2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

വേദിയിലെ വാക്കുകള്‍


ചെറുപ്പത്തില്‍ ഞാന്‍ വലിയ നാണംകുണുങ്ങിയായിരുന്നു.ആളുകളുടെ മുമ്പില്‍ ചെന്ന്‌നിന്ന് രണ്ടുവാക്കു സംസാരിക്കാന്‍ മടിയായിരുന്നു അന്നൊക്കെ.പത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ എഴുതിയ പൊട്ടക്കവിത സുധാകരന്‍, സേതുമാധവന്‍ മാഷിന് ഒററിക്കൊടുത്തപ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍!..പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പൈങ്കിളി സാഹിത്യം എന്റെ തലക്കു പിടിച്ചു.മംഗളം,മനോരമ,ചെമ്പരത്തി,സഖി,ജനനി തുടങ്ങിയ സകലമാന പൈങ്കിളികളും ഞാനും വിശ്വംഭരനും കൂടി വായിച്ചു തീര്‍ത്തു.ആവേശം മൂത്ത് മൂന്നാലു പൈങ്കിളി നോവലുകള്‍ എഴുതുകയും ചെയ്തു.വീണ്ടും തളിര്‍ത്ത പൂമരം,വരും ഞാനിനിയും വരും, ശ്മശാനം തുടങ്ങിയവ അക്കാലത്തെ എന്റെ പ്രശസ്ത നോവലുകളായിരുന്നു. അവ എഴുതിയ നോട്ടുബുക്ക് ക്ലാസ്സിലെ കുട്ടികള്‍ കൈമാറി വായിച്ച് അവസാനത്തെ പേജില്‍ അഭിപ്രായം എഴുതി വെക്കും.അതു വായിച്ച് ഞാന്‍ ഹര്‍ഷ പുളകിതനാകും..! എങ്കിലും നാലാളുകള്‍ക്ക് മുമ്പില്‍ നിന്ന് രണ്ടക്ഷരം പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു മത്സരത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല.ഒഴിവു ദിവസങ്ങളില്‍ ഞാനും സുഹൃത്തുക്കളായ രഞ്ജിത്തും സുനിലും വയ്യാതെ കിടക്കുന്ന അമ്മമ്മയെ കാണിയാക്കി നാടകം കളിച്ചതായിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈക്കോ എന്ന സംഘടനയുടെ വാര്‍ഷികത്തിന് ഒരു വൃദ്ധന്റെ വേഷം കെട്ടി അതിന് അന്ത്യം കുറിക്കുകയും ചെയ്തു!


ഡിഗ്രിക്കു പഠിക്കുമ്പോള്‍ പത്മിനി ടീച്ചര്‍ സാഹിത്യവും സമൂഹവും എന്ന പേരില്‍ ഒരു സെമിനാര്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതായിരുന്നു എന്റെ ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ്!!..ഡിഗ്രി കഴിയുമ്പോഴേക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വേദികള്‍ക്കു പിന്നില്‍ നിന്ന് പതിയെ മുന്നിലേക്ക് വരാന്‍ നിര്‍ബന്ധിതനായിരുന്നു.എ.കെ മണിയും വിജയന്‍ മുണ്ടോത്തും അനിയുമൊക്ക നന്ദി അര്‍ഹിക്കുന്നു.എം.എക്ക് ചേര്‍ന്നപ്പോള്‍ പല സെമിനാറുകളിലും എണീറ്റു നിന്ന് സംസാരിക്കാന്‍ നിര്‍ബന്ധിതനായി.
എന്നാല്‍ പ്രസംഗ രംഗത്തേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് സി.പി.എമ്മുമായി ബന്ധപ്പെട്ടാണ്. പല പാര്‍ട്ടി പരിപാടികളിലും മണിയും ഞാനും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു വേളകളില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തിലുടനീളം ഞാന്‍ പ്രസംഗിച്ചു നടന്നു. നടുവണ്ണൂര്‍ എ.എസ്.കെ.എസ്.എന്ന ഒരു സംഘടനയുടെ സാംസ്‌കാരിക ജാഥയില്‍ പല സ്വീകരണ കേന്ദ്രങ്ങളിലും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടു. പതിയെപ്പതിയെ പ്രസംഗവേദികളില്‍ നിന്ന് പ്രഭാഷണ വേദികളിലേക്ക് പലരും എന്നെ വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലകത്തും പുറത്തുമായി നൂറുകണക്കിനു വേദികളില്‍ പ്രഭാഷണം നടത്താന്‍ കഴിഞ്ഞിരിക്കുന്നു. എട്ടു പേര്‍ മുതല്‍ ആയിരം പേര്‍ വരെയുള്ള സദസ്സുകള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ പഴയ നാണം കുണുങ്ങിക്കുട്ടി എന്നെ അലട്ടാറില്ല.
തെരുവോരങ്ങള്‍,സ്‌കൂള്‍-കോളജ് കാമ്പസ്സുകള്‍, സെമിനാര്‍ വേദികള്‍, പഠനക്ലാസ്സുകള്‍,വായനശാലകള്‍,ക്ലബ്ബുകള്‍..അങ്ങനെയങ്ങനെ വേദികള്‍ പെരുകുന്നു..വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍,വ്യത്യസ്തരായ കേള്‍വിക്കാര്‍,വ്യത്യസ്തമായ വേദികള്‍..
സത്യത്തില്‍ എന്റെ ആദ്യപ്രഭാഷണ വേദികള്‍ ക്ലാസ്സ്മുറികള്‍തന്നെ.എന്റെ ഹൃദയം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിക്കുന്നത് ക്ലാസ്സ്മുറികളിലാണ്. പാഠപുസ്തകത്തിന്റെ അതിരുകള്‍ ഭേദിച്ച് സമൂഹത്തിന്റെ വിശാലതയിലേക്കിറങ്ങുന്നതാണ് എന്റെ രീതി.അവ എന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്നു എന്നുഞാന്‍ കരുതുന്നു. എം.എന്‍ വിജയന്‍ മാഷുടെ പ്രഭാഷണങ്ങള്‍ കൗതുകത്തോടെ,അസൂയയോടെ ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എന്നെ ഏറെയൊന്നും ആകര്‍ഷിച്ചിട്ടില്ല. കല്പറ്റ നാരായണന്‍,എം.എന്‍.കാരശ്ശേരി എന്നിവരുടെ പ്രഭാഷണങ്ങളും ഏറെ ആകര്‍ഷിച്ചവയാണ്. കെ.ഇ.എന്‍ ഒരുകാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു.പി.പവിത്രന്‍,സുനില്‍ പി.ഇളയിടം എന്നിവരുടെ പ്രഭാഷണങ്ങള്‍ അതിന്റെ ബൗദ്ധിക നിലവാരം കൊണ്ട് ഏറെ ആകര്‍ഷകമാണ്.
പ്രഭാഷണങ്ങള്‍ സത്യത്തില്‍ നമ്മുടെ സമയം നഷ്ടപ്പെടുത്തും. അതിനുള്ള തയ്യാറെടുപ്പുകള്‍-വായന,കുറിപ്പെടുക്കല്‍,ആലോചന തുടങ്ങിയവ-ഒട്ടേറെ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്നതാണ്.പ്രഭാഷണ സ്ഥലത്തേക്കുള്ള യാത്രയാണ് മറ്റൊരു സമയംകൊല്ലി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ കെയറോഫില്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അത്തരം പ്രഭാഷണങ്ങള്‍ക്ക് യാത്രപ്പടി എന്ന പ്രതിഫലം വാങ്ങുന്നതും ശരിയല്ലല്ലോ..!
പ്രഭാഷണ വിഷയങ്ങളുടെ വൈവിധ്യം സത്യത്തില്‍ ഒരു വെല്ലുവിളിയാണ്.മാധ്യമങ്ങളുടെ രാഷ്ട്രീയം, ഭാഷയും സംസ്‌കാരവും,എന്തുകൊണ്ട് മാതൃഭാഷ,പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി, യുവാക്കളേ നിങ്ങളിപ്പോള്‍ എവിടെയാണ്....വഷയങ്ങള്‍ അങ്ങനെ നീളുന്നു. ചില പ്രഭാഷണങ്ങള്‍ക്ക് പ്രത്യേക വിഷയമുണ്ടാവില്ല. വല്ല സാംസ്‌കാരിക പരിപാടിയുടേയും ഉദ്ഘാടനമായിരിക്കും..അവിടെ വളരെ ശ്രദ്ധിച്ചേ സംസാരിക്കാനാവൂ.സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ടവയായിരിക്കും ചിലവ.ബഷീര്‍,തകഴി,ചങ്ങമ്പുഴ,വൈലോപ്പിള്ളിതുടങ്ങിയവരെ അനുസ്മരിക്കലായിരിക്കും ചില പരിപാടികളില്‍. മറ്റു ചിലത് പ്രത്യേക പുസ്തകങ്ങളെക്കുറിച്ചുള്ളതായിരിക്കും..ശാസ്ത്രവിഷയങ്ങള്‍,സാമൂഹ്യശാസ്ത്രം,വിദ്യാഭ്യാസം,ധനശാസ്ത്രം,സംസ്‌കാരം,കവിത,കഥ,നാടകം,സാഹിത്യസിദ്ധാന്തങ്ങള്‍,സിനിമ,മനുഷ്യാവകാശം,മാധ്യമം,പരിസ്ഥിതി...വിഷയങ്ങള്‍ നീളുകയാണ്. ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്നവരുടെ ദൗര്‍ലഭ്യം ഇന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുകൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് പല വേദികളിലും എത്തിപ്പെടേണ്ടി വരുന്നത്.
വേദിയുടെ സ്വഭാവം പലപ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌കൂളില്‍ വീട്ടില്‍ ഒരു ലൈബ്രറി പരിപാടി ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ സദസ്സില്‍ ഇരുന്നൂറോളം കുട്ടികളും നൂറോളം രക്ഷിതാക്കളും..ഇതില്‍ ആര്‍ക്കു വേണ്ടി പ്രസംഗിക്കണം എന്നതൊരു വെല്ലുവിളിയാണ്.രക്ഷിതാക്കള്‍ക്കു വേണ്ടി സംസാരിച്ചാല്‍ കുട്ടികള്‍ക്ക് ബോറടിക്കും,തിരിച്ചും..ചിലപ്പോള്‍ കാണികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരിക്കും.സംഘാടകര്‍ക്ക് വലിയ വിഷമം!.. സംഘാടകരുടെ നിര്‍ബന്ധം കൊണ്ടുമാത്രം സദസ്സില്‍ വന്നിരിക്കുന്ന ആളുകള്‍ അക്ഷമരായിരിക്കും..വേദിയുടെ സ്വഭാവം, ഹാളിന്റെ സ്വഭാവം,മൈക്കിന്റെ ഗുണനിലവാരം, പ്രസംഗ പീഠത്തിന്റെ വലുപ്പവ്യത്യാസം തുടങ്ങി നമ്മുടെ അന്നേരത്തെ മനോനില വരെ പ്രഭാഷണത്തെ സ്വാധീനിക്കാം. ഒരിക്കല്‍ കോക്കല്ലൂരിനടുത്ത് കാറളാപ്പൊയില്‍ എന്ന ഗ്രാമത്തില്‍ ഒരു വായനശാലയില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയം സംസാരിക്കാന്‍ എന്നെ വിളിച്ചു. വീട്ടില്‍നിന്ന് പുറപ്പെട്ട് കുറച്ചു കഴിയുമ്പോഴേക്കും കനത്തമഴ തുടങ്ങി.ഇടിയും മിന്നലും അകമ്പടി സേവിച്ച മഴ ഗംഭീരമായിത്തന്നെ തിമര്‍ത്തു.റോഡ് കാണാന്‍തന്നെ പ്രയാസം.കാര്‍ പലതവണ കുഴിയില്‍ വീണു.വായനശാലയില്‍ എത്തിയപ്പോള്‍, അവിടെ വൈദ്യുതിയില്ല.മെഴുകുതിരി വെട്ടത്തില്‍ മൂന്നാലാളുകള്‍ ഇരിക്കുന്നു. 'മഴകാരണം പലരും എത്തിയില്ല മാഷേ..'സംഘാടകര്‍ക്ക് വിഷമം.ഞാന്‍ അവരെ സമാധാനിപ്പിച്ചു.'ഉള്ളവര്‍ മതി'.'എന്നാലും...ആളില്ലാതെ..'അവര്‍ക്ക് വീണ്ടും പ്രയാസം. അങ്ങനെ ആ പെരുമഴയത്ത് മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ വായനയുടെ രാഷ്ട്രീയം അവതരിപ്പിച്ചു.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാഷണമായിരുന്നു അത്.
കൊയിലാണ്ടി കൊല്ലത്ത് പിഷാരികാവിനടുത്ത് ഒരു സ്‌കൂളില്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണം അവിസ്മരണീയമായിരുന്നു. ആ പ്രദേശത്തെ താമസക്കാരുടെ കൂട്ടായ്മയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വത്സന്‍ മാഷാണ് എന്നെ ക്ഷണിച്ചത്. ഏകദേശം ഒന്നര മണിക്കൂറോളം പല സാംസ്‌കാരിക-സാമൂഹ്യ പ്രശ്‌നങ്ങളെയും പറ്റി സംസാരിച്ചു. ആളുകള്‍ നന്നായി കയ്യടിച്ചു. ഞാന്‍ പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങി.പെട്ടെന്ന് സദസ്സില്‍നിന്ന് പ്രായമായ ഒരാള്‍ എന്റെയടുത്തേക്ക് ഇറങ്ങി വന്നു.എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു: 'പ്രസംഗം വളരെ നന്നായി.എന്നെ വല്ലാതെ ആകര്‍ഷിച്ചു'.അദ്ദേഹം കീശയില്‍ നിന്ന് ഒരു പേന എടുത്ത് എനിക്കു നീട്ടി.'ഇതു വാങ്ങണം.ഈ പ്രസംഗത്തിന് എന്റെ സമ്മാനമാണ്.എന്റെ കയ്യില്‍ ഇപ്പോള്‍ ഇതു മാത്രമേയുള്ളൂ.' ആ പേന ഒരു നിധി പോലെ ഞാനിന്നും സൂക്ഷിച്ചിരിക്കുന്നു.
ഞാന്‍ പഠിച്ച തുരുത്യാട് എ.എല്‍.പി സ്‌കൂളിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്നെയായിരുന്നു വിളിച്ചത്. ഞാന്‍ എന്റെ സ്‌കൂള്‍കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെ രണ്ടാം ക്ലാസ്സില്‍ പഠിപ്പിച്ച ഗോപാലന്‍ മാഷിന്റെ അധ്യാപന രീതിയെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പ്രഭാഷണമവസാനിപ്പിച്ച് ഇരുന്നപ്പോള്‍ ഒരാള്‍ വന്ന് വിളിച്ചു'മാഷെ കാണണമെന്ന് ഒരാള്‍ ആവശ്യപ്പെടുന്നു'.ഞാന്‍ ചെന്നു.എന്റെ പ്രിയ ഗോപാലന്‍ മാഷ് സ്‌കൂള്‍മുറ്റത്ത് ഒരരികില്‍ ഇരിക്കുന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ ആശ്ലേഷിച്ചു.'അതെല്ലാം മോന്‍ ഓര്‍ക്കുന്നു അല്ലേ' അദ്ദേഹം ചോദിച്ചു. പഴയകാല നന്മകള്‍ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു.
ചില പ്രഭാഷണങ്ങള്‍ എന്തെന്നില്ലാത്ത ആനന്ദം നല്‍കും.വെറുതെയല്ല അഴീക്കോടുമാഷ് വിവാഹം കഴിക്കാതിരുന്നത് എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മുഴുവന്‍ ഫലപ്രദമായി പറയാന്‍ ചിലപ്പോള്‍ കഴിയും.മറ്റു ചിലപ്പോള്‍ ഉദ്ദേശിച്ചതിന്റെ പകുതിപോലും പറയാനാകാതെ പോകും.ചില വേദികള്‍ നമ്മെക്കൊണ്ട് കൂടുതല്‍ നേരം സംസാരിപ്പിക്കും.ആളുകള്‍ മുഷിയാതെ ഇരിക്കുന്നത് നമ്മള്‍ തിരിച്ചറിയും. അഞ്ചെട്ടുമാസം മുമ്പ് മാനന്തവാടിയില്‍ ഒരു പ്രഭാഷണം. വിഷയം: ഭാഷ സംസ്‌കാരം ജനാധിപത്യം.ഉദ്ഘാടകന്‍ കല്പറ്റ നാരായണന്‍ മാഷ്.മുഖ്യ പ്രഭാഷണം ഞാന്‍. മാഷ് ഒരു ടാക്‌സി വിളിച്ച് കൊയിലാണ്ടിയില്‍ നിന്ന് വന്നു.ഉള്ളിയേരിയില്‍നിന്ന് ഞാനും കയറി.മാനന്തവാടിക്കടുത്ത് ഒരു ഉള്‍നാട്ടിലാണ് പരിപാടി. കുറ്റിയാടി ചുരം വഴിയാണ് യാത്ര. കാര്‍ ഒന്നാമത്തെ ചുരത്തില്‍ തന്നെ യാത്ര മതിയാക്കി. കയറ്റം കയറാന്‍ മൂപ്പര്‍ക്ക് മടി. സമയം വൈകുന്നു.സംഘാടകര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. വാഹനങ്ങള്‍ ഒന്നും നിര്‍ത്തുന്നില്ല. അവസാനം ഒരു കാറില്‍ കയറിപ്പറ്റി പാതി വഴിയെത്തി. അവിടുന്നങ്ങോട്ട് ഒരു ജീപ്പില്‍. സംഭവസ്ഥലത്ത് എത്തുമ്പോള്‍ സമയം 12 മണി. പക്ഷേ ആര്‍ക്കും പരാതിയില്ലായിരുന്നു. നാട്ടിന്‍ പുറത്തെ ഒരു സ്‌കൂള്‍ മുറ്റത്ത് പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ക്കു താഴെ ഒരുക്കിയിരിക്കുന്ന വേദി. സദസ്സില്‍ പത്തുമുന്നൂറ് ആളുകള്‍..ഞങ്ങള്‍ക്ക് സന്തോഷമായി. ഉച്ചയൂണു പോലും മാറ്റി വച്ച് ഞങ്ങള്‍ പ്രസംഗിക്കുകയും സദസ്സ് ക്ഷമയോടെ അത് ശ്രവിക്കുകയും ചെയ്തു.
അക്കാദമിക്കായ പ്രഭാഷണങ്ങള്‍ക്ക് അടുക്കും ചിട്ടയുമൊക്കെ ഉണ്ടാവുമെങ്കിലും അതിന് സ്വാതന്ത്ര്യം കുറവായിരിക്കും. സാംസ്‌കാരിക പ്രഭാഷണവും ഉദ്ഘാടന പ്രഭാഷണവുമൊക്കെയാവുമ്പോള്‍ നമ്മുടെ നിരീക്ഷണം,അനുഭവം,വിമര്‍ശനം,ഫലിതം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലായിരിക്കും. വിഷയ വൈവിധ്യവും പറഞ്ഞകാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കാതിരിക്കലും പ്രഭാഷണത്തിന് അനിവാര്യമായ ഘടകങ്ങളാണ്. നല്ല വായന,ഓര്‍മ്മശക്തി എന്നിവ പ്രസംഗകന് അത്യാവശ്യമാണ്. പ്രസംഗം വേര്‍ഡ്‌സ് വര്‍ത്ത് കവിതയെപ്പറ്റി പറഞ്ഞപോലെ, വികാരത്തിന്റെ അനര്‍ഗ്ഗള പ്രവാഹമായിരിക്കണം. കൃത്രിമത്വം പ്രസംഗത്തെ ബാധിക്കാനേ പാടില്ല.
പ്രസംഗിക്കാന്‍ പോകുന്ന വിഷയത്തോട് താല്പര്യമുള്ള ശ്രോതാക്കള്‍ അതിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമാണ്. അവര്‍ എണ്ണത്തില്‍ കുറച്ചുമതി.ബാംഗ്ലൂരിലെ മലയാളികള്‍ സര്‍ഗ്ഗധാര എന്ന അവരുടെ സംഘടനയുടെ പേരില്‍ 'എന്തുകൊണ്ട് മാതൃഭാഷ' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒരു കോളജില്‍ വച്ചായിരുന്നു പരിപാടി. സദസ്സ് പ്രഭാഷണം കേള്‍ക്കാന്‍ മാത്രമായി വന്നവരെക്കൊണ്ട് സമ്പന്നമായിരുന്നു.അധികമാളുകളില്ലെങ്കിലും വന്നവര്‍ അവസാനം വരെ ശ്രദ്ധയോടെ കേട്ടിരുന്നു. എനിക്ക് ബസ്സിന് സമയമായതുകാരണം മാത്രമാണ് നിര്‍ത്തിയത്. ഒന്നരമണിക്കൂര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല എന്ന സജീവിന്റെ അഭിപ്രായം സന്തോഷത്തോടെയാണ് ഞാന്‍ ഏറ്റു വാങ്ങിയത്..
ഇപ്പോള്‍ മാസത്തില്‍ നാലും അഞ്ചും പ്രഭാഷണങ്ങള്‍..ഒരുപാട് സമയം നഷ്ടപ്പെടുമെങ്കിലും ഞാന്‍ അവ ആസ്വദിക്കുന്നു. അതിനു വേണ്ടി വായിക്കാനും തയ്യാറെടുക്കാനും ചിന്തിക്കാനും ശ്രമിക്കുന്നത് എന്നെ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.എന്റെ ക്ലാസ്സുകള്‍ക്ക് അത് ഉപകാരപ്പെടുന്നു.ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന രോഷത്തിന് അവ ആവിഷ്‌കരണം നല്‍കുന്നു. പറയാത്ത പ്രിയവാക്കുകള്‍ക്കും ചിന്തകള്‍ക്കും അവ ചിറകുകള്‍ നല്‍കുന്നു...വേദിയിലെ വാക്കുകള്‍ക്ക് ആയുസ്സു കുറവായിരിക്കാം..എന്നാലും അല്പപ്രാണങ്ങളായ ആ വാക്കുകള്‍ ആരെയെങ്കിലുമൊക്കെ തൊടാതിരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ...