നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ് മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതിണ്റ്റെ പുരോഗതിക്ക് ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന് വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത് അവഗണിക്കപ്പെടുന്നതിന് കാരണമായി പറയാറുള്ളത് അതില്‍ പഠിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുകയില്ല എന്നാണ്. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ് തൊഴില്‍ ചെയ്യുന്നത് എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത് അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന് അത് മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന് എന്തു ന്യായീകരണമാണുള്ളത്? മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്. ൧൯൬൯ മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചത് ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ് നല്‍കേണ്ടത് എന്നും ഫയലുകള്‍ മലയാളത്തിലാണ് എഴുതേണ്ടത് എന്നും നിയമമുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ് എഴുതേണ്ടത് എന്നാണ് നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന് നാം മടിക്കുകയാണ്. മലയാളി മലയാളിക്ക് നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന് പിന്നിലുള്ളത് ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ് മാത്രമാണ്. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത് മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ് ഇല്ലാതാകുന്നത്. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന് വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത് എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത് സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്. ഒരു നാട്ടില്‍ ജീവിക്കേണ്ടത് അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത് ഒരു ജനതയുടെ അവകാശമാണ് എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ് മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്. മലയാളത്തിനു വേണ്ടി വാദിക്കുന്നത് എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്. മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ് മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ് മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട് എന്ന ബോധമാണ് ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക് ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.
സ്നേഹപൂര്‍വം
( ഒപ്പ് )
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,പ്രസിഡണ്റ്റ്
കെ.എം.ഭരതന്‍,ജന. സെക്രട്ടറി
പി. പവിത്രന്,കണ്‍വീനര്‍
2010, മാർച്ച് 28, ഞായറാഴ്‌ച
2010, മാർച്ച് 4, വ്യാഴാഴ്‌ച
അനാഥ പ്രണയങ്ങള്‍....
മനസ്സില്‍ വേപഥു കോറിക്കടന്നു പോകുന്ന പ്രണയ കാലത്തിന് നമ്മുടെ യുവാക്കളും യുവതികളും എന്നാണ് അവധികൊടുത്തത്? ഉലയിലൂതിയ പൊന്നുപോലെ തെളിയുന്ന അനുരാഗം നമുക്ക് വര്‍ണചിത്രത്തിലെ കാഴ്ചമാത്രം. നമ്മളെല്ലാം പ്രണയത്തെ ഉമിനീരായി കാണുന്നവരായി മാറിയിരിക്കുന്നു. കൃഷ്ണമണിയുടെ കറുപ്പുള്ള കവിതയില്‍ നിന്നും വാചാലമായ കഥകളില്‍ നിന്നും പ്രണയം അപ്രത്യക്ഷമായിരിക്കുന്നു. ഹൃദയത്തില്‍ നീരുറവ സൂക്ഷിച്ചവര്‍മാത്രം തെരുവില്‍ അനാഥമായലയുന്ന പ്രണയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു. ആരാണതിനെ സ്വന്തം വിരല്‍ത്തുമ്പില്‍ കൂട്ടിക്കൊണ്ടു വരിക?നമ്മുടെ കുടക്കീഴില്‍ ഒരാളെക്കൂടി?സൂര്യകാന്തികള്‍ക്കു പോലും നഖങ്ങളും ദംഷ്ട്രകളുമുള്ള ഇക്കാലത്ത് പ്രണയവും മറ്റൊരു കാലത്ത് കുടിക്കാനുള്ള പാനീയമായി മാറ്റിവയ്ക്കപ്പെടുകയാണോ? ജാനകി ,ഹാ, ഇവള്‍ക്കു വേണ്ടി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരാമ്പല്‍പ്പൂ പറിച്ചിരുന്നു എന്ന നഷ്ടബോധമാകുന്നു നമുക്ക് പ്രണയം.സ്ഥിരമാം സ്നേഹമനാഥമൂഴിയില്‍ നമുക്ക് ഉന്നയിക്കാനുള്ള തത്വനിരകളും ന്യായീകരണവുമായി മാറുന്നു.പ്രണയം എല്ലാവര്‍ക്കും ഓര്‍മ്മ മാത്രമാകുന്നു. പ്രായോഗിക ജീവിതത്തിണ്റ്റെ വാതിലിനു പുറത്ത് തകര്‍ന്ന ഹൃദയവുമായി തിരിച്ചു പോകുന്നവള്‍(ന്‍) പ്രണയം.... പ്രണയം എന്നെ ചെറുതാക്കുന്നുവെങ്കില്‍ ഞാനൊരു മണല്‍ത്തരിയോളമാകട്ടെ എന്നു പിറുപിറുത്തവന്‍ നമുക്കു കോമാളി. നീ മറ്റാരെപ്പോലെയുമല്ല,കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞവന്‍ നമുക്കു ഭ്രാന്തന്‍: അഹിതമായതു ചൊന്നവന്‍...നമുക്കിന്നും പ്രണയമൊരു കുറ്റം..നാലാളറിഞ്ഞാല്‍ നാണിക്കേണ്ട അശ്ളീലം!....നാമെല്ലാം നരവന്ന് വൃദ്ധരായല്ലോ. പക്വമതികള്‍ക്കെങ്ങനെ ഇന്നു വരും നാളെവരും എന്ന പ്രതീക്ഷയോടെ, സ്നേഹവും കാലവും ദൂരവും പ്രേമഭാജനത്തിണ്റ്റെ സാന്നിധ്യം ആഗ്രഹിക്കുന്നു എന്ന് പറയാനാകും?ചൂരല്‍ക്കൊട്ടകള്‍ നിറച്ചും ഉമ്മകളുമായി മലയിറങ്ങവരുന്ന പ്രണയം താഴ് വാരത്തിലെ ചതുപ്പുകളിലെവിടെയോ നഷ്ടപ്പെടുന്നു....... പ്രണയം നിലനില്‍പ്പല്ല, നഷ്ടപ്പെടലാണ്.കവികള്‍ക്കെല്ലാം ഭൂതകാലത്തിലെ ചക്രവര്‍ത്തി മാത്രം പ്രണയം...പകലുകള്‍ക്കും കവിതകള്‍ക്കുമിടയില്‍നിന്ന് ഇലമുളച്ചിയെപ്പോലെ പൊട്ടിപ്പൊട്ടി മുളയ്ക്കുന്ന പ്രണയസ്മരണകള്‍ ഇറവെള്ളമായി ആര്യവേപ്പിന്‍ ചുവട്ടിലൂടെ ചിരിച്ചു പുളഞ്ഞൊഴുകുന്നതെന്നാണെന്ന് കവി കാത്തിരിക്കുന്നു...പ്രണയം നിത്യമൂകമായിരിക്കട്ടെ എന്ന നിഗൂഢതയാണ്..... സ്നേഹമെന്നു നാം ഓമനപ്പേരിടുന്നത് രണ്ടുപേരുടെസ്വാര്‍ത്ഥതയാണെന്ന് കവി തിരിച്ചറിയുന്നു. പ്രണയത്തിണ്റ്റെ കുങ്കുമത്തരിപുരണ്ട ചിദംബര സന്ധ്യകള്‍ മറവിയില്‍ മാഞ്ഞുപോയതായി കവി പരിതപിക്കുന്നു. വൃദ്ധരാവാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ മധുരപാനീയങ്ങള്‍ നാം മറന്നുപോകുന്നു. ആദമും ഹവ്വയുമാണ് പ്രണയത്തിണ്റ്റെ ആദിമാതൃകകള്‍.പക്ഷേ പ്രണയം നമുക്കിന്നും ഒരു അശ്ളീലമാണ്. അഭിമാനികള്‍ക്ക് അഹിതമാണ് പ്രണയമെന്ന് സാമാന്യമതം..... ആര്‍ദ്രത മുഴുവന്‍ വറ്റിപ്പോയ നമ്മുടെ ജിവിതത്തിലേക്ക് ഒളിച്ചു വന്നിരുന്ന പ്രണയത്തിണ്റ്റെ നിലാവ് എവിടെവച്ചാണ് മറഞ്ഞുപോയത്? നിദ്രയില്‍ നീ കണ്ട സ്വപ്നങ്ങള്‍ എണ്റ്റെയും സ്വപ്നങ്ങളായിരുന്നു എന്ന താദാത്മ്യമായിരുന്നു പ്രണയം. പ്രണയം തലചായ്ച്ചുറങ്ങാനുള്ള മടിത്തട്ടാകുന്നു. മിഴികളില്‍ പൊടിഞ്ഞുനില്‍ക്കുന്ന ഒരു അശ്രുബിന്ദുവും അതേറ്റു വാങ്ങാനുള്ള ഹൃദയവുമാകുന്നു. പ്രണയത്തിണ്റ്റെ തളിരുപോലുള്ള ആ പഴയ ശബ്ദമെവിടെ? കുറ്റബോധങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയിലൂടെ ആരും വിളിക്കായ്കയാല്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് ഭയത്തോടെ നടന്നു പോകുന്നത്, അതേ, അത് പ്രണയമാണ്......നുകര്‍ന്നതിനു ശേഷം പുറത്താക്കപ്പെട്ട അഭിസാരികയാണല്ലോ പ്രണയമെന്നും..... അര്‍ബുദം പോലെ ഹൃദയത്തില്‍ പടര്‍ന്നേറി കീഴ്പ്പെടുത്തുന്ന ക്രൂരതയാണ് പ്രണയമെന്ന് കവി. നമുക്ക് പ്രണയകവിതകള്‍ വായിച്ച് പ്രണയരഹിത ജീവിതം നുണയാം.കള്ളക്കുട്ടികളൂണുകഴിഞ്ഞൊരു കയ്യു മുഖത്തു മണപ്പിക്കും.... ഹൃദയരമണന്‍മാര്‍(രമണിമാരും) സങ്കല്‍പലോകമല്ലീയുലകം എന്നാണയിട്ട് ഈ കൊഴുത്ത ചവര്‍പ്പൊക്കെ കുടിച്ചു വറ്റിക്കട്ടെ!മുന്തിരിച്ചാറു കൊതിക്കാത്ത ചന്ദ്രികയും രമണന്‍മാരും എന്നിനി ജനിക്കും?ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എനിക്കു ഭയമുണ്ട്.ഈ ആധുനികോത്തര കാലത്ത് പ്രണയനിരോധിത മേഖലയായ യുവമനസ്സുകളില്‍ പ്രണയത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ പോലും ക്രൂശിക്കപ്പെടേണ്ടവനാണല്ലോ. പ്രണയം എത്രവേഗമാണ് സുഹൃത്തുക്കളേ മലിനമായിക്കൊണ്ടിരിക്കുന്നത്!! ഈ മാലിന്യം ജീവിതത്തിണ്റ്റെ ഏതു കുപ്പത്തൊട്ടിയില്‍ നാം നിക്ഷേപിക്കും?! (വരികള്‍ തന്നതിന് എണ്റ്റെ പ്രിയ കവികള്‍ക്ക് നന്ദി)
2010, മാർച്ച് 1, തിങ്കളാഴ്‌ച
അഴീക്കോട്,തിലകന്‍,മോഹന്‍ലാല്‍,മമ്മൂട്ടി....
സിനിമയാണിപ്പൊള്‍ ചര്‍ച്ചാവിഷയം. അഴീക്കോട്,തിലകന്‍, ഇന്നസെണ്റ്റ്, മോഹന്‍ലാല്‍,മമ്മൂട്ടി....മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളൊ,നിലവാരത്തകര്‍ച്ചയൊ ഒന്നും ചര്‍ച്ചാവിഷയമാകുന്നേയില്ല. വാര്‍ധക്യ പ്രണയങ്ങള്‍ മലയാള സിനിമയില്‍ എന്നുമുണ്ടായിരുന്നു. പ്രേംനസീറും സത്യനും ഷീലയും ജയഭാരതിയും കെ.ആര്‍.വിജയയുമൊക്കെ പ്രേമിച്ചുനടന്നതു കൌമാരപ്രായത്തിലയിരുന്നില്ല. അതല്ല ഇവിടുത്തെ പ്രശ്നം. മഹാനായ ഒരു നടനെ അയാളുടെ ആവിഷ്കാരത്തില്‍ നിന്നു വിലക്കാന്‍ ഏതു സംഘടനയ്ക്കാണു അധികാരം എന്നതാണു പ്രശ്നം. ഫെഫ്ക വിലക്കിയിട്ടുണ്ടെങ്കില്‍ അമ്മ അതിനു കൂട്ടുനില്‍ക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. ഫെഫ്കയുടെതീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു അമ്മ ചെയ്യേണ്ടിയിരുന്നത്. അഭിനേതാക്കളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു അവര്‍ ചെയ്യെണ്ടത്. തങ്ങളുടെ സിംഹാസനം നഷ്ടപ്പെടുമെന്ന ഭീതികാരണം തിരക്കഥയില്‍ മാറ്റം വരുത്തിയും പുതിയവര്‍ക്കൂ അവസരം നല്‍കാന്‍ അനുവദിക്കാതെയും എല്ലകാര്യങ്ങളും തങ്ങളുടെ ചൊല്‍പടിക്കു നിര്‍ത്തിയും സൂപ്പര്‍താരങ്ങള്‍ നടത്തുന്ന സ്വേഛാധിപത്യത്തെ ചോദ്യം ചെയ്യുകയാണു തിലകനും അഴീക്കോടും ചെയ്തത്.ഇതില്‍ ഇത്രമാത്രം അസഹിഷ്ണുതകാണിക്കാന്‍ എന്തിരിക്കുന്നു?കുടവയറും കുലുക്കി ൧൮ കാരിയുടെ കൂടെ ഓടിനടക്കുന്നവര്‍ തമിഴ് സിനിമകള്‍ കണ്ടുപഠിക്കട്ടെ. അവരുടെ പരീക്ഷണാത്മകത മാത്രുകയാക്കട്ടെ.നടനെ വിലക്കാനല്ല,അഭിനയിപ്പിക്കാനാണു അമ്മ ശ്രമിക്കേണ്ടത്.മലയാള സിനിമ നിയന്ത്രിക്കേണ്ടത് ഫാന്‍സ് അസോസിയേഷനുകളല്ല എന്ന് താരങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. കുറസോവ,ബര്‍ഗ്മാന്‍,കിംകിദുക്,മജീദ് മജീദി,പസോളിനി എന്നിവരുടെ സിനിമകള്‍ ഇക്കൂട്ടെരെയൊക്കെ നിര്‍ബന്ധപൂര്‍വം കാണിക്കാനുള്ള നടപടി സര്‍ക്കാറ്‍ തലത്തില്‍ നടത്തണമെന്ന് നമുക്കൊന്നിച്ച് അഭ്യര്‍ഥിക്കാം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)