2014, ജൂലൈ 22, ചൊവ്വാഴ്ച

ഒരു തൂക്കുപാത്രത്തിൻറെ ഓർമ്മ



                    
ഇക്കോയിഅമ്മാവൻറെ ചായപ്പീട്യയിൽനിന്നും രാവിലത്തെ അരച്ചായയും പുട്ടും പൂളക്കറിയും തിന്ന് കേയംപിലാവിൽ രാഘവൻനായർ എൻറെ വീടിനു മുമ്പിലുള്ള കൊള്ളിനടുത്തെത്തുന്പോഴാണ് എൻറെ ഒരു ദിവസം ആരംഭിക്കുക. ഞങ്ങളുടെ ക്ലോക്കായിരുന്നു രാഘവൻനായർ. തിമർത്തുപെയ്യുന്ന മഴയാണെങ്കിലും സ്കൂളുണ്ടാവും. അന്നത്തെ ദുഷ്ടൻമാരായ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നില്ല. വെള്ളം നിറഞ്ഞുകിടക്കുന്ന വയലും ഉറവവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളും താണ്ടി ഞാനും രാമചന്ദ്രനും രാജീവനും രഘുവും ഷക്കീലയും കൂടി തുരുത്യാട് സ്കൂളിലേക്ക് പ്രയാണം തുടരും. എൻറെ മരക്കുട നനഞ്ഞു വീർത്ത് ഭാരം കൂടി താങ്ങാൻ പറ്റാതായിട്ടുണ്ടാവും. അമ്മാവൻ ഏറെക്കാലം ഉപയോഗിച്ച് പഴകിയതുകാരണം ഉപേക്ഷിച്ച സിബ്ബില്ലാത്ത ബാഗായിരുന്നു എൻറെ സ്കൂൾസഞ്ചി.
കോവിലകംതാഴെ ഒരു തോടുണ്ട്. മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ് കുറുകെയിട്ടിരിക്കുന്ന ഒറ്റത്തെങ്ങിൻറെ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകും. അങ്ങനെയുള്ള ദിവസങ്ങളിൽ രമുണ്ണിക്കുട്ടി മാഷും ദാമോദരൻമാഷും ഗോപാലൻമാഷും പാലത്തിൽ നിരന്നുനിന്ന് അടയ്ക്കാക്കിളി പോലുള്ള ഞങ്ങളെയെടുത്ത് മറുകരയെത്തിക്കും. ഒരു ദിവസം മറുകരയിലെത്തി കുടയും നിവർത്തി പോവുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു കുസൃതിക്കാറ്റ് എൻറെ കുടയെടുത്ത് തോട്ടിലിട്ടു. മുന്നും പിന്നും ആലോചിക്കാതെ ഞാൻ തോട്ടിലേക്ക് എടുത്തുചാടി. ഗോപാലൻമാഷ് കണ്ടതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴിതെഴുതുന്നത്. സ്കൂൾ വിട്ടാലും മാഷന്മാർ കുട്ടികളെ അക്കരെക്കടത്താൻ പാലത്തിനുമുകളിലുണ്ടാവും. ചിലദിവസം മാഷന്മാരുടെ കണ്ണുവെട്ടിച്ച് കോവിലകം താഴെ പുഴയോരത്ത് ചെന്ന് കമുങ്ങിൻ പാലത്തിനു ചുവട്ടിൽ നീർനായകൾ ചാടുന്നത് കാണാൻ പോകും അന്ന് ഇളയച്ഛൻറെ അടി ഉറപ്പാണ്.
ഒരു ദിവസം സ്കൂളിൽ നിന്നു വരുന്നവഴി വയലിലൂടെ നടക്ുകയായിരുന്നു ഞാനും രാമചന്ദ്രനും കൂട്ടരും. വയലിൻറെ കണ്ടി ചാടിക്കടക്കുമ്പോഴാണ് ഞങ്ങളതു കണ്ടത്. നെറ്റ്യാപ്പൊട്ടനും മുഴുവും വിരാലും വയലിലൂടെ അലസസഞ്ചാരം നടത്തുന്നു. വെള്ളം നിറ്ഞതുകാരണം വൈലോപ്പിള്ളി പറഞ്ഞതു പോലെ വയലിൻ ഞരമ്പല്ലാതെയൊന്നു കാണാനില്ല. ഉച്ചക്ക് ഉപ്പുമാവു കഴിക്കാനായി ഞാൻ കൊണ്ടുപോയിരുന്ന അലൂമിനിയത്തിൻറെ തൂക്കു പാത്രം എൻറെ കയ്യിലുണ്ട്. മീൻ പിടിക്കാനായി രാമചന്ദ്രൻ അതെന്നോടു ചോദിച്ചു. ഞാൻ സസന്തോഷം അവനതു കൊടുത്തു.അവൻറെ മീൻപിടുത്തം മിനിറ്റുകളോളം നീണ്ടു. ഒന്നും കിട്ടിയില്ലെടാ എന്ന സങ്കടവുമായി കുറച്ചുനേരത്തിനുശേഷം അവൻ വന്നു.  “തുക്കുപാത്രമെവിടെ?” ഞാൻ ആശങ്കപ്പെട്ടു. “അതവിടെയെങ്ങാനുണ്ട്..പോയെടുത്തോ..” അവൻ നിഷ്കരുണം പറഞ്ഞു. അഭിമാനിയല്ലേ ഞാൻ? “നീ എൻറെ കയ്യിൽ നിന്നു വാങ്ങിയത് നീ തന്നെ തിരിച്ചു തരണം”. ഞാൻ വാശി പിടിച്ചു. പക്ഷേ എൻറെ വാശി വിലപ്പോയില്ല. “പാത്രം നിൻറേത്. വേണമെങ്കിൽ എടുത്തോ” എന്നും പറഞ്ഞ് ആ നീചൻ വീട്ടിലേക്കു വെച്ചു പിടിച്ചു. അഭിമാനിയായ ഞാൻ പാത്രമെടുക്കാതെ വീട്ടിലേക്കു പോയി. മൂത്തമ്മയോട് വിവരങ്ങൽ ധരിപ്പിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. രാമചന്ദ്രൻറെ അച്ഛൻ പെരവറ്റക്കണ്ടി ഉണ്ണിനായരുടെയടുത്ത് ഹരജി ബോധിപ്പിക്കാൻ ഉടനെ തീരുമാനമായി. ഞാനും മൂത്തമ്മയും രാമചന്ദ്രൻറെ വീട്ടിലേക്ക് മാർച്ചുചെയ്തു. ഉണ്ണിനായരോട് സങ്കടം ബോധിപ്പിച്ചു.
കോപാവിഷ്ടനായ ഉണ്ണിനായർ ചോറുകഴിക്കുകയായിരുന്ന രാമചന്ദ്രനെ അതുമുഴുമിപ്പിക്കാനനുവദിക്കാതെ പിടിച്ചെഴുന്നേല്പിച്ചു. ഞങ്ങൾ നാലുപേരും കൂടി  മാർച്ചുചെയ്തു. വയൽവരമ്പിലെല്ലാം തിരഞ്ഞിട്ടും പാത്രം കിട്ടിയില്ല. പിറ്റേന്നുച്ചക്ക് ഉപ്പുമാവുകഴിക്കുന്നതെങ്ങനെയെന്ന ചിന്തയായിരുന്നു എൻറെ മനസ്സിൽ. സമീപത്തുള്ള കടയിൽനിന്നും ഞങ്ങളെ വിളിച്ചത് അപ്പോഴായിരുന്നു. ആരോ ഒരു പാത്രം അവിടെ ഏല്പിച്ചിട്ടുണ്ടത്രേ. ആശ്വാസം! പാത്രം ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്നാണതു സംഭവിച്ചത്. അടുത്തുണ്ടായിരുന്ന അരിപ്പൂച്ചെടിയുടെ വലിയൊരു തണ്ട് ഒടിച്ചെടുത്ത് ഉണ്ണിനായർ രാമചന്ദ്രനെ അടിക്കാൻ തുടങ്ങി. ഒന്നാമത്തെ അടിയിൽതന്നെ അവൻ വേദനകൊണ്ട് പുളഞ്ഞുപോയി. എനിക്കു സന്തോഷമായി. അങ്ങനെത്തന്നെ കിട്ടണം...രണ്ടാമത്തെ അടിയോടെ അവൻ വലിയ വായിൽ കരയാൻ തുടങ്ങി. എനിക്കിപ്പോൾ സങ്കടം വരാൻ തുടങ്ങിയിരിക്കുന്നു! എത്രയായാലും അവൻ എൻറെ കൂട്ടുകാരനല്ലേ..അവനെയിങ്ങനെ കണ്ണിൽച്ചോരയില്ലാതെ അടിക്കാൻ പാടുണ്ടോ?..മൂന്നാമത്തെ അടി വീണതോടെ ഞാനും അവനും ഒപ്പമാണ് കരഞ്ഞത്. അതോടെ ഉണ്ണിനായർ അടി നിർത്തി.
ഞാനും രാമചന്ദ്രനും തോളിൽ കയ്യിട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്...മൂത്തമ്മയും ഉണ്ണിനായരും കുറച്ചുകാലം പിണങ്ങിനടന്നു എന്നാണെൻറെ ഓർമ്മ.
വർഷങ്ങൾ കടന്നുപോയി..കഴിഞ്ഞവർഷം രാമചന്ദ്രൻറെ ഗൃഹപ്രവേശമായിരുന്നു. അവൻ വീട്ടിൽ വന്ന് എന്നെ ക്ഷണിച്ചു. ഞാൻ കുടുംബസമേതം പോയി. അവന് എന്താണ് സമ്മാനം കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല...ഒരു തൂക്കു പാത്രം!!. അവനും അത് ഇഷ്ടപ്പെട്ടിണ്ടാവുമെന്ന് ഞാൻ കരുതുന്നു.....