2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...




ജ്ഞാന പീഠത്താല്‍ ഓയെന്‍വി ആദരിക്കപ്പെട്ടതില്‍ നാം അഭിമാനിക്കേണ്ടതുണ്ടോ? ഈ പുരസ്‌കാരത്തിലൂടെ ലഭിച്ച സന്ദേശമെന്താണ്?
യഥാര്‍ഥ കവിതയെ തമസ്‌കരിച്ച് പാട്ടുകവിതയെ ആദര്‍ശവല്‍ക്കരിക്കാനേ ഈ പുരസ്‌കാരം സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്. കവിത എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ കാവ്യഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും നിര്‍ണ്ണായകമായിമാറ്റിത്തീര്‍ക്കാന്‍ കവിതയ്ക്കു കഴിയണം. പുതിയ കാവ്യ പരീക്ഷണങ്ങള്‍ രൂപ-ഭാവ തലങ്ങളില്‍ നടത്തുവാന്‍ ദത്തശ്രദ്ധ പുലര്‍ത്തുവാന്‍ കവിക്കു കഴിയണം.കാലത്തിന്റെ സംഘര്‍ഷങ്ങളെയും സംത്രാസങ്ങളെയും തീവ്രമായി ആവിഷ്‌കരിക്കേണ്ടതുണ്ട് കവിതയില്‍. അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയാലും ദര്‍ശനത്താലും കാലമനസ്സിനെ സ്വാധീനിക്കുവാന്‍ കവിതയ്ക്കു കഴിയണം. മനുഷ്യമനസ്സിലെ നിതാന്ത സംഘട്ടനങ്ങളേയും സാമൂഹിക സ്പന്ദനങ്ങളെയും ഒരുപോലെ ആവിഷ്‌കരിക്കുവാന്‍ കവിത കരുത്തു നേടേണ്ടതുണ്ട്.
എന്നാല്‍ ഓയെന്‍വി എന്താണ് ചെയ്ത്? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിഞ്ഞ് ഈച്ചയാര്‍ക്കുന്ന കാല്പനിക ക്ലീഷേകളെ ഒട്ടും ദാര്‍നിക വ്യാകുലതകളില്ലാതെ നാട്ടിലാകെ പാട്ടാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി മലയാളി കടന്നു വന്നിട്ടുള്ള സാമൂഹിക പരിണാമ ഘട്ടങ്ങളിലൊന്നു പോലും ഓയെന്‍വിയുടെ കാവ്യ മനസ്സിന്റെ വ്യാകുലതയേയായില്ല.
ചങ്ങമ്പുഴയുടെ ശുദ്ധ കാല്പനികത പോലും പാടുന്ന പിശാചായി മാറിയിട്ടുണ്ട്. എന്നാല്‍ ചങ്ങമ്പുഴയുടെ വികാരതരളമായ ശുദ്ധകാല്പനികതയും വയലാറിന്റെ വിപ്ലവ കാല്പനികതയും സമം ചേര്‍ത്ത് കോടമ്പാക്കത്തിന്റെ ചേരുവകള്‍ മേമ്പൊടിയിട്ട് മലയാളിയുടെ സംഗീതാഭിരുചിയുടെ അടുക്കളയില്‍ പാകം ചെയ്യുകയായിരുന്നു ഓയെന്‍വി. ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങകപ്പക്ഷികള്‍, വന്ധ്യമേഘങ്ങള്‍ തുടങ്ങിയ അപൂര്‍വ്വം കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരുതരം വ്യാജ മാനവികത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.


മധുരകോമളമായ പദാവലികളും ജഡതുല്യമായ കാവ്യ കല്പനകളും പ്രഭാഷണപരത മുറ്റി നില്‍ക്കുന്ന ആഖ്യാനരീതിയും ദാര്‍ശനിക നാട്യങ്ങളും ഉപയോഗിച്ച് മലയാളിയുടെ കാവ്യഭാവുകത്വ വികാസത്തെ തടവിലിടുകയാണ് ഓയെന്‍വി ചെയ്യുന്നത്. വൈലോപ്പിള്ളിയോ ഇടശ്ശേരിയോ ആവിഷ്‌കരിച്ച ജീവിതക്കടലിന്റെ ഒരു ബിന്ദു പോലും ഓയെന്‍വിക്കവിതകളില്‍ നിന്ന് കണ്ടെടുക്കാനാവില്ല.
 കൊച്ചു ദുഃഖത്തിന്റെ പച്ചത്തുരുത്തുകളില്‍ മേയാനാണ് അദ്ദേഹത്തിന് എന്നും താല്പര്യം. പ്രസന്നരാജന്‍ 1992 ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയ പോലെ തന്റെ നാലാംതരം കവിതയെ ഒന്നാംതരം പ്രശസ്തികൊണ്ട് മൂടിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാല്പനികതയുടെ ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ അത്യന്തം ദുര്‍ബലമായ ഒരു കല്‍ക്കണ്ടക്കൊട്ടാരമാണ് ഓയെന്‍വിക്കവിത. കാലത്തിന്റെ കനത്ത മഴയില്‍ ഒലിച്ചു പോകാനുള്ള ബലമേ അതിനുള്ളൂ.
മലയാളിയുടെ വളര്‍ച്ച മുരടിച്ച കാവ്യാവബോധത്തിന്റെ നഴ്‌സറി ഭാവുകത്വത്തിന് അദ്ദേഹം മഹാകവിയായിരിക്കാം! മുരുകന്‍കാട്ടാക്കടയും അനില്‍ പനച്ചൂരാനും മഹാകവികളായി വാഴുന്ന കേരളത്തില്‍ ഓയെന്‍വി ചിലര്‍ക്ക് വാല്മീകി തന്നെ!......