന്നു. ഐ.ടിക്കാരും മറ്റു ഭാഷാധ്യാപകരും രംഗത്തിറങ്ങിയിരിക്കുന്നു..സ്വന്തം പെറ്റമ്മയുടെ കഴുത്തറുക്കുന്നത് നാം കാണേണ്ടി വരുമോ? നാമതിനു കൂട്ടു നില്‍ക്കണോ? മെല്ലെ മെല്ലെ മിടിച്ചുതുടങ്ങിയ ആ പേലവഹൃദയം പിച്ചിച്ചീന്താന്‍ നാം അനുവദിക്കണമോ?....സാംസ്‌കാരിക കേരളമേ ഉണരൂ....നമ്മുടെ സ്വന്തം മലയാളത്തിനായി നമുക്കൊന്നിക്കാം......

2011, മേയ് 17, ചൊവ്വാഴ്ച

ആലനഹള്ളിയില്‍ ഒരു ദിവസം

മലയാളിക്ക് ഖസാക്ക് പോലെ കര്‍ണ്ണാടകക്കാര്‍ക്ക് ഇതിഹാസതുല്യമായ ഗ്രാമമാണ് ആലനഹള്ളി.കന്നഡ സാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരന്‍ ശ്രീകൃഷ്ണയുടെ ജന്മസ്ഥലം...1987 ല്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ എന്ന ഹൃദയഹാരിയായ നോവല്‍ വായിച്ചപ്പോള്‍ മുതല്‍ മാദള്ളി എന്ന അതിലെ ഗ്രാമവും അവിടുത്തെ ജനങ്ങളും എന്റെ മനസ്സില്‍ കുടിയേറിയിരുന്നു...ഭുജംഗയ്യന്‍ എന്ന ധീരനായ ഗ്രാമീണനും അദ്ദേഹത്തിന്റെ 'ശ്രീ കെണ്ടഗണ്ണേശ്വര പ്രസന്ന ഫലാഹാര മന്ദിര' എന്ന ഹോട്ടലും സുശീലയും കാര്‍ഷികസംസ്‌കാരവും ഉഴുതുമറിച്ചിട്ട വയലുകളും അന്നേ ഹൃദയത്തില്‍ കുടിയേറിയിരുന്നു.എ.വി.എം.നാരായണന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് ആവേശംമൂത്ത് ഞാനൊരു കത്തെഴുതി.അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു.
ആലനഹള്ളിയിൽ നിന്നുള്ള കാഴ്ച





ശ്രീകൃഷ്ണ ആലനഹള്ളിയുടെ സമാധി സ്ഥലം

ഓരോതവണ നോവല്‍ വായിക്കുമ്പോഴും മാദള്ളി എന്നെ മദിപ്പിച്ചുകൊണ്ടിരുന്നു.പിന്നീടാണ് അറിഞ്ഞത് മാദള്ളി എന്ന ഗ്രാമം ശ്രീകൃഷ്ണയുടെ ആലനഹള്ളി തന്നെയാണെന്ന്.പാവത്താന്‍ എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ വായിച്ചപ്പോള്‍ ഗെണ്ടെതിമ്മനും മരംകിയും ദേവീരമ്മയും മനസ്സിലേക്കു കുടിയേറി.ഗവ്വള്ളിയും സാലുണ്ടിയും മാദള്ളിയെപ്പോലെതന്നെ കൊതിപ്പിച്ചു.2011 മെയ് 11 ന് ആലനഹള്ളിയിലേക്കു പുറപ്പെടുമ്പോള്‍ ഭുജംഗയ്യനും ഗെണ്ടെതിമ്മനും എന്റെ മുന്നില്‍ നടന്നു.ബൈജു,ഗിരീഷ്,പ്രകാശ് വര്‍മ്മ,ലത്തീഫ് എന്നീസുഹൃത്തുക്കളും ആലനഹള്ളിയില്‍ ചെന്ന് ഭുജംഗയ്യനെ കാണാനുള്ള ആവേശത്തിലായിരുന്നു.മാനന്തവാടിയില്‍ നിന്ന് ബാവലികഴിഞ്ഞ് H D കോട്ടയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ കാര്‍ ഇഴഞ്ഞുനീങ്ങി. റോഡിനിരുവശത്തും വിശാലമായ കൃഷിയിടങ്ങള്‍. കറുകറുത്ത വളക്കുറുള്ള മണ്ണില്‍ പൊരിവെയിലത്തും കാളപൂട്ടുന്ന കൃഷിക്കാര്‍.വിവിധതരം കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍.നിറയെ മാങ്ങകളുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകള്‍. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ജനവാസകേന്ദ്രങ്ങളില്‍ കൊച്ചുകൂരകളില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും.


ഏകദേശം 2 മണിയോടെ ഞങ്ങള്‍ ആലനഹള്ളി എന്ന ഗ്രാമത്തിലെത്തി.മൈസൂര്‍റോഡില്‍,ഇരുവശത്തുമായി ഏതാനും കടകളും ചായക്കടയുമുള്ള ഒരു കൊച്ചുഗ്രാമം. ഭുജംഗയ്യന്റെ കാലത്തില്‍ നിന്നും ഗ്രാമം ഏറെ മാറിയിട്ടുണ്ട്,തീര്‍ച്ച!..നാഗരികത ഈഗ്രാമത്തെയും ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഒരു കൊച്ചു ചായക്കടയില്‍ കയറി ഊണുകഴിച്ചു.ബാലകൃഷ്ണയുടെ ഹോട്ടലിന് ഭുജംഗയ്യന്റെ ഹോട്ടലുമായി ഒരു സാദൃശ്യവുമില്ല.


ഹോട്ടലിനു സമീപമിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്ന രണ്ടുപേരെ ശ്രദ്ധിച്ചു.അറിയുമായിരിക്കുമോ ഇവര്‍ക്ക് ഭുജംഗയ്യനെ? ഞാന്‍ ശ്രീകൃഷ്ണയെപ്പറ്റി അവരോട് തിരക്കി. അദ്ദേഹത്തെപ്പറ്റി അവര്‍ക്കുള്ള അറിവ് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.കാര്യമായ അക്ഷരാഭ്യാസമില്ലാത്ത മലേഷിനും പ്രഭുറാമിനും ശ്രീകൃഷ്ണയെപ്പറ്റി പറയുമ്പോള്‍ നൂറുനാവ്..അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളുടെ പേരുകളും അവര്‍ക്ക് ഹൃദിസ്ഥം!!കഥാപാത്രങ്ങള്‍ അവര്‍ക്ക് പരിചിതര്‍!!..ഞാന്‍ നമ്മുടെ നാടിനെക്കുറിച്ച് ഓര്‍ത്തുപോയി..


ഭുജംഗയ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നും അദ്ദേഹത്തിന്റെ മക്കള്‍ അടുത്തുതന്നെയാണ്് താമസിക്കുന്നതെന്നുംഅവര്‍ പറഞ്ഞു.ഞങ്ങളെ അങ്ങോട്ടു നയിക്കാനും അവര്‍ തയ്യാര്‍.കഷ്ടിച്ച് അര കി.മീ.അകലെ ഒരു നാട്ടുപാതയ്ക്കരികില്‍ ഭുജംഗയ്യന്റെ മകന്‍ ഗുരുബസപ്പയുടെ വീട്.ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചിരുത്തി.ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു തടസ്സമായതേയില്ല.അദ്ദേഹത്തിന്റെ ഭാര്യ ശാകമ്മ ചായസല്‍ക്കാരത്തിനൊരുങ്ങിയെങ്കിലും ഞങ്ങള്‍ നിരസിച്ചു.ഗുരുബസപ്പയ്ക്ക് 72 വയസ്സായി.അനുജന്‍ ചന്ദ്രശേഖരയ്ക്ക് 62.ഭുജംഗയ്യന് 5 പെണ്‍മക്കളും 2 ആണ്‍മക്കളുമാണ്.മക്കളുടേയും പേരക്കുട്ടികളുടേയും കൂടെയാണ് ഗുരുബസപ്പയുടെ താമസം.ഭുജംഗയ്യന്റെ മകനാണെന്നു പറയാന്‍ എന്തഭിമാനമാമെന്നോ ഗുരുബസപ്പയ്ക്ക്!!


കുടുംബക്കാരെല്ലാവരും സസന്തോഷം ഞങ്ങളുടെകൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.ബസപ്പയുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കി.മീ.കിഴക്കുമാറി റോഡരികിലാണ് ശ്രീകൃഷ്ണയുടെ സമാധി സ്ഥലം. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന 25 ഏക്കര്‍ തോട്ടത്തില്‍ ശ്രീകൃഷ്ണ അന്ത്യവിശ്രമം കൊള്ളുന്നു. ശ്രീകൃഷ്ണ എന്നെഴുതിയ ഗേറ്റ് പ്രഭുറാം തുറന്നുതന്നു.ഞങ്ങള്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിനു സമീപം ധ്യാനനിമഗ്നരായി തെല്ലുനേരം നിന്നു. ഒരുഗ്രാമത്തിന്റെ ഇതിഹാസം സൂക്ഷമമായി ആഖ്യാനം ചെയ്ത ആ വലിയ കലാകാരന്‍ എനിക്കു കേരളീയനായ ഏതെഴുത്തുകാരനേക്കാളും പ്രിയപ്പെട്ടവന്‍ തന്നെ. താടയുമാട്ടിക്കടന്നു പോകുന്ന കാളകളെ മറികടന്ന് ഒരു ട്രാക്റ്റര്‍ ഇരമ്പിക്കൊണ്ട് കടന്നുവന്നു.ഞങ്ങള്‍ മൈസൂര്‍ റോഡിലൂടെ ശ്രാവണ ബലഗൊളയ്ക്ക് കാറോടിച്ചു.....

ഗുരുബസപ്പ

ഗുരുബസപ്പയുടെ വീട്ടിനു മുന്പിൽ