2010 ഡിസംബർ 25, ശനിയാഴ്‌ച

ഷിംലയുടെ ഓര്‍മ്മ

അറിയാത്ത ദേശങ്ങളിലേക്ക് ഉദ്വേഗത്തിന്റെയും പ്രതീക്ഷയുടെയും കൗതുകത്തിന്റെയും കണ്ണുകളുമായി സഞ്ചരിക്കുന്നത് എന്നുമെനിക്ക് ആവേശമായിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ ടെറിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തു. ഡല്‍ഹി,ആഗ്ര, ഷിംല,അമൃത്സര്‍,ചണ്ഡീഗഡ്,വാഗ..... റിയാസ് ടിക്കറ്റുകള്‍ നേരത്തെതന്നെ റിസര്‍വ് ചെയ്തു. ഒക്ടോബര്‍ 24 ന് 3.30 ന് മംഗള എക്‌സ്പ്രസ്സില്‍ മുന്‍വര്‍ഷത്തെ യാത്രയുടെ ആധികാരികതയുമായി ഞങ്ങള്‍ യാത്രതിരിച്ചു. സമ്മേളനവും ഡല്‍ഹി,ആഗ്ര യാത്രകളും കഴിഞ്ഞ് 31 രാത്രി 8 മണിക്ക് പഴയദില്ലി റയില്‍വേ സ്റ്റേഷനില്‍നിന്ന് കല്‍ക്കയിലേക്കുള്ള തീവണ്ടിയില്‍ കയറി. നവംബര്‍ ഒന്നിന് രാവിലെ 4.30ന് തീവണ്ടി കല്‍ക്കയില്‍എത്തി. അവിടെ ഞങ്ങള്‍ക്കുള്ള അഞ്ചു ബോഗികളുള്ള കൊച്ചു തീവണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. 6.30 ന് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന നേരിയ മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തീവണ്ടി മെല്ലെമെല്ലെ നീങ്ങി. വിസ്മയങ്ങുടെ പുതിയൊരു ലോകത്തേക്കാണ് ആ യാത്രയെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയിരുന്നില്ല. റിയാസ്,അജയന്‍,ജെ.പി,അനില്‍,ജലീല്‍,മോഹന്‍ദാസ്,നൗഫല്‍,പ്രബീത്,സജീഷ്,ഷൈജു,ബ്രിജേഷ്,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കൗതുകക്കണ്ണുകള്‍ പുറമേക്ക് മേയാന്‍ വിട്ടുകൊണ്ട് തീവണ്ടിയുടെ ചില്ലു ജാലകത്തിനരികെ കാത്തിരുന്നു. ഞങ്ങളുടെ ക്യാമറ മിഴിപൂട്ടിയില്ല.



കോടമഞ്ഞ് കോടി പുതപ്പിച്ച പൈന്‍ മരങ്ങളില്‍ പ്രഭാതസൂര്യന്‍ ആദ്യചുംബനം അര്‍പ്പിച്ചുകൊണ്ടിരുന്നു... അങ്ങകലെ മഞ്ഞിന്‍ കമ്പളം പുതച്ചുകൊണ്ട് മയക്കത്തില്‍നിന്ന് ഉണരാന്‍ കൂട്ടാക്കാതെ പര്‍വ്വതനിരകള്‍ ദൃശ്യമായി...2.6 അടിമാത്രം വീതിയുള്ള റെയില്‍വേ ട്രാക്കിലൂടെ തീവണ്ടി താളാത്മകമായി നീങ്ങിക്കൊണ്ടിരുന്നു.ഹിമാലയ പര്‍വ്വതനിരകളെ അനുസ്മരിപ്പിക്കും വിധം അതിന്റെ ഉപ പര്‍വ്വതങ്ങള്‍ തട്ടുതട്ടായി ദൃശ്യമായിത്തുടങ്ങി.സ്വര്‍ണ്ണമുരുക്കിയൊഴിച്ചതുപോലെ പര്‍വ്വതശീര്‍ഷങ്ങളില്‍ വെയില്‍നാളങ്ങള്‍ ശയിച്ചു.വണ്ടി തുരങ്കങ്ങളും പാലങ്ങളും കടന്ന് ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. വല്ലപ്പോഴും ചില സ്‌റ്റേഷനുകളില്‍ വണ്ടി നിന്നു. ആളുകള്‍ കയറാനോ ഇറങ്ങാനോ ഉണ്ടായിരുന്നില്ല. പ്രാചീനതയുടെയും പ്രകൃതി സൗന്ദര്യത്തിന്റേയും അപൂര്‍വ്വമേളനങ്ങളായിരുന്നു ഓരോ സ്‌റ്റേഷനും.ഒരിടത്തിറങ്ങി ഞങ്ങള്‍ ചൂടുള്ള പൂരിയും കറിയും കഴിച്ചു.നല്ല രുചി.വിലയോ മൂന്ന് പൂരിക്കും കറിക്കും വെറും പത്തുരൂപ!


1910 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക-ഷിംല റയില്‍വേക്ക് 2008 ജൂലൈ 10 ന് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കി.ഹിമാലയ പര്‍വ്വത നിരകളില്‍ ആദ്യമായി ആധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ചത് ഇവിടെയായിരുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനം ഷിംലയായിരുന്നു. 1.6 ലക്ഷം ജനസംഖ്യയുള്ള ഷിംല ഇപ്പോള്‍ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമാണ്.


തീവണ്ടി ഓരോ വളവുകളും തുരങ്കങ്ങളും പിന്നിടുമ്പോള്‍, പ്രകൃതി ഒരുക്കിവച്ച വശ്യസൗന്ദര്യം ഞങ്ങളെ ആവേശിച്ചു കൊണ്ടിരുന്നു. പൈന്‍മരങ്ങളും ദേവതാരു വൃക്ഷങ്ങളും  അതിരിട്ട പാതയിലൂടെ 48 ഡിഗ്രി ചെരിവില്‍ തീവണ്ടി പതിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. മലമടക്കുകളില്‍ ഒട്ടിച്ചുവച്ചപോലെ വെളുത്ത നിറത്തില്‍ കെട്ടിടങ്ങള്‍ കാണായി. ആയിരക്കണക്കിനു കിലോമീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ കാനനപ്രദേശങ്ങള്‍ നിഗൂഢമായ ഏതോ രഹസ്യം ഒളിപ്പിച്ചെന്നപോലെ നീണ്ടു കിടന്നു. അനേകം അടി താഴ്ച്ചയിലൂടെ ഉറുമ്പരിച്ചു നീങ്ങുന്ന വാഹനങ്ങള്‍, പൂത്തുനില്‍ക്കുന്ന ചെടികള്‍,അകലെയുള്ള പര്‍വ്വതങ്ങളില്‍നിന്ന് നൂലുപോലെ താഴോട്ടു പതിക്കുന്ന നീര്‍ച്ചോലകള്‍..... ഞങ്ങളുടെ ഹൃദയം അപൂര്‍വ്വവും അവാച്യവുമായ കാഴ്ചകളുടെ മാസ്മരിക സൗന്ദര്യത്തിനു മുമ്പില്‍ പലപ്പോഴും നിശ്ശബ്ദമായി.പ്രകൃതി ഒരുക്കിവച്ച ഈ സൗന്ദര്യസഞ്ചയത്തിനു മുമ്പില്‍ കൈകൂപ്പാത്തവര്‍ ആരുണ്ട്?


ഞങ്ങളെ വിസ്മയിപ്പിച്ചമറ്റൊരു കാര്യം പ്രകൃതിയെ കീഴടക്കി മനുഷ്യന്‍ നേടിയ വിജയമായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പൈതൃകത്തീവണ്ടി!!...










96 കി.മീ.ദൈര്‍ഘ്യമുണ്ട് ഈ റെയില്‍പ്പാതക്ക്.സമുദ്ര നിരപ്പില്‍ നിന്ന് 640 മീറ്റര്‍ ഉയരത്തില്‍ നിന്ന് 2060 മീറ്റര്‍ ഉയരത്തിലേക്ക് ഒരു മലയില്‍ നിന്ന് മറ്റൊന്നിലേക്കായി അത് കയറിപ്പോകുന്നു.തീവണ്ടിയില്‍ സമതലങ്ങളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച നമുക്ക് അതൊരു പുതിയ അനുഭവമായിരിക്കും. 103 തുരങ്കങ്ങള്‍ പിന്നിട്ടാണ് വണ്ടി ഷിംലയില്‍ എത്തുക.2.8 കി.മീ.ദൈര്‍ഘ്യമുള്ള ബറോഗ് തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ നിന്ന് കെട്ടിപ്പൊക്കിയ 800 പാലങ്ങള്‍ക്കു മുകളിലൂടെയാണ് ഈ വണ്ടിയുടെ സാഹസിക യാത്ര.900 വളവുകളും അഞ്ച് മണിക്കൂര്‍ യാത്രക്കിടയില്‍ ഇത് താണ്ടും. 11.30 ന് ഷിംല റയില്‍വേസ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോള്‍ വിസ്മയകരമായ ഒരു യാത്രയുടെ അവസാനമുള്ള നഷ്ടബോധം എന്നെ അലട്ടിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരമടി ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങളുടെ നില്‍പ്പ്. റയില്‍വെസ്റ്റേഷന്റെ വേലിക്ക് അപ്പുറത്ത് അ്ഗാധമായ ഗര്‍ത്തം! അപ്പുറത്ത് മടക്കുമടക്കായി കിടക്കുന്ന മലനിരകളില്‍ ഷിംല പട്ടണം! സ്റ്റേഷനില്‍നിന്ന് കുത്തനെ കയറിയാല്‍ റോഡിലെത്താം. വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളുമുള്ളതുമായ റോഡുകളാണ് എല്ലായിടത്തും. അനേകം മടക്കുകളുള്ള മലനിരകളില്‍ ഭൂപ്രകൃതിക്ക് ഒരുകോട്ടവുമുണ്ടാക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍... കേരളത്തിന്റെ ദേശീയമൃഗമായ ജെ.സി.ബി.യുടെ നഖസ്പര്‍ശം ഏല്‍ക്കാത്ത ഭൂപ്രകൃതിയുടെ കന്യകാത്വം തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കാതിരിക്കില്ല.


ഷിംല റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴേക്കും നമ്മെ വലവീശിപ്പിടിക്കാന്‍ ടൂറിസ്റ്റ് ഹോമുകളുടെ ദല്ലാളന്മാര്‍ എത്തും. 13 പേര്‍ക്കുള്ള താമസവും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സന്ദര്‍ശനവുമുള്‍പ്പെടെ 3800 രൂപയാണ് ഹോട്ടല്‍ ബന്‍സാരയുടെ ഉടമകള്‍ ഞങ്ങളോട് ഈടാക്കിയത്.പ്രതീക്ഷിച്ചതിനേക്കാളും എത്രയോ കുറവ്. കുത്തനെയുള്ള ഒരുകയറ്റത്തിന്റെ മുകളിലാണ് ഹോട്ടല്‍ ബന്‍സാര.കയറിയെത്താന്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. വഴിയില്‍ കണ്ട DYFI യുടെ പോസ്റ്റര്‍ ഞങ്ങളില്‍ കൗതുകമുണ്ടാക്കി. ഉച്ചക്കു ശേഷം കാഴ്ച്ച കാണാനിറങ്ങി. ഗ്രീന്‍ വാല്ലിയിലാണ് ആദ്യം പോയത്. അദ്ഭുതകരമായിരുന്നു ആ കാഴ്ച്ച. ഒരു താഴ് വര മുഴുവന്‍ ദേവതാരു   മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. കടലുപോലെ പരന്നു കിടക്കുന്ന ദേവതാരു   മരങ്ങള്‍  ‍!! നാം വിസ്മയത്തിന്റെ ഏതോ കൊടുമുടിയില്‍ നിന്ന് അദ്ഭുതക്കാഴ്ച്ചയുടെ അനന്തമായ മായികലോകത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നു....പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കി വച്ച ഈ സൗന്ദര്യങ്ങള്‍ ഇനിയെത്രകാലം? വഴിയരികില്‍ അമൂല്യമായ കുങ്കുമമെന്ന് പറഞ്ഞ് എന്തോ പൊടി വില്‍ക്കുന്നു. ഷിംലയിലായാലും പൊട്ടത്തരത്തിന് കുറവില്ലല്ലോ.റിയാസും സജീഷും ആ പൊടി സ്വന്തമാക്കി...


കുഫ്രി എന്ന കുതിരസവാരി കേന്ദ്രത്തിലേക്കായിരുന്നു അടുത്ത യാത്ര.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സ്ഥലം ഷിംലയില്‍ നിന്ന് 16 കി.മീ. അകലെയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 2510 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. നേരിയ തണുപ്പ് ഞങ്ങളെ ആവരണം ചെയ്തിരുന്നു. പലരും തൊപ്പിയും ജാക്കറ്റും അണിഞ്ഞിരുന്നു. 250 രൂപ കൊടുത്താല്‍ നിങ്ങളെ കുതിരപ്പുറത്തു കയറ്റി ഏകദേശം രണ്ടര കി.മീ.ദൂരത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കും. ഞാന്‍ ആദ്യമേ തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍ കൂടെ എപ്പോഴും ആളുണ്ടാവുമെന്നു പറഞ്ഞപ്പോള്‍ ഒരു കൈ നോക്കാം എന്ന് കരുതി. അനിയും തയ്യാറായി. ആഹ്ലാദത്തോടെ തുടങ്ങിയ യാത്ര കുതിര ചലിക്കാന്‍ തുടങ്ങിയതോടെ ആകെ പൊല്ലാപ്പിലായി. ജേപ്പിയുടെ മരണവെപ്രളത്തോടെയുള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു! കുണ്ടും കുഴിയും നിറഞ്ഞ കാട്ടു പാത..നിറയെ ഉരുളന്‍ കല്ലുകള്‍...കുത്തനെയുള്ള ഇറക്കം,കയറ്റം..ഒരുഭാഗത്ത് അഗാധമായ ഗര്‍ത്തം!! ഈ അപകടകരമായ വഴിയിലൂടെയായിരുന്നു കുതിരകളുടെ യാത്ര... അവ ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുമ്പോഴും ഗര്‍ത്തത്തിന്റെ അറ്റത്തുള്ള പാറക്കല്ലുകളില്‍ കാല്‍ വെക്കുമ്പോഴും മറ്റു കുതിരകളുടെ തള്ളലില്‍ ഗര്‍ത്തത്തിനരികിലേക്ക് പെട്ടെന്ന് ഓടുമ്പോഴും ജെ.പി.യുടെ ദീനവിലാപം അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. മരണം തൊട്ടുമുന്നില്‍ കണ്ട ഒരു വൃദ്ധന്റെ അവസാനവിലാപം പോലെയായിരുന്നു അവന്റെ കരച്ചില്‍. വികൃതികളായ ചില കുതിരകളുടെ പുറത്തു കയറിയ പലരുടേയും നില ഇതുതന്നെയായിരുന്നു.പക്ഷേ കരഞ്ഞില്ലെന്നു മാത്രം. തിരിച്ചു വരുമ്പോള്‍ പഴശ്ശി രാജയിലെ ശരത്കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ച് റിയാസും ഏതോ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാന്‍ശ്രമിച്ച് ബ്രിജേഷും താഴെ വീണു...എങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി ഈ കുതിരപ്പേടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നത് ഉറപ്പ്...


1500 കുതിരകള്‍ സഞ്ചാരികളെ കാത്ത് അവിടെയുണ്ടായിരുന്നു. സീസണ്‍കാലത്ത് 5000 കുതിരകള്‍ ഉണ്ടാവുമത്രേ! മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ് കുതിര യാത്ര അവസാനിപ്പിക്കുക. പര്‍വ്വതമൃഗമായ യാക്കിനെ അവിടെ കണ്ടു. കുറച്ചു ദൂരം ചെന്നാല്‍ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം.


റിഡ്ജ് എന്ന ഷിംലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തേക്കായിരുന്നു വൈകുന്നേരത്തെ യാത്ര. നിയോ-ഗോതിക് ശൈലിയിലുള്ള ക്രിസ്ത്യന്‍ പള്ളിയും വ്യൂ പോയന്റുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഇവിടെ നിന്നാല്‍ ദീപാലങ്കൃതമായ ഷിംല പട്ടണം മുഴുവന്‍ കാണാം. ഷിംല അതിന്റെ ഭൂമിശാസ്ത്രപരമായ ഘടനകൊണ്ടു തന്നെ ഒരു വികേന്ദ്രീകൃത നഗരമാണ്. തട്ടുതട്ടായി കിടക്കുന്ന കെട്ടിടങ്ങളും നിരത്തുകളും. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളും നിരത്തുകളും തെരുവുകളും...പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാണിവിടം.നമ്മെപ്പോലെ വാചകമടിയിലല്ല, പ്രവൃത്തിയിലാണ് ഇവര്‍ക്കു താല്പര്യം.കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ തീരെയില്ല. കടകളില്‍ വിലപേശലില്ല,കടക്കാര്‍ക്ക് ആര്‍ത്തിയുമില്ല. ശാന്തസ്വഭാവികളായ ജനങ്ങള്‍...ഷിംലയില്‍ കള്ളന്മാരില്ല എന്നു കേട്ടിട്ടുണ്ട്, ശരിയായിരിക്കാം. ഇന്ത്യന്‍ കോഫി ഹൗസ് കണ്ടപ്പോള്‍ നാടിനെ ഓര്‍മ്മവന്നു.ഭക്ഷണം ഇവിടെത്തന്നെ! നല്ല രുചിയുള്ള മസാലദോശയും എഗ്ഗ് ദോശയും കഴിച്ചു.രാത്രിയിലെ കൊടും തണുപ്പില്‍ ഹോട്ടല്‍ ബന്‍സാരയില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍കല്യാണവീട്ടിലെ ജനറേറ്ററിനടുത്തു കിടക്കുന്ന പ്രതീതി ! ജലീല്‍മാഷ് കൂര്‍ക്കംവലിയുടെ പര്‍വ്വത ശൃംഗങ്ങള്‍ കീഴടക്കുകയാണ്!! 
അതിരാവിലെ ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ചണ്ഡീഗഡിലേക്കു തിരിക്കുമ്പോള്‍ ഒരു   നഷ്ടബോധം ഞങ്ങളെ എല്ലാവരേയും പിടികൂടിയിരുന്നു... ചണ്ഡീഗഡ് വിശേഷങ്ങള്‍ പിന്നീട്....


2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...




ജ്ഞാന പീഠത്താല്‍ ഓയെന്‍വി ആദരിക്കപ്പെട്ടതില്‍ നാം അഭിമാനിക്കേണ്ടതുണ്ടോ? ഈ പുരസ്‌കാരത്തിലൂടെ ലഭിച്ച സന്ദേശമെന്താണ്?
യഥാര്‍ഥ കവിതയെ തമസ്‌കരിച്ച് പാട്ടുകവിതയെ ആദര്‍ശവല്‍ക്കരിക്കാനേ ഈ പുരസ്‌കാരം സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്. കവിത എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ കാവ്യഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും നിര്‍ണ്ണായകമായിമാറ്റിത്തീര്‍ക്കാന്‍ കവിതയ്ക്കു കഴിയണം. പുതിയ കാവ്യ പരീക്ഷണങ്ങള്‍ രൂപ-ഭാവ തലങ്ങളില്‍ നടത്തുവാന്‍ ദത്തശ്രദ്ധ പുലര്‍ത്തുവാന്‍ കവിക്കു കഴിയണം.കാലത്തിന്റെ സംഘര്‍ഷങ്ങളെയും സംത്രാസങ്ങളെയും തീവ്രമായി ആവിഷ്‌കരിക്കേണ്ടതുണ്ട് കവിതയില്‍. അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയാലും ദര്‍ശനത്താലും കാലമനസ്സിനെ സ്വാധീനിക്കുവാന്‍ കവിതയ്ക്കു കഴിയണം. മനുഷ്യമനസ്സിലെ നിതാന്ത സംഘട്ടനങ്ങളേയും സാമൂഹിക സ്പന്ദനങ്ങളെയും ഒരുപോലെ ആവിഷ്‌കരിക്കുവാന്‍ കവിത കരുത്തു നേടേണ്ടതുണ്ട്.
എന്നാല്‍ ഓയെന്‍വി എന്താണ് ചെയ്ത്? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിഞ്ഞ് ഈച്ചയാര്‍ക്കുന്ന കാല്പനിക ക്ലീഷേകളെ ഒട്ടും ദാര്‍നിക വ്യാകുലതകളില്ലാതെ നാട്ടിലാകെ പാട്ടാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി മലയാളി കടന്നു വന്നിട്ടുള്ള സാമൂഹിക പരിണാമ ഘട്ടങ്ങളിലൊന്നു പോലും ഓയെന്‍വിയുടെ കാവ്യ മനസ്സിന്റെ വ്യാകുലതയേയായില്ല.
ചങ്ങമ്പുഴയുടെ ശുദ്ധ കാല്പനികത പോലും പാടുന്ന പിശാചായി മാറിയിട്ടുണ്ട്. എന്നാല്‍ ചങ്ങമ്പുഴയുടെ വികാരതരളമായ ശുദ്ധകാല്പനികതയും വയലാറിന്റെ വിപ്ലവ കാല്പനികതയും സമം ചേര്‍ത്ത് കോടമ്പാക്കത്തിന്റെ ചേരുവകള്‍ മേമ്പൊടിയിട്ട് മലയാളിയുടെ സംഗീതാഭിരുചിയുടെ അടുക്കളയില്‍ പാകം ചെയ്യുകയായിരുന്നു ഓയെന്‍വി. ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങകപ്പക്ഷികള്‍, വന്ധ്യമേഘങ്ങള്‍ തുടങ്ങിയ അപൂര്‍വ്വം കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരുതരം വ്യാജ മാനവികത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.


മധുരകോമളമായ പദാവലികളും ജഡതുല്യമായ കാവ്യ കല്പനകളും പ്രഭാഷണപരത മുറ്റി നില്‍ക്കുന്ന ആഖ്യാനരീതിയും ദാര്‍ശനിക നാട്യങ്ങളും ഉപയോഗിച്ച് മലയാളിയുടെ കാവ്യഭാവുകത്വ വികാസത്തെ തടവിലിടുകയാണ് ഓയെന്‍വി ചെയ്യുന്നത്. വൈലോപ്പിള്ളിയോ ഇടശ്ശേരിയോ ആവിഷ്‌കരിച്ച ജീവിതക്കടലിന്റെ ഒരു ബിന്ദു പോലും ഓയെന്‍വിക്കവിതകളില്‍ നിന്ന് കണ്ടെടുക്കാനാവില്ല.
 കൊച്ചു ദുഃഖത്തിന്റെ പച്ചത്തുരുത്തുകളില്‍ മേയാനാണ് അദ്ദേഹത്തിന് എന്നും താല്പര്യം. പ്രസന്നരാജന്‍ 1992 ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയ പോലെ തന്റെ നാലാംതരം കവിതയെ ഒന്നാംതരം പ്രശസ്തികൊണ്ട് മൂടിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാല്പനികതയുടെ ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ അത്യന്തം ദുര്‍ബലമായ ഒരു കല്‍ക്കണ്ടക്കൊട്ടാരമാണ് ഓയെന്‍വിക്കവിത. കാലത്തിന്റെ കനത്ത മഴയില്‍ ഒലിച്ചു പോകാനുള്ള ബലമേ അതിനുള്ളൂ.
മലയാളിയുടെ വളര്‍ച്ച മുരടിച്ച കാവ്യാവബോധത്തിന്റെ നഴ്‌സറി ഭാവുകത്വത്തിന് അദ്ദേഹം മഹാകവിയായിരിക്കാം! മുരുകന്‍കാട്ടാക്കടയും അനില്‍ പനച്ചൂരാനും മഹാകവികളായി വാഴുന്ന കേരളത്തില്‍ ഓയെന്‍വി ചിലര്‍ക്ക് വാല്മീകി തന്നെ!......


2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പ്രണയത്തിന്റെ കൃഷ്ണമണികള്‍



veerankutty
മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവത്രേ! കൊച്ചുകൊച്ചനുഭവ ച്ചിത്രരേഖകള്‍ വാക്കാല്‍ തയ്ച്ചുതയ്ച്ചിരിക്കുന്നവരായി കവികള്‍ മാറിയിരിക്കുന്നു.കവിതയില്‍ നിന്ന് കഥയും പോയ് മറഞ്ഞു.ഒരു പൂമൊട്ട് പതിയെ വിടരുന്നതിന്റെ പേലവ ശബ്ദവും വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ കിരുകിരുപ്പും പുതിയ കവിതകളില്‍ അത്രമേല്‍ സൂക്ഷ്മമായി നിറയുന്നു.ഉള്‍വലിഞ്ഞ് എല്ലില്‍ചെന്ന് തട്ടുമ്പോഴുയരുന്ന ഉയിരു കോച്ചും വിധമുള്ള ശബ്ദമായി കവിതമാറി. പൂര്‍വ്വഭാരങ്ങളില്ലാത്ത കവിതയെ നിരൂപകര്‍ പ്രസംസിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ചിത്രകംബളം പുതയ്ക്കാത്ത കവിതയുടെ അരാഷ്ട്രീയതയെക്കുറിച്ചും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്.
ഒരുതരം ശുദ്ധകവിതകള്‍ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്.ഇവയെ നിങ്ങള്‍ കവിത എന്ന് വിളിക്കണമെന്നൊന്നുമില്ല. എങ്കിലും നമ്മുടെ ചിന്തകളിലും ഓര്‍മ്മകളിലും കയറിവന്നുകൊണ്ട്, ഭാഷാപ്രയോഗത്തിന്റെ ആകസ്മികതകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കോണ്ട് പുതിയ വായനക്കാരെ അവ വിസ്മയിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ പ്രണയകവിതകള്‍ ഒട്ടേറെയുണ്ട്.മധുരവും ചിലപ്പോഴൊക്കെ ധീരവുമായ പ്രണയത്തെക്കുറിച്ച് കാല്പനികര്‍ മാത്രമല്ല പാടിയത്.നളിനിയും ലീലയും രമണനും ജെസ്സിയും സന്ദര്‍ശനവും പ്രണയത്തിന്റെ ത്യാഗവും വിരഹവും ഉജ്ജ്വലതയും ആവിഷ്‌കരിച്ചു.
ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരം പ്രണയം നമ്മെ തടവറയിലടക്കുന്നു.വധശിക്ഷപോലും പ്രണയം അലിവോടെ സ്വാഗതം ചെയ്യുന്നു.
എന്റെയേക ധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെയീശ ദൃഢമീ പദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍

എന്ന, സ്‌നേഹവ്യാഹതി തന്നെ മരണം എന്ന, സ്‌നേഹത്തിനായുള്ള ആത്മാര്‍പ്പണമാണ് പ്രണയത്തെ മഹത്തും മനോഹരവുമാക്കുന്നത്.


വീരാന്‍കുട്ടി എന്ന പുതുകവിയുടെ തൊട്ടു തൊട്ടു നടക്കുമ്പോള്‍ എന്ന എസ്.എം.എസ് കവിതകള്‍ പ്രണയത്തിന്റെ കൃഷ്ണമണികള്‍ തിളങ്ങുന്ന കവിതകളാവുന്നത്, അതു നിങ്ങളുടെ ഹൃദയത്തിലെ അനശ്വരനായ കാമുകനെ/കാമുകിയെ ഈ കെട്ട കാലത്തിലും അനിവാര്യമാക്കുന്നതുമൂലമാണ്.
ഉപാധികളില്ലാത്ത പ്രണയത്തിന്റെ സ്വാച്ഛന്ദ്യവും വെളിപ്പെടാത്തപ്രണയത്തിന്റെ നിഗൂഢമാധുര്യവും തളിര്‍ത്തു നില്‍ക്കുന്ന പ്രണയത്തിന്റെ അവാച്യ നിര്‍വൃതിയും വീരാന്‍കുട്ടിയുടെ കവിതകളെ പൊതിഞ്ഞു നില്‍ക്കുന്നു.ലഘുവെന്ന് നാം മുന്‍കൂര്‍ ജാമ്യമെടുത്ത അനുഭവങ്ങളുടെ തിരസ്‌കൃത തലങ്ങളെ ഒരു കവിക്കു മാത്രം സാധ്യമായ വാഗ്‌സ്പര്‍ശത്താല്‍ അഹല്യയാക്കി പുനര്‍ജനിപ്പിക്കാന്‍ വീരാന്‍കുട്ടിക്കു കഴിയുന്നു.
കവിതയെ വിലമതിക്കേണ്ടത് കവിത്വത്തിന്റെ മാത്രം തുലാസില്‍ തൂക്കിയാവണം. ഖലീല്‍ ജിബ്രാന്‍ മധുചന്ദികയില്‍ മുക്കിയെടുത്ത മഴവില്‍ക്കൊടിയായി നമ്മെ പിന്തുടരുന്നത് അയാളില്‍ കവിത്വമുള്ളതിനാലാണ്. ചങ്ങമ്പുഴ ഒരു തേന്‍പുഴയായി (തേനാര്‍ എന്ന് മോയിന്‍കുട്ടി വൈദ്യര്‍) നമ്മുടെ അരികുകളെ ഇപ്പോഴും നനയ്ക്കുന്നതും ഇതുകൊണ്ടു തന്നെ.
സ്വപ്‌നങ്ങള്‍ പോലെ ആകസ്മികവും നിരുപാധികവും ആകുന്നതിന്റെ സൗന്ദര്യം വീരാന്‍കുട്ടിയുടെ കവിതകള്‍ക്കുണ്ട്. ഈ കവിതകളില്‍ കഥയും പ്രമേയവും ഇതിവൃത്തവുമില്ല. ദാര്‍ശനിക ജാഡയോ അവകാശവാദങ്ങളോ ഇല്ല. ആവുന്നത്ര വിനയത്തോടെയും അലിവോടെയും അവ നിങ്ങളുടെ ഹൃദയത്തെ തൊടുന്നു. എന്നാല്‍ പുതുകവിതകള്‍ വാഗ് ലീല മാത്രമാണെന്ന നിരീക്ഷണത്തെ ഈ കവിതകള്‍ തള്ളിക്കളയുന്നുണ്ട്. സാമാന്യ പദങ്ങളുടെ സാധ്യതളെയും ധ്വന്യാത്മകതയെയും പരമാവധി സൂക്ഷ്മമായി ഉപയോഗിച്ചു കൊണ്ട് അവ നിര്‍മ്മിക്കുന്ന അര്‍ത്ഥത്തിന്റെ കാവ്യഹൃദയം തൊട്ടുണര്‍ത്തുകയാണ് കവി. ചെറുതിന്റെ സൗന്ദര്യം ഇത്രമേല്‍ അനുഭവപ്പെടുന്ന കവിതകള്‍ മലയാളത്തില്‍ അധികമില്ല.
സമൂഹത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളെ പ്രണയം അലോസരപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു. ഇലകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ ലോകം അകറ്റി നട്ട മരങ്ങള്‍ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് ആശ്ലേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം ജനിക്കുന്നത് എന്നും ,നിയമലംഘക ധര്‍മ്മം നിര്‍വ്വഹിക്കുന്നത് എന്നും കവി സൂചിപ്പിക്കുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ചീത്തക്കുട്ടികള്‍ പ്രണയിക്കുന്നവരാണ് എന്നു കവി.
സ്‌നേഹ വ്യാഹതി തന്നെ മരണം എന്നും സ്ഥിരമാം സ്‌നേഹം അനാഥമൂഴിയില്‍ എന്നും എഴുതിയപ്പോള്‍ ആശാന്‍ അനുഭവിച്ച വ്യഥയോളം ഒരുപക്ഷേ, ആരും അനുഭവിച്ചിട്ടില്ലെന്നു തോന്നുന്നു. ആശാന് വെടിയലാണ് സ്‌നേഹം. അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യത്തെക്കുറിച്ച് ആശാന്‍ എഴുതുന്നുണ്ട്. അഴലിനെ പ്രണയമാക്കിയും തിരിച്ചും പരിവര്‍ത്തിപ്പിക്കുന്ന രസതന്ത്രം ആശാനിലുണ്ട്. സ്‌നേഹത്തില്‍ കഴിയുന്നവര്‍ പിരിയുമ്പോള്‍ ഒരു ചെറിയ മരണമല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വരികള്‍ ഇതു പോകിലില്ല ഞാന്‍ എന്ന ആശാന്റെ ശൂന്യതയെ അംഗീകരിക്കുന്നു.
ഒറ്റവട്ടമേ നിന്‍ ചിരി കൊണ്ടുള്ളൂ
എത്രവട്ടം
മരിച്ചിചിക്കുന്നു ഞാന്‍!

ഇവിടെ പ്രണയം മരണം തന്നെയാകുന്നതിന്റെ ആത്മബലിയുണ്ട്.
അപേക്ഷ എന്ന കവിതയില്‍ വിരാന്‍കുട്ടി ഇങ്ങനെ എഴുതുന്നു:
ദൈവമേ
പ്രണയത്തില്‍ നിന്നും
എന്നെ പുറത്താക്കാന്‍
പോവുകയാണെങ്കില്‍
നേരത്തെ ഒരു സൂചന തരണേ
മരണത്തിനു മുമ്പ്
എനിക്കു ചില തയ്യാറെടുപ്പുകള്‍
നടത്താനുണ്ട്!

പ്രണയരഹിത ജീവിതം മരണം തന്നെയെന്ന് കവി അറിയുന്നു.മാമക പ്രേമം നിത്യമൂകമായിരിക്കട്ടെ
കോമളലവിടുന്നതൂഹിച്ചാലൂഹിക്കട്ടെ.

പ്രണയം നിലനില്‍ക്കുന്നത് അതിന്റെ നിഗൂഡതയിലാണ്. പ്രണയത്തിന്റെ രഹസ്യാത്മകതകൊണ്ട് പ്രണയികള്‍ മറ്റൊരു ലോകം നിര്‍മ്മിക്കുന്നു. അത് അവര്‍ക്കുമാത്രം അനുഭവവേദ്യമായ അലൗകിക ലോകമാണ്. ഭൗതിക ലോകത്തെ അവര്‍ ഈ അപര ലോകെ കൊണ്ട് നേരിടുന്നു.
കാടിനു വളരെയുള്ളിലായ്
ആരും കാണതെയുള്ള മരത്തിന്റെ
പൂവിടല്‍ പോലെയല്ലോ
ഒരിക്കലും വെളിപ്പെടുത്താത്ത
നിന്റെ പ്രണയം.

എന്ന് വീരാന്‍ കുട്ടി എഴുതുമ്പോള്‍ പ്രണയത്തിന്റെ നിഗൂഡതയുടെ സൗന്ദര്യത്തോടൊപ്പം ഒരു വ്യക്തി സ്വയം സമ്പൂര്‍ണ്ണമായ ലോകം നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ തത്വവും വെളിപ്പെടുന്നു.
വെള്ളച്ചാട്ടം വരെ മാത്രമേ
ഉള്ളില്‍ അടക്കി വച്ച പ്രണയത്തെ
നദിക്കു രഹസ്യമാക്കി വെക്കാനാകൂ.

എന്നെഴുതുമ്പോള്‍ പ്രണയത്തിന്റെ ആവിഷ്‌കാരത്തിന്റെ അനിവാര്യത ധ്വനിക്കുന്നു. പ്രണയത്തിന്റെ രഹസ്യഭ്ഷ അക്ഷരങ്ങളായി ഉച്ചരിക്കപ്പെയുകയാണിവിടെ.
അനക്ഷരമായ അ്‌നുഭൂതിയാണ് പ്രണയം. അത് വ്യക്തിയെ സര്‍ഗാത്മകമായ പൂര്‍ണതയിലേക്ക് നയിക്കുന്നു. ശിലയില്‍ നിന്ന് അത് അഹല്യയെ സൃഷ്ടിക്കുന്നു. കാറ്റില്‍ നിന്ന് അത് വൈദ്യുതി നിര്‍മ്മിക്കുന്നു!
പ്രണയമില്ലെങ്കില്‍
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയിട്ടും
ശില്പമാകുന്നില്ല തീരെ.

ഇവിടെയും പ്രണയ രഹിത ജീവിതത്തിന്റെ നിശ്ചലതയെ,മരവിപ്പിനെ,ജഡതയെ കവി അടയാളപ്പെടുത്തുന്നു. കടല്‍ക്കരയിലെ വിലക്കുമരങ്ങളെ പൂവിടുവിക്കുന്ന വൈദ്യുതിയായി പ്രണയം നമ്മിലൂടെ കടന്നു പോകുന്നു, ഈ കവിതകളും.
( പ്ലാവില മാസികയില്‍ പ്രസിദ്ധീകരിച്ചത്, ജൂലായ് 2010)

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

സൗഹൃദത്തിനു അങ്ങനെ ചില സ്വഭാവങ്ങളുണ്ട്...അവ അപ്രതീക്ഷിതമായി നമ്മളെ അദ്ഭുതപ്പെടുത്തും. മധുരമേറിയ ഒരു ചുംബനംകൊണ്ട് കാമുകി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോലെ അതു നിങ്ങളെ കോരിത്തരിപ്പിക്കും. വളരെ ദൂരെ നിന്നു വന്നെത്തുന്ന മഴമേഘങ്ങൾ നിങ്ങൾക്കു മുകളിൽ നിറഞ്ഞു പെയ്യും. ... മഴയിൽ നിങ്ങൾ ഒരു ചെറിയ കുട്ടിയാകും...മഴയിൽ നിങ്ങൾ ഒരുകുട ചൂടി നടക്കും.ചാറ്റൽ മഴയിൽ ഓർമ്മകളുടെ വഴിത്താരകളിൽ കൊച്ചു ജലാശയങ്ങൾ രൂപപ്പെടും. അവയിൽ തോണിയിറക്കാൻ നിങ്ങൾ കൊതിക്കും...തോണിയിലേറി നിങ്ങൾ പഴയ ദിനങ്ങളുടെ മർമ്മരങ്ങളിലേക്ക് യാത്രയാകും.... കഴിഞ്ഞ ആഗസ്റ്റ് 30നു കോഴിക്കൊടിന്റെ വഴിയോരത്തു 20 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു..മുഹമ്മദലിയും ഞാനും....കോഴിക്കോട് ആർട്സ് കോളെജിലും യൂനിവേർസിറ്റി യിലും ഒരേ സ്വപ്നങ്ങളുമായി അലഞ്ഞവർ...അവൻ ഒരു പടി മുൻപിലായിരുന്നു.ചിന്തകളിൽ,വിചാരങ്ങളിൽ,സ്വപ്നങ്ങളിൽ.....ഞാൻ ഒരു കാല്പനികൻ; അവൻ കനലിൽ വിടർന്ന പനിനീർപ്പൂ.... തത്വചിന്തയുടെ ഊടുവഴികൾ താണ്ടി അവൻ ഒരു ഡോക്ടറായി..ഞാൻ സ്വപ്നങ്ങൾ വില്ക്കുന്ന ഒരു അധ്യാപകനും.അറിഞ്ഞതു തത്വചിന്ത്തയെങ്കിലും പ്രവർത്തിക്കുന്നത് പ്രായോഗിക ചിന്തയിൽ.... അവന്റെ ഊഷ്മളമായ സ്പർശത്തിൽ ഞാൻ വീണ്ടുമൊരു പതിനെട്ടുകാരനായി.അന്നു നടന്ന വഴികൾ ഞങ്ങൾ വീണ്ടും മനസ്സാ നടന്നു...ഓർമ്മയുടെ ഊഞ്ഞാലിൽ ആയമിട്ടു.ഞങ്ങളുടെ പ്രിയപ്പെട്ട കാരശ്ശേരി മാഷെ കൂടെ കിട്ടിയപ്പോൾ വീണ്ടും ഞങ്ങൾ പഴയ വിദ്യാർത്തികളായി...ഓർമ്മയിൽ കാത്തുസൂക്ഷിക്കാൻ ഒരു നല്ല സായഹ്നം തന്നതിനു ഞാൻ ആരോടാണു നന്ദി പറയേണ്ടത്? മുഹമ്മദലി, നിന്നൊടാണോ? കാലം നമുക്കു വേണ്ടി സൂക്ഷിച്ചു വച്ച ഈ സുദിനത്തിനോടാണോ? കാരശ്ശേരി മാഷിനോടാണൊ? നമുക്കൊപ്പം ആ നല്ല നിമിഷങ്ങൾ പങ്കുവച്ച രഘുവും വേണു മാഷും എന്റെയും സുഹ്രുത്തുക്കളായി...എവിടെയൊക്കെയോ ഒരേ തൂവല്പ്പക്ഷികളുടെ സാമ്യം.....വീണ്ടും ഒത്തുചേരാൻ വേണ്ടിമാത്രം ഞങ്ങൾ രാത്രി വൈകി പിരിഞ്ഞുപോരുന്നു......














2010 ജൂലൈ 6, ചൊവ്വാഴ്ച

സൌഹൃദ നിലാവ്‌ - മൂന്നാം ഭാഗം ഒരു പൌര്‍ണമി പോലെ

സൌഹൃദം സമുദ്രത്തിലെ ഏകാകിയായ തോണിക്കാരനാണ്‌. കടലിണ്റ്റെ നിഗൂഢതകള്‍ അവന്‍/അവള്‍ തൊട്ടറിയും.പക്ഷേ ചുഴികള്‍ അവനെ/അവളെ ചതിക്കും.ഒന്നും അവശേഷിപ്പിക്കാതെ അവന്‍/അവള്‍ അപ്രത്യക്ഷനാകും..... വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.പത്തൊമ്പതു വരഷങ്ങള്‍... പഠനം കഴിഞ്ഞ്‌ അന്നം തേടി നടന്ന നാളുകളില്‍ കടത്തനാടന്‍ മണ്ണില്‍ അധ്യാപനത്തിനു തുടക്കം.കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍ഭാഷയുടെ ഒരു മണിക്കിലുക്കം കാതില്‍....കാഞ്ചന. കാഞ്ചനം എന്നാല്‍ സ്വര്‍ണ്ണം.കണ്ണുകളാണ്‌ എന്നെ സന്തോഷിപ്പിച്ചത്‌.ആഴവും തിളക്കവുമുള്ളത്‌.പിന്നീട്‌ വസ്ത്രങ്ങളാണ്‌ കൌതുകമുണര്‍ത്തിയത്‌.മേഘം പോലെ ശുഭ്രം.വീണ്ടും ആത്മീയതയുടെ സാന്നിധ്യമറിഞ്ഞു ഞാന്‍; സൌഹൃദത്തിണ്റ്റെ സൌരഭ്യവും.എണ്റ്റെ വീട്‌ തേടിപ്പിടിച്ചു വന്നു അവള്‍...എണ്റ്റെ കൊച്ചു വീട്ടില്‍ ഒരു കുട്ടിയെപ്പോലെ സുഖനിദ്ര; കുസൃതികള്‍ പൊട്ടിച്ചിരികള്‍.അയല്‍ക്കാര്‍ ഒളിഞ്ഞും പതുങ്ങിയും നോക്കി; ആര്‌? ഞങ്ങള്‍ അവളുടെ വീട്ടില്‍ രണ്ടുനാള്‍..മയില്‍ വാഹനം ബസ്സില്‍ ഞങ്ങള്‍ തൃശൂരേക്ക്‌.മഞ്ഞച്ചായമടിച്ച കൊച്ചു വീട്‌. വീടിനു പുറകില്‍ വിശാലമായ വാഴത്തോട്ടം. പൂണൂലിട്ട അച്ഛന്‍ പാചകം ചെയ്ത ദോശയും സാമ്പാറും രുചികരം.വടക്കിനിയില്‍ വൃദ്ധയായ പാട്ടി. ഇംഗ്ളീഷ്‌ സാഹിത്യം കാഞ്ചനക്ക്‌ കരതലാമലകമായിരുന്നു. കടത്തനാടിണ്റ്റെ പൈതൃക ഭൂമിയിലൂടെ ഞങ്ങള്‍ ഏറെ അലഞ്ഞു.ഞങ്ങളുടെ സ്വകാര്യ വേദനകള്‍ക്ക്‌ ഒരേ നിറമായതിനാലാവാം തിരിച്ചറിയലിണ്റ്റെ പാലങ്ങള്‍ ഗതാഗത യോഗ്യമായിരുന്നു. ഇംഗ്ളീഷ്‌ പുസ്തകങ്ങളുടെ വലിയ ശേഖരം മുഴുവന്‍ അവള്‍ എനിക്കു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ഞങ്ങളുടെ സ്ഥാപനം അപ്രതീക്ഷിതമായി തകര്‍ന്നപ്പോള്‍, അതെല്ലാം കുട്ടികള്‍ വാരിക്കൊണ്ടുപോയി. എം.എ.യുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞ തണ്റ്റേടിയും നിഷേധിയുമായ പെണ്‍കുട്ടിയായിരുന്നു അവള്‍.പൂണൂലിട്ട ആചാരങ്ങള്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക്‌ അവള്‍ കഴുത്തു നീട്ടിക്കൊടുത്തില്ല. സൌഹൃദത്തിണ്റ്റെ ഉദാത്തമായ താമര നൂലുകള്‍കൊണ്ട്‌ ബന്ധിതരായതിനാല്‍ ഞങ്ങളുടെ ഹൃദയത്തിലേക്ക്‌ മറ്റുചിന്തകള്‍ ഒളിഞ്ഞു നോക്കാന്‍ പോലും ഭയപ്പെട്ടിരിക്കാം... അനിവാര്യമായ ജീവിതത്തിണ്റ്റെ തിരിവുകള്‍ ഞങ്ങള്‍ക്കു നേരെയും അപ്രതീക്ഷിതമായി കടന്നുവന്നു. ഞാന്‍ ഉന്നത പഠനത്തിന്‌ സര്‍വ്വകലാശാലയിലേക്ക്‌... കാഞ്ചന എനിക്കൊരു പുസ്തകം തന്നു. ടാഗോറിണ്റ്റെ 'കപ്പല്‍ ഛേദം' ഒരെഴുത്തു പോലും പിന്നീടവള്‍ എഴിതിയില്ല... കാലങ്ങള്‍ കനത്ത ഇരുമ്പു ചക്രങ്ങളില്‍ ഇഴഞ്ഞും കിതച്ചും കുതിച്ചും മുന്നോട്ട്‌.... പിന്നീട്‌ ഞാന്‍ തിരക്കി; സുധീറിനോട്‌, സുരേഷിനോട്‌, ഹരിയോട്‌.....ആരോടും ഒരു വാക്കു പോലും മിണ്ടാതെ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു അവള്‍....ഓര്‍മ്മയില്‍ ഒരു വെളുത്ത വസ്ത്രം പടികടന്നു പോകുന്നു. പടികടന്നു പോകുന്നു......

2010 ഏപ്രിൽ 21, ബുധനാഴ്‌ച

സാമൂഹ്യ ജീവിയുടെ സമസ്യകള്‍

മുഖവുര വേണ്ടാത്ത വിധം മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ സച്ചിദാനന്ദന്‍.കവി,നിരൂപകന്‍,വിവര്‍ത്തകന്‍,സാമൂഹ്യവിമര്‍ശകന്‍,എന്നീ നിലകളില്‍ നിതാന്തമായ ധൈഷണിക ജാഗ്രതയോടെ അദ്ദേഹം നമുക്കിടയില്‍ സജീവ സാന്നിദ്ധ്യമാണ്‌.കേരളീയവും ദേശീയവും സാര്‍വ്വദേശീയവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കവിതയിലൂടെ മാത്രമല്ല, സാദ്ധ്യമായ ഇതര വാങ്മയങ്ങളിലൂടെയും അദ്ധേഹം പങ്കുവയ്ക്കുന്നു................................. സച്ചിദാനന്ദനുമായി ഞാന്‍ നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍.. (ഏപ്രില്‍ 23)വായിക്കുമല്ലോ......

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

സൌഹൃദനിലാവ്‌ - രണ്ടാം ഭാഗം

 സൌഹൃദം ഒരു പൂമരത്തണലില്‍ നില്‍ക്കുമ്പോലെയാണ്‌.പൂക്കള്‍ എപ്പോഴാണ്‌ തുരുതുരെപ്പെയ്യുന്നത്‌ എന്ന്‌ പ്രവചിക്കാനാവില്ല. നമ്മുടെ കണ്ണിലും മൂക്കിലും ഹൃദയത്തിലുമെല്ലാം പൂക്കള്‍ വന്നു നിറയും. ഒരുപൂമരമാവാന്‍ കഴിയുക എത്രമാത്രം ധന്യമാണ്‌! അതിണ്റ്റെ ചുവട്ടില്‍ നില്‍ക്കാന്‍ കഴിയുന്നതോ?പൂമരത്തണലില്‍ എന്നെനിര്‍ത്തിയ ഒരു സുഹൃത്തിണ്റ്റെ കഥയാണ്‌ ഇത്‌..
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌..നോക്കിനോക്കിയിരിക്കേ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പോലെ..അവന്‍ ഒരു നക്ഷത്രമായിരുന്നു.കണ്ണുകളില്‍ ആവേശത്തിണ്റ്റെ അണയാനാളം കൊളുത്തിയവന്‍.ഞാന്‍ കാണുമ്പോഴൊക്കെ അവന്‍ ആവേശത്തിലായിരുന്നു.അവന്‍ നിരന്തരം സംസാരിച്ചു. ഞാന്‍ വിമൂകനായ കേള്‍വിക്കാരനും.എനിക്കു കൌതുകമായിരുന്നു.അവന്‌ എല്ലാം അറിഞ്ഞവണ്റ്റെ നിസ്സംഗമായ മുഖം.അവന്‍ തുരുതുരെ പെയ്തു നിറയുകയാണ്‌: എം.ടി., വിജയന്‍,മുകുന്ദന്‍,സേതു,കോവിലന്‍,മുട്ടത്തു വര്‍ക്കി,കാനം,ജോണ്‍ ആലുങ്കല്‍,വേളൂറ്‍ കൃഷ്ണന്‍കുട്ടി,സത്യന്‍,ജയന്‍,ജയഭാരതി,ഹരിഹരന്‍,നസീര്‍,സ്ഫോടനം,ഐ.വി.ശശി,സീമ,മംഗളം,മനോരമ,സഖി വാരിക......ദൈവമേ,ഇവനാണല്ലോ എണ്റ്റെ പ്രിയ പുത്രന്‍..... വിശ്വംഭരന്‍ അങ്ങനെയായിരുന്നു. അവന്‌ ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകാരോടും ഒരേ അടുപ്പം.എല്ലാ നടന്‍മാരോടും സിനിമയോടും ഒരേ ഇഷ്ടം.. പ്രി ഡിഗ്രി ക്ളാസ്സിലായിരുന്നു ഞങ്ങള്‍.ഞാന്‍ അന്ന്‌ ഒരു പൈങ്കിളി സാഹിത്യകാരനായിരുന്നു!! മുഖ്യതട്ടകം നോവല്‍..അരണി, വരും വരാതിരിക്കില്ല, വീണ്ടും തളിര്‍ത്ത പൂമരം എന്നിവ എണ്റ്റെ അഖില ക്ളാസ്സാന്തര പ്രസിദ്ധമായ നോവലുകള്‍..കോഴിക്കോട്ടുകാരന്‍ എല്‍.എല്‍.ബി.ക്കാരന്‍ ഷക്കീല്‍ മാഷ്‌ ക്ളാസ്സില്‍ വന്ന ദിവസം അദ്യമായി ചോദിച്ചത്‌ ഇവിടെ ഒരു എഴിത്തുകാരനുണ്ടെന്നു കേട്ടു.എവിടെ ? എന്നായിരുന്നു. വിശ്വംഭരന്‍ ആവേശത്തോടെ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. എണ്റ്റെ തല കഴുക്കോലില്‍ മുട്ടി!. അവനായിരുന്നു എണ്റ്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍.അതിലൂടെ വെളിച്ചം വന്നു.എഴുത്തുകാരുടെ,കൃതികളുടെ,സിനിമകളുടെ...ഞാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തിണ്റ്റെ തടവുകാരനായിമാറി. ദിനേന രണ്ടരമണി കഴിഞ്ഞാല്‍ അവണ്റ്റെ ഇരിപ്പിടം ശൂന്യമാകും.മാറ്റിനി ൨.൪൫നാണ്‌!ഒരു സിനിമ പോലും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.ഒരു വാരിക പോലും അവന്‍ ഒഴിവാക്കിയില്ല. അവയ്ടെയെല്ലാം രണ്ടാം വായനക്കാരന്‍ ഞാനായിരുന്നു. ഇതിണ്റ്റെയൊക്കെ ആവേശത്തില്‍ ഞാന്‍ തുരുതുരാ പൈങ്കിളി നോവലുകള്‍ രചിച്ചുകൊണ്ടിരുന്നു. ആവേശം മൂത്ത്‌ ശ്മശാനം എന്ന ശകുനംമുടക്കിപ്പേരുള്ള നോവല്‍ ചെമ്പരത്തി വാരികയ്ക്ക്‌ അയച്ചു. അവനായിരുന്നു പ്രേരണ.രണ്ടാമത്തെ ആഴ്ച കത്തു വന്നു; നോവല്‍ പ്രസിദ്ധീകരിക്കുന്നു....പതിനേഴുകാരന്‍ പയ്യന്‍ എഴുത്തുകാരനാകുന്നു!! പക്ഷേ ചെമ്പരത്തി വാടിപ്പോയി! പിന്നെയത്‌ പ്രസിദ്ധീകരിച്ചില്ല. പക്ഷേ, കൂട്ടാലിടയിലെ ഏതോ വായനശാലക്കാര്‍ അത്‌ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു, അവരുടെ കയ്യെഴുത്തു മാസികയില്‍!!. പ്രിഡിഗ്രി കഴിഞ്ഞ ശേഷം ഞാന്‍ വിശ്വംഭരനെ കണ്ടിട്ടില്ല.പുസ്തകങ്ങളോടും സിനിമകളോടുമുള്ള അഭിനിവേശം വിശ്വംഭരനോളം ഞാനാരിലും കണ്ടിട്ടില്ല. പക്ഷേ സുഹൃത്തേ, കണ്ണുചിമ്മിയ ഒരു നക്ഷത്രം പോലെ നീ എങ്ങോട്ടു പോയി? നീയിപ്പോള്‍ എവിടെയാണ്‌? ഈ കുറിപ്പ്‌ നീ കാണുമോ....ഏതോ പുസ്തകത്തിണ്റ്റെ പഴയ എഡിഷണ്റ്റെ നിറം മങ്ങിയ പുറംചട്ട പോലെ ഞാന്‍ എണ്റ്റെ അലമാരയില്‍ നിന്നെ സൂക്ഷിച്ചിട്ടുണ്ട്‌ ഇപ്പോഴും...................