2012, ജൂലൈ 19, വ്യാഴാഴ്‌ച

മലയാളം മരിച്ചാല്‍ ആര്‍ക്കാണു ചേതം? - പി. സുരേഷ്


'സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുകുന്ന അമ്പത്തൊന്നു കമ്പികളുള്ള വീണ' എന്ന് സച്ചിദാനന്ദന്‍ മലയാളത്തെ വിശേഷിപ്പിക്കുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു:
'എന്റെ സ്ലേറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി
...........................................................................................................
അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്
പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍
സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി
കനകപ്രഭചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാവ്...'
ഇതെല്ലാമാണ് കവിക്ക് സ്വന്തം മാതൃഭാഷയായ മലയാളം.എല്ലാ കവികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും അവനവന്റെ മാതൃഭാഷ ഇതെല്ലാമാണ്. ഒരു ജനത നൂറ്റാണ്ടുകളിലൂടെ സംഭരിച്ചുവച്ചിരിക്കുന്ന ജ്ഞാന രൂപങ്ങളും സംസ്‌കാരസഞ്ചയവും ആ ജനതയുടെ മാതൃഭാഷയില്‍ ഘനീഭവിച്ചു കിടക്കുന്നു. അതുകൊണ്ടാണ് മാതൃഭാഷയുടെ തകര്‍ച്ച ഒരു സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നു പറയുന്നത്.
സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്‌കോ തയ്യാറാക്കിയിട്ടുള്ള ഭാഷാ പട്ടികയില്‍ 26-ാമത് സ്ഥാനമാണ് മലയാളത്തിനുള്ളത്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഭാഷയാണ് മലയാളമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് പോലുള്ള അധിനിവേശ ഭാഷകളുടെ സ്വാധീനഫലമായി മലയാളം ഗുരുതരമായ ഭീഷണി നേരിടുന്നു.ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മകസമീപനവും ഒരു ജനത എന്ന നിലയില്‍ സ്വന്തം ഭാഷയോടു നാം കാണിക്കുന്ന അവഗണനയുമെല്ലാമായിരിക്കും ഇംഗ്ലീഷ് ഭീഷണിയേക്കാള്‍ മലയാളത്തെ മൃതപ്രായമാക്കിയിട്ടുണ്ടാവുക. മാതൃഭാഷ ഒരു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് തിരിച്ചറിയാത്ത, ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലാണ് ജീവിച്ചിരിക്കുന്നത്!മാതൃഭാഷ മരിച്ചാല്‍ എന്താണു സംഭവിക്കുക?
ഒരു ജനതയുടെ സാംസ്‌കാരികോര്‍ജമാണ് മാതൃഭാഷ.വ്യക്തികളുടെ സൗന്ദര്യബോധം മുതല്‍ ചരിത്രബോധവും അനുഭൂതിയും വരെ ഉരുത്തിരിയുന്നത് മാതൃഭാഷയുമായി ബന്ധപ്പെട്ടാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന ജനത ചരിത്രമില്ലാത്തവരായി മാറുന്നു. ദൈവത്തിലെത്താനും അതുവഴി അനശ്വരതയെ പ്രാപിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഭാഷയെ ശിഥിലമാക്കുന്നതിലൂടെ എന്നന്നേക്കുമായി തടയാമെന്ന് ബാബേല്‍ഗോപുരത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മാതൃഭാഷയെ ആന്തരികവല്‍ക്കരിക്കുന്നതിലൂടെ സാധ്യമാകുന്ന സാമൂഹികവല്‍ക്കരണമാണ് വ്യക്തികളുടെ ലോകബോധത്തെ നിര്‍ണയിക്കുന്നത്. മാതൃഭാഷയുടെ അധ്യയനവും പ്രയോഗവും വഴി കുട്ടി ആര്‍ജിക്കുന്ന ജ്ഞാനത്തിന്റെ സ്വാഭാവികവും സര്‍ഗാത്മകവുമായ പ്രയോഗങ്ങള്‍ ഒരു പുതിയ സമൂഹനിര്‍മ്മിതിക്കുള്ള ഊര്‍ജ്ജമായി കുട്ടികളില്‍ നിലീനമായി കിടക്കുന്നു.
വ്യക്തിയുടെ ആത്മാവിഷ്‌കാരം അകൃത്രിമവും അതിനാല്‍ത്തന്നെ സര്‍ഗാത്മകവുമാകുന്നത് മാതൃഭാഷയിലൂടെ ആവുമ്പോഴാണ്.അറിവിനെ വിജ്ഞാനവും വിജ്ഞാനത്തെ ജ്ഞാനവുമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസത്വരകമാണ് മാതൃഭാഷ.
മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലൂടെയുള്ള വിനിമയവും സുപ്രധാനമായ സാമൂഹ്യനിര്‍മ്മാണ പ്രക്രിയകൂടിയാണ്. കാരണം,മാതൃഭാഷ നമ്മെ അന്യവല്‍ക്കരിക്കുന്നില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള സംപൃക്തതയുടെ അടിസ്ഥാനഘടകം മാതൃഭാഷയാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന വ്യക്തിക്ക് സമൂഹം നഷ്ടപ്പെടുകയും പൊള്ളയായ ഒരു വ്യാജലോകത്ത് മാത്രം അസ്തിത്വമുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു. ദുര്‍ബലമായ മാതൃഭാഷാടിത്തറയുള്ള വ്യക്തി ദുര്‍ബലവും ഉപരിപ്ലവവുമായ ചിന്തയും സ്വത്വബോധവുമുള്ള വ്യക്തിയായി മാറും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ഉള്‍ക്കൊള്ളുവാന്‍ മാതൃഭാഷാമാധ്യമ പഠനത്തിലൂടെ മാത്രമേ കഴിയൂ.
മാതൃഭാഷ ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യര്‍ അവരുടെ ജൈവപരാഗങ്ങള്‍ ആഗിരണം ചെയ്യുന്നത് ഈ ആവാസവ്യവസ്ഥക്കകത്തുവച്ചാണ്. മത്സ്യം ജലത്തില്‍നിന്ന് അകലുന്നതുപോലെ ആത്മഹത്യാപരമാണ് ഒരു വ്യക്തി സ്വന്തം മാതൃഭാഷയില്‍നിന്ന് അകലുന്നത്. ജനതയുടെ വികാരവിചാരങ്ങളും ഭാവനയും ആത്മപ്രകാശനവും ഏറ്റവും സ്വാഭാവികമായി സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്. കാരണം അത് നമ്മുടെ സാംസ്‌കാരിക മനസ്സിനെ രൂപപ്പെടുത്തിയ ഭാഷയാണ്; നമ്മുടെ അനുഭവലോകത്തെ ചരിത്രപരമായി നിര്‍ണയിച്ച ഭാഷയാണ്. അധിനിവേശഭാഷയാകട്ടെ, ചരിത്രവും സംസ്‌കാരവും ചോര്‍ന്നുപോയ അക്ഷരമാലകളായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷമാകുന്നത്. ഒരു ദേശത്തിന്റെ സമ്പന്നസംസ്‌കാരത്തിനുമുകളില്‍ അടയിരുന്നതിന്റെ ചൂട് മാതൃഭാഷയ്ക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍കഴിയില്ല എന്നു പറയുന്നത്. 'നാലുകെട്ട്' എന്ന നോവല്‍ശീര്‍ഷകത്തിനു പകരം ഇംഗ്ലീഷില്‍ ഒരു പദമില്ലാതെപോയത് അതുകൊണ്ടാണ്. 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു'എന്ന ശീര്‍ഷകവും വിവര്‍ത്തനക്ഷമമല്ലാത്തത് അതുകൊണ്ടുതന്നെയാണ്.
വ്യക്തിയെ ആന്തരികമായി പുതുക്കുകയും മാനവികതയും സൗന്ദര്യബോധവും ഭാവനയും അയാളില്‍ ജൈവികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ ഭാഷയെ ഒരു വിനിമയോപാധിയായിമാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഇംഗ്ലീഷ് മീഡിയം എന്ന പദത്തിലെ 'മീഡിയം' എന്ന പദം ഭാഷയുടെ വിനിമയ ധര്‍മ്മത്തില്‍ മാത്രം ഊന്നുന്നു. അറിവിന്റെ ഉല്പാദനവും വിതരണവും സ്വന്തം ഭാഷയിലൂടെയാവുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. അന്യഭാഷയില്‍ വിനിമയത്തിന്റെ കേവലധര്‍മ്മം മാത്രമേ സാധ്യമാകൂ. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും മാതൃഭാഷാമാധ്യമ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇരുപതുരാജ്യങ്ങളില്‍ പത്തൊമ്പതും തദ്ദേശീയഭാഷാമാധ്യമം സ്വീകരിച്ചവയാണ് എന്ന യാഥാര്‍ത്ഥ്യം കേരളീയര്‍ ഇനിയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു! ഇംഗ്ലീഷ് ദേവതക്കു വിഗ്രഹം പണിയുന്ന അന്ധവിശ്വാസികളായ കേരളീയര്‍ സ്വന്തം പൊന്നോമനകളെ പി.സി.തോമസിന്റെ 'എന്‍ട്രന്‍സ് കോച്ചിംഗ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുന്ന' തിരക്കില്‍ ചരിത്രം പഠിക്കാന്‍ മറന്നുപോയിരിക്കുന്നല്ലോ. ഭാരതത്തില്‍ ശാസ്ത്രത്തില്‍ നോബല്‍സമ്മാനം നേടിയ രണ്ടുപേര്‍ തമിഴ്ഭാഷയിലൂടെ വിദ്യ അഭ്യസിച്ചവരായിരുന്നു! ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചിരുന്നെങ്കില്‍ അവര്‍ക്കതിനു സാധിക്കുമായിരുന്നില്ല.
ലോകത്തെ മാറ്റിമറിച്ച മുഴുവന്‍ ചിന്താധാരകളും ശാസ്ത്ര-സാഹിത്യ-തത്വചിന്താ പദ്ധതികളും ഉരുവം കൊണ്ടത് അതാതുദേശത്തെ ഭാഷയിലായിരുന്നു. പ്ലാറ്റോയും അരിസ്റ്റോട്ടിലും മുതല്‍ ദറിദ വരെയുള്ള സൗന്ദര്യശാസ്ത്ര-തത്വചിന്താ വിശാരദരും മാര്‍ക്‌സു മുതല്‍ ഇ.എം.എസ് വരെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും ഐന്‍സ്റ്റീനും ഫ്രോയ്ഡും അടക്കമുള്ള ശാസ്ത്രചിന്തകരും ഹോമര്‍ മുതല്‍ ടോള്‍സ്റ്റോയ്
വരെയുള്ള സാഹിത്യപ്രതിഭകളും തങ്ങളുടെ വിസ്‌ഫോടനാത്മകമായ ആവിഷ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചത് അവരവരുടെ മാതൃഭാഷയിലായിരുന്നു. ഇന്നും ലോകത്തിന്റെ നെറുകയില്‍ ജ്വലിച്ചുനില്‍ക്കുവാന്‍ അവര്‍ക്കു സാധിക്കുന്നത് മാതൃഭാഷ നല്‍കിയ ഉള്‍ക്കരുത്തിന്റെ വരദാനം കൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ജനതയുടെ ആത്മബലം അഥവാ ഉള്‍ക്കരുത്താണ് അവരുടെ മാതൃഭാഷ. ഇംഗ്ലീഷ് പോലെയുള്ള അധിനിവേശഭാഷയുടെ സ്വാധീനവും വ്യാപനവും ഈ ഉള്‍ക്കരുത്തിനെയാണ് ചോര്‍ത്തിക്കളയുന്നത്. മലയാളഭാഷക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ആവിഷ്‌കരിക്കാന്‍തക്ക കരുത്തും പദസമ്പത്തും മലയാളത്തിനുണ്ടായിരുന്നു. ഗണിതശാസ്ത്രവും സസ്യശാസ്ത്രവും ആയുര്‍വേദവും വാസ്തുശാസ്ത്രവും സാഹിത്യവുമടക്കമുള്ള വ്യവഹാരരൂപങ്ങള്‍ മലയാളത്തിന്റെ ചൂടും ചൂരുമുള്ള ലിപികളില്‍ ആവിഷ്‌കരിക്കാനുള്ള കരുത്ത് നമ്മുടെ മലയാളത്തിനുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം ഈ ഉള്‍ക്കരുത്തിനെ ബാധിച്ചിട്ടുണ്ട്. തമിഴ് ഭാഷയാകട്ടെ അധിനിവേശഭാഷകളുടെ കയ്യേറ്റത്തെ ബോധപൂര്‍വ്വം തന്നെ ചെറുക്കാന്‍ശ്രമിക്കുന്നുണ്ട്.
'തീവണ്ടി' യും 'തീപ്പെട്ടി' യും 'ചലച്ചിത്ര' വും സൃഷ്ടിച്ച മലയാളിയുടെ ഭാഷാസൗന്ദര്യബോധം 'കമ്പ്യൂട്ടറും' 'മൊബൈലും' 'ഇന്റര്‍നെറ്റും' തദ്ദേശ ഭാഷാസ്വാംശീകരണത്തിന് വിധേയമാക്കാന്‍ മടി കാണിക്കുന്നതെന്തുകൊണ്ടാണ്? തമിഴനാകട്ടെ കണിനി(computer),മടിക്കണിനി (laptop) ,മിന്നഞ്ചല്‍ (e-mail), എന്നിവയെ ഭാഷയിലേക്ക് ആഗിരണം ചെയ്തുകൊണ്ടാണ് ഇപ്പോഴും സമകാലികനായിക്കൊണ്ടിരിക്കുന്നത്!
മാതൃഭാഷാവിദ്യാഭ്യാസം സര്‍ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസവും നവീനമായ ജീവിതബോധത്തിന്റെ രൂപീകരണവും ലക്ഷ്യംവെക്കുന്നു. തന്റെ പരിസരത്തിന്റെ ജൈവാംശം ഉള്‍ക്കൊള്ളുന്ന മാതൃഭാഷയിലൂടെ ഒരു ആയുഷ്‌കാലത്തേക്കുള്ള മൂല്യങ്ങളാണ് കുട്ടി ആര്‍ജിക്കുന്നത്. അനന്തര തലമുറകളിലേക്കും നീളുന്ന ജീവിതബോധമാണിത്. അനുഭവ പരിസരത്തെ സ്പര്‍ശിച്ചറിയുവാനും പാരിസ്ഥിതികാവബോധം സ്വാംശീകരിക്കുവാനും സമൂഹലബ്ധമായ അറിവിനെ സൗന്ദര്യാത്മകമായി പുന:സൃഷ്ടിക്കുവാനും കുട്ടികളെ പ്രാപ്തമാക്കുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ്. ഇത്തരത്തിലുള്ള വിദ്യാഭ്യാസമാണ് ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നത്. സംസ്‌കാരമില്ലാത്ത ഒരു ജനതയെക്കൊണ്ട് എന്താണ് പ്രയോജനം?