2011, മേയ് 29, ഞായറാഴ്‌ച

സാംസ്‌കാരിക കേരളം ജാഗ്രത പാലിക്കുക

നമ്മുടെ സംസ്‌കാരത്തിന്റെ ഊര്‍ജ്ജപ്രവാഹമായ മാതൃഭാഷ പതിറ്റാണ്ടുകളായി അവഗണനയുടെ കുപ്പത്തൊട്ടിയില്‍ കിടക്കുകയായിരുന്നു.മലയാളത്തില്‍ എഴുതി വിശ്വപ്രസിദ്ധരായവര്‍ക്കോ,മലയാളത്തില്‍ പ്രംസംഗിച്ച് ഊറ്റംകൊണ്ടവര്‍ക്കോ,മലയാളത്തില്‍ പേനയുന്തിയ മാധ്യമങ്ങള്‍ക്കോ,മലയാളത്തില്‍ അവതാരദൗത്യം നിര്‍വ്വഹിക്കുന്ന ചാനലുകള്‍ക്കോ മലയാളത്തില്‍ സിനിമപിടിക്കുന്ന വേന്ദ്രന്‍മാര്‍ക്കോ മലയാളം മലയാളം എന്ന് നൂറ്റൊന്നാവര്‍ത്തി ഉരുവിടുന്ന രാഷ്ട്രീയ സിംഹങ്ങള്‍ക്കോ ലോകത്തില്‍ ഒരുഭാഷയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുര്‍ഗതി നേരിട്ട മലയാളത്തെക്കുറിച്ച് വേവലാതിയില്ലായിരുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് എല്ലാവരുംചേര്‍ന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡംവെക്കാന്‍ മത്സരിച്ചു.ചാനലുകള്‍ മലയാലത്തില്‍ മൊഴിഞ്ഞു...രാഷ്ട്രീയ കേസരികള്‍ മലയാളത്തില്‍ നിയമസഭയില്‍ ഘോരഘോരം പ്രസംഗിച്ചു. മലയാളം രക്ഷപ്പെട്ടില്ല...മാതൃഭാഷ പഠിക്കാത്ത;മാതൃഭാഷയിലൂടെ പഠിക്കാത്ത കേരളത്തിലെ കുഞ്ഞുങ്ങള്‍ അവരുടെ സൂക്ഷ്മജീവിത പരിസരത്തില്‍ നിന്നും അകന്നുപോയി.മാതൃഭാഷ തകര്‍ന്നാല്‍ ഒരു സംസ്‌കാരം തകരുമെന്ന നിരീക്ഷണം കേരളത്തിന്റെ ദരിദ്രമായ സാമൂഹ്യജീവിതം തെളിയിച്ചു....മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്വന്തം ഭാഷയുടെ ദയനീയമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചു. ക്ലാസ്സിക്ക് പദവിക്കു വേണ്ടി ദല്‍ഹിയില്‍ പാടുകിടന്നവര്‍ക്ക് സ്വന്തംനാട്ടില്‍ മാതൃഭാഷ ഇപ്പോഴും രണ്ടാം ഭാഷയാണ് എന്നതില്‍ ഒട്ടും ലജ്ജതോന്നിയില്ല. ഭരണഭാഷ മലയാളമാക്കണമെന്ന് പതിറ്റാണ്ടുകളായി നമ്മള്‍ തീരുമാനിച്ചതാണ്. കൊളോണിയല്‍ അടിമത്തത്തിന്റെ പ്രേതംബാധിച്ച നമ്മള്‍ ഇപ്പോഴും സ്വന്തം മലയാളി പ്രജകളെ സായിപ്പിന്റെ ഭാഷയില്‍ ഭരിച്ചുമുടിക്കുന്നു.മാവേലി സ്റ്റോറിലെ ബില്ലു പോലും ഇംഗ്ലീഷില്‍!!..

നിയമസഭയില്‍ മാതൃഭാഷാ പഠനം സംബന്ധിച്ച് ചോദ്യമുയര്‍ന്നു.മുഖ്യമന്ത്രിക്ക് കാര്യം ബോധ്യമായി..അങ്ങനെ നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011 മെയ് 6 ന് ചരിത്രപ്രസിദ്ധമായ ആ ഉത്തരവിറങ്ങി. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.മറ്റൊരു ഭാഷയേയും പോറലേല്‍പ്പിക്കാതെ മാതൃഭാഷ പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവിലുണ്ട്.മലയാളത്തിന്റെ നവോത്ഥാനത്തിന് കേരളം കാതോര്‍ത്തു.മാതൃഭാഷ മെല്ലെ മിടിച്ചു തുടങ്ങി....എന്നാല്‍ ആ ഉത്തരവിന്റെ കഴുത്തില്‍ കോടാലി വീഴാന്‍ പോകുന്നു.. ഉത്തരവ് പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരിക്കുന്നു. ഐ.ടിക്കാരും മറ്റു ഭാഷാധ്യാപകരും രംഗത്തിറങ്ങിയിരിക്കുന്നു..സ്വന്തം പെറ്റമ്മയുടെ കഴുത്തറുക്കുന്നത് നാം കാണേണ്ടി വരുമോ? നാമതിനു കൂട്ടു നില്‍ക്കണോ? മെല്ലെ മെല്ലെ മിടിച്ചുതുടങ്ങിയ ആ പേലവഹൃദയം പിച്ചിച്ചീന്താന്‍ നാം അനുവദിക്കണമോ?....സാംസ്‌കാരിക കേരളമേ ഉണരൂ....നമ്മുടെ സ്വന്തം മലയാളത്തിനായി നമുക്കൊന്നിക്കാം......