2009, ഡിസംബർ 28, തിങ്കളാഴ്‌ച

ഇപ്പോഴും

നിറയെയുണ്ടായിരുന്നു
പാലോറമലയിലും
താഴ്വരയിലും
പറമ്പായ പറമ്പിലൊക്കെയും

അച്ഛന്‍റെ മുറിവുണക്കാന്‍
തളിര്കുത്തിപ്പിഴിഞ്ഞ നീര്
അമ്മമ്മക്ക് കുളിക്കാന്‍
ഇലയിട്ട് തിളപ്പിച്ച വെള്ളം
എനിക്കു കളിവണ്ടിയോടിക്കാന്‍
തണ്ട്
ഇന്നിപ്പോള്‍- ചിക്കുന്‍ഗുനിയക്ക്
നല്ല മരുന്നാണത്രെ
പക്ഷേ കിട്ടാനില്ല
കാണാനില്ല നാട്ടിലൊന്നും.
മുരടിച്ചതും
ഉണങ്ങിയതും
കാലങ്ങളയി കിളയ്ക്കാത്ത
പറമ്പില്‍
സംശയത്തോടെ തലപൊക്കി നോക്കുന്നവയും
രാമേട്ടന്‍ സന്ചിയിലാക്കി
ആഴ്ച്ചച്ചന്തക്ക് വില്‍ക്കും;
കെട്ടിന്പത്തുരൂപ!
എല്ലാ വേദനകളും മാറുമത്രെ...
മുരടിച്ചതായാലും
പുഴുക്കുത്തേറ്റതായാലും മതി
രമേട്ടന്‍ വാങ്ങിക്കോളും
പണ്ട് തൊണ്ടുരുട്ടിക്കളിക്കാന്‍
തണ്ടൊടിച്ചപ്പോള്‍
കയ്യില്‍ പുരണ്ടമണം
ഇപ്പോഴുമുണ്ട്...

കമ്മ്യൂണിസ്റ്റ് പച്ചയുടെ.

2009, ഡിസംബർ 27, ഞായറാഴ്‌ച

ഉണ്ണിത്താനും സദാചാര വാദികളും

ഉണ്ണിത്താനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു മാന്യന്മാരായി നടക്കുകയാണ്‍ കേരളത്തിലെ സദാചാര വാദികള്‍. പൌരസ്വാതന്ത്ര്യത്തിനു വലിയ വില കല്പിക്കുന്നു എന്ന് വീന്പിളക്കുന്ന കേരളത്തില്‍, തന്‍റെ മനസ്സിനിണങ്ങിയ ഒരു സ്ത്രീയോടൊപ്പം ഒരു മുറിയില്‍ കഴിഞ്ഞു എന്ന കുറ്റത്തിനാണു കേരളത്തിലെ കപട സദാചാര വാദികള്‍ ഉണ്ണിത്താനെതിരെ വാളെടുത്തിറങ്ങിയത്. ഉണ്ണിത്താന്‍ എന്ന ഒരു പുരുഷന്‍ ഒരു സ്ത്രീയെ സ്നേഹിച്ചാല്‍, പ്രാപിച്ചാല്‍ ഉടഞ്ഞു വീഴുന്നതാണ്നമ്മുടെ സദാചാര സൌധമെങ്കില്‍ അതങ്ങു വീഴുന്നതാണു നല്ലത്. അദ്ദേഹത്തിന്‍റെ ഭാര്യക്കും മക്കള്‍ക്കും പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്ത്തു പ്രശ്നം?
ഒരു സാമൂഹ്യപ്രശ്നമായി ,വിപത്തായി,അദ്ദേഹത്തിന്‍റെ സ്ത്രീബന്ധം മാറിയെങ്കില്‍ മാത്രമേ സമൂഹം അതിലിടപെടേണ്ടതുള്ളൂ.അടിച്ചമര്ത്തിയ കാമത്തിന്‍റെയും കടുത്ത അസൂയയുടേയും ബഹിര്‍സ്ഫുരണമായിരുന്നു ഈ വിഷയത്തില്‍ കേരളീയന്‍ കാണിച്ച അത്യാര്‍ത്തി!

2009, ഡിസംബർ 14, തിങ്കളാഴ്‌ച

അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാന്‍ ...

അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാന്‍ സമയമില്ല എന്നു പറഞ്ഞപോലെയാണ്‍ അധ്യാപകരുടെ സ്ഥിതി.മേളകളുടെ കോലാഹലം കഴിഞ്ഞ് പഠിപ്പിക്കാന്‍ നേരമില്ല.നൂറുകൂട്ടം മീറ്റിങ്ങുകള്‍ വേറെ.സ്കൂള്‍ തലത്തില്‍ സ്പൊര്‍ട്സ്, യൂത്ത്ഫെസ്റ്റിവല്‍ എന്നിവക്ക് ചുരുങ്ങിയത് ആറു ദിവസം .സബ്ജില്ലാ സ്പൊര്‍ട്സ്,കലൊല്‍സവം,ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവ്രുത്തിപരിചയ മേള എന്നിവക്ക് ഒന്പതു ദിവസം.ഇവയുടെയെല്ലാം ജില്ലാ ഉല്‍സവങ്ങള്‍ക്ക് വീണ്ടും ഒരു പത്തുദിവസം. അകമ്പടിയായിഅധ്യാപകര്‍ തന്നെ പോകണമല്ലൊ.ക്ലാസ്സുകള്‍ അനാഥം.....ഇതിന്റെ പുറമെ വിവിധയിനം മീറ്റിങ്ങുകള്‍...മന്ത്രിമുതല്‍ എയ്യൊന്‍ വരെ വിളിക്കുന്നവ.സമരങള്‍ വേറെ.കോഴ്സുകള്‍ ഇതിനു പുറമെ.ക്ലസ്റ്ററുകള്‍ കൂട്ടത്തില്‍..ഒരഭ്യര്‍ഥനയുണ്ട്..ഞങ്ങള്‍ക്ക് പഠിപ്പിക്കാന്‍ സമയം തരൂ

2009, ഡിസംബർ 13, ഞായറാഴ്‌ച

കാത്തിരിപ്പ്

കനവു പോലെന്റെയുള്ളില്‍‌ നിറഞ്ഞു നീ
കവിതകോറിക്കടന്നു പോയെങ്കിലും
നിനവിലെന്നും വിരിഞ്ഞുനില്പാണു നീ
പെയ്തിറങ്ങും നിലാവിന്‍ സുഗന്ധമായ്
രാവുദിച്ചേറെയാമങ്ങള്‍ പോകിലും
യാമിനി വന്നു തൊട്ടിലാട്ടീടിലും
നിദ്രവറ്റുന്നമിഴികള്‍ തുറന്നുഞാന്‍
കാത്തിരിപ്പാണു പദസ്വനം കേള്‍ക്കുവാന്‍
ചേതനയില്‍ ചിറകുവീശുന്നു നിന്‍
മിഴികളില്‍ പൂത്തനീലക്കുറിഞ്ഞികള്‍
പ്രണയവേണുവില്‍ മധുരഗീതങ്ങളാല്‍
ചാരുകേശികള്‍ മീട്ടുന്നു ചുണ്ടുകള്‍
ഓര്‍മ്മകള്‍ കൂടുകൂട്ടുന്നസന്ധ്യയില്‍
രാഘമേഘങ്ങള്‍ ചേക്കേറിയെങ്കിലും
അകലെ മാഞ്ഞുപൊയ് എന്‍ വഴിത്താരയില്‍
പൂവിരിച്ച നിന്‍ കാലടിപ്പാടുകള്‍
കണ്ടുതീര്‍ന്നില്ലിതേവരെ തങ്ങളില്‍
മുഴുവനായതില്ലീണങ്ങളൊട്ടുമേ
കാത്തിരിപ്പിന്റെയുമ്മറത്തിണ്ണയില്‍
മിഴിയടക്കാതിരിക്കുകയാണുഞാന്‍...

2009, ഡിസംബർ 12, ശനിയാഴ്‌ച

ദില്ലി

എന്റെ ദില്ലി അനുഭവം രണ്ടു കാര്യങള്‍ കൊണ്ട് എക്കാലത്തും ഓര്‍ക്കാന്‍ കഴിയും.ഒന്ന് സച്ചിദാനന്ദനുമായുള്ള കൂടിക്കാഴ്ച്ച.പനിയും ആശുപത്രിയും ബോധവതിയുംഇവനെക്കൂടിയുംകവിബുദ്ധനുംമലയാളവും രചിച്ച ആവിരലുകളില്‍ സ്പര്‍ശിച്ചപ്പോള്‍ കവിതയുടെ ഏതോ പ്രചീനമായ അനുഭൂതി എന്നെ തൊട്ടു.ആ അലിവും സ്നേഹവുംഅനന്യ ദ്രുശ്യമായിരുന്നു. മറ്റൊന്നു താജ് അനുഭവമായിരുന്നു.നീലമേഘങ്ങള്‍ക്കു കീഴെ വിഷാദഛവിപുരണ്ട ഒരു കണ്ണുനീര്‍ത്തുള്ളിയായി അതു നില്‍ക്കുന്നു.വിസ്മയകരമായിരുന്നു ആ കാഴ്ച.ഷാജഹാനും മുമ്താസും എന്റെ ഓര്‍മകളില്‍ കണ്ണുനീരായി പെയ്തു....

2009, ഡിസംബർ 9, ബുധനാഴ്‌ച

കാത്തിരിപ്പ്...

കിഴക്കന്‍കുന്നിലെ പരിശീലനം

മലയാളം പരിശീലനപരിപാടി കൊഴിക്കോട്ടെ കിഴക്കന്‍ കുന്നുകളില്‍ പുതിയൊരു മാറ്റത്തിന്റെ കാറ്റായി മാറി. മലയാളം നെഞ്ചില്‍ ചേര്‍ത്തുവച്ച അധ്യാപകരുടെ താല്‍പര്യം ഞങ്ങളെ ഏറെ സന്തുഷ്ടരാക്കി. പുതുകവിതയുടെ വഴികള്‍ നാമിനിയും താല്‍പര്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. ബ്ളോഗിന്റെ സാധ്യതകള്‍
നമ്മുടെ പ്രവര്തനങളിലുംക്ളാസ്സ്മുറിയിലും ഉപയോഗിക്കാന്‍ നാമിനിയും മടിക്കേണ്ടതില്ല. പുതിയൊരു ക്ലാസ്സന്തരീക്ഷം എല്ലവര്‍ക്കും ആശംസിക്കുന്നു.
k