സൌഹൃദം ഒരു പൂമരത്തണലില്‍ നില്‍ക്കുമ്പോലെയാണ്.പൂക്കള്‍ എപ്പോഴാണ് തുരുതുരെപ്പെയ്യുന്നത് എന്ന് പ്രവചിക്കാനാവില്ല. നമ്മുടെ കണ്ണിലും മൂക്കിലും ഹൃദയത്തിലുമെല്ലാം പൂക്കള്‍ വന്നു നിറയും. ഒരുപൂമരമാവാന്‍ കഴിയുക എത്രമാത്രം ധന്യമാണ്! അതിണ്റ്റെ ചുവട്ടില്‍ നില്‍ക്കാന്‍ കഴിയുന്നതോ?പൂമരത്തണലില്‍ എന്നെനിര്‍ത്തിയ ഒരു സുഹൃത്തിണ്റ്റെ കഥയാണ് ഇത്..
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്..നോക്കിനോക്കിയിരിക്കേ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പോലെ..അവന്‍ ഒരു നക്ഷത്രമായിരുന്നു.കണ്ണുകളില്‍ ആവേശത്തിണ്റ്റെ അണയാനാളം കൊളുത്തിയവന്‍.ഞാന്‍ കാണുമ്പോഴൊക്കെ അവന്‍ ആവേശത്തിലായിരുന്നു.അവന്‍ നിരന്തരം സംസാരിച്ചു. ഞാന്‍ വിമൂകനായ കേള്‍വിക്കാരനും.എനിക്കു കൌതുകമായിരുന്നു.അവന് എല്ലാം അറിഞ്ഞവണ്റ്റെ നിസ്സംഗമായ മുഖം.അവന്‍ തുരുതുരെ പെയ്തു നിറയുകയാണ്: എം.ടി., വിജയന്‍,മുകുന്ദന്‍,സേതു,കോവിലന്‍,മുട്ടത്തു വര്‍ക്കി,കാനം,ജോണ്‍ ആലുങ്കല്‍,വേളൂറ്‍ കൃഷ്ണന്‍കുട്ടി,സത്യന്‍,ജയന്‍,ജയഭാരതി,ഹരിഹരന്‍,നസീര്‍,സ്ഫോടനം,ഐ.വി.ശശി,സീമ,മംഗളം,മനോരമ,സഖി വാരിക......ദൈവമേ,ഇവനാണല്ലോ എണ്റ്റെ പ്രിയ പുത്രന്‍..... വിശ്വംഭരന്‍ അങ്ങനെയായിരുന്നു. അവന് ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകാരോടും ഒരേ അടുപ്പം.എല്ലാ നടന്‍മാരോടും സിനിമയോടും ഒരേ ഇഷ്ടം.. പ്രി ഡിഗ്രി ക്ളാസ്സിലായിരുന്നു ഞങ്ങള്‍.ഞാന്‍ അന്ന് ഒരു പൈങ്കിളി സാഹിത്യകാരനായിരുന്നു!! മുഖ്യതട്ടകം നോവല്‍..അരണി, വരും വരാതിരിക്കില്ല, വീണ്ടും തളിര്‍ത്ത പൂമരം എന്നിവ എണ്റ്റെ അഖില ക്ളാസ്സാന്തര പ്രസിദ്ധമായ നോവലുകള്‍..കോഴിക്കോട്ടുകാരന്‍ എല്‍.എല്‍.ബി.ക്കാരന്‍ ഷക്കീല്‍ മാഷ് ക്ളാസ്സില്‍ വന്ന ദിവസം അദ്യമായി ചോദിച്ചത് ഇവിടെ ഒരു എഴിത്തുകാരനുണ്ടെന്നു കേട്ടു.എവിടെ ? എന്നായിരുന്നു. വിശ്വംഭരന്‍ ആവേശത്തോടെ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. എണ്റ്റെ തല കഴുക്കോലില്‍ മുട്ടി!. അവനായിരുന്നു എണ്റ്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍.അതിലൂടെ വെളിച്ചം വന്നു.എഴുത്തുകാരുടെ,കൃതികളുടെ,സിനിമകളുടെ...ഞാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തിണ്റ്റെ തടവുകാരനായിമാറി. ദിനേന രണ്ടരമണി കഴിഞ്ഞാല്‍ അവണ്റ്റെ ഇരിപ്പിടം ശൂന്യമാകും.മാറ്റിനി ൨.൪൫നാണ്!ഒരു സിനിമ പോലും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.ഒരു വാരിക പോലും അവന്‍ ഒഴിവാക്കിയില്ല. അവയ്ടെയെല്ലാം രണ്ടാം വായനക്കാരന്‍ ഞാനായിരുന്നു. ഇതിണ്റ്റെയൊക്കെ ആവേശത്തില്‍ ഞാന്‍ തുരുതുരാ പൈങ്കിളി നോവലുകള്‍ രചിച്ചുകൊണ്ടിരുന്നു. ആവേശം മൂത്ത് ശ്മശാനം എന്ന ശകുനംമുടക്കിപ്പേരുള്ള നോവല്‍ ചെമ്പരത്തി വാരികയ്ക്ക് അയച്ചു. അവനായിരുന്നു പ്രേരണ.രണ്ടാമത്തെ ആഴ്ച കത്തു വന്നു; നോവല്‍ പ്രസിദ്ധീകരിക്കുന്നു....പതിനേഴുകാരന്‍ പയ്യന്‍ എഴുത്തുകാരനാകുന്നു!! പക്ഷേ ചെമ്പരത്തി വാടിപ്പോയി! പിന്നെയത് പ്രസിദ്ധീകരിച്ചില്ല. പക്ഷേ, കൂട്ടാലിടയിലെ ഏതോ വായനശാലക്കാര്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു, അവരുടെ കയ്യെഴുത്തു മാസികയില്‍!!. പ്രിഡിഗ്രി കഴിഞ്ഞ ശേഷം ഞാന്‍ വിശ്വംഭരനെ കണ്ടിട്ടില്ല.പുസ്തകങ്ങളോടും സിനിമകളോടുമുള്ള അഭിനിവേശം വിശ്വംഭരനോളം ഞാനാരിലും കണ്ടിട്ടില്ല. പക്ഷേ സുഹൃത്തേ, കണ്ണുചിമ്മിയ ഒരു നക്ഷത്രം പോലെ നീ എങ്ങോട്ടു പോയി? നീയിപ്പോള്‍ എവിടെയാണ്? ഈ കുറിപ്പ് നീ കാണുമോ....ഏതോ പുസ്തകത്തിണ്റ്റെ പഴയ എഡിഷണ്റ്റെ നിറം മങ്ങിയ പുറംചട്ട പോലെ ഞാന്‍ എണ്റ്റെ അലമാരയില്‍ നിന്നെ സൂക്ഷിച്ചിട്ടുണ്ട് ഇപ്പോഴും...................