2014, ജൂലൈ 28, തിങ്കളാഴ്‌ച

പാറയ്ക്കുമുകളിൽ കുടുങ്ങിയ കഥ


കിഴക്കേലെ താഴത്തെ തോട്ടിൻകരയിലൂടെയാണ് തുരുത്യാട് സ്കൂളിലേക്കുള്ള യാത്ര. ഒരു സംഘമുണ്ടാകും കൂട്ടിന്. മഴക്കാലത്താണ് രസം. ചെളിയും വെള്ളവും ചവിട്ടി മത്സ്യം,തവള,നീർക്കോലി തുടങ്ങിയ ജലജീവികളോട് കിന്നാരം പറഞ്ഞുകൊണ്ടുള്ള യാത്ര വല്ലാത്ത  ഒരു അനുഭവമാണ്. ഇന്ന് മക്കളെയും കൂട്ടി ആ വഴികളിലൂടെ അല്പദൂരം നടന്നു. കെട്ടിനിൽക്കുന്ന ചെളിവെള്ളം പഴയ കൗതുകത്തോടെ തന്നെ ചവിട്ടിനടന്നു. കുട്ടിക്കാലത്തെ എൻറെ പേടിസ്വപ്നമായിരുന്ന ആശാരി ഗോപാലേട്ടൻ അരിയൻറെ കുമിട്ടിപ്പീടികയിൽ പത്രം വായിച്ചിരിക്കുന്നു! എന്നെ മനസ്സിലായതേയില്ല. മൂപ്പർക്ക് കാലം വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനാകട്ടെ കഷണ്ടികയറി, താടി നരച്ച് കണ്ടാലറിയാതായി. പഴയകാര്യങ്ങളും പറഞ്ഞ് അല്പനേരമിരുന്നു. മക്കളെക്കൂട്ടാതെ ഒറ്റയ്ക്കൊന്നു പോണം ഇനി.
സ്കൂളിൽ, ഉച്ചക്ക് ഉപ്പുമാവ് തിന്നു കഴിഞ്ഞാൽ കള്ളനും പോലീസും കളിയാണ് പ്രധാനം. താക്കോലുപോലെ ഇത്തിരിപ്പോന്ന ഞാൻ എപ്പോഴും കള്ളൻ തന്നെ. പോലീസാവാൻ തടിമിടുക്കുള്ള വേറെയാളുകളുണ്ട്. എത്ര കരഞ്ഞുപറഞ്ഞിട്ടും എന്നെ പോലീസിലെടുത്തില്ല. കള്ളനായി മടുത്തഞാൻ ഒരുദിവസം കടുത്ത നിലപാടെടുത്തു. ഇനി കളിക്കില്ല.. അങ്ങനെയാണ് ബാബുവിൻറെ കാരുണ്യത്തിലും സൗജന്യ മനോഭാവത്തിലും ഞാൻ ഒരു വെള്ളിയാഴ്ച്ച ഉച്ചക്ക് പോലീസായി അവരോധിക്കപ്പെട്ടത്!! കളളനാവാമെന്ന് ബാബു ഉദാരനായി. അവൻ സ്കൂൾ പരിസരമാകെ കള്ളനായി ഓടിനടന്ന അവനെ പിടിക്കാൻ കിട്ടാതെ പോലീസായ ഞാൻ വശംകെട്ടു. എൻറെ അഭിമാനം തകർന്നു തരിപ്പണമാവാൻ തുടങ്ങി.
പെട്ടെന്നാണ് അവൻ ആ ധീരകൃത്യം ചെയ്തത്...തുരുത്യാട് സ്കൂളിൻറെ പുറകിൽ വലിയൊരു പാറയുണ്ട്. അതിൻറെ മറവിലാണ് പെൺകുട്ടികൾ മൂത്രമൊഴിക്കുക. മൂത്രപ്പുര തുടങ്ങിയ ആഢംബരങ്ങളൊന്നും അന്ന് സ്കൂളുകളിലുണ്ടായിരുന്നില്ല. ഞങ്ങൾ പുരുഷ കേസരികൾ സ്കൂൾമതിലിൽ നിരന്നുനിന്ന് താഴെയുള്ള വയലിനെ ഫലഭൂയിഷ്ടമാക്കും. കാര്യം സാധിക്കുന്ന ഭാഗത്ത് നല്ല വിളവുകിട്ടിയിരുന്നതായി പൊതുജനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബാബു പ്രസ്തുത പാറയിലേക്ക് ശരം വിട്ടപോലെ ഓടിക്കയറി. ലാത്തിയുമായി താഴെ നിന്നിരുന്ന എന്നെ നോക്കി അവൻ കൊഞ്ഞനം കാണിച്ചു. മാത്രമല്ല, ധൈര്യമുണ്ടെങ്കിൽ കയറിവാടാ എന്ന് എന്നെ വെല്ലുവിളിക്കുകയും ചെയ്തു. കൂട്ടുകാർക്കുമുന്നിൽ കൊച്ചാകുവാൻ എനിക്കേതായാലും കഴിയില്ലല്ലോ..ആത്മാഭിമാനമുള്ള ഒരു പോലീസോഫീസറല്ലെ ഞാൻ!! ഞാൻ രണ്ടടി പിന്നോക്കം വെച്ച് ഒരു മൂച്ചിന് പാറയിലേക്ക് ഓടിക്കയറി. ബാബുവാകട്ടെ പെൺകുട്ടികൾ കാര്യസാധ്യത്തിനായി വന്ന ഭാഗത്തുകൂടെ ഓടിയിറങ്ങി അപ്രത്യക്ഷനായി. താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് കാര്യങ്ങൾ പിടിവിട്ടുപോകുമെന്നു മനസ്സിലായത്. കാലുകൾക്ക് ഒരു വിറ! ഇറങ്ങാൻ കഴിയുന്നില്ല. പെൺകുട്ടികൾ ബഹളമുണ്ടാക്കിക്കൊണ്ട് എഴുന്നേറ്റു നിൽക്കുന്നു. താമസം വിനാ സ്കൂൾ മുഴുവൻ പാറയ്ക്കുചുറ്റും ഹാജരായി! പത്തുനാനൂറ് കണ്ണുകൾ എൻറെ തിരുമേനിയിൽ തറഞ്ഞുനിന്നു. എവറസ്റ്റിനു മുകളിലെ ടെൻസിങ്ങിനെപ്പോലെ – അഭിമാനത്തോടെയല്ലെങ്കിലും - ഞാൻ നിന്നു. വാർത്ത ചെറിയോമനമാഷുടെ ചെവിയിലെത്തിയിരിക്കണം. കുട്ടികളെ വകഞ്ഞുമാറ്റി ഗോപാലൻമാഷും ദാമോദരൻമാഷും പാറയെ സമീപിക്കുകയാണ്..ഗോപാലൻമാഷ് പാറയ്ക്കുമുകളിലേക്ക് കയറിവന്നു. എന്നെ അലിവോടെ പിടിച്ച് താഴെയിറക്കി.(വർഷങ്ങൾക്കുശേഷം പുളിയേനിക്കണ്ടി പറമ്പിൽ വെച്ച് മാങ്ങപറിക്കാൻ മാവിൽ കയറി, ഇറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ എന്നെ ഏണിവെച്ച് കയറി താഴെയെത്തിച്ച ചാത്തുക്കുട്ടിക്കുറുപ്പിനെ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കട്ടെ)
മാഷിൻറെ വിരൽസ്പർശം കാത്ത് എൻറെ ചെവികൾ ജാഗരൂകമായി...പക്ഷേ ഒന്നും സംഭവിച്ചില്ല. ഹെഡ്മാസ്റ്ററായ ചെറിയോമനമാഷുടെ കൈകളിലേക്ക് ആ സ്നേഹനിധി എന്നെ ഹാന്ഡോവർ ചെയ്തു. മാഷ് എന്നെ സ്ററാഫ് റൂമിലേക്ക് ആനയിച്ചു. ദാമോദരൻമാഷ് കുട്ടികളെ കണ്ണീർവാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. ബാബു എങ്ങോട്ടെന്നില്ലാതെ മുങ്ങി... ചെറിയോമനമാഷ് എന്നോടു ചോദിച്ചു: കണക്കൊക്കെ അറിയാമല്ലോ അല്ലേ? ഞാൻ തലയാട്ടി. ഉണ്ടെന്നോ ഇല്ലെന്നോ കണക്കാക്കാവുന്ന ഒരു തലയാട്ടൽ. ഞാൻ സ്റ്റാഫ്റൂമിൽ ആദരിച്ച് ഇരുത്തപ്പെട്ടു. മാഷ് എനിക്ക് നാല് വഴിക്കണക്കുകൾ തന്നു. എന്നിട്ടു പറഞ്ഞു: ഇത് ഇവിടെയിരുന്നു ചെയ്ത് കാണിച്ചിട്ട് പോയാൽ മതി.ഇതാണ് നിനക്കുള്ള ശിക്ഷ.. കണക്കിൽ അതിവിദഗ്ദ്ധനായ ഞാൻ അന്ന് എല്ലാ കുട്ടികളും പോയതിനുശേഷം നാലരയ്ക്കാണ് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയത്!! അപ്പോഴും മൂന്നു കണക്കുകൾ ബാക്കിയായിരുന്നു!! കണക്ക് ഇന്നും സ്കൂൾ പറമ്പിലെ പാറപോലെ എന്രെ മുമ്പിൽ ഉയർന്നു നില്പുണ്ട്.....
ഇന്നത്തെ യാത്രയിൽ ആ ഓർമ്മകൾ എന്നെ തഴുകി കടന്നു പോയി..ചെറിയോമനമാഷ് എത്ര വലിയോമനയായിരുന്നു എന്ന്  പല സന്ദർഭങ്ങളിലും തെളിയിച്ചിരുന്നു. അതേക്കുറിച്ച് പിന്നീടെഴുതാം..