2016, ജൂലൈ 18, തിങ്കളാഴ്‌ച

സന്യാസിമാഷ്

പാച്ചുവേട്ടൻറെ വീടിനെയും സ്കൂളിനെയും വേർതിരിക്കുന്ന സ്കൂൾമതിലിൽ കാൽ തൂക്കിയിട്ടിരുന്ന് ഉപ്പുമാവുതിന്നശേഷം ഉച്ചക്ക് കള്ളനും പോലീസുംകളിയാണ് പതിവ്. പതിവുപോലെ അന്നും ഈയുള്ളവൻതന്നെയായിരുന്നു കള്ളൻ. ഇൻസ്പെക്ടർ ബാബുവിൻറെ തല്ല് ആവോളം കൊണ്ട് മനംമടുത്ത് മൂന്നാംക്ലാസ്സിലെ ബഞ്ചിൽ ക്ഷീണിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും എൻറെ പേടിസ്വപ്നമായ കുഞ്ഞിരാരിച്ചൻ മാഷ് ചൂരലുമായി എത്തിക്കഴിഞ്ഞു. പൊക്കിൾവരെ നീണ്ട നരച്ചതാടിയും പിന്നിലേക്ക് ചീകിവെച്ച നീണ്ടമുടിയുമുള്ള മാഷെ ഞങ്ങൾ ദുർവ്വാസാവിനെപ്പോലെ ഒരു മഹർഷിയായിട്ടാണ് സങ്കല്പിക്കാറ്. വെക്കേഷൻകാലത്ത് മൂപ്പർ കാട്ടിൽ തപസ്സിനുപോകാറുണ്ടെന്ന് ഒരു ഐതിഹ്യം സ്കൂളിൽ പ്രചരിച്ചത് ഞങ്ങൾ വിശ്വസിച്ചിരുന്നു.
   സ്റ്റാൻ, സിറ്റ് എന്നീ ആചാരങ്ങൾക്കു ശേഷം മാഷ് കണക്കിലേക്കു പ്രവേശിച്ചു. എഴുന്നേൽപ്പിച്ച് നിർത്തി  മുഖത്തോടുമുഖം നോക്കി സ്ളേറ്റിൽ കണക്ക് ചെയ്യിക്കലാണ് മൂപ്പർക്കിഷ്ടപ്പെട്ട വിനോദം. ഞങ്ങൾ അപ്രകാരം നിന്ന് കണക്ക് ചെയ്യാൻ തുടങ്ങി. ഓരോരുത്തരും സ്ളേറ്റ് ഇടതുകയ്യിൽ നെഞ്ചിൻറെ ഇടതുവശംചേർത്ത് പിടിച്ച് കണക്ക് ചെയ്യണം. മറ്റുള്ളവരുടെ സ്ളേറ്റിലേക്ക് എത്തിനോക്കാതിരിക്കാനാണ് ഈ വിദ്യ. കണക്കിൽ ബാല്യകാലസഖിയിലെ മജീദിനേക്കാൾ കഷ്ടമാണ് എൻറെ കാര്യം. മാണിക്കോത്ത് രാജീവൻ എൻറെ സ്ലേറ്റിലേക്ക് മെല്ലെഎത്തിനോക്കുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്. പൊട്ടൻ! അവൻറെ കണക്കും തെറ്റാൻപോവുകയാണ്!! പെട്ടെന്നാണ് കുഞ്ഞിരാരിച്ചൻ മാഷ് എൻറെ നേരെ കുതിച്ചുവന്നത്. നീ കണക്ക് കാണിക്കുമല്ലേടാ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ചെപ്പിത്തോണ്ടിയുടെ മാത്രം വലുപ്പമുള്ള എൻറെ കൈ പിടിച്ച് ഒറ്റയേറ്!! ക്ലാസ്സിൻറെ മൂലയിൽ ചാരിവെച്ചിരിക്കുന്ന നിരാലംബനായ ബ്ളാക്ക് ബോർഡിൻമേലാണ് ഞാൻ ചെന്നു വീണത്. ഒരു നിമിഷത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. പീറ്റത്തെങ്ങിൽനിന്നു വീണ അണ്ണാൻകുഞ്ഞിനെപ്പോലെ ഞാൻ ക്ലാസ്സിൻറെ മൂലയിലിരുന്നു വിറച്ചു. ബോർഡ് നിലതെറ്റി ക്ലാസ്സിൻറെ അരമതിലിനു മുകളിലൂടെ മുറ്റത്തേക്കു മറിഞ്ഞുവീണു. ശബ്ദം കേട്ട് ഗോപാലൻമാഷും ദാമോദരൻമാഷും ഓടിവന്നു. എന്നെ ഗോപാലൻമാഷും ബോർഡിനെ ദാമോദരൻമാഷും നേരേനിർത്തി. മാണിക്കോത്ത് രാജീവൻ എന്നെനോക്കി ചിരിച്ചു. ഞാൻ കണക്കുചെയ്യുന്നതിൽ നിന്ന് കിഴിവ് നേടി ബെഞ്ചിൽ ഇരുത്തപ്പെട്ടു.

ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോൾ കുഞ്ഞിരാരിച്ചൻമാഷ് എന്നെ അടുത്തുവിളിച്ചു. ജുബ്ബയുടെ പോക്കറ്റിൽനിന്ന് അഞ്ചുപൈസയും മേശവലിപ്പിലെ കൂറക്കാട്ടം പോലുള്ള ചോക്കുകളുടെ കൂട്ടത്തിൽനിന്ന് ഒരു കൂറക്കാട്ടവും അലിവോടെ തന്നു. ഞാൻ വേദനകൾ മറന്നു. അഞ്ചുപൈസയേക്കാൾ വലുത് ആ കൂറക്കാട്ടമായിരുന്നു.! പുറത്തുവിട്ട ഉടനെ ഉണ്ണിനായരുടെ പീടികയിലേക്കോടി അഞ്ചുപൈസക്ക് കോന്തി വാങ്ങി, മൂന്നെണ്ണം ഞാനെടുത്തു. രണ്ടെണ്ണം സുഹൃത്തായ രാമചന്ദ്രന് കൊടുത്തു. മുന്നെണ്ണവും വേഗം തിന്ന ഞാൻ രാമചന്ദ്രൻറെ കയ്യിൽ നിന്ന് ഒന്നിൻറെ പകുതികൂടി വാങ്ങിത്തിന്ന് ക്ലാസ്സിലേക്കോടി. എന്ന ശിക്ഷിച്ച കുറ്റംബോധം കാരണം കുഞ്ഞിരാരിച്ചൻ മാഷ് അടുത്ത വെക്കേഷനിൽക്കൂടി തപസ്സിനു പോകുന്നുണ്ട് എന്ന ഒരൈതിഹ്യം സ്കൂളിൽ പ്രചരിച്ചതിന് ഞാൻ ഉത്തരവാദിയേയല്ല!!

2014, ജൂലൈ 28, തിങ്കളാഴ്‌ച

പാറയ്ക്കുമുകളിൽ കുടുങ്ങിയ കഥ


കിഴക്കേലെ താഴത്തെ തോട്ടിൻകരയിലൂടെയാണ് തുരുത്യാട് സ്കൂളിലേക്കുള്ള യാത്ര. ഒരു സംഘമുണ്ടാകും കൂട്ടിന്. മഴക്കാലത്താണ് രസം. ചെളിയും വെള്ളവും ചവിട്ടി മത്സ്യം,തവള,നീർക്കോലി തുടങ്ങിയ ജലജീവികളോട് കിന്നാരം പറഞ്ഞുകൊണ്ടുള്ള യാത്ര വല്ലാത്ത  ഒരു അനുഭവമാണ്. ഇന്ന് മക്കളെയും കൂട്ടി ആ വഴികളിലൂടെ അല്പദൂരം നടന്നു. കെട്ടിനിൽക്കുന്ന ചെളിവെള്ളം പഴയ കൗതുകത്തോടെ തന്നെ ചവിട്ടിനടന്നു. കുട്ടിക്കാലത്തെ എൻറെ പേടിസ്വപ്നമായിരുന്ന ആശാരി ഗോപാലേട്ടൻ അരിയൻറെ കുമിട്ടിപ്പീടികയിൽ പത്രം വായിച്ചിരിക്കുന്നു! എന്നെ മനസ്സിലായതേയില്ല. മൂപ്പർക്ക് കാലം വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനാകട്ടെ കഷണ്ടികയറി, താടി നരച്ച് കണ്ടാലറിയാതായി. പഴയകാര്യങ്ങളും പറഞ്ഞ് അല്പനേരമിരുന്നു. മക്കളെക്കൂട്ടാതെ ഒറ്റയ്ക്കൊന്നു പോണം ഇനി.
സ്കൂളിൽ, ഉച്ചക്ക് ഉപ്പുമാവ് തിന്നു കഴിഞ്ഞാൽ കള്ളനും പോലീസും കളിയാണ് പ്രധാനം. താക്കോലുപോലെ ഇത്തിരിപ്പോന്ന ഞാൻ എപ്പോഴും കള്ളൻ തന്നെ. പോലീസാവാൻ തടിമിടുക്കുള്ള വേറെയാളുകളുണ്ട്. എത്ര കരഞ്ഞുപറഞ്ഞിട്ടും എന്നെ പോലീസിലെടുത്തില്ല. കള്ളനായി മടുത്തഞാൻ ഒരുദിവസം കടുത്ത നിലപാടെടുത്തു. ഇനി കളിക്കില്ല.. അങ്ങനെയാണ് ബാബുവിൻറെ കാരുണ്യത്തിലും സൗജന്യ മനോഭാവത്തിലും ഞാൻ ഒരു വെള്ളിയാഴ്ച്ച ഉച്ചക്ക് പോലീസായി അവരോധിക്കപ്പെട്ടത്!! കളളനാവാമെന്ന് ബാബു ഉദാരനായി. അവൻ സ്കൂൾ പരിസരമാകെ കള്ളനായി ഓടിനടന്ന അവനെ പിടിക്കാൻ കിട്ടാതെ പോലീസായ ഞാൻ വശംകെട്ടു. എൻറെ അഭിമാനം തകർന്നു തരിപ്പണമാവാൻ തുടങ്ങി.
പെട്ടെന്നാണ് അവൻ ആ ധീരകൃത്യം ചെയ്തത്...തുരുത്യാട് സ്കൂളിൻറെ പുറകിൽ വലിയൊരു പാറയുണ്ട്. അതിൻറെ മറവിലാണ് പെൺകുട്ടികൾ മൂത്രമൊഴിക്കുക. മൂത്രപ്പുര തുടങ്ങിയ ആഢംബരങ്ങളൊന്നും അന്ന് സ്കൂളുകളിലുണ്ടായിരുന്നില്ല. ഞങ്ങൾ പുരുഷ കേസരികൾ സ്കൂൾമതിലിൽ നിരന്നുനിന്ന് താഴെയുള്ള വയലിനെ ഫലഭൂയിഷ്ടമാക്കും. കാര്യം സാധിക്കുന്ന ഭാഗത്ത് നല്ല വിളവുകിട്ടിയിരുന്നതായി പൊതുജനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബാബു പ്രസ്തുത പാറയിലേക്ക് ശരം വിട്ടപോലെ ഓടിക്കയറി. ലാത്തിയുമായി താഴെ നിന്നിരുന്ന എന്നെ നോക്കി അവൻ കൊഞ്ഞനം കാണിച്ചു. മാത്രമല്ല, ധൈര്യമുണ്ടെങ്കിൽ കയറിവാടാ എന്ന് എന്നെ വെല്ലുവിളിക്കുകയും ചെയ്തു. കൂട്ടുകാർക്കുമുന്നിൽ കൊച്ചാകുവാൻ എനിക്കേതായാലും കഴിയില്ലല്ലോ..ആത്മാഭിമാനമുള്ള ഒരു പോലീസോഫീസറല്ലെ ഞാൻ!! ഞാൻ രണ്ടടി പിന്നോക്കം വെച്ച് ഒരു മൂച്ചിന് പാറയിലേക്ക് ഓടിക്കയറി. ബാബുവാകട്ടെ പെൺകുട്ടികൾ കാര്യസാധ്യത്തിനായി വന്ന ഭാഗത്തുകൂടെ ഓടിയിറങ്ങി അപ്രത്യക്ഷനായി. താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് കാര്യങ്ങൾ പിടിവിട്ടുപോകുമെന്നു മനസ്സിലായത്. കാലുകൾക്ക് ഒരു വിറ! ഇറങ്ങാൻ കഴിയുന്നില്ല. പെൺകുട്ടികൾ ബഹളമുണ്ടാക്കിക്കൊണ്ട് എഴുന്നേറ്റു നിൽക്കുന്നു. താമസം വിനാ സ്കൂൾ മുഴുവൻ പാറയ്ക്കുചുറ്റും ഹാജരായി! പത്തുനാനൂറ് കണ്ണുകൾ എൻറെ തിരുമേനിയിൽ തറഞ്ഞുനിന്നു. എവറസ്റ്റിനു മുകളിലെ ടെൻസിങ്ങിനെപ്പോലെ – അഭിമാനത്തോടെയല്ലെങ്കിലും - ഞാൻ നിന്നു. വാർത്ത ചെറിയോമനമാഷുടെ ചെവിയിലെത്തിയിരിക്കണം. കുട്ടികളെ വകഞ്ഞുമാറ്റി ഗോപാലൻമാഷും ദാമോദരൻമാഷും പാറയെ സമീപിക്കുകയാണ്..ഗോപാലൻമാഷ് പാറയ്ക്കുമുകളിലേക്ക് കയറിവന്നു. എന്നെ അലിവോടെ പിടിച്ച് താഴെയിറക്കി.(വർഷങ്ങൾക്കുശേഷം പുളിയേനിക്കണ്ടി പറമ്പിൽ വെച്ച് മാങ്ങപറിക്കാൻ മാവിൽ കയറി, ഇറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ എന്നെ ഏണിവെച്ച് കയറി താഴെയെത്തിച്ച ചാത്തുക്കുട്ടിക്കുറുപ്പിനെ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കട്ടെ)
മാഷിൻറെ വിരൽസ്പർശം കാത്ത് എൻറെ ചെവികൾ ജാഗരൂകമായി...പക്ഷേ ഒന്നും സംഭവിച്ചില്ല. ഹെഡ്മാസ്റ്ററായ ചെറിയോമനമാഷുടെ കൈകളിലേക്ക് ആ സ്നേഹനിധി എന്നെ ഹാന്ഡോവർ ചെയ്തു. മാഷ് എന്നെ സ്ററാഫ് റൂമിലേക്ക് ആനയിച്ചു. ദാമോദരൻമാഷ് കുട്ടികളെ കണ്ണീർവാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. ബാബു എങ്ങോട്ടെന്നില്ലാതെ മുങ്ങി... ചെറിയോമനമാഷ് എന്നോടു ചോദിച്ചു: കണക്കൊക്കെ അറിയാമല്ലോ അല്ലേ? ഞാൻ തലയാട്ടി. ഉണ്ടെന്നോ ഇല്ലെന്നോ കണക്കാക്കാവുന്ന ഒരു തലയാട്ടൽ. ഞാൻ സ്റ്റാഫ്റൂമിൽ ആദരിച്ച് ഇരുത്തപ്പെട്ടു. മാഷ് എനിക്ക് നാല് വഴിക്കണക്കുകൾ തന്നു. എന്നിട്ടു പറഞ്ഞു: ഇത് ഇവിടെയിരുന്നു ചെയ്ത് കാണിച്ചിട്ട് പോയാൽ മതി.ഇതാണ് നിനക്കുള്ള ശിക്ഷ.. കണക്കിൽ അതിവിദഗ്ദ്ധനായ ഞാൻ അന്ന് എല്ലാ കുട്ടികളും പോയതിനുശേഷം നാലരയ്ക്കാണ് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയത്!! അപ്പോഴും മൂന്നു കണക്കുകൾ ബാക്കിയായിരുന്നു!! കണക്ക് ഇന്നും സ്കൂൾ പറമ്പിലെ പാറപോലെ എന്രെ മുമ്പിൽ ഉയർന്നു നില്പുണ്ട്.....
ഇന്നത്തെ യാത്രയിൽ ആ ഓർമ്മകൾ എന്നെ തഴുകി കടന്നു പോയി..ചെറിയോമനമാഷ് എത്ര വലിയോമനയായിരുന്നു എന്ന്  പല സന്ദർഭങ്ങളിലും തെളിയിച്ചിരുന്നു. അതേക്കുറിച്ച് പിന്നീടെഴുതാം..   

2014, ജൂലൈ 22, ചൊവ്വാഴ്ച

ഒരു തൂക്കുപാത്രത്തിൻറെ ഓർമ്മ



                    
ഇക്കോയിഅമ്മാവൻറെ ചായപ്പീട്യയിൽനിന്നും രാവിലത്തെ അരച്ചായയും പുട്ടും പൂളക്കറിയും തിന്ന് കേയംപിലാവിൽ രാഘവൻനായർ എൻറെ വീടിനു മുമ്പിലുള്ള കൊള്ളിനടുത്തെത്തുന്പോഴാണ് എൻറെ ഒരു ദിവസം ആരംഭിക്കുക. ഞങ്ങളുടെ ക്ലോക്കായിരുന്നു രാഘവൻനായർ. തിമർത്തുപെയ്യുന്ന മഴയാണെങ്കിലും സ്കൂളുണ്ടാവും. അന്നത്തെ ദുഷ്ടൻമാരായ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നില്ല. വെള്ളം നിറഞ്ഞുകിടക്കുന്ന വയലും ഉറവവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളും താണ്ടി ഞാനും രാമചന്ദ്രനും രാജീവനും രഘുവും ഷക്കീലയും കൂടി തുരുത്യാട് സ്കൂളിലേക്ക് പ്രയാണം തുടരും. എൻറെ മരക്കുട നനഞ്ഞു വീർത്ത് ഭാരം കൂടി താങ്ങാൻ പറ്റാതായിട്ടുണ്ടാവും. അമ്മാവൻ ഏറെക്കാലം ഉപയോഗിച്ച് പഴകിയതുകാരണം ഉപേക്ഷിച്ച സിബ്ബില്ലാത്ത ബാഗായിരുന്നു എൻറെ സ്കൂൾസഞ്ചി.
കോവിലകംതാഴെ ഒരു തോടുണ്ട്. മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ് കുറുകെയിട്ടിരിക്കുന്ന ഒറ്റത്തെങ്ങിൻറെ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകും. അങ്ങനെയുള്ള ദിവസങ്ങളിൽ രമുണ്ണിക്കുട്ടി മാഷും ദാമോദരൻമാഷും ഗോപാലൻമാഷും പാലത്തിൽ നിരന്നുനിന്ന് അടയ്ക്കാക്കിളി പോലുള്ള ഞങ്ങളെയെടുത്ത് മറുകരയെത്തിക്കും. ഒരു ദിവസം മറുകരയിലെത്തി കുടയും നിവർത്തി പോവുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു കുസൃതിക്കാറ്റ് എൻറെ കുടയെടുത്ത് തോട്ടിലിട്ടു. മുന്നും പിന്നും ആലോചിക്കാതെ ഞാൻ തോട്ടിലേക്ക് എടുത്തുചാടി. ഗോപാലൻമാഷ് കണ്ടതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴിതെഴുതുന്നത്. സ്കൂൾ വിട്ടാലും മാഷന്മാർ കുട്ടികളെ അക്കരെക്കടത്താൻ പാലത്തിനുമുകളിലുണ്ടാവും. ചിലദിവസം മാഷന്മാരുടെ കണ്ണുവെട്ടിച്ച് കോവിലകം താഴെ പുഴയോരത്ത് ചെന്ന് കമുങ്ങിൻ പാലത്തിനു ചുവട്ടിൽ നീർനായകൾ ചാടുന്നത് കാണാൻ പോകും അന്ന് ഇളയച്ഛൻറെ അടി ഉറപ്പാണ്.
ഒരു ദിവസം സ്കൂളിൽ നിന്നു വരുന്നവഴി വയലിലൂടെ നടക്ുകയായിരുന്നു ഞാനും രാമചന്ദ്രനും കൂട്ടരും. വയലിൻറെ കണ്ടി ചാടിക്കടക്കുമ്പോഴാണ് ഞങ്ങളതു കണ്ടത്. നെറ്റ്യാപ്പൊട്ടനും മുഴുവും വിരാലും വയലിലൂടെ അലസസഞ്ചാരം നടത്തുന്നു. വെള്ളം നിറ്ഞതുകാരണം വൈലോപ്പിള്ളി പറഞ്ഞതു പോലെ വയലിൻ ഞരമ്പല്ലാതെയൊന്നു കാണാനില്ല. ഉച്ചക്ക് ഉപ്പുമാവു കഴിക്കാനായി ഞാൻ കൊണ്ടുപോയിരുന്ന അലൂമിനിയത്തിൻറെ തൂക്കു പാത്രം എൻറെ കയ്യിലുണ്ട്. മീൻ പിടിക്കാനായി രാമചന്ദ്രൻ അതെന്നോടു ചോദിച്ചു. ഞാൻ സസന്തോഷം അവനതു കൊടുത്തു.അവൻറെ മീൻപിടുത്തം മിനിറ്റുകളോളം നീണ്ടു. ഒന്നും കിട്ടിയില്ലെടാ എന്ന സങ്കടവുമായി കുറച്ചുനേരത്തിനുശേഷം അവൻ വന്നു.  “തുക്കുപാത്രമെവിടെ?” ഞാൻ ആശങ്കപ്പെട്ടു. “അതവിടെയെങ്ങാനുണ്ട്..പോയെടുത്തോ..” അവൻ നിഷ്കരുണം പറഞ്ഞു. അഭിമാനിയല്ലേ ഞാൻ? “നീ എൻറെ കയ്യിൽ നിന്നു വാങ്ങിയത് നീ തന്നെ തിരിച്ചു തരണം”. ഞാൻ വാശി പിടിച്ചു. പക്ഷേ എൻറെ വാശി വിലപ്പോയില്ല. “പാത്രം നിൻറേത്. വേണമെങ്കിൽ എടുത്തോ” എന്നും പറഞ്ഞ് ആ നീചൻ വീട്ടിലേക്കു വെച്ചു പിടിച്ചു. അഭിമാനിയായ ഞാൻ പാത്രമെടുക്കാതെ വീട്ടിലേക്കു പോയി. മൂത്തമ്മയോട് വിവരങ്ങൽ ധരിപ്പിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. രാമചന്ദ്രൻറെ അച്ഛൻ പെരവറ്റക്കണ്ടി ഉണ്ണിനായരുടെയടുത്ത് ഹരജി ബോധിപ്പിക്കാൻ ഉടനെ തീരുമാനമായി. ഞാനും മൂത്തമ്മയും രാമചന്ദ്രൻറെ വീട്ടിലേക്ക് മാർച്ചുചെയ്തു. ഉണ്ണിനായരോട് സങ്കടം ബോധിപ്പിച്ചു.
കോപാവിഷ്ടനായ ഉണ്ണിനായർ ചോറുകഴിക്കുകയായിരുന്ന രാമചന്ദ്രനെ അതുമുഴുമിപ്പിക്കാനനുവദിക്കാതെ പിടിച്ചെഴുന്നേല്പിച്ചു. ഞങ്ങൾ നാലുപേരും കൂടി  മാർച്ചുചെയ്തു. വയൽവരമ്പിലെല്ലാം തിരഞ്ഞിട്ടും പാത്രം കിട്ടിയില്ല. പിറ്റേന്നുച്ചക്ക് ഉപ്പുമാവുകഴിക്കുന്നതെങ്ങനെയെന്ന ചിന്തയായിരുന്നു എൻറെ മനസ്സിൽ. സമീപത്തുള്ള കടയിൽനിന്നും ഞങ്ങളെ വിളിച്ചത് അപ്പോഴായിരുന്നു. ആരോ ഒരു പാത്രം അവിടെ ഏല്പിച്ചിട്ടുണ്ടത്രേ. ആശ്വാസം! പാത്രം ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്നാണതു സംഭവിച്ചത്. അടുത്തുണ്ടായിരുന്ന അരിപ്പൂച്ചെടിയുടെ വലിയൊരു തണ്ട് ഒടിച്ചെടുത്ത് ഉണ്ണിനായർ രാമചന്ദ്രനെ അടിക്കാൻ തുടങ്ങി. ഒന്നാമത്തെ അടിയിൽതന്നെ അവൻ വേദനകൊണ്ട് പുളഞ്ഞുപോയി. എനിക്കു സന്തോഷമായി. അങ്ങനെത്തന്നെ കിട്ടണം...രണ്ടാമത്തെ അടിയോടെ അവൻ വലിയ വായിൽ കരയാൻ തുടങ്ങി. എനിക്കിപ്പോൾ സങ്കടം വരാൻ തുടങ്ങിയിരിക്കുന്നു! എത്രയായാലും അവൻ എൻറെ കൂട്ടുകാരനല്ലേ..അവനെയിങ്ങനെ കണ്ണിൽച്ചോരയില്ലാതെ അടിക്കാൻ പാടുണ്ടോ?..മൂന്നാമത്തെ അടി വീണതോടെ ഞാനും അവനും ഒപ്പമാണ് കരഞ്ഞത്. അതോടെ ഉണ്ണിനായർ അടി നിർത്തി.
ഞാനും രാമചന്ദ്രനും തോളിൽ കയ്യിട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്...മൂത്തമ്മയും ഉണ്ണിനായരും കുറച്ചുകാലം പിണങ്ങിനടന്നു എന്നാണെൻറെ ഓർമ്മ.
വർഷങ്ങൾ കടന്നുപോയി..കഴിഞ്ഞവർഷം രാമചന്ദ്രൻറെ ഗൃഹപ്രവേശമായിരുന്നു. അവൻ വീട്ടിൽ വന്ന് എന്നെ ക്ഷണിച്ചു. ഞാൻ കുടുംബസമേതം പോയി. അവന് എന്താണ് സമ്മാനം കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല...ഒരു തൂക്കു പാത്രം!!. അവനും അത് ഇഷ്ടപ്പെട്ടിണ്ടാവുമെന്ന് ഞാൻ കരുതുന്നു.....    

2013, ജൂൺ 16, ഞായറാഴ്‌ച

മരിച്ചവരുടെ ഫോൺ

മരിച്ചവരുടെ ഫോൺനമ്പർ
ഞാൻ ഡിലീറ്റുചെയ്യാറില്ല..
നിസ്സഹായമായ ഏതോ നിമിഷത്തിൽ
ആ തണുത്ത ഏകാന്തതയിൽനിന്ന്
അവർ എന്നെ വിളിച്ചാലോ!
അവർ ഇപ്പോൾ ഉപയോഗിക്കുന്ന
ഫോണിന്റെ
റിങ്ടോൺ എങ്ങനെയുള്ളതായിരിക്കും?
അതിൽ സംഗീതമുണ്ടാകുമോ?

എന്നെങ്കിലുമൊരിക്കൽ
ഒരേ കടയിൽനിന്ന്
റീച്ചാർജ് ചെയ്യുമ്പോൾ
നേരിൽ ചോദിക്കാം..

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുനേടിയ സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി ചില വിചാരങ്ങള്‍))




ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയാണ് സച്ചിദാനന്ദന്റെ കവിത.വൈവിധ്യമാര്‍ന്ന ഭൂഭാഗങ്ങളിലെ ധാതുലവണങ്ങളും നീരുറവകളും സ്വാംശീകരിച്ചുകൊണ്ട് അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതെന്നും ഒരേ പുഴയായിരുന്നില്ല. കാലങ്ങളിലൂടെ ഒഴുകുമ്പോള്‍ വ്യത്യസ്ത പുഴയായി മാറുന്നു അത്.അപാരമായ കാവ്യസംസ്‌കാരത്തില്‍ നിന്ന് ഉറവകള്‍ സ്വീകരിക്കുന്ന ആ നദി പുതുവഴികളെ ആര്‍ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു. പുതുകവികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സച്ചിദാന്ദനാണ്!. സച്ചിദാനന്ദനെ നിഷേധിച്ചുകൊണ്ടും സച്ചിദാനന്ദനില്‍നിന്ന് വിമുക്തിനേടിക്കൊണ്ടുമല്ലാതെ പുതുകവികള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം ബഹുരൂപിയായ സച്ചിദാനന്ദകവിത വികസിച്ചുനില്‍ക്കുന്നു.
കാലം മുഖം നോക്കുന്ന കണ്ണാടിയാണ് സച്ചിദാനന്ദന്റെ കവിത.അറുപതുകളില്‍ തുടങ്ങി നാലര പതിറ്റാണ്ടിനു ശേഷവും നിത്യനൂതനമായിരിക്കുവാന്‍തക്കവിധം പരീക്ഷണാത്മകവും നവീകരണക്ഷമവുമാണ് സച്ചിദാനന്ദന്റെ കവിതകള്‍. ഓരോ കാലത്തോടും ക്രിയാത്മകമായി സംവദിക്കുവാനുള്ള ശേഷിയാണ് ആ കവിതകളെ എന്നും പുതുക്കിക്കൊണ്ടിരിക്കുന്നത്. സച്ചിദാനന്ദന്‍ 'പുതിയ' കവിതകള്‍ മാത്രമേ എഴുതാറുള്ളൂ.
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടതു പോലുള്ള
വൃഥാജന്മമായി (ആട്ടിന്‍കാട്ടം)
അദ്ദേഹത്തിന്റെ കവിത മാറാത്തതും അതുകൊണ്ടാണ്.
പിന്നണിപ്പാട്ടുകാരുടെ കാല്പനികമസൃണതകളുടെ ഉപരിതലസ്പര്‍ശിയായ കാവ്യലാപങ്ങളില്‍നിന്ന് മലയാള കവിതയെ നിതാന്തജാഗ്രതയോടെ രക്ഷിച്ചെടുക്കുകയും അതിനെ ചരിത്രത്തോട് മുഖാമുഖം നിര്‍ത്തുകയും ചെയ്തത് സച്ചിദാനന്ദനാണ്. 'ഭൂമിയില്‍ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സാധ്യതകള്‍' അന്വേഷിക്കുന്ന കവിതയാണ് അദ്ദേഹത്തിന്റെത്. ഒരേസമയം അത് അഭയവും പ്രവര്‍ത്തനവുമാകുന്നു. തേന്‍കൂടും മിഴാവും കടലും മുക്കുവനുമാകുന്നു(സത്യവാങ്മൂലം).'വാക്കുകളുടെ തെരുവില്‍ ഭിക്ഷയാചിച്ചു'നടക്കേണ്ട അവസ്ഥ ഒരിക്കലും സച്ചിദാനന്ദന്റെ കവിതക്ക് നേരിടേണ്ടിവന്നിട്ടില്ല. അഗാധമായ ചരിത്രബോധത്തില്‍നിന്നും പൊള്ളുന്ന വര്‍ത്തമാനത്തില്‍നിന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉരുവംകൊള്ളുന്നത്.
'ഞാന്‍ നിന്ദിക്കപ്പെടുന്നവരുടെയും കഴുമരമേറ്റപ്പെടുന്നവരുടെയും
കൂടെ നിന്ന് അവസാനശ്വാസംവരെ
എന്റെ തുടുതുടുത്ത ആത്മാവിന്റെ വരികള്‍ കുറിച്ചിടും'
എന്ന വാക്കു പാലിക്കുവാന്‍ സച്ചിദാനന്ദന് ഇന്നുവരെ കഴിഞ്ഞിട്ടുമുണ്ട്. നീതി, സ്വാതന്ത്ര്യം,പ്രണയം,മരണം,പ്രകൃതി എന്നിവയാണ് തന്റെ കവിതയുടെ കേന്ദ്രപ്രമേയങ്ങള്‍ എന്ന് മറന്നുവെച്ച വസ്തുക്കളില്‍ അദ്ദേഹം എഴുതുന്നുണ്ട്. യഥാര്‍ത്ഥമനുഷ്യരുടെ രാഷ്ട്രീയമാണ് സച്ചിദാനന്ദന്റെ കവിത സംസാരിക്കുന്നത്. അരാഷ്ട്രീയതയെ അതെന്നും പുറത്തുനിര്‍ത്തിയിട്ടേയുള്ളൂ.രാഷ്ട്രീയം എന്ന കവിതയില്‍ അദ്ദേഹം എഴുതുന്നു:
'ചില ചായക്കടകളിലും
ചില യുവാക്കളുടെ കവിതയിലും
ഒരേ ബോര്‍ഡ്:'രാഷ്ട്രീയം പാടില്ല'
ഞാന്‍ ഇരുന്നും കിടന്നും തല കീഴായും അത് വായിച്ചദ്ഭുതം കൂറുന്നു,
'ആരുടെ രാഷ്ട്രീയം?'
കവിത കൃത്യവും സത്യസന്ധവുമായ രാഷ്ട്രീയജാഗ്രതയാണ് എന്ന് മുമ്പേ തിരിച്ചറിഞ്ഞ കവിയാണ് സച്ചിദാനന്ദന്‍. വളച്ചുകെട്ടലുകള്‍ക്കും ആഡംബരങ്ങള്‍ക്കും നേരമില്ലാത്ത ആ കവിതകള്‍ എല്ലാത്തരം സമഗ്രാധിപത്യങ്ങള്‍ക്കുമെതിരെ ചെറുത്തുനില്പിന്റെ കൊടിയുയര്‍ത്തി.ഫാസിസത്തിന്റെ പതിഞ്ഞ കാല്‍വെപ്പുകള്‍പോലും ആ കവിതകള്‍ പെട്ടെന്നു തൊട്ടറിഞ്ഞു. മാറിയ കാലത്ത് വിമോചനത്തിന്റെ ശോണസ്വപ്‌നങ്ങളില്‍ വിനാശത്തിന്റെ കറുപ്പ് പടരുന്നതിനെക്കുറിച്ച് സച്ചിദാനന്ദന്റെ കവിത ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. രാഷ്ട്രീയവും മതവും പകുത്തെടുത്ത ഫാസിസത്തിന്റെ അസഹിഷ്ണുത നിറഞ്ഞ ആധിപത്യത്തിന്റെ മുഖങ്ങള്‍ 'നാമെവിടെപ്പോകും പ്രിയപ്പെട്ടവരേ' എന്ന കവിതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ആത്മീയശൂന്യമായ മതവും ഇച്ഛാശൂന്യമായ രാഷ്ട്രീയവും ഈ സമാഹാരത്തിലെ കവിതകളില്‍ വിചാരണചെയ്യപ്പെടുന്നു.
എഴുപതുകളില്‍ തളിരണിഞ്ഞുനിന്ന പ്രതീക്ഷകള്‍ പുതിയ കെട്ടകാലത്ത് ചരിത്രനിരാസത്തിന്റെ അപഹാസ്യമായ വേഷങ്ങളണിയുന്നത് കവി കാണുന്നുണ്ട്.
'നാടകം കാണികള്‍ക്കു മുമ്പിലല്ല പിറകിലാണ്.
പോയരംഗത്തിലെ പ്രതിനായകന്‍ തന്നെ
ഈ രംഗത്തിലെ നായകന്‍
എല്ലാ കഥാപാത്രങ്ങള്‍ക്കുമുണ്ട് മുഖംമൂടി:
വെള്ള,പച്ച,മഞ്ഞ,ചുകപ്പുപോലും'
എന്ന് 'ഗുവേരാ നിനക്കെന്തു പറ്റി?' എന്ന കവിതയില്‍ കവിക്കു ചോദിക്കേണ്ടി വന്നത് കാപട്യത്തിന്റെ രാഷ്ട്രീയം അരങ്ങുഭരിക്കാന്‍ തുടങ്ങിയതിനാലാണ്.
എങ്കിലും കവിക്ക് പ്രത്യശ നശിച്ചിട്ടില്ല.അരങ്ങിലും അങ്ങാടിയിലും അബോധത്തിലും നയിക്കുന്ന പുതിയ യുദ്ധങ്ങളിലൂടെ ഒരു പക്ഷേ പുതിയൊരു കാലത്തിന്റെ അടയാളമാകാന്‍ ഗുവേരക്കു സാധിക്കുമെന്ന് കവി വിചാരിക്കുന്നുണ്ട്.
ജാഗ്രതയുടെയും തിരിച്ചറിവിന്റെയും വിചാരണയുടെയും കവിതകളാണ് മറന്നുവെച്ച വസ്തുക്കളിലേത്. 1981ല്‍ രചിച്ച വേനല്‍മഴയില്‍,
'ശവങ്ങളൊഴുകിനടക്കുന്ന ഒരു
പുഴപോലെയായിരുന്നിട്ടുണ്ട് എന്റെ ജീവിതം'
എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. ദുരിതങ്ങളുടെ ആരുനിറഞ്ഞ ജീവിതത്തെ കവിതകൊണ്ട് അതിജീവിച്ചവനായിരുന്നു കവി.അസ്വസ്ഥമായിരിക്കുക എന്നതാണ് കവികളുടെ എക്കാലത്തെയും വിധി. സച്ചിദാനന്ദന്റെ കവിത ഒരു കാലത്തും സ്വസ്ഥമായിരുന്നിട്ടില്ല. അതെപ്പോഴും ക്ഷോഭിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെനിന്നു.
'ധൃതരാഷ്ട്രരുടെ ഭാഗമഭിനയിക്കാന്‍
എനിക്കു വയ്യാ; ആന്ധ്യമല്ല,
കാഴ്ച്ചയാണ് എന്റെ പ്രശ്‌നം'
എന്ന് സച്ചിദാനന്ദന്റെ കവിത ശങ്കയേതുമില്ലാതെ പ്രഖ്യാപിക്കുന്നു. വര്‍ത്തമാനത്തെ വിചാരണചെയ്യുന്ന ചോദ്യങ്ങളായി അദ്ദേഹത്തിന്റെ കവിത മാറുന്നു.
'നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം
കിനാക്കണ്ട് ഹൃദയത്തില്‍ വെടിത്തുളയേറ്റുവാങ്ങിക്കൊണ്ട്' മരിക്കുന്ന കവികള്‍ക്കൊപ്പമാണ് ഈ കവി.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

വേദിയിലെ വാക്കുകള്‍


ചെറുപ്പത്തില്‍ ഞാന്‍ വലിയ നാണംകുണുങ്ങിയായിരുന്നു.ആളുകളുടെ മുമ്പില്‍ ചെന്ന്‌നിന്ന് രണ്ടുവാക്കു സംസാരിക്കാന്‍ മടിയായിരുന്നു അന്നൊക്കെ.പത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ എഴുതിയ പൊട്ടക്കവിത സുധാകരന്‍, സേതുമാധവന്‍ മാഷിന് ഒററിക്കൊടുത്തപ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍!..പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പൈങ്കിളി സാഹിത്യം എന്റെ തലക്കു പിടിച്ചു.മംഗളം,മനോരമ,ചെമ്പരത്തി,സഖി,ജനനി തുടങ്ങിയ സകലമാന പൈങ്കിളികളും ഞാനും വിശ്വംഭരനും കൂടി വായിച്ചു തീര്‍ത്തു.ആവേശം മൂത്ത് മൂന്നാലു പൈങ്കിളി നോവലുകള്‍ എഴുതുകയും ചെയ്തു.വീണ്ടും തളിര്‍ത്ത പൂമരം,വരും ഞാനിനിയും വരും, ശ്മശാനം തുടങ്ങിയവ അക്കാലത്തെ എന്റെ പ്രശസ്ത നോവലുകളായിരുന്നു. അവ എഴുതിയ നോട്ടുബുക്ക് ക്ലാസ്സിലെ കുട്ടികള്‍ കൈമാറി വായിച്ച് അവസാനത്തെ പേജില്‍ അഭിപ്രായം എഴുതി വെക്കും.അതു വായിച്ച് ഞാന്‍ ഹര്‍ഷ പുളകിതനാകും..! എങ്കിലും നാലാളുകള്‍ക്ക് മുമ്പില്‍ നിന്ന് രണ്ടക്ഷരം പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു മത്സരത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല.ഒഴിവു ദിവസങ്ങളില്‍ ഞാനും സുഹൃത്തുക്കളായ രഞ്ജിത്തും സുനിലും വയ്യാതെ കിടക്കുന്ന അമ്മമ്മയെ കാണിയാക്കി നാടകം കളിച്ചതായിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈക്കോ എന്ന സംഘടനയുടെ വാര്‍ഷികത്തിന് ഒരു വൃദ്ധന്റെ വേഷം കെട്ടി അതിന് അന്ത്യം കുറിക്കുകയും ചെയ്തു!


ഡിഗ്രിക്കു പഠിക്കുമ്പോള്‍ പത്മിനി ടീച്ചര്‍ സാഹിത്യവും സമൂഹവും എന്ന പേരില്‍ ഒരു സെമിനാര്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതായിരുന്നു എന്റെ ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ്!!..ഡിഗ്രി കഴിയുമ്പോഴേക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വേദികള്‍ക്കു പിന്നില്‍ നിന്ന് പതിയെ മുന്നിലേക്ക് വരാന്‍ നിര്‍ബന്ധിതനായിരുന്നു.എ.കെ മണിയും വിജയന്‍ മുണ്ടോത്തും അനിയുമൊക്ക നന്ദി അര്‍ഹിക്കുന്നു.എം.എക്ക് ചേര്‍ന്നപ്പോള്‍ പല സെമിനാറുകളിലും എണീറ്റു നിന്ന് സംസാരിക്കാന്‍ നിര്‍ബന്ധിതനായി.
എന്നാല്‍ പ്രസംഗ രംഗത്തേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് സി.പി.എമ്മുമായി ബന്ധപ്പെട്ടാണ്. പല പാര്‍ട്ടി പരിപാടികളിലും മണിയും ഞാനും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു വേളകളില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തിലുടനീളം ഞാന്‍ പ്രസംഗിച്ചു നടന്നു. നടുവണ്ണൂര്‍ എ.എസ്.കെ.എസ്.എന്ന ഒരു സംഘടനയുടെ സാംസ്‌കാരിക ജാഥയില്‍ പല സ്വീകരണ കേന്ദ്രങ്ങളിലും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടു. പതിയെപ്പതിയെ പ്രസംഗവേദികളില്‍ നിന്ന് പ്രഭാഷണ വേദികളിലേക്ക് പലരും എന്നെ വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലകത്തും പുറത്തുമായി നൂറുകണക്കിനു വേദികളില്‍ പ്രഭാഷണം നടത്താന്‍ കഴിഞ്ഞിരിക്കുന്നു. എട്ടു പേര്‍ മുതല്‍ ആയിരം പേര്‍ വരെയുള്ള സദസ്സുകള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ പഴയ നാണം കുണുങ്ങിക്കുട്ടി എന്നെ അലട്ടാറില്ല.
തെരുവോരങ്ങള്‍,സ്‌കൂള്‍-കോളജ് കാമ്പസ്സുകള്‍, സെമിനാര്‍ വേദികള്‍, പഠനക്ലാസ്സുകള്‍,വായനശാലകള്‍,ക്ലബ്ബുകള്‍..അങ്ങനെയങ്ങനെ വേദികള്‍ പെരുകുന്നു..വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍,വ്യത്യസ്തരായ കേള്‍വിക്കാര്‍,വ്യത്യസ്തമായ വേദികള്‍..
സത്യത്തില്‍ എന്റെ ആദ്യപ്രഭാഷണ വേദികള്‍ ക്ലാസ്സ്മുറികള്‍തന്നെ.എന്റെ ഹൃദയം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിക്കുന്നത് ക്ലാസ്സ്മുറികളിലാണ്. പാഠപുസ്തകത്തിന്റെ അതിരുകള്‍ ഭേദിച്ച് സമൂഹത്തിന്റെ വിശാലതയിലേക്കിറങ്ങുന്നതാണ് എന്റെ രീതി.അവ എന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്നു എന്നുഞാന്‍ കരുതുന്നു. എം.എന്‍ വിജയന്‍ മാഷുടെ പ്രഭാഷണങ്ങള്‍ കൗതുകത്തോടെ,അസൂയയോടെ ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എന്നെ ഏറെയൊന്നും ആകര്‍ഷിച്ചിട്ടില്ല. കല്പറ്റ നാരായണന്‍,എം.എന്‍.കാരശ്ശേരി എന്നിവരുടെ പ്രഭാഷണങ്ങളും ഏറെ ആകര്‍ഷിച്ചവയാണ്. കെ.ഇ.എന്‍ ഒരുകാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു.പി.പവിത്രന്‍,സുനില്‍ പി.ഇളയിടം എന്നിവരുടെ പ്രഭാഷണങ്ങള്‍ അതിന്റെ ബൗദ്ധിക നിലവാരം കൊണ്ട് ഏറെ ആകര്‍ഷകമാണ്.
പ്രഭാഷണങ്ങള്‍ സത്യത്തില്‍ നമ്മുടെ സമയം നഷ്ടപ്പെടുത്തും. അതിനുള്ള തയ്യാറെടുപ്പുകള്‍-വായന,കുറിപ്പെടുക്കല്‍,ആലോചന തുടങ്ങിയവ-ഒട്ടേറെ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്നതാണ്.പ്രഭാഷണ സ്ഥലത്തേക്കുള്ള യാത്രയാണ് മറ്റൊരു സമയംകൊല്ലി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ കെയറോഫില്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അത്തരം പ്രഭാഷണങ്ങള്‍ക്ക് യാത്രപ്പടി എന്ന പ്രതിഫലം വാങ്ങുന്നതും ശരിയല്ലല്ലോ..!
പ്രഭാഷണ വിഷയങ്ങളുടെ വൈവിധ്യം സത്യത്തില്‍ ഒരു വെല്ലുവിളിയാണ്.മാധ്യമങ്ങളുടെ രാഷ്ട്രീയം, ഭാഷയും സംസ്‌കാരവും,എന്തുകൊണ്ട് മാതൃഭാഷ,പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി, യുവാക്കളേ നിങ്ങളിപ്പോള്‍ എവിടെയാണ്....വഷയങ്ങള്‍ അങ്ങനെ നീളുന്നു. ചില പ്രഭാഷണങ്ങള്‍ക്ക് പ്രത്യേക വിഷയമുണ്ടാവില്ല. വല്ല സാംസ്‌കാരിക പരിപാടിയുടേയും ഉദ്ഘാടനമായിരിക്കും..അവിടെ വളരെ ശ്രദ്ധിച്ചേ സംസാരിക്കാനാവൂ.സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ടവയായിരിക്കും ചിലവ.ബഷീര്‍,തകഴി,ചങ്ങമ്പുഴ,വൈലോപ്പിള്ളിതുടങ്ങിയവരെ അനുസ്മരിക്കലായിരിക്കും ചില പരിപാടികളില്‍. മറ്റു ചിലത് പ്രത്യേക പുസ്തകങ്ങളെക്കുറിച്ചുള്ളതായിരിക്കും..ശാസ്ത്രവിഷയങ്ങള്‍,സാമൂഹ്യശാസ്ത്രം,വിദ്യാഭ്യാസം,ധനശാസ്ത്രം,സംസ്‌കാരം,കവിത,കഥ,നാടകം,സാഹിത്യസിദ്ധാന്തങ്ങള്‍,സിനിമ,മനുഷ്യാവകാശം,മാധ്യമം,പരിസ്ഥിതി...വിഷയങ്ങള്‍ നീളുകയാണ്. ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്നവരുടെ ദൗര്‍ലഭ്യം ഇന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുകൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് പല വേദികളിലും എത്തിപ്പെടേണ്ടി വരുന്നത്.
വേദിയുടെ സ്വഭാവം പലപ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌കൂളില്‍ വീട്ടില്‍ ഒരു ലൈബ്രറി പരിപാടി ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ സദസ്സില്‍ ഇരുന്നൂറോളം കുട്ടികളും നൂറോളം രക്ഷിതാക്കളും..ഇതില്‍ ആര്‍ക്കു വേണ്ടി പ്രസംഗിക്കണം എന്നതൊരു വെല്ലുവിളിയാണ്.രക്ഷിതാക്കള്‍ക്കു വേണ്ടി സംസാരിച്ചാല്‍ കുട്ടികള്‍ക്ക് ബോറടിക്കും,തിരിച്ചും..ചിലപ്പോള്‍ കാണികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരിക്കും.സംഘാടകര്‍ക്ക് വലിയ വിഷമം!.. സംഘാടകരുടെ നിര്‍ബന്ധം കൊണ്ടുമാത്രം സദസ്സില്‍ വന്നിരിക്കുന്ന ആളുകള്‍ അക്ഷമരായിരിക്കും..വേദിയുടെ സ്വഭാവം, ഹാളിന്റെ സ്വഭാവം,മൈക്കിന്റെ ഗുണനിലവാരം, പ്രസംഗ പീഠത്തിന്റെ വലുപ്പവ്യത്യാസം തുടങ്ങി നമ്മുടെ അന്നേരത്തെ മനോനില വരെ പ്രഭാഷണത്തെ സ്വാധീനിക്കാം. ഒരിക്കല്‍ കോക്കല്ലൂരിനടുത്ത് കാറളാപ്പൊയില്‍ എന്ന ഗ്രാമത്തില്‍ ഒരു വായനശാലയില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയം സംസാരിക്കാന്‍ എന്നെ വിളിച്ചു. വീട്ടില്‍നിന്ന് പുറപ്പെട്ട് കുറച്ചു കഴിയുമ്പോഴേക്കും കനത്തമഴ തുടങ്ങി.ഇടിയും മിന്നലും അകമ്പടി സേവിച്ച മഴ ഗംഭീരമായിത്തന്നെ തിമര്‍ത്തു.റോഡ് കാണാന്‍തന്നെ പ്രയാസം.കാര്‍ പലതവണ കുഴിയില്‍ വീണു.വായനശാലയില്‍ എത്തിയപ്പോള്‍, അവിടെ വൈദ്യുതിയില്ല.മെഴുകുതിരി വെട്ടത്തില്‍ മൂന്നാലാളുകള്‍ ഇരിക്കുന്നു. 'മഴകാരണം പലരും എത്തിയില്ല മാഷേ..'സംഘാടകര്‍ക്ക് വിഷമം.ഞാന്‍ അവരെ സമാധാനിപ്പിച്ചു.'ഉള്ളവര്‍ മതി'.'എന്നാലും...ആളില്ലാതെ..'അവര്‍ക്ക് വീണ്ടും പ്രയാസം. അങ്ങനെ ആ പെരുമഴയത്ത് മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ വായനയുടെ രാഷ്ട്രീയം അവതരിപ്പിച്ചു.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാഷണമായിരുന്നു അത്.
കൊയിലാണ്ടി കൊല്ലത്ത് പിഷാരികാവിനടുത്ത് ഒരു സ്‌കൂളില്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണം അവിസ്മരണീയമായിരുന്നു. ആ പ്രദേശത്തെ താമസക്കാരുടെ കൂട്ടായ്മയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വത്സന്‍ മാഷാണ് എന്നെ ക്ഷണിച്ചത്. ഏകദേശം ഒന്നര മണിക്കൂറോളം പല സാംസ്‌കാരിക-സാമൂഹ്യ പ്രശ്‌നങ്ങളെയും പറ്റി സംസാരിച്ചു. ആളുകള്‍ നന്നായി കയ്യടിച്ചു. ഞാന്‍ പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങി.പെട്ടെന്ന് സദസ്സില്‍നിന്ന് പ്രായമായ ഒരാള്‍ എന്റെയടുത്തേക്ക് ഇറങ്ങി വന്നു.എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു: 'പ്രസംഗം വളരെ നന്നായി.എന്നെ വല്ലാതെ ആകര്‍ഷിച്ചു'.അദ്ദേഹം കീശയില്‍ നിന്ന് ഒരു പേന എടുത്ത് എനിക്കു നീട്ടി.'ഇതു വാങ്ങണം.ഈ പ്രസംഗത്തിന് എന്റെ സമ്മാനമാണ്.എന്റെ കയ്യില്‍ ഇപ്പോള്‍ ഇതു മാത്രമേയുള്ളൂ.' ആ പേന ഒരു നിധി പോലെ ഞാനിന്നും സൂക്ഷിച്ചിരിക്കുന്നു.
ഞാന്‍ പഠിച്ച തുരുത്യാട് എ.എല്‍.പി സ്‌കൂളിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്നെയായിരുന്നു വിളിച്ചത്. ഞാന്‍ എന്റെ സ്‌കൂള്‍കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെ രണ്ടാം ക്ലാസ്സില്‍ പഠിപ്പിച്ച ഗോപാലന്‍ മാഷിന്റെ അധ്യാപന രീതിയെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പ്രഭാഷണമവസാനിപ്പിച്ച് ഇരുന്നപ്പോള്‍ ഒരാള്‍ വന്ന് വിളിച്ചു'മാഷെ കാണണമെന്ന് ഒരാള്‍ ആവശ്യപ്പെടുന്നു'.ഞാന്‍ ചെന്നു.എന്റെ പ്രിയ ഗോപാലന്‍ മാഷ് സ്‌കൂള്‍മുറ്റത്ത് ഒരരികില്‍ ഇരിക്കുന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ ആശ്ലേഷിച്ചു.'അതെല്ലാം മോന്‍ ഓര്‍ക്കുന്നു അല്ലേ' അദ്ദേഹം ചോദിച്ചു. പഴയകാല നന്മകള്‍ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു.
ചില പ്രഭാഷണങ്ങള്‍ എന്തെന്നില്ലാത്ത ആനന്ദം നല്‍കും.വെറുതെയല്ല അഴീക്കോടുമാഷ് വിവാഹം കഴിക്കാതിരുന്നത് എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മുഴുവന്‍ ഫലപ്രദമായി പറയാന്‍ ചിലപ്പോള്‍ കഴിയും.മറ്റു ചിലപ്പോള്‍ ഉദ്ദേശിച്ചതിന്റെ പകുതിപോലും പറയാനാകാതെ പോകും.ചില വേദികള്‍ നമ്മെക്കൊണ്ട് കൂടുതല്‍ നേരം സംസാരിപ്പിക്കും.ആളുകള്‍ മുഷിയാതെ ഇരിക്കുന്നത് നമ്മള്‍ തിരിച്ചറിയും. അഞ്ചെട്ടുമാസം മുമ്പ് മാനന്തവാടിയില്‍ ഒരു പ്രഭാഷണം. വിഷയം: ഭാഷ സംസ്‌കാരം ജനാധിപത്യം.ഉദ്ഘാടകന്‍ കല്പറ്റ നാരായണന്‍ മാഷ്.മുഖ്യ പ്രഭാഷണം ഞാന്‍. മാഷ് ഒരു ടാക്‌സി വിളിച്ച് കൊയിലാണ്ടിയില്‍ നിന്ന് വന്നു.ഉള്ളിയേരിയില്‍നിന്ന് ഞാനും കയറി.മാനന്തവാടിക്കടുത്ത് ഒരു ഉള്‍നാട്ടിലാണ് പരിപാടി. കുറ്റിയാടി ചുരം വഴിയാണ് യാത്ര. കാര്‍ ഒന്നാമത്തെ ചുരത്തില്‍ തന്നെ യാത്ര മതിയാക്കി. കയറ്റം കയറാന്‍ മൂപ്പര്‍ക്ക് മടി. സമയം വൈകുന്നു.സംഘാടകര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. വാഹനങ്ങള്‍ ഒന്നും നിര്‍ത്തുന്നില്ല. അവസാനം ഒരു കാറില്‍ കയറിപ്പറ്റി പാതി വഴിയെത്തി. അവിടുന്നങ്ങോട്ട് ഒരു ജീപ്പില്‍. സംഭവസ്ഥലത്ത് എത്തുമ്പോള്‍ സമയം 12 മണി. പക്ഷേ ആര്‍ക്കും പരാതിയില്ലായിരുന്നു. നാട്ടിന്‍ പുറത്തെ ഒരു സ്‌കൂള്‍ മുറ്റത്ത് പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ക്കു താഴെ ഒരുക്കിയിരിക്കുന്ന വേദി. സദസ്സില്‍ പത്തുമുന്നൂറ് ആളുകള്‍..ഞങ്ങള്‍ക്ക് സന്തോഷമായി. ഉച്ചയൂണു പോലും മാറ്റി വച്ച് ഞങ്ങള്‍ പ്രസംഗിക്കുകയും സദസ്സ് ക്ഷമയോടെ അത് ശ്രവിക്കുകയും ചെയ്തു.
അക്കാദമിക്കായ പ്രഭാഷണങ്ങള്‍ക്ക് അടുക്കും ചിട്ടയുമൊക്കെ ഉണ്ടാവുമെങ്കിലും അതിന് സ്വാതന്ത്ര്യം കുറവായിരിക്കും. സാംസ്‌കാരിക പ്രഭാഷണവും ഉദ്ഘാടന പ്രഭാഷണവുമൊക്കെയാവുമ്പോള്‍ നമ്മുടെ നിരീക്ഷണം,അനുഭവം,വിമര്‍ശനം,ഫലിതം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലായിരിക്കും. വിഷയ വൈവിധ്യവും പറഞ്ഞകാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കാതിരിക്കലും പ്രഭാഷണത്തിന് അനിവാര്യമായ ഘടകങ്ങളാണ്. നല്ല വായന,ഓര്‍മ്മശക്തി എന്നിവ പ്രസംഗകന് അത്യാവശ്യമാണ്. പ്രസംഗം വേര്‍ഡ്‌സ് വര്‍ത്ത് കവിതയെപ്പറ്റി പറഞ്ഞപോലെ, വികാരത്തിന്റെ അനര്‍ഗ്ഗള പ്രവാഹമായിരിക്കണം. കൃത്രിമത്വം പ്രസംഗത്തെ ബാധിക്കാനേ പാടില്ല.
പ്രസംഗിക്കാന്‍ പോകുന്ന വിഷയത്തോട് താല്പര്യമുള്ള ശ്രോതാക്കള്‍ അതിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമാണ്. അവര്‍ എണ്ണത്തില്‍ കുറച്ചുമതി.ബാംഗ്ലൂരിലെ മലയാളികള്‍ സര്‍ഗ്ഗധാര എന്ന അവരുടെ സംഘടനയുടെ പേരില്‍ 'എന്തുകൊണ്ട് മാതൃഭാഷ' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒരു കോളജില്‍ വച്ചായിരുന്നു പരിപാടി. സദസ്സ് പ്രഭാഷണം കേള്‍ക്കാന്‍ മാത്രമായി വന്നവരെക്കൊണ്ട് സമ്പന്നമായിരുന്നു.അധികമാളുകളില്ലെങ്കിലും വന്നവര്‍ അവസാനം വരെ ശ്രദ്ധയോടെ കേട്ടിരുന്നു. എനിക്ക് ബസ്സിന് സമയമായതുകാരണം മാത്രമാണ് നിര്‍ത്തിയത്. ഒന്നരമണിക്കൂര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല എന്ന സജീവിന്റെ അഭിപ്രായം സന്തോഷത്തോടെയാണ് ഞാന്‍ ഏറ്റു വാങ്ങിയത്..
ഇപ്പോള്‍ മാസത്തില്‍ നാലും അഞ്ചും പ്രഭാഷണങ്ങള്‍..ഒരുപാട് സമയം നഷ്ടപ്പെടുമെങ്കിലും ഞാന്‍ അവ ആസ്വദിക്കുന്നു. അതിനു വേണ്ടി വായിക്കാനും തയ്യാറെടുക്കാനും ചിന്തിക്കാനും ശ്രമിക്കുന്നത് എന്നെ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.എന്റെ ക്ലാസ്സുകള്‍ക്ക് അത് ഉപകാരപ്പെടുന്നു.ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന രോഷത്തിന് അവ ആവിഷ്‌കരണം നല്‍കുന്നു. പറയാത്ത പ്രിയവാക്കുകള്‍ക്കും ചിന്തകള്‍ക്കും അവ ചിറകുകള്‍ നല്‍കുന്നു...വേദിയിലെ വാക്കുകള്‍ക്ക് ആയുസ്സു കുറവായിരിക്കാം..എന്നാലും അല്പപ്രാണങ്ങളായ ആ വാക്കുകള്‍ ആരെയെങ്കിലുമൊക്കെ തൊടാതിരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ...