2010, മാർച്ച് 4, വ്യാഴാഴ്‌ച

അനാഥ പ്രണയങ്ങള്‍....

മനസ്സില്‍ വേപഥു കോറിക്കടന്നു പോകുന്ന പ്രണയ കാലത്തിന്‌ നമ്മുടെ യുവാക്കളും യുവതികളും എന്നാണ്‌ അവധികൊടുത്തത്‌? ഉലയിലൂതിയ പൊന്നുപോലെ തെളിയുന്ന അനുരാഗം നമുക്ക്‌ വര്‍ണചിത്രത്തിലെ കാഴ്ചമാത്രം. നമ്മളെല്ലാം പ്രണയത്തെ ഉമിനീരായി കാണുന്നവരായി മാറിയിരിക്കുന്നു. കൃഷ്ണമണിയുടെ കറുപ്പുള്ള കവിതയില്‍ നിന്നും വാചാലമായ കഥകളില്‍ നിന്നും പ്രണയം അപ്രത്യക്ഷമായിരിക്കുന്നു. ഹൃദയത്തില്‍ നീരുറവ സൂക്ഷിച്ചവര്‍മാത്രം തെരുവില്‍ അനാഥമായലയുന്ന പ്രണയത്തെക്കുറിച്ച്‌ വ്യാകുലപ്പെടുന്നു. ആരാണതിനെ സ്വന്തം വിരല്‍ത്തുമ്പില്‍ കൂട്ടിക്കൊണ്ടു വരിക?നമ്മുടെ കുടക്കീഴില്‍ ഒരാളെക്കൂടി?സൂര്യകാന്തികള്‍ക്കു പോലും നഖങ്ങളും ദംഷ്ട്രകളുമുള്ള ഇക്കാലത്ത്‌ പ്രണയവും മറ്റൊരു കാലത്ത്‌ കുടിക്കാനുള്ള പാനീയമായി മാറ്റിവയ്ക്കപ്പെടുകയാണോ? ജാനകി ,ഹാ, ഇവള്‍ക്കു വേണ്ടി ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാനൊരാമ്പല്‍പ്പൂ പറിച്ചിരുന്നു എന്ന നഷ്ടബോധമാകുന്നു നമുക്ക്‌ പ്രണയം.സ്ഥിരമാം സ്നേഹമനാഥമൂഴിയില്‍ നമുക്ക്‌ ഉന്നയിക്കാനുള്ള തത്വനിരകളും ന്യായീകരണവുമായി മാറുന്നു.പ്രണയം എല്ലാവര്‍ക്കും ഓര്‍മ്മ മാത്രമാകുന്നു. പ്രായോഗിക ജീവിതത്തിണ്റ്റെ വാതിലിനു പുറത്ത്‌ തകര്‍ന്ന ഹൃദയവുമായി തിരിച്ചു പോകുന്നവള്‍(ന്‍) പ്രണയം.... പ്രണയം എന്നെ ചെറുതാക്കുന്നുവെങ്കില്‍ ഞാനൊരു മണല്‍ത്തരിയോളമാകട്ടെ എന്നു പിറുപിറുത്തവന്‍ നമുക്കു കോമാളി. നീ മറ്റാരെപ്പോലെയുമല്ല,കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞവന്‍ നമുക്കു ഭ്രാന്തന്‍: അഹിതമായതു ചൊന്നവന്‍...നമുക്കിന്നും പ്രണയമൊരു കുറ്റം..നാലാളറിഞ്ഞാല്‍ നാണിക്കേണ്ട അശ്ളീലം!....നാമെല്ലാം നരവന്ന്‌ വൃദ്ധരായല്ലോ. പക്വമതികള്‍ക്കെങ്ങനെ ഇന്നു വരും നാളെവരും എന്ന പ്രതീക്ഷയോടെ, സ്നേഹവും കാലവും ദൂരവും പ്രേമഭാജനത്തിണ്റ്റെ സാന്നിധ്യം ആഗ്രഹിക്കുന്നു എന്ന്‌ പറയാനാകും?ചൂരല്‍ക്കൊട്ടകള്‍ നിറച്ചും ഉമ്മകളുമായി മലയിറങ്ങവരുന്ന പ്രണയം താഴ്‌ വാരത്തിലെ ചതുപ്പുകളിലെവിടെയോ നഷ്ടപ്പെടുന്നു....... പ്രണയം നിലനില്‍പ്പല്ല, നഷ്ടപ്പെടലാണ്‌.കവികള്‍ക്കെല്ലാം ഭൂതകാലത്തിലെ ചക്രവര്‍ത്തി മാത്രം പ്രണയം...പകലുകള്‍ക്കും കവിതകള്‍ക്കുമിടയില്‍നിന്ന്‌ ഇലമുളച്ചിയെപ്പോലെ പൊട്ടിപ്പൊട്ടി മുളയ്ക്കുന്ന പ്രണയസ്മരണകള്‍ ഇറവെള്ളമായി ആര്യവേപ്പിന്‍ ചുവട്ടിലൂടെ ചിരിച്ചു പുളഞ്ഞൊഴുകുന്നതെന്നാണെന്ന്‌ കവി കാത്തിരിക്കുന്നു...പ്രണയം നിത്യമൂകമായിരിക്കട്ടെ എന്ന നിഗൂഢതയാണ്‌..... സ്നേഹമെന്നു നാം ഓമനപ്പേരിടുന്നത്‌ രണ്ടുപേരുടെസ്വാര്‍ത്ഥതയാണെന്ന്‌ കവി തിരിച്ചറിയുന്നു. പ്രണയത്തിണ്റ്റെ കുങ്കുമത്തരിപുരണ്ട ചിദംബര സന്ധ്യകള്‍ മറവിയില്‍ മാഞ്ഞുപോയതായി കവി പരിതപിക്കുന്നു. വൃദ്ധരാവാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ മധുരപാനീയങ്ങള്‍ നാം മറന്നുപോകുന്നു. ആദമും ഹവ്വയുമാണ്‌ പ്രണയത്തിണ്റ്റെ ആദിമാതൃകകള്‍.പക്ഷേ പ്രണയം നമുക്കിന്നും ഒരു അശ്ളീലമാണ്‌. അഭിമാനികള്‍ക്ക്‌ അഹിതമാണ്‌ പ്രണയമെന്ന്‌ സാമാന്യമതം..... ആര്‍ദ്രത മുഴുവന്‍ വറ്റിപ്പോയ നമ്മുടെ ജിവിതത്തിലേക്ക്‌ ഒളിച്ചു വന്നിരുന്ന പ്രണയത്തിണ്റ്റെ നിലാവ്‌ എവിടെവച്ചാണ്‌ മറഞ്ഞുപോയത്‌? നിദ്രയില്‍ നീ കണ്ട സ്വപ്നങ്ങള്‍ എണ്റ്റെയും സ്വപ്നങ്ങളായിരുന്നു എന്ന താദാത്മ്യമായിരുന്നു പ്രണയം. പ്രണയം തലചായ്ച്ചുറങ്ങാനുള്ള മടിത്തട്ടാകുന്നു. മിഴികളില്‍ പൊടിഞ്ഞുനില്‍ക്കുന്ന ഒരു അശ്രുബിന്ദുവും അതേറ്റു വാങ്ങാനുള്ള ഹൃദയവുമാകുന്നു. പ്രണയത്തിണ്റ്റെ തളിരുപോലുള്ള ആ പഴയ ശബ്ദമെവിടെ? കുറ്റബോധങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയിലൂടെ ആരും വിളിക്കായ്കയാല്‍ വിതുമ്പിക്കരഞ്ഞുകൊണ്ട്‌ ഭയത്തോടെ നടന്നു പോകുന്നത്‌, അതേ, അത്‌ പ്രണയമാണ്‌......നുകര്‍ന്നതിനു ശേഷം പുറത്താക്കപ്പെട്ട അഭിസാരികയാണല്ലോ പ്രണയമെന്നും..... അര്‍ബുദം പോലെ ഹൃദയത്തില്‍ പടര്‍ന്നേറി കീഴ്പ്പെടുത്തുന്ന ക്രൂരതയാണ്‌ പ്രണയമെന്ന്‌ കവി. നമുക്ക്‌ പ്രണയകവിതകള്‍ വായിച്ച്‌ പ്രണയരഹിത ജീവിതം നുണയാം.കള്ളക്കുട്ടികളൂണുകഴിഞ്ഞൊരു കയ്യു മുഖത്തു മണപ്പിക്കും.... ഹൃദയരമണന്‍മാര്‍(രമണിമാരും) സങ്കല്‍പലോകമല്ലീയുലകം എന്നാണയിട്ട്‌ ഈ കൊഴുത്ത ചവര്‍പ്പൊക്കെ കുടിച്ചു വറ്റിക്കട്ടെ!മുന്തിരിച്ചാറു കൊതിക്കാത്ത ചന്ദ്രികയും രമണന്‍മാരും എന്നിനി ജനിക്കും?ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എനിക്കു ഭയമുണ്ട്‌.ഈ ആധുനികോത്തര കാലത്ത്‌ പ്രണയനിരോധിത മേഖലയായ യുവമനസ്സുകളില്‍ പ്രണയത്തെക്കുറിച്ച്‌ ആലോചിക്കുന്നവര്‍ പോലും ക്രൂശിക്കപ്പെടേണ്ടവനാണല്ലോ. പ്രണയം എത്രവേഗമാണ്‌ സുഹൃത്തുക്കളേ മലിനമായിക്കൊണ്ടിരിക്കുന്നത്‌!! ഈ മാലിന്യം ജീവിതത്തിണ്റ്റെ ഏതു കുപ്പത്തൊട്ടിയില്‍ നാം നിക്ഷേപിക്കും?! (വരികള്‍ തന്നതിന്‌ എണ്റ്റെ പ്രിയ കവികള്‍ക്ക്‌ നന്ദി)