2010, ഡിസംബർ 25, ശനിയാഴ്‌ച

ഷിംലയുടെ ഓര്‍മ്മ

അറിയാത്ത ദേശങ്ങളിലേക്ക് ഉദ്വേഗത്തിന്റെയും പ്രതീക്ഷയുടെയും കൗതുകത്തിന്റെയും കണ്ണുകളുമായി സഞ്ചരിക്കുന്നത് എന്നുമെനിക്ക് ആവേശമായിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ ടെറിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തു. ഡല്‍ഹി,ആഗ്ര, ഷിംല,അമൃത്സര്‍,ചണ്ഡീഗഡ്,വാഗ..... റിയാസ് ടിക്കറ്റുകള്‍ നേരത്തെതന്നെ റിസര്‍വ് ചെയ്തു. ഒക്ടോബര്‍ 24 ന് 3.30 ന് മംഗള എക്‌സ്പ്രസ്സില്‍ മുന്‍വര്‍ഷത്തെ യാത്രയുടെ ആധികാരികതയുമായി ഞങ്ങള്‍ യാത്രതിരിച്ചു. സമ്മേളനവും ഡല്‍ഹി,ആഗ്ര യാത്രകളും കഴിഞ്ഞ് 31 രാത്രി 8 മണിക്ക് പഴയദില്ലി റയില്‍വേ സ്റ്റേഷനില്‍നിന്ന് കല്‍ക്കയിലേക്കുള്ള തീവണ്ടിയില്‍ കയറി. നവംബര്‍ ഒന്നിന് രാവിലെ 4.30ന് തീവണ്ടി കല്‍ക്കയില്‍എത്തി. അവിടെ ഞങ്ങള്‍ക്കുള്ള അഞ്ചു ബോഗികളുള്ള കൊച്ചു തീവണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. 6.30 ന് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന നേരിയ മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തീവണ്ടി മെല്ലെമെല്ലെ നീങ്ങി. വിസ്മയങ്ങുടെ പുതിയൊരു ലോകത്തേക്കാണ് ആ യാത്രയെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയിരുന്നില്ല. റിയാസ്,അജയന്‍,ജെ.പി,അനില്‍,ജലീല്‍,മോഹന്‍ദാസ്,നൗഫല്‍,പ്രബീത്,സജീഷ്,ഷൈജു,ബ്രിജേഷ്,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കൗതുകക്കണ്ണുകള്‍ പുറമേക്ക് മേയാന്‍ വിട്ടുകൊണ്ട് തീവണ്ടിയുടെ ചില്ലു ജാലകത്തിനരികെ കാത്തിരുന്നു. ഞങ്ങളുടെ ക്യാമറ മിഴിപൂട്ടിയില്ല.



കോടമഞ്ഞ് കോടി പുതപ്പിച്ച പൈന്‍ മരങ്ങളില്‍ പ്രഭാതസൂര്യന്‍ ആദ്യചുംബനം അര്‍പ്പിച്ചുകൊണ്ടിരുന്നു... അങ്ങകലെ മഞ്ഞിന്‍ കമ്പളം പുതച്ചുകൊണ്ട് മയക്കത്തില്‍നിന്ന് ഉണരാന്‍ കൂട്ടാക്കാതെ പര്‍വ്വതനിരകള്‍ ദൃശ്യമായി...2.6 അടിമാത്രം വീതിയുള്ള റെയില്‍വേ ട്രാക്കിലൂടെ തീവണ്ടി താളാത്മകമായി നീങ്ങിക്കൊണ്ടിരുന്നു.ഹിമാലയ പര്‍വ്വതനിരകളെ അനുസ്മരിപ്പിക്കും വിധം അതിന്റെ ഉപ പര്‍വ്വതങ്ങള്‍ തട്ടുതട്ടായി ദൃശ്യമായിത്തുടങ്ങി.സ്വര്‍ണ്ണമുരുക്കിയൊഴിച്ചതുപോലെ പര്‍വ്വതശീര്‍ഷങ്ങളില്‍ വെയില്‍നാളങ്ങള്‍ ശയിച്ചു.വണ്ടി തുരങ്കങ്ങളും പാലങ്ങളും കടന്ന് ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. വല്ലപ്പോഴും ചില സ്‌റ്റേഷനുകളില്‍ വണ്ടി നിന്നു. ആളുകള്‍ കയറാനോ ഇറങ്ങാനോ ഉണ്ടായിരുന്നില്ല. പ്രാചീനതയുടെയും പ്രകൃതി സൗന്ദര്യത്തിന്റേയും അപൂര്‍വ്വമേളനങ്ങളായിരുന്നു ഓരോ സ്‌റ്റേഷനും.ഒരിടത്തിറങ്ങി ഞങ്ങള്‍ ചൂടുള്ള പൂരിയും കറിയും കഴിച്ചു.നല്ല രുചി.വിലയോ മൂന്ന് പൂരിക്കും കറിക്കും വെറും പത്തുരൂപ!


1910 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക-ഷിംല റയില്‍വേക്ക് 2008 ജൂലൈ 10 ന് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കി.ഹിമാലയ പര്‍വ്വത നിരകളില്‍ ആദ്യമായി ആധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ചത് ഇവിടെയായിരുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനം ഷിംലയായിരുന്നു. 1.6 ലക്ഷം ജനസംഖ്യയുള്ള ഷിംല ഇപ്പോള്‍ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമാണ്.


തീവണ്ടി ഓരോ വളവുകളും തുരങ്കങ്ങളും പിന്നിടുമ്പോള്‍, പ്രകൃതി ഒരുക്കിവച്ച വശ്യസൗന്ദര്യം ഞങ്ങളെ ആവേശിച്ചു കൊണ്ടിരുന്നു. പൈന്‍മരങ്ങളും ദേവതാരു വൃക്ഷങ്ങളും  അതിരിട്ട പാതയിലൂടെ 48 ഡിഗ്രി ചെരിവില്‍ തീവണ്ടി പതിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. മലമടക്കുകളില്‍ ഒട്ടിച്ചുവച്ചപോലെ വെളുത്ത നിറത്തില്‍ കെട്ടിടങ്ങള്‍ കാണായി. ആയിരക്കണക്കിനു കിലോമീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ കാനനപ്രദേശങ്ങള്‍ നിഗൂഢമായ ഏതോ രഹസ്യം ഒളിപ്പിച്ചെന്നപോലെ നീണ്ടു കിടന്നു. അനേകം അടി താഴ്ച്ചയിലൂടെ ഉറുമ്പരിച്ചു നീങ്ങുന്ന വാഹനങ്ങള്‍, പൂത്തുനില്‍ക്കുന്ന ചെടികള്‍,അകലെയുള്ള പര്‍വ്വതങ്ങളില്‍നിന്ന് നൂലുപോലെ താഴോട്ടു പതിക്കുന്ന നീര്‍ച്ചോലകള്‍..... ഞങ്ങളുടെ ഹൃദയം അപൂര്‍വ്വവും അവാച്യവുമായ കാഴ്ചകളുടെ മാസ്മരിക സൗന്ദര്യത്തിനു മുമ്പില്‍ പലപ്പോഴും നിശ്ശബ്ദമായി.പ്രകൃതി ഒരുക്കിവച്ച ഈ സൗന്ദര്യസഞ്ചയത്തിനു മുമ്പില്‍ കൈകൂപ്പാത്തവര്‍ ആരുണ്ട്?


ഞങ്ങളെ വിസ്മയിപ്പിച്ചമറ്റൊരു കാര്യം പ്രകൃതിയെ കീഴടക്കി മനുഷ്യന്‍ നേടിയ വിജയമായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പൈതൃകത്തീവണ്ടി!!...










96 കി.മീ.ദൈര്‍ഘ്യമുണ്ട് ഈ റെയില്‍പ്പാതക്ക്.സമുദ്ര നിരപ്പില്‍ നിന്ന് 640 മീറ്റര്‍ ഉയരത്തില്‍ നിന്ന് 2060 മീറ്റര്‍ ഉയരത്തിലേക്ക് ഒരു മലയില്‍ നിന്ന് മറ്റൊന്നിലേക്കായി അത് കയറിപ്പോകുന്നു.തീവണ്ടിയില്‍ സമതലങ്ങളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച നമുക്ക് അതൊരു പുതിയ അനുഭവമായിരിക്കും. 103 തുരങ്കങ്ങള്‍ പിന്നിട്ടാണ് വണ്ടി ഷിംലയില്‍ എത്തുക.2.8 കി.മീ.ദൈര്‍ഘ്യമുള്ള ബറോഗ് തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ നിന്ന് കെട്ടിപ്പൊക്കിയ 800 പാലങ്ങള്‍ക്കു മുകളിലൂടെയാണ് ഈ വണ്ടിയുടെ സാഹസിക യാത്ര.900 വളവുകളും അഞ്ച് മണിക്കൂര്‍ യാത്രക്കിടയില്‍ ഇത് താണ്ടും. 11.30 ന് ഷിംല റയില്‍വേസ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോള്‍ വിസ്മയകരമായ ഒരു യാത്രയുടെ അവസാനമുള്ള നഷ്ടബോധം എന്നെ അലട്ടിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരമടി ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങളുടെ നില്‍പ്പ്. റയില്‍വെസ്റ്റേഷന്റെ വേലിക്ക് അപ്പുറത്ത് അ്ഗാധമായ ഗര്‍ത്തം! അപ്പുറത്ത് മടക്കുമടക്കായി കിടക്കുന്ന മലനിരകളില്‍ ഷിംല പട്ടണം! സ്റ്റേഷനില്‍നിന്ന് കുത്തനെ കയറിയാല്‍ റോഡിലെത്താം. വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളുമുള്ളതുമായ റോഡുകളാണ് എല്ലായിടത്തും. അനേകം മടക്കുകളുള്ള മലനിരകളില്‍ ഭൂപ്രകൃതിക്ക് ഒരുകോട്ടവുമുണ്ടാക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍... കേരളത്തിന്റെ ദേശീയമൃഗമായ ജെ.സി.ബി.യുടെ നഖസ്പര്‍ശം ഏല്‍ക്കാത്ത ഭൂപ്രകൃതിയുടെ കന്യകാത്വം തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കാതിരിക്കില്ല.


ഷിംല റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴേക്കും നമ്മെ വലവീശിപ്പിടിക്കാന്‍ ടൂറിസ്റ്റ് ഹോമുകളുടെ ദല്ലാളന്മാര്‍ എത്തും. 13 പേര്‍ക്കുള്ള താമസവും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സന്ദര്‍ശനവുമുള്‍പ്പെടെ 3800 രൂപയാണ് ഹോട്ടല്‍ ബന്‍സാരയുടെ ഉടമകള്‍ ഞങ്ങളോട് ഈടാക്കിയത്.പ്രതീക്ഷിച്ചതിനേക്കാളും എത്രയോ കുറവ്. കുത്തനെയുള്ള ഒരുകയറ്റത്തിന്റെ മുകളിലാണ് ഹോട്ടല്‍ ബന്‍സാര.കയറിയെത്താന്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. വഴിയില്‍ കണ്ട DYFI യുടെ പോസ്റ്റര്‍ ഞങ്ങളില്‍ കൗതുകമുണ്ടാക്കി. ഉച്ചക്കു ശേഷം കാഴ്ച്ച കാണാനിറങ്ങി. ഗ്രീന്‍ വാല്ലിയിലാണ് ആദ്യം പോയത്. അദ്ഭുതകരമായിരുന്നു ആ കാഴ്ച്ച. ഒരു താഴ് വര മുഴുവന്‍ ദേവതാരു   മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. കടലുപോലെ പരന്നു കിടക്കുന്ന ദേവതാരു   മരങ്ങള്‍  ‍!! നാം വിസ്മയത്തിന്റെ ഏതോ കൊടുമുടിയില്‍ നിന്ന് അദ്ഭുതക്കാഴ്ച്ചയുടെ അനന്തമായ മായികലോകത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നു....പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കി വച്ച ഈ സൗന്ദര്യങ്ങള്‍ ഇനിയെത്രകാലം? വഴിയരികില്‍ അമൂല്യമായ കുങ്കുമമെന്ന് പറഞ്ഞ് എന്തോ പൊടി വില്‍ക്കുന്നു. ഷിംലയിലായാലും പൊട്ടത്തരത്തിന് കുറവില്ലല്ലോ.റിയാസും സജീഷും ആ പൊടി സ്വന്തമാക്കി...


കുഫ്രി എന്ന കുതിരസവാരി കേന്ദ്രത്തിലേക്കായിരുന്നു അടുത്ത യാത്ര.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സ്ഥലം ഷിംലയില്‍ നിന്ന് 16 കി.മീ. അകലെയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 2510 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. നേരിയ തണുപ്പ് ഞങ്ങളെ ആവരണം ചെയ്തിരുന്നു. പലരും തൊപ്പിയും ജാക്കറ്റും അണിഞ്ഞിരുന്നു. 250 രൂപ കൊടുത്താല്‍ നിങ്ങളെ കുതിരപ്പുറത്തു കയറ്റി ഏകദേശം രണ്ടര കി.മീ.ദൂരത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കും. ഞാന്‍ ആദ്യമേ തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍ കൂടെ എപ്പോഴും ആളുണ്ടാവുമെന്നു പറഞ്ഞപ്പോള്‍ ഒരു കൈ നോക്കാം എന്ന് കരുതി. അനിയും തയ്യാറായി. ആഹ്ലാദത്തോടെ തുടങ്ങിയ യാത്ര കുതിര ചലിക്കാന്‍ തുടങ്ങിയതോടെ ആകെ പൊല്ലാപ്പിലായി. ജേപ്പിയുടെ മരണവെപ്രളത്തോടെയുള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു! കുണ്ടും കുഴിയും നിറഞ്ഞ കാട്ടു പാത..നിറയെ ഉരുളന്‍ കല്ലുകള്‍...കുത്തനെയുള്ള ഇറക്കം,കയറ്റം..ഒരുഭാഗത്ത് അഗാധമായ ഗര്‍ത്തം!! ഈ അപകടകരമായ വഴിയിലൂടെയായിരുന്നു കുതിരകളുടെ യാത്ര... അവ ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുമ്പോഴും ഗര്‍ത്തത്തിന്റെ അറ്റത്തുള്ള പാറക്കല്ലുകളില്‍ കാല്‍ വെക്കുമ്പോഴും മറ്റു കുതിരകളുടെ തള്ളലില്‍ ഗര്‍ത്തത്തിനരികിലേക്ക് പെട്ടെന്ന് ഓടുമ്പോഴും ജെ.പി.യുടെ ദീനവിലാപം അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. മരണം തൊട്ടുമുന്നില്‍ കണ്ട ഒരു വൃദ്ധന്റെ അവസാനവിലാപം പോലെയായിരുന്നു അവന്റെ കരച്ചില്‍. വികൃതികളായ ചില കുതിരകളുടെ പുറത്തു കയറിയ പലരുടേയും നില ഇതുതന്നെയായിരുന്നു.പക്ഷേ കരഞ്ഞില്ലെന്നു മാത്രം. തിരിച്ചു വരുമ്പോള്‍ പഴശ്ശി രാജയിലെ ശരത്കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ച് റിയാസും ഏതോ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാന്‍ശ്രമിച്ച് ബ്രിജേഷും താഴെ വീണു...എങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി ഈ കുതിരപ്പേടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നത് ഉറപ്പ്...


1500 കുതിരകള്‍ സഞ്ചാരികളെ കാത്ത് അവിടെയുണ്ടായിരുന്നു. സീസണ്‍കാലത്ത് 5000 കുതിരകള്‍ ഉണ്ടാവുമത്രേ! മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ് കുതിര യാത്ര അവസാനിപ്പിക്കുക. പര്‍വ്വതമൃഗമായ യാക്കിനെ അവിടെ കണ്ടു. കുറച്ചു ദൂരം ചെന്നാല്‍ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം.


റിഡ്ജ് എന്ന ഷിംലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തേക്കായിരുന്നു വൈകുന്നേരത്തെ യാത്ര. നിയോ-ഗോതിക് ശൈലിയിലുള്ള ക്രിസ്ത്യന്‍ പള്ളിയും വ്യൂ പോയന്റുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഇവിടെ നിന്നാല്‍ ദീപാലങ്കൃതമായ ഷിംല പട്ടണം മുഴുവന്‍ കാണാം. ഷിംല അതിന്റെ ഭൂമിശാസ്ത്രപരമായ ഘടനകൊണ്ടു തന്നെ ഒരു വികേന്ദ്രീകൃത നഗരമാണ്. തട്ടുതട്ടായി കിടക്കുന്ന കെട്ടിടങ്ങളും നിരത്തുകളും. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളും നിരത്തുകളും തെരുവുകളും...പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാണിവിടം.നമ്മെപ്പോലെ വാചകമടിയിലല്ല, പ്രവൃത്തിയിലാണ് ഇവര്‍ക്കു താല്പര്യം.കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ തീരെയില്ല. കടകളില്‍ വിലപേശലില്ല,കടക്കാര്‍ക്ക് ആര്‍ത്തിയുമില്ല. ശാന്തസ്വഭാവികളായ ജനങ്ങള്‍...ഷിംലയില്‍ കള്ളന്മാരില്ല എന്നു കേട്ടിട്ടുണ്ട്, ശരിയായിരിക്കാം. ഇന്ത്യന്‍ കോഫി ഹൗസ് കണ്ടപ്പോള്‍ നാടിനെ ഓര്‍മ്മവന്നു.ഭക്ഷണം ഇവിടെത്തന്നെ! നല്ല രുചിയുള്ള മസാലദോശയും എഗ്ഗ് ദോശയും കഴിച്ചു.രാത്രിയിലെ കൊടും തണുപ്പില്‍ ഹോട്ടല്‍ ബന്‍സാരയില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍കല്യാണവീട്ടിലെ ജനറേറ്ററിനടുത്തു കിടക്കുന്ന പ്രതീതി ! ജലീല്‍മാഷ് കൂര്‍ക്കംവലിയുടെ പര്‍വ്വത ശൃംഗങ്ങള്‍ കീഴടക്കുകയാണ്!! 
അതിരാവിലെ ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ചണ്ഡീഗഡിലേക്കു തിരിക്കുമ്പോള്‍ ഒരു   നഷ്ടബോധം ഞങ്ങളെ എല്ലാവരേയും പിടികൂടിയിരുന്നു... ചണ്ഡീഗഡ് വിശേഷങ്ങള്‍ പിന്നീട്....