veerankutty |
ഒരുതരം ശുദ്ധകവിതകള്‍ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്.ഇവയെ നിങ്ങള്‍ കവിത എന്ന് വിളിക്കണമെന്നൊന്നുമില്ല. എങ്കിലും നമ്മുടെ ചിന്തകളിലും ഓര്‍മ്മകളിലും കയറിവന്നുകൊണ്ട്, ഭാഷാപ്രയോഗത്തിന്റെ ആകസ്മികതകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കോണ്ട് പുതിയ വായനക്കാരെ അവ വിസ്മയിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ പ്രണയകവിതകള്‍ ഒട്ടേറെയുണ്ട്.മധുരവും ചിലപ്പോഴൊക്കെ ധീരവുമായ പ്രണയത്തെക്കുറിച്ച് കാല്പനികര്‍ മാത്രമല്ല പാടിയത്.നളിനിയും ലീലയും രമണനും ജെസ്സിയും സന്ദര്‍ശനവും പ്രണയത്തിന്റെ ത്യാഗവും വിരഹവും ഉജ്ജ്വലതയും ആവിഷ്‌കരിച്ചു.
ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരം പ്രണയം നമ്മെ തടവറയിലടക്കുന്നു.വധശിക്ഷപോലും പ്രണയം അലിവോടെ സ്വാഗതം ചെയ്യുന്നു.
എന്റെയേക ധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെയീശ ദൃഢമീ പദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍
എന്ന, സ്‌നേഹവ്യാഹതി തന്നെ മരണം എന്ന, സ്‌നേഹത്തിനായുള്ള ആത്മാര്‍പ്പണമാണ് പ്രണയത്തെ മഹത്തും മനോഹരവുമാക്കുന്നത്.
വീരാന്‍കുട്ടി എന്ന പുതുകവിയുടെ തൊട്ടു തൊട്ടു നടക്കുമ്പോള്‍ എന്ന എസ്.എം.എസ് കവിതകള്‍ പ്രണയത്തിന്റെ കൃഷ്ണമണികള്‍ തിളങ്ങുന്ന കവിതകളാവുന്നത്, അതു നിങ്ങളുടെ ഹൃദയത്തിലെ അനശ്വരനായ കാമുകനെ/കാമുകിയെ ഈ കെട്ട കാലത്തിലും അനിവാര്യമാക്കുന്നതുമൂലമാണ്.
ഉപാധികളില്ലാത്ത പ്രണയത്തിന്റെ സ്വാച്ഛന്ദ്യവും വെളിപ്പെടാത്തപ്രണയത്തിന്റെ നിഗൂഢമാധുര്യവും തളിര്‍ത്തു നില്‍ക്കുന്ന പ്രണയത്തിന്റെ അവാച്യ നിര്‍വൃതിയും വീരാന്‍കുട്ടിയുടെ കവിതകളെ പൊതിഞ്ഞു നില്‍ക്കുന്നു.ലഘുവെന്ന് നാം മുന്‍കൂര്‍ ജാമ്യമെടുത്ത അനുഭവങ്ങളുടെ തിരസ്‌കൃത തലങ്ങളെ ഒരു കവിക്കു മാത്രം സാധ്യമായ വാഗ്‌സ്പര്‍ശത്താല്‍ അഹല്യയാക്കി പുനര്‍ജനിപ്പിക്കാന്‍ വീരാന്‍കുട്ടിക്കു കഴിയുന്നു.
കവിതയെ വിലമതിക്കേണ്ടത് കവിത്വത്തിന്റെ മാത്രം തുലാസില്‍ തൂക്കിയാവണം. ഖലീല്‍ ജിബ്രാന്‍ മധുചന്ദികയില്‍ മുക്കിയെടുത്ത മഴവില്‍ക്കൊടിയായി നമ്മെ പിന്തുടരുന്നത് അയാളില്‍ കവിത്വമുള്ളതിനാലാണ്. ചങ്ങമ്പുഴ ഒരു തേന്‍പുഴയായി (തേനാര്‍ എന്ന് മോയിന്‍കുട്ടി വൈദ്യര്‍) നമ്മുടെ അരികുകളെ ഇപ്പോഴും നനയ്ക്കുന്നതും ഇതുകൊണ്ടു തന്നെ.
സ്വപ്‌നങ്ങള്‍ പോലെ ആകസ്മികവും നിരുപാധികവും ആകുന്നതിന്റെ സൗന്ദര്യം വീരാന്‍കുട്ടിയുടെ കവിതകള്‍ക്കുണ്ട്. ഈ കവിതകളില്‍ കഥയും പ്രമേയവും ഇതിവൃത്തവുമില്ല. ദാര്‍ശനിക ജാഡയോ അവകാശവാദങ്ങളോ ഇല്ല. ആവുന്നത്ര വിനയത്തോടെയും അലിവോടെയും അവ നിങ്ങളുടെ ഹൃദയത്തെ തൊടുന്നു. എന്നാല്‍ പുതുകവിതകള്‍ വാഗ് ലീല മാത്രമാണെന്ന നിരീക്ഷണത്തെ ഈ കവിതകള്‍ തള്ളിക്കളയുന്നുണ്ട്. സാമാന്യ പദങ്ങളുടെ സാധ്യതളെയും ധ്വന്യാത്മകതയെയും പരമാവധി സൂക്ഷ്മമായി ഉപയോഗിച്ചു കൊണ്ട് അവ നിര്‍മ്മിക്കുന്ന അര്‍ത്ഥത്തിന്റെ കാവ്യഹൃദയം തൊട്ടുണര്‍ത്തുകയാണ് കവി. ചെറുതിന്റെ സൗന്ദര്യം ഇത്രമേല്‍ അനുഭവപ്പെടുന്ന കവിതകള്‍ മലയാളത്തില്‍ അധികമില്ല.
സമൂഹത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളെ പ്രണയം അലോസരപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു. ഇലകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ ലോകം അകറ്റി നട്ട മരങ്ങള്‍ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് ആശ്ലേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം ജനിക്കുന്നത് എന്നും ,നിയമലംഘക ധര്‍മ്മം നിര്‍വ്വഹിക്കുന്നത് എന്നും കവി സൂചിപ്പിക്കുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ചീത്തക്കുട്ടികള്‍ പ്രണയിക്കുന്നവരാണ് എന്നു കവി.
സ്‌നേഹ വ്യാഹതി തന്നെ മരണം എന്നും സ്ഥിരമാം സ്‌നേഹം അനാഥമൂഴിയില്‍ എന്നും എഴുതിയപ്പോള്‍ ആശാന്‍ അനുഭവിച്ച വ്യഥയോളം ഒരുപക്ഷേ, ആരും അനുഭവിച്ചിട്ടില്ലെന്നു തോന്നുന്നു. ആശാന് വെടിയലാണ് സ്‌നേഹം. അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യത്തെക്കുറിച്ച് ആശാന്‍ എഴുതുന്നുണ്ട്. അഴലിനെ പ്രണയമാക്കിയും തിരിച്ചും പരിവര്‍ത്തിപ്പിക്കുന്ന രസതന്ത്രം ആശാനിലുണ്ട്. സ്‌നേഹത്തില്‍ കഴിയുന്നവര്‍ പിരിയുമ്പോള്‍ ഒരു ചെറിയ മരണമല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വരികള്‍ ഇതു പോകിലില്ല ഞാന്‍ എന്ന ആശാന്റെ ശൂന്യതയെ അംഗീകരിക്കുന്നു.
ഒറ്റവട്ടമേ നിന്‍ ചിരി കൊണ്ടുള്ളൂ
എത്രവട്ടം
മരിച്ചിചിക്കുന്നു ഞാന്‍!
ഇവിടെ പ്രണയം മരണം തന്നെയാകുന്നതിന്റെ ആത്മബലിയുണ്ട്.
അപേക്ഷ എന്ന കവിതയില്‍ വിരാന്‍കുട്ടി ഇങ്ങനെ എഴുതുന്നു:
ദൈവമേ
പ്രണയത്തില്‍ നിന്നും
എന്നെ പുറത്താക്കാന്‍
പോവുകയാണെങ്കില്‍
നേരത്തെ ഒരു സൂചന തരണേ
മരണത്തിനു മുമ്പ്
എനിക്കു ചില തയ്യാറെടുപ്പുകള്‍
നടത്താനുണ്ട്!
പ്രണയരഹിത ജീവിതം മരണം തന്നെയെന്ന് കവി അറിയുന്നു.മാമക പ്രേമം നിത്യമൂകമായിരിക്കട്ടെ
കോമളലവിടുന്നതൂഹിച്ചാലൂഹിക്കട്ടെ.
പ്രണയം നിലനില്‍ക്കുന്നത് അതിന്റെ നിഗൂഡതയിലാണ്. പ്രണയത്തിന്റെ രഹസ്യാത്മകതകൊണ്ട് പ്രണയികള്‍ മറ്റൊരു ലോകം നിര്‍മ്മിക്കുന്നു. അത് അവര്‍ക്കുമാത്രം അനുഭവവേദ്യമായ അലൗകിക ലോകമാണ്. ഭൗതിക ലോകത്തെ അവര്‍ ഈ അപര ലോകെ കൊണ്ട് നേരിടുന്നു.
കാടിനു വളരെയുള്ളിലായ്
ആരും കാണതെയുള്ള മരത്തിന്റെ
പൂവിടല്‍ പോലെയല്ലോ
ഒരിക്കലും വെളിപ്പെടുത്താത്ത
നിന്റെ പ്രണയം.
എന്ന് വീരാന്‍ കുട്ടി എഴുതുമ്പോള്‍ പ്രണയത്തിന്റെ നിഗൂഡതയുടെ സൗന്ദര്യത്തോടൊപ്പം ഒരു വ്യക്തി സ്വയം സമ്പൂര്‍ണ്ണമായ ലോകം നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ തത്വവും വെളിപ്പെടുന്നു.
വെള്ളച്ചാട്ടം വരെ മാത്രമേ
ഉള്ളില്‍ അടക്കി വച്ച പ്രണയത്തെ
നദിക്കു രഹസ്യമാക്കി വെക്കാനാകൂ.
എന്നെഴുതുമ്പോള്‍ പ്രണയത്തിന്റെ ആവിഷ്‌കാരത്തിന്റെ അനിവാര്യത ധ്വനിക്കുന്നു. പ്രണയത്തിന്റെ രഹസ്യഭ്ഷ അക്ഷരങ്ങളായി ഉച്ചരിക്കപ്പെയുകയാണിവിടെ.
അനക്ഷരമായ അ്‌നുഭൂതിയാണ് പ്രണയം. അത് വ്യക്തിയെ സര്‍ഗാത്മകമായ പൂര്‍ണതയിലേക്ക് നയിക്കുന്നു. ശിലയില്‍ നിന്ന് അത് അഹല്യയെ സൃഷ്ടിക്കുന്നു. കാറ്റില്‍ നിന്ന് അത് വൈദ്യുതി നിര്‍മ്മിക്കുന്നു!
പ്രണയമില്ലെങ്കില്‍
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയിട്ടും
ശില്പമാകുന്നില്ല തീരെ.
ഇവിടെയും പ്രണയ രഹിത ജീവിതത്തിന്റെ നിശ്ചലതയെ,മരവിപ്പിനെ,ജഡതയെ കവി അടയാളപ്പെടുത്തുന്നു. കടല്‍ക്കരയിലെ വിലക്കുമരങ്ങളെ പൂവിടുവിക്കുന്ന വൈദ്യുതിയായി പ്രണയം നമ്മിലൂടെ കടന്നു പോകുന്നു, ഈ കവിതകളും.
( പ്ലാവില മാസികയില്‍ പ്രസിദ്ധീകരിച്ചത്, ജൂലായ് 2010)