2010, ഡിസംബർ 29, ബുധനാഴ്‌ച

ചണ്ഡീഗഡ് വിശേഷങ്ങള്‍....

പര്‍വ്വതങ്ങള്‍ എന്നും മനുഷ്യന് ശാന്തി നല്‍കിയിരുന്നു.അതുകൊണ്ടായിരിക്കാം ഷിംല ഞങ്ങള്‍ക്ക് അവാച്യമായ ശാന്തിയും ആനന്ദവും പകര്‍ന്നു തന്നു.ഷിംലയുടെ പ്രകൃതിക്കു മുമ്പില്‍ ഞങ്ങള്‍ അഹങ്കാരമില്ലാത്ത കൊച്ചു മനുഷ്യരായി. ആ പര്‍വ്വതനിരകള്‍ ഞങ്ങളെ കൊച്ചു മനുഷ്യരാക്കി....




തണുപ്പിന്റെ കരിമ്പടം പുതച്ച തെരുവുകള്‍ താണ്ടി രാവിലെ 6 മണിക്കു് ഹിമാചല്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡിലേക്ക് പുറപ്പെട്ടു. ആകാശത്തു നിന്ന് ഭൂമിയിലേക്കെന്ന പോലെ ബസ്സ് വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ പാഞ്ഞു തുടങ്ങി. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ബസ്സില്‍ റിസര്‍വേഷനുണ്ട്. ആ പരിഗണന പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്.സര്‍ക്കാറിനോട് എനിക്ക് ബഹുമാനം തോന്നി... 11 മണിക്ക് ചണ്ഡീഗഡില്‍ ബസ്സിറങ്ങി.


ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരത്തിലാണ് ഞങ്ങല്‍ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം(planned city). നെഹ്‌റുവിന്റെ സ്വപ്‌നനഗരി.ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനമാണ് കേന്ദ്രഭരണ പ്രദേശമായ ഈ നഗരം. ഈ പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം 114 സ്‌ക്വയര്‍ കി.മീ. മാത്രമാണ്. ജനസംഖ്യ 11 ലക്ഷം. 20 ാം നൂറ്റാണ്ടിലെ നഗരാസൂത്രണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചണ്ഡീഗഡ്.ഫ്രഞ്ച് ആര്‍ക്കിടെക്ടായ ലെ കര്‍ബൂസിയര്‍ ആണ് ഈ നഗരത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്.പിയറി ജിനറെറ്റ്, മാക്‌സ് വെല്‍ ഫ്രൈ, ജെയിന്‍ ബി ഡ്ര്യു എന്നിവരും പ്ലാനിംഗില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഒരുമനുഷ്യന്റെ ശരീരഘടനയെ മാതൃകയാക്കിയാണ് ഈ നഗരത്തിന്റെ പ്ലാന്‍ കര്‍ബൂസിയര്‍ തയ്യാറാക്കിയത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ശിരസ്സ്, ഹൃദയം,ശ്വാസകോശം എന്നിവയുടെ ധര്‍മ്മത്തെ ആധാരമാക്കി നഗരത്തെ ആസൂത്രണം ചെയ്തിരിക്കുന്നു. ശിരസ്സ് സെക്രട്ടരിയേറ്റ് ഉള്‍പ്പെടുന്ന കാപ്പിറ്റോള്‍ കോംപ്ലക്‌സ്.ഹൃദയം നഗരത്തിന്റെ കേന്ദ്രം,അതായത് സെക്ടര്‍ 17.ശ്വാസകോശം നഗരത്തിലെ തുറസ്സായ സ്ഥലങ്ങളും പച്ചപ്പും. ബുദ്ധികേന്ദ്രങ്ങള്‍ നഗരത്തിലെ സാംസ്‌കാരിക സ്ഥലികള്‍. രക്തചംക്രമണത്തിന് അനേകം റോഡുകള്‍....


തീര്‍ച്ചയായും ഈ നഗരം നമ്മെ അദ്ഭുതപ്പെടുത്തുകയും അസൂയാലുക്കളാക്കുകയും ചെയ്യും. ഓരോ സ്ഥലവും സെക്ടറുകളായാണ് അറിയപ്പെടുന്നത്. സെക്ടര്‍ 17, സെക്ടര്‍43 എന്നിങ്ങനെ... വീതികൂടിയ മനോഹരമായ റോഡുകളാണ് ആദ്യം നമ്മെ ആകര്‍ഷിക്കുക. കുണ്ടും കുഴിയുമില്ലാത്ത നിരത്തുകള്‍.ഒരു പൊടിപോലും എവിടെയുമില്ല. നിരത്തുകള്‍ക്കു നടുവിലൂടെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. കവലകളിലെല്ലാം നടുവിലായി വലിയ വൃത്തങ്ങള്‍ക്കത്ത് ജലധാരകളും പുല്‍മേടുകളും. കൃത്യമായ അകലത്തില്‍ ഒരേ വീതിയില്‍ നിരത്തുകള്‍....ചെറിയ വാഹനങ്ങള്‍ക്കും റിക്ഷകള്‍ക്കും പോകാന്‍ നടപ്പാതക്കപ്പുറം പ്രത്യക പാതകള്‍... നിരത്തുകള്‍ക്കിരുവശവും ഒരേ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍.എവിടെത്തിരിഞ്ഞു നോക്കിയാലും മരങ്ങളും പൂച്ചെടികളും മാത്രം. അവ നന്നായി പരിപാലിക്കപ്പെടുന്നുമുണ്ട്. വിശാലമായ വാഹന പാര്‍ക്കിംങ് സൗകര്യങ്ങള്‍... അതിവിശാലമായ ബസ്സ്റ്റാന്‍ഡുകള്‍.നൂറുകണക്കിന് ബസ്സുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്്്്്താലും ഒട്ടും തിരക്കനുഭവപ്പെടുകയില്ല. ഓരോ പത്തു മിനുട്ടിലും ബസ്റ്റാന്‍ഡു് തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. 2007-ല്‍ ഇന്ത്യയില്‍ ആദ്യമായി ഇവിടെ പുകവലി നിരോധിച്ചിട്ടുണ്ട്. 2008-ല്‍ പ്ലാസ്റ്റിക്ക് നിരോധനവും നിലവില്‍ വന്നു. താമസവും ജോലിസ്ഥലവും വിനോദവും ഷോപ്പിംഗും വിദ്യാഭ്യാസവുമൊക്കെ പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണിവിടെ.


ഈ നഗരത്തോട് എനിക്ക് കടുത്ത അസൂയ തോന്നി. ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, തകര്‍ന്നുപോയ ഡിവൈഡറുകള്‍, രണ്ടുവര്‍ഷം പോലും മുന്നോട്ടു കടന്നു കാണാത്ത കെട്ടിട നിര്‍മ്മാണം, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, പാറി നടക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍,തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍,എപ്പോഴും ബ്ലോക്കാവുന്ന ഗതാഗതം,ചട്ടങ്ങള്‍ ലംഘിക്കുന്ന കെട്ടിട നിര്‍്മ്മാണം, ശ്രദ്ധകിട്ടാതെ ഉണങ്ങിപ്പോകുന്ന പൂന്തോട്ടങ്ങള്‍.... വികസനം വാചകമടിയില്‍ മാത്രമൊതുക്കുന്ന ഇച്ഛാശക്തിയില്ലാത്ത നേതാക്കള്‍..ഹാ കഷ്ടം!!


2.15 ന് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്നു പേരുള്ള, ചണ്ഡീഗഡ് ടുറിസം കോര്‍പ്പറേഷന്റെ ഒരു ബസ്സുണ്ട്. അതിലാണ് ഞങ്ങള്‍ നഗരം കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. അതു വരെ വിശ്രമിക്കാം. പലരും ഷോപ്പിംഗിനു വട്ടം കൂട്ടി.ജലീല്‍ മാഷ് ഷോപ്പിംഗ് എന്നു കേള്‍ക്കേണ്ടതാമസം ഉഷാറായി! ഇപ്പോള്‍ തന്നെ നാട്ടില്‍ ഒരു ,ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങാനാവശ്യമായ സാധനങ്ങള്‍ മൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഞാനും രഞ്ജിയും ജലീല്‍മാഷും ്അനിയും ഇലക്ട്രോണിക്ക് സാധനങ്ങള്‍ കിട്ടുന്ന സെക്ടര്‍ 17 ലും റിയാസും ജെ.പിയും തുണിത്തരങ്ങള്‍ കിട്ടുന്ന സെക്ടര്‍ 16 ലും പരതി.അജയന്‍മാഷ് പൂരി കിട്ടുന്ന സെക്ടര്‍ അന്വേഷിച്ച് യാത്രയായി.


അതിനിടെ മലയാളിയായ ഒരു ജവാനെ പരിചയപ്പെട്ടത് നല്ലൊര്‌നുഭവമായി.സെക്ടര്‍ 45 ല്‍ പോയാല്‍ മലയാളിയുടെ കടയില്‍നിന്ന് നല്ല ഭക്ഷണം കിട്ടുമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ ഭക്ഷണത്തോട് വല്ലാത്തൊരു കൊതി തോന്നി. നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് 9 ദിവസമായി. ദില്ലിയിലെ കേരളാഹൗസിലെ ഉച്ചഭക്ഷണം ഒഴിച്ചാല്‍ നാടിന്റെ തനതുരുചി അറിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെയായിരിക്കുന്നു. ഞങ്ങളിപ്പോള്‍ നാട്ടില്‍നിന്ന് 3000 കി.മീ.ലധികം അകലെയാണ്. ഗൃഹാതുരത മെല്ലെ മെല്ലെ പിടികൂടുന്നു. മോഹന്‍ദാസ് ഇടക്കിടെ വീട്ടിലേക്കു വിളിക്കുന്നു....


2.15 ന് സെക്ടര്‍ 17 ലെ വിശാലമായ ബസ് ടെര്‍മിനലില്‍ നിന്ന് Hop On Hop off എന്നു പേരുള്ള ചണ്ഡീഗഡ് ടൂറിസം വകുപ്പിന്റെ മുകള്‍ ഭാഗം തുറന്ന ഇരുനില ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡ് എന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരം കാണാന്‍ പുറപ്പെട്ടു. ബസ്സില്‍ ഞങ്ങളെക്കൂടാതെ കുറച്ചുപേരും കൂടിയുണ്ടായിരുന്നു. അതില്‍ ഒരു സുന്ദരി കൂടിയുണ്ടായിരുന്നതിനാല്‍ ബ്രിജേഷിന് നല്ല ഉത്സാഹമായി !!


ചണ്ഡീഗഡ് സര്‍ക്കാറിന്റെ മ്യൂസിയത്തിലേക്കാണ് ആദ്യം പോയത്. നിരവധി പുരാവസ്തു ശേഖരവും പെയിന്റിങ്ങുകളും ചിത്രത്തുന്നലുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം തീര്‍ച്ചയായും നല്ലൊരു അനുഭവം തന്നെ.അടുത്ത ലക്ഷ്യം ബോഗന്‍ വില്ല ഗാര്‍ഡനായിരുന്നു.1976 ല്‍ ആരംഭിച്ച ഈ പൂന്തോട്ട്ത്തില്‍ ആയിരക്കണക്കിനു തരം ബോഗന്‍വില്ല ചെടികള്‍ നമുക്കു കാണാം. 20 ഏക്കര്‍ സ്ഥലത്തു പരന്നുകിടക്കുന്ന ഈ പൂന്തോട്ടത്തിന്റെ നടുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത. 1947 മുതല്‍ ഇന്ത്യക്കു വേണ്ടി പോരാടി മരിച്ച ജവാന്‍മാരുടെ പേരുകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകങ്ങള്‍ ഇവിടെകാണാം.8459 പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 2006 ല്‍ സ്ഥാപിച്ച ഈ സ്മാരകം അനശ്വരരായ രക്തസാക്ഷികള്‍ക്കുള്ള ഉചിതമായ സ്മരണാഞ്ജലി തന്നെ.


പിന്നീട് അദ്ഭുതങ്ങളുടെ ഭീമന്‍ കോട്ടക്കുള്ളിലേക്കായിരുന്നു ഞങ്ങള്‍ പ്രവേശിച്ചത്. റോക്ക് ഗാര്‍ഡന്‍...ലോകത്തിലെതന്നെ ഏറ്റവും വിലമതിക്കത്തക്ക കാഴ്ച എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ലഭ്യമായ എല്ലാതരം പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് ഈ അദ്ഭുത ലോകത്തിലെ ഓരോ വസ്തുവും നിര്‍മ്മിച്ചിരിക്കുന്നത്. പിഞ്ഞാണക്കഷണങ്ങള്‍, ക്ലോസറ്റിന്റെ കഷണങ്ങള്‍, ടൈല്‍സ് കഷണങ്ങള്‍, ട്യൂബ് ലൈറ്റ് കഷണങ്ങള്‍, കുപ്പിവളപ്പൊട്ടുകള്‍,ചാക്കില്‍ ഉറച്ചു പോയ സിമന്റു കട്ടകള്‍ എന്നു വേണ്ട നിങ്ങള്‍ ഉപയോഗശൂന്യമെന്നുകരുതി വലിച്ചെറിയുന്ന എന്തും ഇവിടെ അതിമനോഹരമായ ശില്പങ്ങളായി രൂപം മാറിയിട്ടുണ്ടാവും!! 20ഏക്കര്‍ സ്ഥലത്ത് ഏതോ നഷ്ട സാമ്രാജ്യത്തിന്റെ രൂപരേഖയുടെ മാതൃകയിലാണ് റോക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യരൂപങ്ങള്‍,പക്ഷിമൃഗാദികള്‍,ജവാന്‍മാര്‍ എന്നീ രൂപങ്ങള്‍ നൂറുകണക്കിനുണ്ട്. കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, നദികള്‍,തടാകങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഇതിനകത്തുണ്ട്. പക്ഷേ എല്ലാംനിര്‍മ്മിച്ചിരിക്കുന്നത് പാഴ് വസ്തുക്കള്‍ കൊണ്ടാണെന്നു മാത്രം! ചണ്ഡീഗഡ് കാപ്പിറ്റോള്‍ പ്രോജക്റ്റിലെ റോഡ് ഇന്‍സ്‌പെക്റ്റരായിരുന്ന നേക് ചന്ദ് എന്നയാളാണ് ഇതിന്റെ നിര്‍മ്മാതാവ്. അദ്ദേഹം ചണ്ഡീഗഡില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പെറുക്കിയെടുത്ത പാഴ് വസ്തുക്കള്‍ തന്റെ പണിശാലയുടെ ചുറ്റും കൂട്ടിയിട്ടിരുന്നു. അവ വര്‍ദ്ധിച്ച് വര്‍ദ്ധിച്ചു വന്നു. ഏതു പാഴ് വസ്തുവിനും സൗന്ദര്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. 1973 ല്‍ ഡോ.എസ്.കെ.ശര്‍മ്മ എന്നയാള്‍ അവിചാരിതമായി ഇതു കണ്ടെത്തി.പിന്നീട് ചണ്ഡീഗഡിന്റെ ആദ്യത്തെ ചീഫ്് കമ്മീഷണറായിരുന്ന ഡോ.എം.എസ്.രന്ധാവ ഇതു ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവസാനം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 1976 ല്‍ പാഴ് വസ്തുക്കളുടെ ഈഅമൂല്യമായ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഷിംലയില്‍ പ്രകൃതിയുടെ കരവിരുതിനു മുമ്പില്‍ വിസ്മയ സ്തബ്ധരാകുന്ന നമ്മള്‍ റോക്ക് ഗാര്‍ഡനില്‍ മനുഷ്യന്റെ ഭാവനക്കും പാടവത്തിനും മുമ്പില്‍ തലകുനിക്കുമെന്ന് ഉറപ്പ്.


പിന്നീട് സുഗുണാ തടാകത്തിലേക്കായിരുന്നു യാത്ര. മുകള്‍ഭാഗം തുറന്ന ബസ്സിലിരുന്നുള്ള യാത്ര ആഹ്ലാദകരമായിരുന്നു. നഗരത്തിന്റെ വശ്യസൗന്ദര്യം മുഴുവന്‍ അ്തിലിരുന്നു കാണാം. ഒരു നഗരത്തിന് ഇത്രയേറെ ഭംഗിയോ എന്ന് നാം അദ്ഭുതപ്പെടും. ഹരിതകാനനം പോലൊരു നഗരം! ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍..എല്ലായിടത്തേക്കും വീതിയുള്ള റോഡുകള്‍. റോഡരികില്‍ അന്താരാഷ്ട്ര നിലവാരമുള്ള ,ഷോപ്പിംഗ് മാളുകള്‍,കടകള്‍....


സുഗുണാ തടാകവും സുന്ദരി തന്നെ. നൂറുകണക്കിന് അരയന്നങ്ങള്‍ അതില്‍ നീന്തിക്കൊണ്ടിരുന്നു. തടാകക്കരയില്‍ ചില ചിത്രകാരന്മാര്‍ ആളുകളുടെ ചിത്രം പെന്‍സില്‍ കൊണ്ടു വരച്ചു കൊടുക്കുന്നു...ഇനി റോസ് ഗാര്‍ഡനിലേക്ക്. സമയം സന്്ധ്യയായിത്തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ പനിനീര്‍ പൂന്തോട്ടമാണ് ചണ്ഡീഗഡിലേത്.1600 തരം പനിനീര്‍പൂക്കള്‍ 27 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്നു. പൂക്കള്‍ക്കു മുകളില്‍ രാത്രി അതിന്റെ പുതപ്പ് വലിച്ചിടാന്‍ തുടങ്ങിയിരിക്കുന്നു.... ഞങ്ങള്‍ക്ക് പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും രാവിന്റെ നിശ്ശബ്ദതയില്‍ ചില പൂമ്പാറ്റകള്‍ സുന്ദരികളായ പൂക്കളില്‍ വന്നിരുന്ന് പൂന്തേന്‍ നുകരുന്നത് ഷൈജുവും ബ്രിജേഷും സജീഷും സ്വല്പം അസൂയയോടെ നോക്കിനിന്ന വിശേഷം ഞങ്ങളോടു വന്നു പറഞ്ഞു. അതു കാണാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് അല്പം വിഷമമുണ്ടാകാതെയുമിരുന്നില്ല!!


ഞങ്ങള്‍ ചണ്ഡീഗഡിലെ ദീപാലങ്കൃതമായ തെരുവുകളിലൂടെ നടന്നു.എല്ലാവരുടേയും ഉള്ളില്‍ പട്ടാളക്കാരന്‍ പറഞ്ഞു തന്ന മലയാളിയുടെ ഹോട്ടല്‍ മാത്രമേയുള്ളൂ. സെക്ടര്‍ 17 ല്‍ നിന്ന് സെക്ടര്‍ 45 ലേക്ക് ഞങ്ങള്‍ ബസ്സ് കയറി. നഗരത്തെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. സെക്ടര്‍ 43 ല്‍ ഇറങ്ങിയ ഞങ്ങള്‍ മണ്ടന്‍മാര്‍ ലണ്ടനില്‍ പോയപോലെ കുറച്ച് കറങ്ങി. വെറുതെയിരിക്കുന്ന കുറച്ചു പോലീസുകാരെ കണ്ടപ്പോള്‍ അവരോട് അന്വേഷിക്കാമെന്നായി റിയാസ്. ആളുകളെ കയറി മുട്ടുന്നതില്‍ റിയാസിനെ വെല്ലാന്‍ ഈ ലോകത്താരുമില്ലല്ലോ. പക്ഷേ ഒടുക്കത്തെ ഹിന്ദിക്കു മുന്നില്‍ മാത്രമാണ് അവന്‍ അടിയറവ് പറഞ്ഞത്.കൂട്ടത്തില്‍ മുറിമൂക്കന്‍ ഹിന്ദി രാജാവായ അജയനെ മുന്നില്‍ നിര്‍ത്തിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ സര്‍ക്കസ്സുകളെല്ലാം. മലയാളിയുടെ ഹോട്ടല്‍ അന്വേഷിച്ചപ്പോള്‍ പോലീസുകാര്‍ കൈമലര്‍ത്തി. പക്ഷേ കൂട്ടത്തില്‍ ഒരാള്‍ മറ്റാരെയോ ഫോണില്‍ വിളിച്ച് അവസാനം സ്ഥലം മനസ്സിലാക്കി. അയാള്‍ ഞങ്ങളുടെ കൂടെത്തന്നെ വന്നു. ഏകദേശം അര കി.മീ.ദൂരം ഞങ്ങളുടെ കൂടെ വന്ന് സ്ഥലം കാട്ടിത്തന്ന്, ഒരു ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ പോയി. ഇത് തന്റെ ഡ്യൂട്ടിയാണെന്നാണ്‌യാള്‍ പറഞ്ഞത്... ഞാന്‍ എന്റെ നാട്ടിലെ പോലീസുകാരെ ഓര്‍ത്തു പോയി....


ഒറ്റമുറിയില്‍ ഒരു ഹോട്ടല്‍. നടത്തിപ്പുകാര്‍ നന്മണ്ടക്കാരന്‍ വാസുദേവനും ഭാര്യയും...മൂന്നാലു പണിക്കാരുണ്ട്. മുറ്റത്തു നിരത്തിയിരിക്കുന്ന കസേരയും മേശയും.ഇരുന്നും നിന്നും ഭക്ഷണം കഴിക്കുന്ന സിക്കുകാരും മറ്റുള്ളവരും...നല്ല തിരക്കു തന്നെ.അദ്ദേഹത്തിന്റെ ഭാര്യ ഉള്ള്യരിക്കാരി യാണെന്നു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ലോകത്തിന്റെ ഏതുമൂലയിലും മലയാളി സാന്നിധ്യമുണ്ടാവുമെന്ന സത്യം ഞങ്ങള്‍ക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. ഏറെ ദിവസത്തിനുശേഷം രുചികരമായ ഭക്ഷണം വയറുനിറച്ച് കഴിച്ച് സംതൃപ്തിയോടെ ഞങ്ങള്‍ അവിടം വിട്ടു. ഞങ്ങളെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടിട്ടേ ആ നല്ല മനുഷ്യന്‍ പോയുള്ളൂ. ചണ്ഡീഗഡിലെ കാഴ്ചകള്‍ അവസാനിപ്പിച്ച് സെക്ടര്‍ 43 ല്‍ നിന്ന് രാത്രി 10.50 ന് ഞങ്ങള്‍ അമൃത് സറിലേക്ക് യാത്ര തിരിച്ചു. പഞ്ചാബ് ഞങ്ങളെ നിശ്ശബ്ദമായി വിളിച്ചുകൊണ്ടിരുന്നു....










2010, ഡിസംബർ 25, ശനിയാഴ്‌ച

ഷിംലയുടെ ഓര്‍മ്മ

അറിയാത്ത ദേശങ്ങളിലേക്ക് ഉദ്വേഗത്തിന്റെയും പ്രതീക്ഷയുടെയും കൗതുകത്തിന്റെയും കണ്ണുകളുമായി സഞ്ചരിക്കുന്നത് എന്നുമെനിക്ക് ആവേശമായിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ ടെറിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തു. ഡല്‍ഹി,ആഗ്ര, ഷിംല,അമൃത്സര്‍,ചണ്ഡീഗഡ്,വാഗ..... റിയാസ് ടിക്കറ്റുകള്‍ നേരത്തെതന്നെ റിസര്‍വ് ചെയ്തു. ഒക്ടോബര്‍ 24 ന് 3.30 ന് മംഗള എക്‌സ്പ്രസ്സില്‍ മുന്‍വര്‍ഷത്തെ യാത്രയുടെ ആധികാരികതയുമായി ഞങ്ങള്‍ യാത്രതിരിച്ചു. സമ്മേളനവും ഡല്‍ഹി,ആഗ്ര യാത്രകളും കഴിഞ്ഞ് 31 രാത്രി 8 മണിക്ക് പഴയദില്ലി റയില്‍വേ സ്റ്റേഷനില്‍നിന്ന് കല്‍ക്കയിലേക്കുള്ള തീവണ്ടിയില്‍ കയറി. നവംബര്‍ ഒന്നിന് രാവിലെ 4.30ന് തീവണ്ടി കല്‍ക്കയില്‍എത്തി. അവിടെ ഞങ്ങള്‍ക്കുള്ള അഞ്ചു ബോഗികളുള്ള കൊച്ചു തീവണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. 6.30 ന് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന നേരിയ മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തീവണ്ടി മെല്ലെമെല്ലെ നീങ്ങി. വിസ്മയങ്ങുടെ പുതിയൊരു ലോകത്തേക്കാണ് ആ യാത്രയെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയിരുന്നില്ല. റിയാസ്,അജയന്‍,ജെ.പി,അനില്‍,ജലീല്‍,മോഹന്‍ദാസ്,നൗഫല്‍,പ്രബീത്,സജീഷ്,ഷൈജു,ബ്രിജേഷ്,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കൗതുകക്കണ്ണുകള്‍ പുറമേക്ക് മേയാന്‍ വിട്ടുകൊണ്ട് തീവണ്ടിയുടെ ചില്ലു ജാലകത്തിനരികെ കാത്തിരുന്നു. ഞങ്ങളുടെ ക്യാമറ മിഴിപൂട്ടിയില്ല.



കോടമഞ്ഞ് കോടി പുതപ്പിച്ച പൈന്‍ മരങ്ങളില്‍ പ്രഭാതസൂര്യന്‍ ആദ്യചുംബനം അര്‍പ്പിച്ചുകൊണ്ടിരുന്നു... അങ്ങകലെ മഞ്ഞിന്‍ കമ്പളം പുതച്ചുകൊണ്ട് മയക്കത്തില്‍നിന്ന് ഉണരാന്‍ കൂട്ടാക്കാതെ പര്‍വ്വതനിരകള്‍ ദൃശ്യമായി...2.6 അടിമാത്രം വീതിയുള്ള റെയില്‍വേ ട്രാക്കിലൂടെ തീവണ്ടി താളാത്മകമായി നീങ്ങിക്കൊണ്ടിരുന്നു.ഹിമാലയ പര്‍വ്വതനിരകളെ അനുസ്മരിപ്പിക്കും വിധം അതിന്റെ ഉപ പര്‍വ്വതങ്ങള്‍ തട്ടുതട്ടായി ദൃശ്യമായിത്തുടങ്ങി.സ്വര്‍ണ്ണമുരുക്കിയൊഴിച്ചതുപോലെ പര്‍വ്വതശീര്‍ഷങ്ങളില്‍ വെയില്‍നാളങ്ങള്‍ ശയിച്ചു.വണ്ടി തുരങ്കങ്ങളും പാലങ്ങളും കടന്ന് ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. വല്ലപ്പോഴും ചില സ്‌റ്റേഷനുകളില്‍ വണ്ടി നിന്നു. ആളുകള്‍ കയറാനോ ഇറങ്ങാനോ ഉണ്ടായിരുന്നില്ല. പ്രാചീനതയുടെയും പ്രകൃതി സൗന്ദര്യത്തിന്റേയും അപൂര്‍വ്വമേളനങ്ങളായിരുന്നു ഓരോ സ്‌റ്റേഷനും.ഒരിടത്തിറങ്ങി ഞങ്ങള്‍ ചൂടുള്ള പൂരിയും കറിയും കഴിച്ചു.നല്ല രുചി.വിലയോ മൂന്ന് പൂരിക്കും കറിക്കും വെറും പത്തുരൂപ!


1910 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക-ഷിംല റയില്‍വേക്ക് 2008 ജൂലൈ 10 ന് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കി.ഹിമാലയ പര്‍വ്വത നിരകളില്‍ ആദ്യമായി ആധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ചത് ഇവിടെയായിരുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനം ഷിംലയായിരുന്നു. 1.6 ലക്ഷം ജനസംഖ്യയുള്ള ഷിംല ഇപ്പോള്‍ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമാണ്.


തീവണ്ടി ഓരോ വളവുകളും തുരങ്കങ്ങളും പിന്നിടുമ്പോള്‍, പ്രകൃതി ഒരുക്കിവച്ച വശ്യസൗന്ദര്യം ഞങ്ങളെ ആവേശിച്ചു കൊണ്ടിരുന്നു. പൈന്‍മരങ്ങളും ദേവതാരു വൃക്ഷങ്ങളും  അതിരിട്ട പാതയിലൂടെ 48 ഡിഗ്രി ചെരിവില്‍ തീവണ്ടി പതിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. മലമടക്കുകളില്‍ ഒട്ടിച്ചുവച്ചപോലെ വെളുത്ത നിറത്തില്‍ കെട്ടിടങ്ങള്‍ കാണായി. ആയിരക്കണക്കിനു കിലോമീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ കാനനപ്രദേശങ്ങള്‍ നിഗൂഢമായ ഏതോ രഹസ്യം ഒളിപ്പിച്ചെന്നപോലെ നീണ്ടു കിടന്നു. അനേകം അടി താഴ്ച്ചയിലൂടെ ഉറുമ്പരിച്ചു നീങ്ങുന്ന വാഹനങ്ങള്‍, പൂത്തുനില്‍ക്കുന്ന ചെടികള്‍,അകലെയുള്ള പര്‍വ്വതങ്ങളില്‍നിന്ന് നൂലുപോലെ താഴോട്ടു പതിക്കുന്ന നീര്‍ച്ചോലകള്‍..... ഞങ്ങളുടെ ഹൃദയം അപൂര്‍വ്വവും അവാച്യവുമായ കാഴ്ചകളുടെ മാസ്മരിക സൗന്ദര്യത്തിനു മുമ്പില്‍ പലപ്പോഴും നിശ്ശബ്ദമായി.പ്രകൃതി ഒരുക്കിവച്ച ഈ സൗന്ദര്യസഞ്ചയത്തിനു മുമ്പില്‍ കൈകൂപ്പാത്തവര്‍ ആരുണ്ട്?


ഞങ്ങളെ വിസ്മയിപ്പിച്ചമറ്റൊരു കാര്യം പ്രകൃതിയെ കീഴടക്കി മനുഷ്യന്‍ നേടിയ വിജയമായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പൈതൃകത്തീവണ്ടി!!...










96 കി.മീ.ദൈര്‍ഘ്യമുണ്ട് ഈ റെയില്‍പ്പാതക്ക്.സമുദ്ര നിരപ്പില്‍ നിന്ന് 640 മീറ്റര്‍ ഉയരത്തില്‍ നിന്ന് 2060 മീറ്റര്‍ ഉയരത്തിലേക്ക് ഒരു മലയില്‍ നിന്ന് മറ്റൊന്നിലേക്കായി അത് കയറിപ്പോകുന്നു.തീവണ്ടിയില്‍ സമതലങ്ങളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച നമുക്ക് അതൊരു പുതിയ അനുഭവമായിരിക്കും. 103 തുരങ്കങ്ങള്‍ പിന്നിട്ടാണ് വണ്ടി ഷിംലയില്‍ എത്തുക.2.8 കി.മീ.ദൈര്‍ഘ്യമുള്ള ബറോഗ് തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ നിന്ന് കെട്ടിപ്പൊക്കിയ 800 പാലങ്ങള്‍ക്കു മുകളിലൂടെയാണ് ഈ വണ്ടിയുടെ സാഹസിക യാത്ര.900 വളവുകളും അഞ്ച് മണിക്കൂര്‍ യാത്രക്കിടയില്‍ ഇത് താണ്ടും. 11.30 ന് ഷിംല റയില്‍വേസ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോള്‍ വിസ്മയകരമായ ഒരു യാത്രയുടെ അവസാനമുള്ള നഷ്ടബോധം എന്നെ അലട്ടിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരമടി ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങളുടെ നില്‍പ്പ്. റയില്‍വെസ്റ്റേഷന്റെ വേലിക്ക് അപ്പുറത്ത് അ്ഗാധമായ ഗര്‍ത്തം! അപ്പുറത്ത് മടക്കുമടക്കായി കിടക്കുന്ന മലനിരകളില്‍ ഷിംല പട്ടണം! സ്റ്റേഷനില്‍നിന്ന് കുത്തനെ കയറിയാല്‍ റോഡിലെത്താം. വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളുമുള്ളതുമായ റോഡുകളാണ് എല്ലായിടത്തും. അനേകം മടക്കുകളുള്ള മലനിരകളില്‍ ഭൂപ്രകൃതിക്ക് ഒരുകോട്ടവുമുണ്ടാക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍... കേരളത്തിന്റെ ദേശീയമൃഗമായ ജെ.സി.ബി.യുടെ നഖസ്പര്‍ശം ഏല്‍ക്കാത്ത ഭൂപ്രകൃതിയുടെ കന്യകാത്വം തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കാതിരിക്കില്ല.


ഷിംല റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴേക്കും നമ്മെ വലവീശിപ്പിടിക്കാന്‍ ടൂറിസ്റ്റ് ഹോമുകളുടെ ദല്ലാളന്മാര്‍ എത്തും. 13 പേര്‍ക്കുള്ള താമസവും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സന്ദര്‍ശനവുമുള്‍പ്പെടെ 3800 രൂപയാണ് ഹോട്ടല്‍ ബന്‍സാരയുടെ ഉടമകള്‍ ഞങ്ങളോട് ഈടാക്കിയത്.പ്രതീക്ഷിച്ചതിനേക്കാളും എത്രയോ കുറവ്. കുത്തനെയുള്ള ഒരുകയറ്റത്തിന്റെ മുകളിലാണ് ഹോട്ടല്‍ ബന്‍സാര.കയറിയെത്താന്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. വഴിയില്‍ കണ്ട DYFI യുടെ പോസ്റ്റര്‍ ഞങ്ങളില്‍ കൗതുകമുണ്ടാക്കി. ഉച്ചക്കു ശേഷം കാഴ്ച്ച കാണാനിറങ്ങി. ഗ്രീന്‍ വാല്ലിയിലാണ് ആദ്യം പോയത്. അദ്ഭുതകരമായിരുന്നു ആ കാഴ്ച്ച. ഒരു താഴ് വര മുഴുവന്‍ ദേവതാരു   മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. കടലുപോലെ പരന്നു കിടക്കുന്ന ദേവതാരു   മരങ്ങള്‍  ‍!! നാം വിസ്മയത്തിന്റെ ഏതോ കൊടുമുടിയില്‍ നിന്ന് അദ്ഭുതക്കാഴ്ച്ചയുടെ അനന്തമായ മായികലോകത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നു....പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കി വച്ച ഈ സൗന്ദര്യങ്ങള്‍ ഇനിയെത്രകാലം? വഴിയരികില്‍ അമൂല്യമായ കുങ്കുമമെന്ന് പറഞ്ഞ് എന്തോ പൊടി വില്‍ക്കുന്നു. ഷിംലയിലായാലും പൊട്ടത്തരത്തിന് കുറവില്ലല്ലോ.റിയാസും സജീഷും ആ പൊടി സ്വന്തമാക്കി...


കുഫ്രി എന്ന കുതിരസവാരി കേന്ദ്രത്തിലേക്കായിരുന്നു അടുത്ത യാത്ര.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സ്ഥലം ഷിംലയില്‍ നിന്ന് 16 കി.മീ. അകലെയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 2510 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. നേരിയ തണുപ്പ് ഞങ്ങളെ ആവരണം ചെയ്തിരുന്നു. പലരും തൊപ്പിയും ജാക്കറ്റും അണിഞ്ഞിരുന്നു. 250 രൂപ കൊടുത്താല്‍ നിങ്ങളെ കുതിരപ്പുറത്തു കയറ്റി ഏകദേശം രണ്ടര കി.മീ.ദൂരത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കും. ഞാന്‍ ആദ്യമേ തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍ കൂടെ എപ്പോഴും ആളുണ്ടാവുമെന്നു പറഞ്ഞപ്പോള്‍ ഒരു കൈ നോക്കാം എന്ന് കരുതി. അനിയും തയ്യാറായി. ആഹ്ലാദത്തോടെ തുടങ്ങിയ യാത്ര കുതിര ചലിക്കാന്‍ തുടങ്ങിയതോടെ ആകെ പൊല്ലാപ്പിലായി. ജേപ്പിയുടെ മരണവെപ്രളത്തോടെയുള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു! കുണ്ടും കുഴിയും നിറഞ്ഞ കാട്ടു പാത..നിറയെ ഉരുളന്‍ കല്ലുകള്‍...കുത്തനെയുള്ള ഇറക്കം,കയറ്റം..ഒരുഭാഗത്ത് അഗാധമായ ഗര്‍ത്തം!! ഈ അപകടകരമായ വഴിയിലൂടെയായിരുന്നു കുതിരകളുടെ യാത്ര... അവ ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുമ്പോഴും ഗര്‍ത്തത്തിന്റെ അറ്റത്തുള്ള പാറക്കല്ലുകളില്‍ കാല്‍ വെക്കുമ്പോഴും മറ്റു കുതിരകളുടെ തള്ളലില്‍ ഗര്‍ത്തത്തിനരികിലേക്ക് പെട്ടെന്ന് ഓടുമ്പോഴും ജെ.പി.യുടെ ദീനവിലാപം അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. മരണം തൊട്ടുമുന്നില്‍ കണ്ട ഒരു വൃദ്ധന്റെ അവസാനവിലാപം പോലെയായിരുന്നു അവന്റെ കരച്ചില്‍. വികൃതികളായ ചില കുതിരകളുടെ പുറത്തു കയറിയ പലരുടേയും നില ഇതുതന്നെയായിരുന്നു.പക്ഷേ കരഞ്ഞില്ലെന്നു മാത്രം. തിരിച്ചു വരുമ്പോള്‍ പഴശ്ശി രാജയിലെ ശരത്കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ച് റിയാസും ഏതോ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാന്‍ശ്രമിച്ച് ബ്രിജേഷും താഴെ വീണു...എങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി ഈ കുതിരപ്പേടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നത് ഉറപ്പ്...


1500 കുതിരകള്‍ സഞ്ചാരികളെ കാത്ത് അവിടെയുണ്ടായിരുന്നു. സീസണ്‍കാലത്ത് 5000 കുതിരകള്‍ ഉണ്ടാവുമത്രേ! മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ് കുതിര യാത്ര അവസാനിപ്പിക്കുക. പര്‍വ്വതമൃഗമായ യാക്കിനെ അവിടെ കണ്ടു. കുറച്ചു ദൂരം ചെന്നാല്‍ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം.


റിഡ്ജ് എന്ന ഷിംലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തേക്കായിരുന്നു വൈകുന്നേരത്തെ യാത്ര. നിയോ-ഗോതിക് ശൈലിയിലുള്ള ക്രിസ്ത്യന്‍ പള്ളിയും വ്യൂ പോയന്റുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഇവിടെ നിന്നാല്‍ ദീപാലങ്കൃതമായ ഷിംല പട്ടണം മുഴുവന്‍ കാണാം. ഷിംല അതിന്റെ ഭൂമിശാസ്ത്രപരമായ ഘടനകൊണ്ടു തന്നെ ഒരു വികേന്ദ്രീകൃത നഗരമാണ്. തട്ടുതട്ടായി കിടക്കുന്ന കെട്ടിടങ്ങളും നിരത്തുകളും. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളും നിരത്തുകളും തെരുവുകളും...പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാണിവിടം.നമ്മെപ്പോലെ വാചകമടിയിലല്ല, പ്രവൃത്തിയിലാണ് ഇവര്‍ക്കു താല്പര്യം.കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ തീരെയില്ല. കടകളില്‍ വിലപേശലില്ല,കടക്കാര്‍ക്ക് ആര്‍ത്തിയുമില്ല. ശാന്തസ്വഭാവികളായ ജനങ്ങള്‍...ഷിംലയില്‍ കള്ളന്മാരില്ല എന്നു കേട്ടിട്ടുണ്ട്, ശരിയായിരിക്കാം. ഇന്ത്യന്‍ കോഫി ഹൗസ് കണ്ടപ്പോള്‍ നാടിനെ ഓര്‍മ്മവന്നു.ഭക്ഷണം ഇവിടെത്തന്നെ! നല്ല രുചിയുള്ള മസാലദോശയും എഗ്ഗ് ദോശയും കഴിച്ചു.രാത്രിയിലെ കൊടും തണുപ്പില്‍ ഹോട്ടല്‍ ബന്‍സാരയില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍കല്യാണവീട്ടിലെ ജനറേറ്ററിനടുത്തു കിടക്കുന്ന പ്രതീതി ! ജലീല്‍മാഷ് കൂര്‍ക്കംവലിയുടെ പര്‍വ്വത ശൃംഗങ്ങള്‍ കീഴടക്കുകയാണ്!! 
അതിരാവിലെ ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ചണ്ഡീഗഡിലേക്കു തിരിക്കുമ്പോള്‍ ഒരു   നഷ്ടബോധം ഞങ്ങളെ എല്ലാവരേയും പിടികൂടിയിരുന്നു... ചണ്ഡീഗഡ് വിശേഷങ്ങള്‍ പിന്നീട്....


2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...




ജ്ഞാന പീഠത്താല്‍ ഓയെന്‍വി ആദരിക്കപ്പെട്ടതില്‍ നാം അഭിമാനിക്കേണ്ടതുണ്ടോ? ഈ പുരസ്‌കാരത്തിലൂടെ ലഭിച്ച സന്ദേശമെന്താണ്?
യഥാര്‍ഥ കവിതയെ തമസ്‌കരിച്ച് പാട്ടുകവിതയെ ആദര്‍ശവല്‍ക്കരിക്കാനേ ഈ പുരസ്‌കാരം സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്. കവിത എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ കാവ്യഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും നിര്‍ണ്ണായകമായിമാറ്റിത്തീര്‍ക്കാന്‍ കവിതയ്ക്കു കഴിയണം. പുതിയ കാവ്യ പരീക്ഷണങ്ങള്‍ രൂപ-ഭാവ തലങ്ങളില്‍ നടത്തുവാന്‍ ദത്തശ്രദ്ധ പുലര്‍ത്തുവാന്‍ കവിക്കു കഴിയണം.കാലത്തിന്റെ സംഘര്‍ഷങ്ങളെയും സംത്രാസങ്ങളെയും തീവ്രമായി ആവിഷ്‌കരിക്കേണ്ടതുണ്ട് കവിതയില്‍. അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയാലും ദര്‍ശനത്താലും കാലമനസ്സിനെ സ്വാധീനിക്കുവാന്‍ കവിതയ്ക്കു കഴിയണം. മനുഷ്യമനസ്സിലെ നിതാന്ത സംഘട്ടനങ്ങളേയും സാമൂഹിക സ്പന്ദനങ്ങളെയും ഒരുപോലെ ആവിഷ്‌കരിക്കുവാന്‍ കവിത കരുത്തു നേടേണ്ടതുണ്ട്.
എന്നാല്‍ ഓയെന്‍വി എന്താണ് ചെയ്ത്? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിഞ്ഞ് ഈച്ചയാര്‍ക്കുന്ന കാല്പനിക ക്ലീഷേകളെ ഒട്ടും ദാര്‍നിക വ്യാകുലതകളില്ലാതെ നാട്ടിലാകെ പാട്ടാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി മലയാളി കടന്നു വന്നിട്ടുള്ള സാമൂഹിക പരിണാമ ഘട്ടങ്ങളിലൊന്നു പോലും ഓയെന്‍വിയുടെ കാവ്യ മനസ്സിന്റെ വ്യാകുലതയേയായില്ല.
ചങ്ങമ്പുഴയുടെ ശുദ്ധ കാല്പനികത പോലും പാടുന്ന പിശാചായി മാറിയിട്ടുണ്ട്. എന്നാല്‍ ചങ്ങമ്പുഴയുടെ വികാരതരളമായ ശുദ്ധകാല്പനികതയും വയലാറിന്റെ വിപ്ലവ കാല്പനികതയും സമം ചേര്‍ത്ത് കോടമ്പാക്കത്തിന്റെ ചേരുവകള്‍ മേമ്പൊടിയിട്ട് മലയാളിയുടെ സംഗീതാഭിരുചിയുടെ അടുക്കളയില്‍ പാകം ചെയ്യുകയായിരുന്നു ഓയെന്‍വി. ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങകപ്പക്ഷികള്‍, വന്ധ്യമേഘങ്ങള്‍ തുടങ്ങിയ അപൂര്‍വ്വം കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരുതരം വ്യാജ മാനവികത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.


മധുരകോമളമായ പദാവലികളും ജഡതുല്യമായ കാവ്യ കല്പനകളും പ്രഭാഷണപരത മുറ്റി നില്‍ക്കുന്ന ആഖ്യാനരീതിയും ദാര്‍ശനിക നാട്യങ്ങളും ഉപയോഗിച്ച് മലയാളിയുടെ കാവ്യഭാവുകത്വ വികാസത്തെ തടവിലിടുകയാണ് ഓയെന്‍വി ചെയ്യുന്നത്. വൈലോപ്പിള്ളിയോ ഇടശ്ശേരിയോ ആവിഷ്‌കരിച്ച ജീവിതക്കടലിന്റെ ഒരു ബിന്ദു പോലും ഓയെന്‍വിക്കവിതകളില്‍ നിന്ന് കണ്ടെടുക്കാനാവില്ല.
 കൊച്ചു ദുഃഖത്തിന്റെ പച്ചത്തുരുത്തുകളില്‍ മേയാനാണ് അദ്ദേഹത്തിന് എന്നും താല്പര്യം. പ്രസന്നരാജന്‍ 1992 ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയ പോലെ തന്റെ നാലാംതരം കവിതയെ ഒന്നാംതരം പ്രശസ്തികൊണ്ട് മൂടിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാല്പനികതയുടെ ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ അത്യന്തം ദുര്‍ബലമായ ഒരു കല്‍ക്കണ്ടക്കൊട്ടാരമാണ് ഓയെന്‍വിക്കവിത. കാലത്തിന്റെ കനത്ത മഴയില്‍ ഒലിച്ചു പോകാനുള്ള ബലമേ അതിനുള്ളൂ.
മലയാളിയുടെ വളര്‍ച്ച മുരടിച്ച കാവ്യാവബോധത്തിന്റെ നഴ്‌സറി ഭാവുകത്വത്തിന് അദ്ദേഹം മഹാകവിയായിരിക്കാം! മുരുകന്‍കാട്ടാക്കടയും അനില്‍ പനച്ചൂരാനും മഹാകവികളായി വാഴുന്ന കേരളത്തില്‍ ഓയെന്‍വി ചിലര്‍ക്ക് വാല്മീകി തന്നെ!......


2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പ്രണയത്തിന്റെ കൃഷ്ണമണികള്‍



veerankutty
മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവത്രേ! കൊച്ചുകൊച്ചനുഭവ ച്ചിത്രരേഖകള്‍ വാക്കാല്‍ തയ്ച്ചുതയ്ച്ചിരിക്കുന്നവരായി കവികള്‍ മാറിയിരിക്കുന്നു.കവിതയില്‍ നിന്ന് കഥയും പോയ് മറഞ്ഞു.ഒരു പൂമൊട്ട് പതിയെ വിടരുന്നതിന്റെ പേലവ ശബ്ദവും വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ കിരുകിരുപ്പും പുതിയ കവിതകളില്‍ അത്രമേല്‍ സൂക്ഷ്മമായി നിറയുന്നു.ഉള്‍വലിഞ്ഞ് എല്ലില്‍ചെന്ന് തട്ടുമ്പോഴുയരുന്ന ഉയിരു കോച്ചും വിധമുള്ള ശബ്ദമായി കവിതമാറി. പൂര്‍വ്വഭാരങ്ങളില്ലാത്ത കവിതയെ നിരൂപകര്‍ പ്രസംസിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ചിത്രകംബളം പുതയ്ക്കാത്ത കവിതയുടെ അരാഷ്ട്രീയതയെക്കുറിച്ചും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്.
ഒരുതരം ശുദ്ധകവിതകള്‍ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്.ഇവയെ നിങ്ങള്‍ കവിത എന്ന് വിളിക്കണമെന്നൊന്നുമില്ല. എങ്കിലും നമ്മുടെ ചിന്തകളിലും ഓര്‍മ്മകളിലും കയറിവന്നുകൊണ്ട്, ഭാഷാപ്രയോഗത്തിന്റെ ആകസ്മികതകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കോണ്ട് പുതിയ വായനക്കാരെ അവ വിസ്മയിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ പ്രണയകവിതകള്‍ ഒട്ടേറെയുണ്ട്.മധുരവും ചിലപ്പോഴൊക്കെ ധീരവുമായ പ്രണയത്തെക്കുറിച്ച് കാല്പനികര്‍ മാത്രമല്ല പാടിയത്.നളിനിയും ലീലയും രമണനും ജെസ്സിയും സന്ദര്‍ശനവും പ്രണയത്തിന്റെ ത്യാഗവും വിരഹവും ഉജ്ജ്വലതയും ആവിഷ്‌കരിച്ചു.
ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരം പ്രണയം നമ്മെ തടവറയിലടക്കുന്നു.വധശിക്ഷപോലും പ്രണയം അലിവോടെ സ്വാഗതം ചെയ്യുന്നു.
എന്റെയേക ധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെയീശ ദൃഢമീ പദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍

എന്ന, സ്‌നേഹവ്യാഹതി തന്നെ മരണം എന്ന, സ്‌നേഹത്തിനായുള്ള ആത്മാര്‍പ്പണമാണ് പ്രണയത്തെ മഹത്തും മനോഹരവുമാക്കുന്നത്.


വീരാന്‍കുട്ടി എന്ന പുതുകവിയുടെ തൊട്ടു തൊട്ടു നടക്കുമ്പോള്‍ എന്ന എസ്.എം.എസ് കവിതകള്‍ പ്രണയത്തിന്റെ കൃഷ്ണമണികള്‍ തിളങ്ങുന്ന കവിതകളാവുന്നത്, അതു നിങ്ങളുടെ ഹൃദയത്തിലെ അനശ്വരനായ കാമുകനെ/കാമുകിയെ ഈ കെട്ട കാലത്തിലും അനിവാര്യമാക്കുന്നതുമൂലമാണ്.
ഉപാധികളില്ലാത്ത പ്രണയത്തിന്റെ സ്വാച്ഛന്ദ്യവും വെളിപ്പെടാത്തപ്രണയത്തിന്റെ നിഗൂഢമാധുര്യവും തളിര്‍ത്തു നില്‍ക്കുന്ന പ്രണയത്തിന്റെ അവാച്യ നിര്‍വൃതിയും വീരാന്‍കുട്ടിയുടെ കവിതകളെ പൊതിഞ്ഞു നില്‍ക്കുന്നു.ലഘുവെന്ന് നാം മുന്‍കൂര്‍ ജാമ്യമെടുത്ത അനുഭവങ്ങളുടെ തിരസ്‌കൃത തലങ്ങളെ ഒരു കവിക്കു മാത്രം സാധ്യമായ വാഗ്‌സ്പര്‍ശത്താല്‍ അഹല്യയാക്കി പുനര്‍ജനിപ്പിക്കാന്‍ വീരാന്‍കുട്ടിക്കു കഴിയുന്നു.
കവിതയെ വിലമതിക്കേണ്ടത് കവിത്വത്തിന്റെ മാത്രം തുലാസില്‍ തൂക്കിയാവണം. ഖലീല്‍ ജിബ്രാന്‍ മധുചന്ദികയില്‍ മുക്കിയെടുത്ത മഴവില്‍ക്കൊടിയായി നമ്മെ പിന്തുടരുന്നത് അയാളില്‍ കവിത്വമുള്ളതിനാലാണ്. ചങ്ങമ്പുഴ ഒരു തേന്‍പുഴയായി (തേനാര്‍ എന്ന് മോയിന്‍കുട്ടി വൈദ്യര്‍) നമ്മുടെ അരികുകളെ ഇപ്പോഴും നനയ്ക്കുന്നതും ഇതുകൊണ്ടു തന്നെ.
സ്വപ്‌നങ്ങള്‍ പോലെ ആകസ്മികവും നിരുപാധികവും ആകുന്നതിന്റെ സൗന്ദര്യം വീരാന്‍കുട്ടിയുടെ കവിതകള്‍ക്കുണ്ട്. ഈ കവിതകളില്‍ കഥയും പ്രമേയവും ഇതിവൃത്തവുമില്ല. ദാര്‍ശനിക ജാഡയോ അവകാശവാദങ്ങളോ ഇല്ല. ആവുന്നത്ര വിനയത്തോടെയും അലിവോടെയും അവ നിങ്ങളുടെ ഹൃദയത്തെ തൊടുന്നു. എന്നാല്‍ പുതുകവിതകള്‍ വാഗ് ലീല മാത്രമാണെന്ന നിരീക്ഷണത്തെ ഈ കവിതകള്‍ തള്ളിക്കളയുന്നുണ്ട്. സാമാന്യ പദങ്ങളുടെ സാധ്യതളെയും ധ്വന്യാത്മകതയെയും പരമാവധി സൂക്ഷ്മമായി ഉപയോഗിച്ചു കൊണ്ട് അവ നിര്‍മ്മിക്കുന്ന അര്‍ത്ഥത്തിന്റെ കാവ്യഹൃദയം തൊട്ടുണര്‍ത്തുകയാണ് കവി. ചെറുതിന്റെ സൗന്ദര്യം ഇത്രമേല്‍ അനുഭവപ്പെടുന്ന കവിതകള്‍ മലയാളത്തില്‍ അധികമില്ല.
സമൂഹത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളെ പ്രണയം അലോസരപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു. ഇലകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ ലോകം അകറ്റി നട്ട മരങ്ങള്‍ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് ആശ്ലേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം ജനിക്കുന്നത് എന്നും ,നിയമലംഘക ധര്‍മ്മം നിര്‍വ്വഹിക്കുന്നത് എന്നും കവി സൂചിപ്പിക്കുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ചീത്തക്കുട്ടികള്‍ പ്രണയിക്കുന്നവരാണ് എന്നു കവി.
സ്‌നേഹ വ്യാഹതി തന്നെ മരണം എന്നും സ്ഥിരമാം സ്‌നേഹം അനാഥമൂഴിയില്‍ എന്നും എഴുതിയപ്പോള്‍ ആശാന്‍ അനുഭവിച്ച വ്യഥയോളം ഒരുപക്ഷേ, ആരും അനുഭവിച്ചിട്ടില്ലെന്നു തോന്നുന്നു. ആശാന് വെടിയലാണ് സ്‌നേഹം. അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യത്തെക്കുറിച്ച് ആശാന്‍ എഴുതുന്നുണ്ട്. അഴലിനെ പ്രണയമാക്കിയും തിരിച്ചും പരിവര്‍ത്തിപ്പിക്കുന്ന രസതന്ത്രം ആശാനിലുണ്ട്. സ്‌നേഹത്തില്‍ കഴിയുന്നവര്‍ പിരിയുമ്പോള്‍ ഒരു ചെറിയ മരണമല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വരികള്‍ ഇതു പോകിലില്ല ഞാന്‍ എന്ന ആശാന്റെ ശൂന്യതയെ അംഗീകരിക്കുന്നു.
ഒറ്റവട്ടമേ നിന്‍ ചിരി കൊണ്ടുള്ളൂ
എത്രവട്ടം
മരിച്ചിചിക്കുന്നു ഞാന്‍!

ഇവിടെ പ്രണയം മരണം തന്നെയാകുന്നതിന്റെ ആത്മബലിയുണ്ട്.
അപേക്ഷ എന്ന കവിതയില്‍ വിരാന്‍കുട്ടി ഇങ്ങനെ എഴുതുന്നു:
ദൈവമേ
പ്രണയത്തില്‍ നിന്നും
എന്നെ പുറത്താക്കാന്‍
പോവുകയാണെങ്കില്‍
നേരത്തെ ഒരു സൂചന തരണേ
മരണത്തിനു മുമ്പ്
എനിക്കു ചില തയ്യാറെടുപ്പുകള്‍
നടത്താനുണ്ട്!

പ്രണയരഹിത ജീവിതം മരണം തന്നെയെന്ന് കവി അറിയുന്നു.മാമക പ്രേമം നിത്യമൂകമായിരിക്കട്ടെ
കോമളലവിടുന്നതൂഹിച്ചാലൂഹിക്കട്ടെ.

പ്രണയം നിലനില്‍ക്കുന്നത് അതിന്റെ നിഗൂഡതയിലാണ്. പ്രണയത്തിന്റെ രഹസ്യാത്മകതകൊണ്ട് പ്രണയികള്‍ മറ്റൊരു ലോകം നിര്‍മ്മിക്കുന്നു. അത് അവര്‍ക്കുമാത്രം അനുഭവവേദ്യമായ അലൗകിക ലോകമാണ്. ഭൗതിക ലോകത്തെ അവര്‍ ഈ അപര ലോകെ കൊണ്ട് നേരിടുന്നു.
കാടിനു വളരെയുള്ളിലായ്
ആരും കാണതെയുള്ള മരത്തിന്റെ
പൂവിടല്‍ പോലെയല്ലോ
ഒരിക്കലും വെളിപ്പെടുത്താത്ത
നിന്റെ പ്രണയം.

എന്ന് വീരാന്‍ കുട്ടി എഴുതുമ്പോള്‍ പ്രണയത്തിന്റെ നിഗൂഡതയുടെ സൗന്ദര്യത്തോടൊപ്പം ഒരു വ്യക്തി സ്വയം സമ്പൂര്‍ണ്ണമായ ലോകം നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ തത്വവും വെളിപ്പെടുന്നു.
വെള്ളച്ചാട്ടം വരെ മാത്രമേ
ഉള്ളില്‍ അടക്കി വച്ച പ്രണയത്തെ
നദിക്കു രഹസ്യമാക്കി വെക്കാനാകൂ.

എന്നെഴുതുമ്പോള്‍ പ്രണയത്തിന്റെ ആവിഷ്‌കാരത്തിന്റെ അനിവാര്യത ധ്വനിക്കുന്നു. പ്രണയത്തിന്റെ രഹസ്യഭ്ഷ അക്ഷരങ്ങളായി ഉച്ചരിക്കപ്പെയുകയാണിവിടെ.
അനക്ഷരമായ അ്‌നുഭൂതിയാണ് പ്രണയം. അത് വ്യക്തിയെ സര്‍ഗാത്മകമായ പൂര്‍ണതയിലേക്ക് നയിക്കുന്നു. ശിലയില്‍ നിന്ന് അത് അഹല്യയെ സൃഷ്ടിക്കുന്നു. കാറ്റില്‍ നിന്ന് അത് വൈദ്യുതി നിര്‍മ്മിക്കുന്നു!
പ്രണയമില്ലെങ്കില്‍
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയിട്ടും
ശില്പമാകുന്നില്ല തീരെ.

ഇവിടെയും പ്രണയ രഹിത ജീവിതത്തിന്റെ നിശ്ചലതയെ,മരവിപ്പിനെ,ജഡതയെ കവി അടയാളപ്പെടുത്തുന്നു. കടല്‍ക്കരയിലെ വിലക്കുമരങ്ങളെ പൂവിടുവിക്കുന്ന വൈദ്യുതിയായി പ്രണയം നമ്മിലൂടെ കടന്നു പോകുന്നു, ഈ കവിതകളും.
( പ്ലാവില മാസികയില്‍ പ്രസിദ്ധീകരിച്ചത്, ജൂലായ് 2010)

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

സൗഹൃദത്തിനു അങ്ങനെ ചില സ്വഭാവങ്ങളുണ്ട്...അവ അപ്രതീക്ഷിതമായി നമ്മളെ അദ്ഭുതപ്പെടുത്തും. മധുരമേറിയ ഒരു ചുംബനംകൊണ്ട് കാമുകി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോലെ അതു നിങ്ങളെ കോരിത്തരിപ്പിക്കും. വളരെ ദൂരെ നിന്നു വന്നെത്തുന്ന മഴമേഘങ്ങൾ നിങ്ങൾക്കു മുകളിൽ നിറഞ്ഞു പെയ്യും. ... മഴയിൽ നിങ്ങൾ ഒരു ചെറിയ കുട്ടിയാകും...മഴയിൽ നിങ്ങൾ ഒരുകുട ചൂടി നടക്കും.ചാറ്റൽ മഴയിൽ ഓർമ്മകളുടെ വഴിത്താരകളിൽ കൊച്ചു ജലാശയങ്ങൾ രൂപപ്പെടും. അവയിൽ തോണിയിറക്കാൻ നിങ്ങൾ കൊതിക്കും...തോണിയിലേറി നിങ്ങൾ പഴയ ദിനങ്ങളുടെ മർമ്മരങ്ങളിലേക്ക് യാത്രയാകും.... കഴിഞ്ഞ ആഗസ്റ്റ് 30നു കോഴിക്കൊടിന്റെ വഴിയോരത്തു 20 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു..മുഹമ്മദലിയും ഞാനും....കോഴിക്കോട് ആർട്സ് കോളെജിലും യൂനിവേർസിറ്റി യിലും ഒരേ സ്വപ്നങ്ങളുമായി അലഞ്ഞവർ...അവൻ ഒരു പടി മുൻപിലായിരുന്നു.ചിന്തകളിൽ,വിചാരങ്ങളിൽ,സ്വപ്നങ്ങളിൽ.....ഞാൻ ഒരു കാല്പനികൻ; അവൻ കനലിൽ വിടർന്ന പനിനീർപ്പൂ.... തത്വചിന്തയുടെ ഊടുവഴികൾ താണ്ടി അവൻ ഒരു ഡോക്ടറായി..ഞാൻ സ്വപ്നങ്ങൾ വില്ക്കുന്ന ഒരു അധ്യാപകനും.അറിഞ്ഞതു തത്വചിന്ത്തയെങ്കിലും പ്രവർത്തിക്കുന്നത് പ്രായോഗിക ചിന്തയിൽ.... അവന്റെ ഊഷ്മളമായ സ്പർശത്തിൽ ഞാൻ വീണ്ടുമൊരു പതിനെട്ടുകാരനായി.അന്നു നടന്ന വഴികൾ ഞങ്ങൾ വീണ്ടും മനസ്സാ നടന്നു...ഓർമ്മയുടെ ഊഞ്ഞാലിൽ ആയമിട്ടു.ഞങ്ങളുടെ പ്രിയപ്പെട്ട കാരശ്ശേരി മാഷെ കൂടെ കിട്ടിയപ്പോൾ വീണ്ടും ഞങ്ങൾ പഴയ വിദ്യാർത്തികളായി...ഓർമ്മയിൽ കാത്തുസൂക്ഷിക്കാൻ ഒരു നല്ല സായഹ്നം തന്നതിനു ഞാൻ ആരോടാണു നന്ദി പറയേണ്ടത്? മുഹമ്മദലി, നിന്നൊടാണോ? കാലം നമുക്കു വേണ്ടി സൂക്ഷിച്ചു വച്ച ഈ സുദിനത്തിനോടാണോ? കാരശ്ശേരി മാഷിനോടാണൊ? നമുക്കൊപ്പം ആ നല്ല നിമിഷങ്ങൾ പങ്കുവച്ച രഘുവും വേണു മാഷും എന്റെയും സുഹ്രുത്തുക്കളായി...എവിടെയൊക്കെയോ ഒരേ തൂവല്പ്പക്ഷികളുടെ സാമ്യം.....വീണ്ടും ഒത്തുചേരാൻ വേണ്ടിമാത്രം ഞങ്ങൾ രാത്രി വൈകി പിരിഞ്ഞുപോരുന്നു......














2010, ജൂലൈ 6, ചൊവ്വാഴ്ച

സൌഹൃദ നിലാവ്‌ - മൂന്നാം ഭാഗം ഒരു പൌര്‍ണമി പോലെ

സൌഹൃദം സമുദ്രത്തിലെ ഏകാകിയായ തോണിക്കാരനാണ്‌. കടലിണ്റ്റെ നിഗൂഢതകള്‍ അവന്‍/അവള്‍ തൊട്ടറിയും.പക്ഷേ ചുഴികള്‍ അവനെ/അവളെ ചതിക്കും.ഒന്നും അവശേഷിപ്പിക്കാതെ അവന്‍/അവള്‍ അപ്രത്യക്ഷനാകും..... വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.പത്തൊമ്പതു വരഷങ്ങള്‍... പഠനം കഴിഞ്ഞ്‌ അന്നം തേടി നടന്ന നാളുകളില്‍ കടത്തനാടന്‍ മണ്ണില്‍ അധ്യാപനത്തിനു തുടക്കം.കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍ഭാഷയുടെ ഒരു മണിക്കിലുക്കം കാതില്‍....കാഞ്ചന. കാഞ്ചനം എന്നാല്‍ സ്വര്‍ണ്ണം.കണ്ണുകളാണ്‌ എന്നെ സന്തോഷിപ്പിച്ചത്‌.ആഴവും തിളക്കവുമുള്ളത്‌.പിന്നീട്‌ വസ്ത്രങ്ങളാണ്‌ കൌതുകമുണര്‍ത്തിയത്‌.മേഘം പോലെ ശുഭ്രം.വീണ്ടും ആത്മീയതയുടെ സാന്നിധ്യമറിഞ്ഞു ഞാന്‍; സൌഹൃദത്തിണ്റ്റെ സൌരഭ്യവും.എണ്റ്റെ വീട്‌ തേടിപ്പിടിച്ചു വന്നു അവള്‍...എണ്റ്റെ കൊച്ചു വീട്ടില്‍ ഒരു കുട്ടിയെപ്പോലെ സുഖനിദ്ര; കുസൃതികള്‍ പൊട്ടിച്ചിരികള്‍.അയല്‍ക്കാര്‍ ഒളിഞ്ഞും പതുങ്ങിയും നോക്കി; ആര്‌? ഞങ്ങള്‍ അവളുടെ വീട്ടില്‍ രണ്ടുനാള്‍..മയില്‍ വാഹനം ബസ്സില്‍ ഞങ്ങള്‍ തൃശൂരേക്ക്‌.മഞ്ഞച്ചായമടിച്ച കൊച്ചു വീട്‌. വീടിനു പുറകില്‍ വിശാലമായ വാഴത്തോട്ടം. പൂണൂലിട്ട അച്ഛന്‍ പാചകം ചെയ്ത ദോശയും സാമ്പാറും രുചികരം.വടക്കിനിയില്‍ വൃദ്ധയായ പാട്ടി. ഇംഗ്ളീഷ്‌ സാഹിത്യം കാഞ്ചനക്ക്‌ കരതലാമലകമായിരുന്നു. കടത്തനാടിണ്റ്റെ പൈതൃക ഭൂമിയിലൂടെ ഞങ്ങള്‍ ഏറെ അലഞ്ഞു.ഞങ്ങളുടെ സ്വകാര്യ വേദനകള്‍ക്ക്‌ ഒരേ നിറമായതിനാലാവാം തിരിച്ചറിയലിണ്റ്റെ പാലങ്ങള്‍ ഗതാഗത യോഗ്യമായിരുന്നു. ഇംഗ്ളീഷ്‌ പുസ്തകങ്ങളുടെ വലിയ ശേഖരം മുഴുവന്‍ അവള്‍ എനിക്കു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ഞങ്ങളുടെ സ്ഥാപനം അപ്രതീക്ഷിതമായി തകര്‍ന്നപ്പോള്‍, അതെല്ലാം കുട്ടികള്‍ വാരിക്കൊണ്ടുപോയി. എം.എ.യുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞ തണ്റ്റേടിയും നിഷേധിയുമായ പെണ്‍കുട്ടിയായിരുന്നു അവള്‍.പൂണൂലിട്ട ആചാരങ്ങള്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക്‌ അവള്‍ കഴുത്തു നീട്ടിക്കൊടുത്തില്ല. സൌഹൃദത്തിണ്റ്റെ ഉദാത്തമായ താമര നൂലുകള്‍കൊണ്ട്‌ ബന്ധിതരായതിനാല്‍ ഞങ്ങളുടെ ഹൃദയത്തിലേക്ക്‌ മറ്റുചിന്തകള്‍ ഒളിഞ്ഞു നോക്കാന്‍ പോലും ഭയപ്പെട്ടിരിക്കാം... അനിവാര്യമായ ജീവിതത്തിണ്റ്റെ തിരിവുകള്‍ ഞങ്ങള്‍ക്കു നേരെയും അപ്രതീക്ഷിതമായി കടന്നുവന്നു. ഞാന്‍ ഉന്നത പഠനത്തിന്‌ സര്‍വ്വകലാശാലയിലേക്ക്‌... കാഞ്ചന എനിക്കൊരു പുസ്തകം തന്നു. ടാഗോറിണ്റ്റെ 'കപ്പല്‍ ഛേദം' ഒരെഴുത്തു പോലും പിന്നീടവള്‍ എഴിതിയില്ല... കാലങ്ങള്‍ കനത്ത ഇരുമ്പു ചക്രങ്ങളില്‍ ഇഴഞ്ഞും കിതച്ചും കുതിച്ചും മുന്നോട്ട്‌.... പിന്നീട്‌ ഞാന്‍ തിരക്കി; സുധീറിനോട്‌, സുരേഷിനോട്‌, ഹരിയോട്‌.....ആരോടും ഒരു വാക്കു പോലും മിണ്ടാതെ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു അവള്‍....ഓര്‍മ്മയില്‍ ഒരു വെളുത്ത വസ്ത്രം പടികടന്നു പോകുന്നു. പടികടന്നു പോകുന്നു......

2010, ഏപ്രിൽ 21, ബുധനാഴ്‌ച

സാമൂഹ്യ ജീവിയുടെ സമസ്യകള്‍

മുഖവുര വേണ്ടാത്ത വിധം മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ സച്ചിദാനന്ദന്‍.കവി,നിരൂപകന്‍,വിവര്‍ത്തകന്‍,സാമൂഹ്യവിമര്‍ശകന്‍,എന്നീ നിലകളില്‍ നിതാന്തമായ ധൈഷണിക ജാഗ്രതയോടെ അദ്ദേഹം നമുക്കിടയില്‍ സജീവ സാന്നിദ്ധ്യമാണ്‌.കേരളീയവും ദേശീയവും സാര്‍വ്വദേശീയവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കവിതയിലൂടെ മാത്രമല്ല, സാദ്ധ്യമായ ഇതര വാങ്മയങ്ങളിലൂടെയും അദ്ധേഹം പങ്കുവയ്ക്കുന്നു................................. സച്ചിദാനന്ദനുമായി ഞാന്‍ നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍.. (ഏപ്രില്‍ 23)വായിക്കുമല്ലോ......

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

സൌഹൃദനിലാവ്‌ - രണ്ടാം ഭാഗം

 സൌഹൃദം ഒരു പൂമരത്തണലില്‍ നില്‍ക്കുമ്പോലെയാണ്‌.പൂക്കള്‍ എപ്പോഴാണ്‌ തുരുതുരെപ്പെയ്യുന്നത്‌ എന്ന്‌ പ്രവചിക്കാനാവില്ല. നമ്മുടെ കണ്ണിലും മൂക്കിലും ഹൃദയത്തിലുമെല്ലാം പൂക്കള്‍ വന്നു നിറയും. ഒരുപൂമരമാവാന്‍ കഴിയുക എത്രമാത്രം ധന്യമാണ്‌! അതിണ്റ്റെ ചുവട്ടില്‍ നില്‍ക്കാന്‍ കഴിയുന്നതോ?പൂമരത്തണലില്‍ എന്നെനിര്‍ത്തിയ ഒരു സുഹൃത്തിണ്റ്റെ കഥയാണ്‌ ഇത്‌..
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌..നോക്കിനോക്കിയിരിക്കേ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പോലെ..അവന്‍ ഒരു നക്ഷത്രമായിരുന്നു.കണ്ണുകളില്‍ ആവേശത്തിണ്റ്റെ അണയാനാളം കൊളുത്തിയവന്‍.ഞാന്‍ കാണുമ്പോഴൊക്കെ അവന്‍ ആവേശത്തിലായിരുന്നു.അവന്‍ നിരന്തരം സംസാരിച്ചു. ഞാന്‍ വിമൂകനായ കേള്‍വിക്കാരനും.എനിക്കു കൌതുകമായിരുന്നു.അവന്‌ എല്ലാം അറിഞ്ഞവണ്റ്റെ നിസ്സംഗമായ മുഖം.അവന്‍ തുരുതുരെ പെയ്തു നിറയുകയാണ്‌: എം.ടി., വിജയന്‍,മുകുന്ദന്‍,സേതു,കോവിലന്‍,മുട്ടത്തു വര്‍ക്കി,കാനം,ജോണ്‍ ആലുങ്കല്‍,വേളൂറ്‍ കൃഷ്ണന്‍കുട്ടി,സത്യന്‍,ജയന്‍,ജയഭാരതി,ഹരിഹരന്‍,നസീര്‍,സ്ഫോടനം,ഐ.വി.ശശി,സീമ,മംഗളം,മനോരമ,സഖി വാരിക......ദൈവമേ,ഇവനാണല്ലോ എണ്റ്റെ പ്രിയ പുത്രന്‍..... വിശ്വംഭരന്‍ അങ്ങനെയായിരുന്നു. അവന്‌ ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകാരോടും ഒരേ അടുപ്പം.എല്ലാ നടന്‍മാരോടും സിനിമയോടും ഒരേ ഇഷ്ടം.. പ്രി ഡിഗ്രി ക്ളാസ്സിലായിരുന്നു ഞങ്ങള്‍.ഞാന്‍ അന്ന്‌ ഒരു പൈങ്കിളി സാഹിത്യകാരനായിരുന്നു!! മുഖ്യതട്ടകം നോവല്‍..അരണി, വരും വരാതിരിക്കില്ല, വീണ്ടും തളിര്‍ത്ത പൂമരം എന്നിവ എണ്റ്റെ അഖില ക്ളാസ്സാന്തര പ്രസിദ്ധമായ നോവലുകള്‍..കോഴിക്കോട്ടുകാരന്‍ എല്‍.എല്‍.ബി.ക്കാരന്‍ ഷക്കീല്‍ മാഷ്‌ ക്ളാസ്സില്‍ വന്ന ദിവസം അദ്യമായി ചോദിച്ചത്‌ ഇവിടെ ഒരു എഴിത്തുകാരനുണ്ടെന്നു കേട്ടു.എവിടെ ? എന്നായിരുന്നു. വിശ്വംഭരന്‍ ആവേശത്തോടെ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. എണ്റ്റെ തല കഴുക്കോലില്‍ മുട്ടി!. അവനായിരുന്നു എണ്റ്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍.അതിലൂടെ വെളിച്ചം വന്നു.എഴുത്തുകാരുടെ,കൃതികളുടെ,സിനിമകളുടെ...ഞാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തിണ്റ്റെ തടവുകാരനായിമാറി. ദിനേന രണ്ടരമണി കഴിഞ്ഞാല്‍ അവണ്റ്റെ ഇരിപ്പിടം ശൂന്യമാകും.മാറ്റിനി ൨.൪൫നാണ്‌!ഒരു സിനിമ പോലും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.ഒരു വാരിക പോലും അവന്‍ ഒഴിവാക്കിയില്ല. അവയ്ടെയെല്ലാം രണ്ടാം വായനക്കാരന്‍ ഞാനായിരുന്നു. ഇതിണ്റ്റെയൊക്കെ ആവേശത്തില്‍ ഞാന്‍ തുരുതുരാ പൈങ്കിളി നോവലുകള്‍ രചിച്ചുകൊണ്ടിരുന്നു. ആവേശം മൂത്ത്‌ ശ്മശാനം എന്ന ശകുനംമുടക്കിപ്പേരുള്ള നോവല്‍ ചെമ്പരത്തി വാരികയ്ക്ക്‌ അയച്ചു. അവനായിരുന്നു പ്രേരണ.രണ്ടാമത്തെ ആഴ്ച കത്തു വന്നു; നോവല്‍ പ്രസിദ്ധീകരിക്കുന്നു....പതിനേഴുകാരന്‍ പയ്യന്‍ എഴുത്തുകാരനാകുന്നു!! പക്ഷേ ചെമ്പരത്തി വാടിപ്പോയി! പിന്നെയത്‌ പ്രസിദ്ധീകരിച്ചില്ല. പക്ഷേ, കൂട്ടാലിടയിലെ ഏതോ വായനശാലക്കാര്‍ അത്‌ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു, അവരുടെ കയ്യെഴുത്തു മാസികയില്‍!!. പ്രിഡിഗ്രി കഴിഞ്ഞ ശേഷം ഞാന്‍ വിശ്വംഭരനെ കണ്ടിട്ടില്ല.പുസ്തകങ്ങളോടും സിനിമകളോടുമുള്ള അഭിനിവേശം വിശ്വംഭരനോളം ഞാനാരിലും കണ്ടിട്ടില്ല. പക്ഷേ സുഹൃത്തേ, കണ്ണുചിമ്മിയ ഒരു നക്ഷത്രം പോലെ നീ എങ്ങോട്ടു പോയി? നീയിപ്പോള്‍ എവിടെയാണ്‌? ഈ കുറിപ്പ്‌ നീ കാണുമോ....ഏതോ പുസ്തകത്തിണ്റ്റെ പഴയ എഡിഷണ്റ്റെ നിറം മങ്ങിയ പുറംചട്ട പോലെ ഞാന്‍ എണ്റ്റെ അലമാരയില്‍ നിന്നെ സൂക്ഷിച്ചിട്ടുണ്ട്‌ ഇപ്പോഴും...................

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

സൌഹൃദത്തിണ്റ്റെ നിലാവ്‌

ഓര്‍മ്മകളില്‍ നിലാവായി പെയ്യുന്നവ, കൂടെനിന്ന്‌ തണലായി നിറയുന്നവ, കൂടെയുണ്ടാവും എന്ന്‌ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നവ, വീഴ്ചകളില്‍ കൈയായി നീളുന്നവ, നിനച്ചിരിക്കാതെ ചുമലില്‍ തട്ടുന്നവ...സൌഹൃദങ്ങള്‍ എപ്പോഴും അങ്ങനെയാണ്‌....
സൌഹൃദം പരിഗണനയാണ്‌...നിങ്ങളുടെസ്നേഹത്തെ,വ്യക്തിത്വത്തെ,പ്രതിഭയെ, നന്‍മയെ,തിന്‍മയെ ദൌര്‍ബല്യത്തെ അതു തിരിച്ചറിയുന്നു.നിലാവിണ്റ്റെ മാര്‍ദ്ദവമുള്ള വിരലുകള്‍ കൊണ്ട്‌ സൌഹൃദം നമ്മെ തലോടുന്നു.
സൌഹൃദം വിശ്വാസമാണ്‌. ഒരാള്‍ എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസം...പ്രണയിക്കുമ്പോള്‍ അതു നിങ്ങളെ കരുത്തനാക്കുന്നു.വേദനിക്കുമ്പോള്‍ ചുമലില്‍ സ്പര്‍ശിക്കുന്നു. അംഗീകരിക്കപ്പെടുമ്പോള്‍ ആഹ്ളാദമായി ആലിംഗനം ചെയ്യുന്നു. നിരാശയില്‍ ബലമേകി കൂട്ടിരിക്കുന്നു. സൌഹൃദം ഒരു പങ്കുകാരനാണ്‌. ഈര്‍ഷ്യയും ദുരയും ആസക്തിയും അനാസക്തിയും രോഷവും രതിയും തെറിയും സ്വപ്നവും പ്രതീക്ഷയും ആശങ്കയും അത്‌ നിങ്ങളുമായി പങ്കുവയ്ക്കുന്നു...മറ്റാരോടും പറയാത്തത്‌ സുഹൃത്തുമായി പങ്കിടുന്നു.
സൌഹൃദം സാമീപ്യമാണ്‌. ഒരു വിളിപ്പാടകലെ അതെന്നും നിങ്ങളെ കാത്തിരിക്കും...ഒരു നിമിഷം കൊണ്ട്‌ അത്‌ നിങ്ങള്‍ക്കരികില്‍ പറന്നെത്തും; ഏതു പാതിരാവിലും.കൂടെയുണ്ടെന്ന്‌ ഓരോനിമിഷവും അത്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. സൌഹൃദം ഒരു മിസ്ഡ്‌ കാള്‍ അല്ല. വീണ്ടും വീണ്ടും റീച്ചാര്‍ജ്‌ ചെയ്ത്‌ അത്‌ വിളിച്ചുകൊണ്ടേയിരിക്കും..അമേരിക്കയില്‍ നിന്നോ ഖത്തറില്‍ നിന്നോ പൂനെയില്‍ നിന്നോ പാലക്കാടുനിന്നോ ഉള്ളിയേരിയില്‍ നിന്നോ അത്‌ അപ്രതീക്ഷിതമായി നിങ്ങളെ തേടിവരും.ഓര്‍മ്മകളിലെ വസന്തത്തെ സുഗന്ധമഴയാക്കി അത്‌ നിങ്ങളെ വിസ്മയിപ്പിക്കും...ഒറ്റപ്പെടലിണ്റ്റെ ഏകാന്തഗോപുരത്തിലേക്ക്‌ സൌഹൃദം തിക്കിത്തിരക്കിയെത്തും...അലിവിണ്റ്റെ തെന്നല്‍ക്കൈകളുമായി നിങ്ങളുടെ മുടിയിഴകള്‍ അത്‌ തലോടും.പകരം ഒന്നും ആവശ്യപ്പെടാതെ നിരുപാധികമായി സൌഹൃദം നിങ്ങളില്‍ പെയ്തുകൊണ്ടേയിരിക്കും....
ചില സൌഹൃദങ്ങള്‍ ഇത്തിരിപ്പുവിനെപ്പോലെ സുഗന്ധം പൊഴിച്ചു വിടരും. പിന്നീട്‌ ഏറെക്കാലം കാണില്ല അവയെ.നിനച്ചിരിക്കാതെ വിടരും പിന്നീടവര്‍...ചിലത്‌ ചാറ്റല്‍ മഴപോലെ പെയ്തുകൊണ്ടേയിരിക്കും.ചിലത്‌ കുത്തിയൊലിച്ച്‌ കടന്നു പോകും.മറ്റുചിലത്‌ ഉരുള്‍പൊട്ടലായി തിമിര്‍ക്കും...ചിലത്‌ കാറ്റുപോലെ അദൃശ്യമായി തഴുകിക്കൊണ്ടേയിരിക്കും..ചിലത്‌ കമ്പിളിപോലെ പുതപ്പിക്കും.ചിലത്‌ മഞ്ഞായി തണുപ്പിക്കും. ചിലത്‌ നെല്ലിക്കയായി കയ്പിക്കും പിന്നിട്‌ മധുരിക്കും..ചിലത്‌ നിറയും ചിലത്‌ വെടിയും....ചിലത്‌ പ്രണയംപോലെ ചുംബിക്കും....
സൌഹൃദം ഒരിക്കലും ഉള്ളില്‍ വിഷം ഒളിപ്പിക്കില്ല.അതൊരിക്കലും രണ്ടുമുഖങ്ങള്‍ സൂക്ഷിക്കില്ല.നിങ്ങളെ സംശയിക്കില്ല; നന്ദികേട്‌ കാണിക്കില്ല.....ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിക്കില്ല...നിങ്ങളുടെ വ്യക്തിത്വത്തെ അപമാനിക്കില്ല. പരിഹാസവും നിന്ദയും അവമതിയും കൊണ്ട്‌ നിങ്ങളെയൊരിക്കലും കറുപ്പിക്കില്ല.കറിവേപ്പിലപോലെ വലിച്ചെറിയില്ല.കുടെയുണ്ടെന്നു തോന്നിച്ച്‌ , തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെനിന്ന്‌ ചിരിക്കില്ല.
സൌഹൃദത്തിണ്റ്റെ വിശ്വാസം പാറപോലെ ഉറപ്പേറിയതായിരിക്കും..അവിശ്വാസത്തിണ്റ്റെ ഒരു വെടിമരുന്നിനും അതിനെ ഇളക്കാന്‍ പറ്റില്ല. വേദനയില്‍ കൂടെനിന്നത്‌ മറന്ന്‌, വേദനിപ്പിക്കാന്‍ കൂടെ നില്‍ക്കില്ല. സൌഹൃദം പാറപ്പുറത്ത്‌ മാത്രമേ വീടുപണിയൂ.കുംഭമാസത്തിലെ നിലാവാകാന്‍ സൌഹൃദത്തിനാവില്ല. അതെപ്പോഴും കര്‍ക്കിടകത്തിലെ മഴയായിരിക്കും....
സൌഹൃദത്തിണ്റ്റെ അടുപ്പിനുമുകളിലാണ്‌ ഞാനെന്നും കൈ ചൂടാക്കിക്കൊണ്ടിരിക്കുന്നത്‌....ഓര്‍മ്മകളില്‍ ഞാന്‍ തുന്നിക്കൂട്ടിവച്ച സൌഹൃദത്തിണ്റ്റെ അനേകം പേജുകളില്‍ നിന്ന്‌ ഒന്നുപോലും ഞാന്‍ പറിച്ചുമാറ്റില്ല.അവ കീറിപ്പോയാല്‍ ചോര പൊടിയും! കാരണം അതെണ്റ്റെ ഹൃദയം തന്നെയാണ്‌.... സുഹൃത്തുക്കളേ, എന്നെ ദൈവവിശ്വാസിയല്ലാതാക്കിയത്‌ നിങ്ങളിലുള്ള വിശ്വാസമാണ്‌...ആ വിശ്വാസത്തിണ്റ്റെ ബലം എനിക്കെന്നും തണലായി തരേണമേ..........................

2010, മാർച്ച് 28, ഞായറാഴ്‌ച

മാതൃഭാഷയെ സ്നേഹിക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക.

നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ്‌ മലയാളത്തിനുള്ളത്‌. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ്‌ മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതിണ്റ്റെ പുരോഗതിക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്‌. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന്‌ വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത്‌ അവഗണിക്കപ്പെടുന്നതിന്‌ കാരണമായി പറയാറുള്ളത്‌ അതില്‍ പഠിക്കുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുകയില്ല എന്നാണ്‌. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ്‌ തൊഴില്‍ ചെയ്യുന്നത്‌ എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത്‌ അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്‌ ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്‌. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ്‌ പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന്‌ അത്‌ മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌? മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്‌. ൧൯൬൯ മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌ ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്‌. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത്‌ മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്‌. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ്‌ ഇല്ലാതാകുന്നത്‌. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന്‌ വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത്‌ എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത്‌ സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്‌. ഒരു നാട്ടില്‍ ജീവിക്കേണ്ടത്‌ അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത്‌ ഒരു ജനതയുടെ അവകാശമാണ്‌ എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ്‌ മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്‌. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്‌. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്‌. മലയാളത്തിനു വേണ്ടി വാദിക്കുന്നത്‌ എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്‌. മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ്‌ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ്‌ മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്‌. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട്‌ എന്ന ബോധമാണ്‌ ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്‌. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക്‌ എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക്‌ ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.
സ്നേഹപൂര്‍വം
( ഒപ്പ്‌ )
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,‍പ്രസിഡണ്റ്റ്‌
കെ.എം.ഭരതന്‍,ജന. സെക്രട്ടറി
പി. പവിത്രന്,കണ്‍വീനര്‍

2010, മാർച്ച് 4, വ്യാഴാഴ്‌ച

അനാഥ പ്രണയങ്ങള്‍....

മനസ്സില്‍ വേപഥു കോറിക്കടന്നു പോകുന്ന പ്രണയ കാലത്തിന്‌ നമ്മുടെ യുവാക്കളും യുവതികളും എന്നാണ്‌ അവധികൊടുത്തത്‌? ഉലയിലൂതിയ പൊന്നുപോലെ തെളിയുന്ന അനുരാഗം നമുക്ക്‌ വര്‍ണചിത്രത്തിലെ കാഴ്ചമാത്രം. നമ്മളെല്ലാം പ്രണയത്തെ ഉമിനീരായി കാണുന്നവരായി മാറിയിരിക്കുന്നു. കൃഷ്ണമണിയുടെ കറുപ്പുള്ള കവിതയില്‍ നിന്നും വാചാലമായ കഥകളില്‍ നിന്നും പ്രണയം അപ്രത്യക്ഷമായിരിക്കുന്നു. ഹൃദയത്തില്‍ നീരുറവ സൂക്ഷിച്ചവര്‍മാത്രം തെരുവില്‍ അനാഥമായലയുന്ന പ്രണയത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നു. ആരാണതിനെ സ്വന്തം വിരല്‍ത്തുമ്പില്‍ കൂട്ടിക്കൊണ്ടു വരിക?നമ്മുടെ കുടക്കീഴില്‍ ഒരാളെക്കൂടി?സൂര്യകാന്തികള്‍ക്കു പോലും നഖങ്ങളും ദംഷ്ട്രകളുമുള്ള ഇക്കാലത്ത്‌ പ്രണയവും മറ്റൊരു കാലത്ത്‌ കുടിക്കാനുള്ള പാനീയമായി മാറ്റിവയ്ക്കപ്പെടുകയാണോ? ജാനകി ,ഹാ, ഇവള്‍ക്കു വേണ്ടി ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാനൊരാമ്പല്‍പ്പൂ പറിച്ചിരുന്നു എന്ന നഷ്ടബോധമാകുന്നു നമുക്ക്‌ പ്രണയം.സ്ഥിരമാം സ്നേഹമനാഥമൂഴിയില്‍ നമുക്ക്‌ ഉന്നയിക്കാനുള്ള തത്വനിരകളും ന്യായീകരണവുമായി മാറുന്നു.പ്രണയം എല്ലാവര്‍ക്കും ഓര്‍മ്മ മാത്രമാകുന്നു. പ്രായോഗിക ജീവിതത്തിണ്റ്റെ വാതിലിനു പുറത്ത്‌ തകര്‍ന്ന ഹൃദയവുമായി തിരിച്ചു പോകുന്നവള്‍(ന്‍) പ്രണയം.... പ്രണയം എന്നെ ചെറുതാക്കുന്നുവെങ്കില്‍ ഞാനൊരു മണല്‍ത്തരിയോളമാകട്ടെ എന്നു പിറുപിറുത്തവന്‍ നമുക്കു കോമാളി. നീ മറ്റാരെപ്പോലെയുമല്ല,കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞവന്‍ നമുക്കു ഭ്രാന്തന്‍: അഹിതമായതു ചൊന്നവന്‍...നമുക്കിന്നും പ്രണയമൊരു കുറ്റം..നാലാളറിഞ്ഞാല്‍ നാണിക്കേണ്ട അശ്ളീലം!....നാമെല്ലാം നരവന്ന്‌ വൃദ്ധരായല്ലോ. പക്വമതികള്‍ക്കെങ്ങനെ ഇന്നു വരും നാളെവരും എന്ന പ്രതീക്ഷയോടെ, സ്നേഹവും കാലവും ദൂരവും പ്രേമഭാജനത്തിണ്റ്റെ സാന്നിധ്യം ആഗ്രഹിക്കുന്നു എന്ന്‌ പറയാനാകും?ചൂരല്‍ക്കൊട്ടകള്‍ നിറച്ചും ഉമ്മകളുമായി മലയിറങ്ങവരുന്ന പ്രണയം താഴ്‌ വാരത്തിലെ ചതുപ്പുകളിലെവിടെയോ നഷ്ടപ്പെടുന്നു....... പ്രണയം നിലനില്‍പ്പല്ല, നഷ്ടപ്പെടലാണ്‌.കവികള്‍ക്കെല്ലാം ഭൂതകാലത്തിലെ ചക്രവര്‍ത്തി മാത്രം പ്രണയം...പകലുകള്‍ക്കും കവിതകള്‍ക്കുമിടയില്‍നിന്ന്‌ ഇലമുളച്ചിയെപ്പോലെ പൊട്ടിപ്പൊട്ടി മുളയ്ക്കുന്ന പ്രണയസ്മരണകള്‍ ഇറവെള്ളമായി ആര്യവേപ്പിന്‍ ചുവട്ടിലൂടെ ചിരിച്ചു പുളഞ്ഞൊഴുകുന്നതെന്നാണെന്ന്‌ കവി കാത്തിരിക്കുന്നു...പ്രണയം നിത്യമൂകമായിരിക്കട്ടെ എന്ന നിഗൂഢതയാണ്‌..... സ്നേഹമെന്നു നാം ഓമനപ്പേരിടുന്നത്‌ രണ്ടുപേരുടെസ്വാര്‍ത്ഥതയാണെന്ന്‌ കവി തിരിച്ചറിയുന്നു. പ്രണയത്തിണ്റ്റെ കുങ്കുമത്തരിപുരണ്ട ചിദംബര സന്ധ്യകള്‍ മറവിയില്‍ മാഞ്ഞുപോയതായി കവി പരിതപിക്കുന്നു. വൃദ്ധരാവാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ മധുരപാനീയങ്ങള്‍ നാം മറന്നുപോകുന്നു. ആദമും ഹവ്വയുമാണ്‌ പ്രണയത്തിണ്റ്റെ ആദിമാതൃകകള്‍.പക്ഷേ പ്രണയം നമുക്കിന്നും ഒരു അശ്ളീലമാണ്‌. അഭിമാനികള്‍ക്ക്‌ അഹിതമാണ്‌ പ്രണയമെന്ന്‌ സാമാന്യമതം..... ആര്‍ദ്രത മുഴുവന്‍ വറ്റിപ്പോയ നമ്മുടെ ജിവിതത്തിലേക്ക്‌ ഒളിച്ചു വന്നിരുന്ന പ്രണയത്തിണ്റ്റെ നിലാവ്‌ എവിടെവച്ചാണ്‌ മറഞ്ഞുപോയത്‌? നിദ്രയില്‍ നീ കണ്ട സ്വപ്നങ്ങള്‍ എണ്റ്റെയും സ്വപ്നങ്ങളായിരുന്നു എന്ന താദാത്മ്യമായിരുന്നു പ്രണയം. പ്രണയം തലചായ്ച്ചുറങ്ങാനുള്ള മടിത്തട്ടാകുന്നു. മിഴികളില്‍ പൊടിഞ്ഞുനില്‍ക്കുന്ന ഒരു അശ്രുബിന്ദുവും അതേറ്റു വാങ്ങാനുള്ള ഹൃദയവുമാകുന്നു. പ്രണയത്തിണ്റ്റെ തളിരുപോലുള്ള ആ പഴയ ശബ്ദമെവിടെ? കുറ്റബോധങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയിലൂടെ ആരും വിളിക്കായ്കയാല്‍ വിതുമ്പിക്കരഞ്ഞുകൊണ്ട്‌ ഭയത്തോടെ നടന്നു പോകുന്നത്‌, അതേ, അത്‌ പ്രണയമാണ്‌......നുകര്‍ന്നതിനു ശേഷം പുറത്താക്കപ്പെട്ട അഭിസാരികയാണല്ലോ പ്രണയമെന്നും..... അര്‍ബുദം പോലെ ഹൃദയത്തില്‍ പടര്‍ന്നേറി കീഴ്പ്പെടുത്തുന്ന ക്രൂരതയാണ്‌ പ്രണയമെന്ന്‌ കവി. നമുക്ക്‌ പ്രണയകവിതകള്‍ വായിച്ച്‌ പ്രണയരഹിത ജീവിതം നുണയാം.കള്ളക്കുട്ടികളൂണുകഴിഞ്ഞൊരു കയ്യു മുഖത്തു മണപ്പിക്കും.... ഹൃദയരമണന്‍മാര്‍(രമണിമാരും) സങ്കല്‍പലോകമല്ലീയുലകം എന്നാണയിട്ട്‌ ഈ കൊഴുത്ത ചവര്‍പ്പൊക്കെ കുടിച്ചു വറ്റിക്കട്ടെ!മുന്തിരിച്ചാറു കൊതിക്കാത്ത ചന്ദ്രികയും രമണന്‍മാരും എന്നിനി ജനിക്കും?ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എനിക്കു ഭയമുണ്ട്‌.ഈ ആധുനികോത്തര കാലത്ത്‌ പ്രണയനിരോധിത മേഖലയായ യുവമനസ്സുകളില്‍ പ്രണയത്തെക്കുറിച്ച്‌ ആലോചിക്കുന്നവര്‍ പോലും ക്രൂശിക്കപ്പെടേണ്ടവനാണല്ലോ. പ്രണയം എത്രവേഗമാണ്‌ സുഹൃത്തുക്കളേ മലിനമായിക്കൊണ്ടിരിക്കുന്നത്‌!! ഈ മാലിന്യം ജീവിതത്തിണ്റ്റെ ഏതു കുപ്പത്തൊട്ടിയില്‍ നാം നിക്ഷേപിക്കും?! (വരികള്‍ തന്നതിന്‌ എണ്റ്റെ പ്രിയ കവികള്‍ക്ക്‌ നന്ദി)

2010, മാർച്ച് 1, തിങ്കളാഴ്‌ച

അഴീക്കോട്‌,തിലകന്‍,മോഹന്‍ലാല്‍,മമ്മൂട്ടി....

സിനിമയാണിപ്പൊള്‍ ചര്‍ച്ചാവിഷയം. അഴീക്കോട്‌,തിലകന്‍, ഇന്നസെണ്റ്റ്‌, മോഹന്‍ലാല്‍,മമ്മൂട്ടി....മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളൊ,നിലവാരത്തകര്‍ച്ചയൊ ഒന്നും ചര്‍ച്ചാവിഷയമാകുന്നേയില്ല. വാര്‍ധക്യ പ്രണയങ്ങള്‍ മലയാള സിനിമയില്‍ എന്നുമുണ്ടായിരുന്നു. പ്രേംനസീറും സത്യനും ഷീലയും ജയഭാരതിയും കെ.ആര്‍.വിജയയുമൊക്കെ പ്രേമിച്ചുനടന്നതു കൌമാരപ്രായത്തിലയിരുന്നില്ല. അതല്ല ഇവിടുത്തെ പ്രശ്നം. മഹാനായ ഒരു നടനെ അയാളുടെ ആവിഷ്കാരത്തില്‍ നിന്നു വിലക്കാന്‍ ഏതു സംഘടനയ്ക്കാണു അധികാരം എന്നതാണു പ്രശ്നം. ഫെഫ്ക വിലക്കിയിട്ടുണ്ടെങ്കില്‍ അമ്മ അതിനു കൂട്ടുനില്‍ക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്‌. ഫെഫ്കയുടെതീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു അമ്മ ചെയ്യേണ്ടിയിരുന്നത്‌. അഭിനേതാക്കളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു അവര്‍ ചെയ്യെണ്ടത്‌. തങ്ങളുടെ സിംഹാസനം നഷ്ടപ്പെടുമെന്ന ഭീതികാരണം തിരക്കഥയില്‍ മാറ്റം വരുത്തിയും പുതിയവര്‍ക്കൂ അവസരം നല്‍കാന്‍ അനുവദിക്കാതെയും എല്ലകാര്യങ്ങളും തങ്ങളുടെ ചൊല്‍പടിക്കു നിര്‍ത്തിയും സൂപ്പര്‍താരങ്ങള്‍ നടത്തുന്ന സ്വേഛാധിപത്യത്തെ ചോദ്യം ചെയ്യുകയാണു തിലകനും അഴീക്കോടും ചെയ്തത്‌.ഇതില്‍ ഇത്രമാത്രം അസഹിഷ്ണുതകാണിക്കാന്‍ എന്തിരിക്കുന്നു?കുടവയറും കുലുക്കി ൧൮ കാരിയുടെ കൂടെ ഓടിനടക്കുന്നവര്‍ തമിഴ്‌ സിനിമകള്‍ കണ്ടുപഠിക്കട്ടെ. അവരുടെ പരീക്ഷണാത്മകത മാത്രുകയാക്കട്ടെ.നടനെ വിലക്കാനല്ല,അഭിനയിപ്പിക്കാനാണു അമ്മ ശ്രമിക്കേണ്ടത്‌.മലയാള സിനിമ നിയന്ത്രിക്കേണ്ടത്‌ ഫാന്‍സ്‌ അസോസിയേഷനുകളല്ല എന്ന് താരങ്ങള്‍ ഓര്‍ക്കുന്നത്‌ നന്ന്. കുറസോവ,ബര്‍ഗ്മാന്‍,കിംകിദുക്‌,മജീദ്‌ മജീദി,പസോളിനി എന്നിവരുടെ സിനിമകള്‍ ഇക്കൂട്ടെരെയൊക്കെ നിര്‍ബന്ധപൂര്‍വം കാണിക്കാനുള്ള നടപടി സര്‍ക്കാറ്‍ തലത്തില്‍ നടത്തണമെന്ന് നമുക്കൊന്നിച്ച്‌ അഭ്യര്‍ഥിക്കാം!

2010, ജനുവരി 22, വെള്ളിയാഴ്‌ച

വരൂ , നമുക്കൊരുമിക്കാം മലയാളം പൂക്കുന്ന നാളേക്കായ്

മലയാള ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളമാകെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭാഷാസംരക്ഷണം മാത്രമല്ല ,ആസന്നമരണയായ ഒരു സംസ്കാരത്തെക്കൂടി വിനാശത്തില്‍നിന്നു രക്ഷിക്കണമെന്ന ഉദ്ദേശ്യം ഈ കൂട്ടായ്മയ്ക്കുണ്ട്. മലയാള ഐക്യവേദി ഉയര്‍ത്തുന്നത് ഒരു മൌലികവാദമല്ല. മലയാളഭാഷ നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മലയാളവേദി തയ്യറാവുകയാണ്. ഭരണ ഭാഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും ഭാഷനേരിടുന്ന അവഗണനകള്‍ നാം ചെറുത്തു തോല്പിച്ചേ മതിയാവൂ. ഇതിനായി സംസ്ഥാനത്തുടനീളം പ്രാദേശികസമിതികളും മേഖലാസമിതികളും രൂപീകരിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തമാവേണ്ടിയിരിക്കുന്നു. ഭരണ ഭഷാവേദി,ശാസ്ത്രമലയാളവേദി,സാമൂഹ്യശാസ്ത്രമലയാളവേദി, പ്രൈമറിതലമലയാളവേദി,ഹൈസ്കൂള്‍തലമലയാളവേദി, ഹയര്‍സെക്കണ്ടറി തലമലയാളവേദി,ബിരുദതല മലയാളവേദി,ബിരുദാനന്തരതല മലയാളവേദി, മലയാളമാധ്യമവേദി, മലയാള വിവരസാങ്കേതികവേദി എന്നിങ്ങനെ പത്തുപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മാത്ര്ഭാഷാപഠനം എന്നതു ഒരന്യാഭാഷാ പഠനംപോലെ ഉപകരണാത്മകമായല്ല കാണേണ്ടതു എന്നും മാത്രുഭാഷ ഒരു ജനസമൂഹത്തിന്റെ അബോധത്തെ രൂപപ്പെടുത്തുന്ന സൌന്ദര്യാത്മകതലം ഉള്‍ക്കൊള്ളുന്നതാണെന്നും വേദി കരുതുന്നു. വേദി പ്രധാനമായും 5 കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. 1. വിദ്യാഭ്യാസ മണ്ഡലത്തില്‍ മലയാളഭാഷക്കും സാഹിത്യത്തിനും വേണ്ടത്രസ്ഥാനം നല്‍കുക. 2. ഒന്നാം ഭാഷയെന്നനിലയില്‍ എല്ലവരും മലയാളഭാഷയും സാഹിത്യവും പഠിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.3. പ്രൊഫഷണല്‍ കൊളേജുകളിലുള്‍പ്പെടെ ഭാഷയും സാഹിത്യവും പഠനവിഷയമാക്കുക. 4. ശസ്ത്രമുള്പ്പെടെ വിവിധ വിഷയങ്ങള്‍ മലയാളത്തില്‍ പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലുള്ള ഒരു മലയാളം സര്‍വകലാശാല സ്ഥാപിക്കുക. 5. വിജ്ഞാനഭാഷയെന്നനിലയില്‍ മലയാളത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇപ്പോള്- ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പ്രസിഡന്ണ്ടും ഡോ.കെ.എം.ഭരതന്‍ ജനറല്‍ സെക്രട്ടരിയും ഡോ.പി.പവിത്രന്‍ കണ്‍വീനറുമാണ്.പി.സുരേഷ്, ഷംസാദ് ഹുസൈന്‍, വി.പി.മാര്‍ക്കോസ്, കെ.കെ.സുബൈര്‍ എന്നിവര്‍ മേഖല സെക്രട്ടരി മാരാണ്. എം ആര്‍ രാഘവവാര്യര്‍, റ്റി.വി.മധു, കല്‍പറ്റനാരായണന്‍, എന്‍.പ്രഭാകരന്‍, കെ.പി.മോഹനന്‍, എം.എന്‍. കാരശ്ശേരി,കെ.എച്.ഹുസൈന്‍ എന്നിവര്‍ വിവിധ ഉപസമിതികളുടെ ചെയര്‍മാന്‍മാരാണ്. മലയാള ഭാഷാസ്നേഹികളുടെ ഈ കൂട്ടായ്മയില്‍ പെറ്റമ്മയേയും മലയാളത്തേയും സ്നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.വരൂ , നമുക്കൊരുമിക്കാം മലയാളം പൂക്കുന്ന നാളേക്കായ് sureshgaya@gmail.com