2010, ഡിസംബർ 29, ബുധനാഴ്‌ച

ചണ്ഡീഗഡ് വിശേഷങ്ങള്‍....

പര്‍വ്വതങ്ങള്‍ എന്നും മനുഷ്യന് ശാന്തി നല്‍കിയിരുന്നു.അതുകൊണ്ടായിരിക്കാം ഷിംല ഞങ്ങള്‍ക്ക് അവാച്യമായ ശാന്തിയും ആനന്ദവും പകര്‍ന്നു തന്നു.ഷിംലയുടെ പ്രകൃതിക്കു മുമ്പില്‍ ഞങ്ങള്‍ അഹങ്കാരമില്ലാത്ത കൊച്ചു മനുഷ്യരായി. ആ പര്‍വ്വതനിരകള്‍ ഞങ്ങളെ കൊച്ചു മനുഷ്യരാക്കി....




തണുപ്പിന്റെ കരിമ്പടം പുതച്ച തെരുവുകള്‍ താണ്ടി രാവിലെ 6 മണിക്കു് ഹിമാചല്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡിലേക്ക് പുറപ്പെട്ടു. ആകാശത്തു നിന്ന് ഭൂമിയിലേക്കെന്ന പോലെ ബസ്സ് വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ പാഞ്ഞു തുടങ്ങി. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ബസ്സില്‍ റിസര്‍വേഷനുണ്ട്. ആ പരിഗണന പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്.സര്‍ക്കാറിനോട് എനിക്ക് ബഹുമാനം തോന്നി... 11 മണിക്ക് ചണ്ഡീഗഡില്‍ ബസ്സിറങ്ങി.


ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരത്തിലാണ് ഞങ്ങല്‍ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം(planned city). നെഹ്‌റുവിന്റെ സ്വപ്‌നനഗരി.ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനമാണ് കേന്ദ്രഭരണ പ്രദേശമായ ഈ നഗരം. ഈ പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം 114 സ്‌ക്വയര്‍ കി.മീ. മാത്രമാണ്. ജനസംഖ്യ 11 ലക്ഷം. 20 ാം നൂറ്റാണ്ടിലെ നഗരാസൂത്രണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചണ്ഡീഗഡ്.ഫ്രഞ്ച് ആര്‍ക്കിടെക്ടായ ലെ കര്‍ബൂസിയര്‍ ആണ് ഈ നഗരത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്.പിയറി ജിനറെറ്റ്, മാക്‌സ് വെല്‍ ഫ്രൈ, ജെയിന്‍ ബി ഡ്ര്യു എന്നിവരും പ്ലാനിംഗില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഒരുമനുഷ്യന്റെ ശരീരഘടനയെ മാതൃകയാക്കിയാണ് ഈ നഗരത്തിന്റെ പ്ലാന്‍ കര്‍ബൂസിയര്‍ തയ്യാറാക്കിയത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ശിരസ്സ്, ഹൃദയം,ശ്വാസകോശം എന്നിവയുടെ ധര്‍മ്മത്തെ ആധാരമാക്കി നഗരത്തെ ആസൂത്രണം ചെയ്തിരിക്കുന്നു. ശിരസ്സ് സെക്രട്ടരിയേറ്റ് ഉള്‍പ്പെടുന്ന കാപ്പിറ്റോള്‍ കോംപ്ലക്‌സ്.ഹൃദയം നഗരത്തിന്റെ കേന്ദ്രം,അതായത് സെക്ടര്‍ 17.ശ്വാസകോശം നഗരത്തിലെ തുറസ്സായ സ്ഥലങ്ങളും പച്ചപ്പും. ബുദ്ധികേന്ദ്രങ്ങള്‍ നഗരത്തിലെ സാംസ്‌കാരിക സ്ഥലികള്‍. രക്തചംക്രമണത്തിന് അനേകം റോഡുകള്‍....


തീര്‍ച്ചയായും ഈ നഗരം നമ്മെ അദ്ഭുതപ്പെടുത്തുകയും അസൂയാലുക്കളാക്കുകയും ചെയ്യും. ഓരോ സ്ഥലവും സെക്ടറുകളായാണ് അറിയപ്പെടുന്നത്. സെക്ടര്‍ 17, സെക്ടര്‍43 എന്നിങ്ങനെ... വീതികൂടിയ മനോഹരമായ റോഡുകളാണ് ആദ്യം നമ്മെ ആകര്‍ഷിക്കുക. കുണ്ടും കുഴിയുമില്ലാത്ത നിരത്തുകള്‍.ഒരു പൊടിപോലും എവിടെയുമില്ല. നിരത്തുകള്‍ക്കു നടുവിലൂടെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. കവലകളിലെല്ലാം നടുവിലായി വലിയ വൃത്തങ്ങള്‍ക്കത്ത് ജലധാരകളും പുല്‍മേടുകളും. കൃത്യമായ അകലത്തില്‍ ഒരേ വീതിയില്‍ നിരത്തുകള്‍....ചെറിയ വാഹനങ്ങള്‍ക്കും റിക്ഷകള്‍ക്കും പോകാന്‍ നടപ്പാതക്കപ്പുറം പ്രത്യക പാതകള്‍... നിരത്തുകള്‍ക്കിരുവശവും ഒരേ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍.എവിടെത്തിരിഞ്ഞു നോക്കിയാലും മരങ്ങളും പൂച്ചെടികളും മാത്രം. അവ നന്നായി പരിപാലിക്കപ്പെടുന്നുമുണ്ട്. വിശാലമായ വാഹന പാര്‍ക്കിംങ് സൗകര്യങ്ങള്‍... അതിവിശാലമായ ബസ്സ്റ്റാന്‍ഡുകള്‍.നൂറുകണക്കിന് ബസ്സുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്്്്്താലും ഒട്ടും തിരക്കനുഭവപ്പെടുകയില്ല. ഓരോ പത്തു മിനുട്ടിലും ബസ്റ്റാന്‍ഡു് തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. 2007-ല്‍ ഇന്ത്യയില്‍ ആദ്യമായി ഇവിടെ പുകവലി നിരോധിച്ചിട്ടുണ്ട്. 2008-ല്‍ പ്ലാസ്റ്റിക്ക് നിരോധനവും നിലവില്‍ വന്നു. താമസവും ജോലിസ്ഥലവും വിനോദവും ഷോപ്പിംഗും വിദ്യാഭ്യാസവുമൊക്കെ പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണിവിടെ.


ഈ നഗരത്തോട് എനിക്ക് കടുത്ത അസൂയ തോന്നി. ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, തകര്‍ന്നുപോയ ഡിവൈഡറുകള്‍, രണ്ടുവര്‍ഷം പോലും മുന്നോട്ടു കടന്നു കാണാത്ത കെട്ടിട നിര്‍മ്മാണം, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, പാറി നടക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍,തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍,എപ്പോഴും ബ്ലോക്കാവുന്ന ഗതാഗതം,ചട്ടങ്ങള്‍ ലംഘിക്കുന്ന കെട്ടിട നിര്‍്മ്മാണം, ശ്രദ്ധകിട്ടാതെ ഉണങ്ങിപ്പോകുന്ന പൂന്തോട്ടങ്ങള്‍.... വികസനം വാചകമടിയില്‍ മാത്രമൊതുക്കുന്ന ഇച്ഛാശക്തിയില്ലാത്ത നേതാക്കള്‍..ഹാ കഷ്ടം!!


2.15 ന് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്നു പേരുള്ള, ചണ്ഡീഗഡ് ടുറിസം കോര്‍പ്പറേഷന്റെ ഒരു ബസ്സുണ്ട്. അതിലാണ് ഞങ്ങള്‍ നഗരം കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. അതു വരെ വിശ്രമിക്കാം. പലരും ഷോപ്പിംഗിനു വട്ടം കൂട്ടി.ജലീല്‍ മാഷ് ഷോപ്പിംഗ് എന്നു കേള്‍ക്കേണ്ടതാമസം ഉഷാറായി! ഇപ്പോള്‍ തന്നെ നാട്ടില്‍ ഒരു ,ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങാനാവശ്യമായ സാധനങ്ങള്‍ മൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഞാനും രഞ്ജിയും ജലീല്‍മാഷും ്അനിയും ഇലക്ട്രോണിക്ക് സാധനങ്ങള്‍ കിട്ടുന്ന സെക്ടര്‍ 17 ലും റിയാസും ജെ.പിയും തുണിത്തരങ്ങള്‍ കിട്ടുന്ന സെക്ടര്‍ 16 ലും പരതി.അജയന്‍മാഷ് പൂരി കിട്ടുന്ന സെക്ടര്‍ അന്വേഷിച്ച് യാത്രയായി.


അതിനിടെ മലയാളിയായ ഒരു ജവാനെ പരിചയപ്പെട്ടത് നല്ലൊര്‌നുഭവമായി.സെക്ടര്‍ 45 ല്‍ പോയാല്‍ മലയാളിയുടെ കടയില്‍നിന്ന് നല്ല ഭക്ഷണം കിട്ടുമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ ഭക്ഷണത്തോട് വല്ലാത്തൊരു കൊതി തോന്നി. നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് 9 ദിവസമായി. ദില്ലിയിലെ കേരളാഹൗസിലെ ഉച്ചഭക്ഷണം ഒഴിച്ചാല്‍ നാടിന്റെ തനതുരുചി അറിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെയായിരിക്കുന്നു. ഞങ്ങളിപ്പോള്‍ നാട്ടില്‍നിന്ന് 3000 കി.മീ.ലധികം അകലെയാണ്. ഗൃഹാതുരത മെല്ലെ മെല്ലെ പിടികൂടുന്നു. മോഹന്‍ദാസ് ഇടക്കിടെ വീട്ടിലേക്കു വിളിക്കുന്നു....


2.15 ന് സെക്ടര്‍ 17 ലെ വിശാലമായ ബസ് ടെര്‍മിനലില്‍ നിന്ന് Hop On Hop off എന്നു പേരുള്ള ചണ്ഡീഗഡ് ടൂറിസം വകുപ്പിന്റെ മുകള്‍ ഭാഗം തുറന്ന ഇരുനില ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡ് എന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരം കാണാന്‍ പുറപ്പെട്ടു. ബസ്സില്‍ ഞങ്ങളെക്കൂടാതെ കുറച്ചുപേരും കൂടിയുണ്ടായിരുന്നു. അതില്‍ ഒരു സുന്ദരി കൂടിയുണ്ടായിരുന്നതിനാല്‍ ബ്രിജേഷിന് നല്ല ഉത്സാഹമായി !!


ചണ്ഡീഗഡ് സര്‍ക്കാറിന്റെ മ്യൂസിയത്തിലേക്കാണ് ആദ്യം പോയത്. നിരവധി പുരാവസ്തു ശേഖരവും പെയിന്റിങ്ങുകളും ചിത്രത്തുന്നലുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം തീര്‍ച്ചയായും നല്ലൊരു അനുഭവം തന്നെ.അടുത്ത ലക്ഷ്യം ബോഗന്‍ വില്ല ഗാര്‍ഡനായിരുന്നു.1976 ല്‍ ആരംഭിച്ച ഈ പൂന്തോട്ട്ത്തില്‍ ആയിരക്കണക്കിനു തരം ബോഗന്‍വില്ല ചെടികള്‍ നമുക്കു കാണാം. 20 ഏക്കര്‍ സ്ഥലത്തു പരന്നുകിടക്കുന്ന ഈ പൂന്തോട്ടത്തിന്റെ നടുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത. 1947 മുതല്‍ ഇന്ത്യക്കു വേണ്ടി പോരാടി മരിച്ച ജവാന്‍മാരുടെ പേരുകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകങ്ങള്‍ ഇവിടെകാണാം.8459 പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 2006 ല്‍ സ്ഥാപിച്ച ഈ സ്മാരകം അനശ്വരരായ രക്തസാക്ഷികള്‍ക്കുള്ള ഉചിതമായ സ്മരണാഞ്ജലി തന്നെ.


പിന്നീട് അദ്ഭുതങ്ങളുടെ ഭീമന്‍ കോട്ടക്കുള്ളിലേക്കായിരുന്നു ഞങ്ങള്‍ പ്രവേശിച്ചത്. റോക്ക് ഗാര്‍ഡന്‍...ലോകത്തിലെതന്നെ ഏറ്റവും വിലമതിക്കത്തക്ക കാഴ്ച എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ലഭ്യമായ എല്ലാതരം പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് ഈ അദ്ഭുത ലോകത്തിലെ ഓരോ വസ്തുവും നിര്‍മ്മിച്ചിരിക്കുന്നത്. പിഞ്ഞാണക്കഷണങ്ങള്‍, ക്ലോസറ്റിന്റെ കഷണങ്ങള്‍, ടൈല്‍സ് കഷണങ്ങള്‍, ട്യൂബ് ലൈറ്റ് കഷണങ്ങള്‍, കുപ്പിവളപ്പൊട്ടുകള്‍,ചാക്കില്‍ ഉറച്ചു പോയ സിമന്റു കട്ടകള്‍ എന്നു വേണ്ട നിങ്ങള്‍ ഉപയോഗശൂന്യമെന്നുകരുതി വലിച്ചെറിയുന്ന എന്തും ഇവിടെ അതിമനോഹരമായ ശില്പങ്ങളായി രൂപം മാറിയിട്ടുണ്ടാവും!! 20ഏക്കര്‍ സ്ഥലത്ത് ഏതോ നഷ്ട സാമ്രാജ്യത്തിന്റെ രൂപരേഖയുടെ മാതൃകയിലാണ് റോക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യരൂപങ്ങള്‍,പക്ഷിമൃഗാദികള്‍,ജവാന്‍മാര്‍ എന്നീ രൂപങ്ങള്‍ നൂറുകണക്കിനുണ്ട്. കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, നദികള്‍,തടാകങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഇതിനകത്തുണ്ട്. പക്ഷേ എല്ലാംനിര്‍മ്മിച്ചിരിക്കുന്നത് പാഴ് വസ്തുക്കള്‍ കൊണ്ടാണെന്നു മാത്രം! ചണ്ഡീഗഡ് കാപ്പിറ്റോള്‍ പ്രോജക്റ്റിലെ റോഡ് ഇന്‍സ്‌പെക്റ്റരായിരുന്ന നേക് ചന്ദ് എന്നയാളാണ് ഇതിന്റെ നിര്‍മ്മാതാവ്. അദ്ദേഹം ചണ്ഡീഗഡില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പെറുക്കിയെടുത്ത പാഴ് വസ്തുക്കള്‍ തന്റെ പണിശാലയുടെ ചുറ്റും കൂട്ടിയിട്ടിരുന്നു. അവ വര്‍ദ്ധിച്ച് വര്‍ദ്ധിച്ചു വന്നു. ഏതു പാഴ് വസ്തുവിനും സൗന്ദര്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. 1973 ല്‍ ഡോ.എസ്.കെ.ശര്‍മ്മ എന്നയാള്‍ അവിചാരിതമായി ഇതു കണ്ടെത്തി.പിന്നീട് ചണ്ഡീഗഡിന്റെ ആദ്യത്തെ ചീഫ്് കമ്മീഷണറായിരുന്ന ഡോ.എം.എസ്.രന്ധാവ ഇതു ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവസാനം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 1976 ല്‍ പാഴ് വസ്തുക്കളുടെ ഈഅമൂല്യമായ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഷിംലയില്‍ പ്രകൃതിയുടെ കരവിരുതിനു മുമ്പില്‍ വിസ്മയ സ്തബ്ധരാകുന്ന നമ്മള്‍ റോക്ക് ഗാര്‍ഡനില്‍ മനുഷ്യന്റെ ഭാവനക്കും പാടവത്തിനും മുമ്പില്‍ തലകുനിക്കുമെന്ന് ഉറപ്പ്.


പിന്നീട് സുഗുണാ തടാകത്തിലേക്കായിരുന്നു യാത്ര. മുകള്‍ഭാഗം തുറന്ന ബസ്സിലിരുന്നുള്ള യാത്ര ആഹ്ലാദകരമായിരുന്നു. നഗരത്തിന്റെ വശ്യസൗന്ദര്യം മുഴുവന്‍ അ്തിലിരുന്നു കാണാം. ഒരു നഗരത്തിന് ഇത്രയേറെ ഭംഗിയോ എന്ന് നാം അദ്ഭുതപ്പെടും. ഹരിതകാനനം പോലൊരു നഗരം! ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍..എല്ലായിടത്തേക്കും വീതിയുള്ള റോഡുകള്‍. റോഡരികില്‍ അന്താരാഷ്ട്ര നിലവാരമുള്ള ,ഷോപ്പിംഗ് മാളുകള്‍,കടകള്‍....


സുഗുണാ തടാകവും സുന്ദരി തന്നെ. നൂറുകണക്കിന് അരയന്നങ്ങള്‍ അതില്‍ നീന്തിക്കൊണ്ടിരുന്നു. തടാകക്കരയില്‍ ചില ചിത്രകാരന്മാര്‍ ആളുകളുടെ ചിത്രം പെന്‍സില്‍ കൊണ്ടു വരച്ചു കൊടുക്കുന്നു...ഇനി റോസ് ഗാര്‍ഡനിലേക്ക്. സമയം സന്്ധ്യയായിത്തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ പനിനീര്‍ പൂന്തോട്ടമാണ് ചണ്ഡീഗഡിലേത്.1600 തരം പനിനീര്‍പൂക്കള്‍ 27 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്നു. പൂക്കള്‍ക്കു മുകളില്‍ രാത്രി അതിന്റെ പുതപ്പ് വലിച്ചിടാന്‍ തുടങ്ങിയിരിക്കുന്നു.... ഞങ്ങള്‍ക്ക് പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും രാവിന്റെ നിശ്ശബ്ദതയില്‍ ചില പൂമ്പാറ്റകള്‍ സുന്ദരികളായ പൂക്കളില്‍ വന്നിരുന്ന് പൂന്തേന്‍ നുകരുന്നത് ഷൈജുവും ബ്രിജേഷും സജീഷും സ്വല്പം അസൂയയോടെ നോക്കിനിന്ന വിശേഷം ഞങ്ങളോടു വന്നു പറഞ്ഞു. അതു കാണാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് അല്പം വിഷമമുണ്ടാകാതെയുമിരുന്നില്ല!!


ഞങ്ങള്‍ ചണ്ഡീഗഡിലെ ദീപാലങ്കൃതമായ തെരുവുകളിലൂടെ നടന്നു.എല്ലാവരുടേയും ഉള്ളില്‍ പട്ടാളക്കാരന്‍ പറഞ്ഞു തന്ന മലയാളിയുടെ ഹോട്ടല്‍ മാത്രമേയുള്ളൂ. സെക്ടര്‍ 17 ല്‍ നിന്ന് സെക്ടര്‍ 45 ലേക്ക് ഞങ്ങള്‍ ബസ്സ് കയറി. നഗരത്തെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. സെക്ടര്‍ 43 ല്‍ ഇറങ്ങിയ ഞങ്ങള്‍ മണ്ടന്‍മാര്‍ ലണ്ടനില്‍ പോയപോലെ കുറച്ച് കറങ്ങി. വെറുതെയിരിക്കുന്ന കുറച്ചു പോലീസുകാരെ കണ്ടപ്പോള്‍ അവരോട് അന്വേഷിക്കാമെന്നായി റിയാസ്. ആളുകളെ കയറി മുട്ടുന്നതില്‍ റിയാസിനെ വെല്ലാന്‍ ഈ ലോകത്താരുമില്ലല്ലോ. പക്ഷേ ഒടുക്കത്തെ ഹിന്ദിക്കു മുന്നില്‍ മാത്രമാണ് അവന്‍ അടിയറവ് പറഞ്ഞത്.കൂട്ടത്തില്‍ മുറിമൂക്കന്‍ ഹിന്ദി രാജാവായ അജയനെ മുന്നില്‍ നിര്‍ത്തിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ സര്‍ക്കസ്സുകളെല്ലാം. മലയാളിയുടെ ഹോട്ടല്‍ അന്വേഷിച്ചപ്പോള്‍ പോലീസുകാര്‍ കൈമലര്‍ത്തി. പക്ഷേ കൂട്ടത്തില്‍ ഒരാള്‍ മറ്റാരെയോ ഫോണില്‍ വിളിച്ച് അവസാനം സ്ഥലം മനസ്സിലാക്കി. അയാള്‍ ഞങ്ങളുടെ കൂടെത്തന്നെ വന്നു. ഏകദേശം അര കി.മീ.ദൂരം ഞങ്ങളുടെ കൂടെ വന്ന് സ്ഥലം കാട്ടിത്തന്ന്, ഒരു ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ പോയി. ഇത് തന്റെ ഡ്യൂട്ടിയാണെന്നാണ്‌യാള്‍ പറഞ്ഞത്... ഞാന്‍ എന്റെ നാട്ടിലെ പോലീസുകാരെ ഓര്‍ത്തു പോയി....


ഒറ്റമുറിയില്‍ ഒരു ഹോട്ടല്‍. നടത്തിപ്പുകാര്‍ നന്മണ്ടക്കാരന്‍ വാസുദേവനും ഭാര്യയും...മൂന്നാലു പണിക്കാരുണ്ട്. മുറ്റത്തു നിരത്തിയിരിക്കുന്ന കസേരയും മേശയും.ഇരുന്നും നിന്നും ഭക്ഷണം കഴിക്കുന്ന സിക്കുകാരും മറ്റുള്ളവരും...നല്ല തിരക്കു തന്നെ.അദ്ദേഹത്തിന്റെ ഭാര്യ ഉള്ള്യരിക്കാരി യാണെന്നു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ലോകത്തിന്റെ ഏതുമൂലയിലും മലയാളി സാന്നിധ്യമുണ്ടാവുമെന്ന സത്യം ഞങ്ങള്‍ക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. ഏറെ ദിവസത്തിനുശേഷം രുചികരമായ ഭക്ഷണം വയറുനിറച്ച് കഴിച്ച് സംതൃപ്തിയോടെ ഞങ്ങള്‍ അവിടം വിട്ടു. ഞങ്ങളെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടിട്ടേ ആ നല്ല മനുഷ്യന്‍ പോയുള്ളൂ. ചണ്ഡീഗഡിലെ കാഴ്ചകള്‍ അവസാനിപ്പിച്ച് സെക്ടര്‍ 43 ല്‍ നിന്ന് രാത്രി 10.50 ന് ഞങ്ങള്‍ അമൃത് സറിലേക്ക് യാത്ര തിരിച്ചു. പഞ്ചാബ് ഞങ്ങളെ നിശ്ശബ്ദമായി വിളിച്ചുകൊണ്ടിരുന്നു....










അഭിപ്രായങ്ങളൊന്നുമില്ല: