2012, ജൂലൈ 22, ഞായറാഴ്‌ച



വന്ധ്യമേഘങ്ങൾ..
ഞാന്‍ സ്വയം തെരഞ്ഞടുത്ത പാതയായിരുന്നു അത്.ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയുടേത്.എന്റെ കുടുംബവും അയല്‍ക്കാരും കോണ്‍ഗ്രസ്സിനു വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്കു വേണ്ടി എന്റെ അച്ഛനുമായി പോരടിച്ചു! എന്റെ വായന,ചെറിയ എഴുത്തുകള്‍,സംസാരങ്ങള്‍ എന്നിവയെ ആ പ്രത്യയശാസ്ത്രം സ്വാധീനിച്ചു.മറ്റൊരു ആശയത്തിനും കഴിയാത്ത വിധത്തില്‍ മണ്ണിലേക്കും മനുഷ്യരിലേക്കും നോക്കാന്‍ അതെന്നെ പരിശീലിപ്പിച്ചു.ഒരു പക്ഷേ,എല്ലാ മനുഷ്യരും ഈ ഭൂമിയുടെ തുല്യ അവകാശികളാകുന്ന ഒരു കാലം വരുമെന്ന് ഞാനും പ്രത്യാശിച്ചു. അതിന്റെ ചെറിയ ചെറിയ പിടച്ചിലുകളായിരുന്നു എന്റെയും പ്രത്യാശകള്‍..അന്ന് എനിക്കുചുറ്റുമുള്ള നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരും നിരഹങ്കാരികളായ നേതാക്കളും അവരുടെ ചിറകിന്നടിയിലെന്നപോലെ എന്നെ അടുപ്പിച്ചു നിര്‍ത്തി.പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ നായരും ബാലേട്ടനുമൊക്കെ നിഷ്‌കളങ്കമായ ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ വിരലുകളാല്‍ എന്നെ തഴുകി.
കുട്ടികളുടെ ബസ്സ് ചാര്‍ജ് വര്‍ദ്ധനവിനെതിരെയുള്ള സമരത്തിനിടയില്‍ പോലീസ്പിടിയിലായ ഞാന്‍ കോഴിക്കോട് ജില്ലാജയിലില്‍ മൂന്നു ദിവസം കഴിച്ചുകൂട്ടിയത് ബാലേട്ടന്റെ ഇച്ഛാശക്തിയുടെ തണലിലായിരുന്നു.അദ്ധേഹം നല്‍കിയ മുറിബീഡി അന്നാദ്യാമായി ഞാന്‍ രസിച്ചുവലിച്ചു...നെരൂദ പാടിയപോലെ അപരിചിതരുമായി കമ്മ്യൂണിസം എനിക്ക് സാഹോദര്യം നല്‍കി. പരിഷത്തും റെഡ്‌സണും ബാലസംഘവും ഡി.വൈ.എഫ്.ഐ യും എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചു.വഴിതെറ്റാതെ എന്നെ കാത്തു. വായനയുടെ ലോകത്ത് അലയാന്‍ എന്നെ പ്രേരിപ്പിച്ചു. കൊച്ചുകൊച്ചു യോഗങ്ങളില്‍ പ്രസംഗിച്ച് ആത്മവിശ്വാസം കൈവരിച്ചു..ഇ.എം.എസ്സും നായനാരും വി.എസ്സും ചടയനും ഇമ്പിച്ചിബാവയും പാലൊളിയും എം.വി.ആറും ഗൗരിയമ്മയും എന്റെ ആരാധനാമൂര്‍ത്തികളായി.
ഒരുദിവസം സഖാവ് മെഹബൂബിന്റെ വീടാക്രമിച്ചതിനെതിരെ ഉള്ളിയേരിയില്‍ നിന്ന് ഒരു പ്രതിഷേധപ്രകടനം അത്തോളിയിലേക്ക് പുറപ്പെട്ടു. കൂമുള്ളിയെത്തിയപ്പോള്‍ മുദ്രാവാക്യം വിളിക്കേണ്ട ചുമതല എനിക്കായി. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എസ്.എഫ്.ഐ.നേതാവ് പ്രഭാകരനും ഇന്നത്തെ ചിന്തകന്‍ ഡോ.ടി.വി.മധുവും പഠിപ്പിച്ചുതന്ന മുദ്രാവാക്യം ആവേശത്തോടെ ഞാന്‍ വിളിച്ചുകൊടുത്തു. 'ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ നട്ടെല്ലൊടിച്ചു പതാകകെട്ടും..അക്കൊടിച്ചോട്ടില്‍ മരിച്ചുവീഴും വരെ ഇങ്കുലാബിങ്കുലാബേറ്റുപാടും..' കുഞ്ഞികൃഷ്ണന്‍നായര്‍ എന്റെ ചുമലില്‍ തൊട്ടു.പിന്നെ ചെവിയില്‍ മന്ത്രിച്ചു:അത്ര ആവേശം വേണ്ട..ഇത്തിരി കട്ടി കുറഞ്ഞോട്ടെ...
സഖാക്കളുടെ സ്‌നഹത്തിന്റെ ഉഷ്മളമായ വലയത്തില്‍ അവാച്യമായ സുരക്ഷിതത്വബോധവും സാഹോദര്യബോധവും തോന്നിയിരുന്ന കാലം.തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനതാദളിന്റെ ഗംഗാധരേട്ടനും ബലരാമന്‍ മാഷും എ.കെ.മണിയുമായിരുന്നു മുഖ്യ പ്രസംഗകര്‍..അവരോടൊപ്പമോ അവരെക്കാളോ ഞാന്‍ പ്രസംഗിച്ചു തെളിഞ്ഞു..ദീര്‍ഘമായ പഠനകാലവും ജോലിയുമൊക്കെയായി സജീവ പാര്‍ട്ടി പ്രവര്‍ത്തനം അസാധ്യമായപ്പോഴും പാര്‍ട്ടിയുമായി ഹൃദയപൂര്‍വ്വമായ ഒരു ആത്മബന്ധം സൂക്ഷിച്ചിരുന്നു.


സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ സംവാദാത്മക കാലവും ഞന്‍ ഓര്‍ക്കുന്നു.എം.കുട്ടികൃഷ്ണന്‍ മാസ്റ്റര്‍,ഡോ.ഗോപാലന്‍കുട്ടി,ഡോ.പി.കെ.പോക്കര്‍,ഡോ.കെ.എന്‍.ഗണേഷ്,കെ.ഇ.എന്‍..നാടിന്റെ സാംസ്‌കാരിക സദസ്സുകളെ ധന്യമാക്കിയവര്‍ ഏറെ.അറിവും ചിന്തയും സംവാദത്തിന്റെ ജനാധിപത്യബോധവും നിറഞ്ഞുനിന്ന കാലം. ഹൃദയത്തില്‍ കവിതയും സംഗീതവും സിനിമയും പ്രണയവും നിറഞ്ഞു വിങ്ങുന്ന യുവത്വത്തിന്റെ വിഹ്വലതകള്‍ അറിഞ്ഞംഗീകരിക്കുന്ന കൂട്ടായ്മയുടെ സഹവാസ കാലം..
പതിയെപ്പതിയെ എന്റെ പ്രതീക്ഷകള്‍ തകര്‍ന്നുതുടങ്ങി...എന്റെ മാത്രമല്ല, പാര്‍ട്ടിയോട് സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന ആയിരക്കണക്കിന് അനുഭാവികളെ പാര്‍ട്ടി നിരാശരാക്കി.തിരിച്ചുവരവ് അസാധ്യമാക്കും വിധം തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു..കുഞ്ഞികൃഷ്ണന്‍ നായരും ബാലേട്ടനും മാത്രമല്ല, അവരുടെ മൂല്യങ്ങളും തിരശ്ശീലക്കു പുറകിലേക്ക് മറഞ്ഞു..ചരിത്രബോധമില്ലാത്ത അഹങ്കാരികളായ പുതു നേതൃവൃന്ദം രംഗത്തുവന്നു.അവര്‍ക്ക് അവരെപ്പോലും വിശ്വാസമില്ലാതായി. വിമര്‍ശനങ്ങളെ സംശയത്തോടെയും വെറുപ്പോടെയും മാത്രം വീക്ഷിച്ചു. ഉപദേശങ്ങളെയും നിര്‍ദ്ദേശങ്ങളെയും പുച്ഛത്തോടെ തിരസ്‌കരിച്ചു. നെഞ്ചോടു ചേര്‍ത്ത വിശ്വാസങ്ങളിലേക്ക് അവര്‍ പുച്ഛത്തോടെ കാര്‍ക്കിച്ചു തുപ്പി. ഉപയോഗിക്കുന്ന ഓരോ വാക്കിലും വിരുദ്ധസ്വരമുണ്ടോ എന്ന് ഭീരുക്കളെപ്പോലെ സ്‌കാന്‍ ചെയ്തു.കരള്‍ കാണിച്ചു കൊടുത്തവരോട് ചെമ്പരത്തിപ്പൂവിന്റെ ഉപമ പറഞ്ഞു. വൈതാളികവൃന്ദങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ ഓരോ പാര്‍ട്ടി നേതാവിന്റെയും മനസ്സില്‍ തൂങ്ങാന്‍ തുടങ്ങി.സഹകരണ ബാങ്കുകള്‍,സൊസൈറ്റികള്‍,സ്വാശ്രയകോളജുകള്‍,മറ്റ് അധികാരസ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനം നേടാന്‍ മണികിലുക്കുന്നവരെക്കൊണ്ട് ആസ്ഥാനങ്ങള്‍ നിറഞ്ഞു.പ്രത്യയശാസ്ത്രം എന്ന വാക്കുപോലും അയിത്തജാതിയായി. കോണ്‍ട്രാക്റ്റര്‍മാര്‍,മാഫിയകള്‍,ഭൂമികച്ചവടക്കാര്‍, പണച്ചാക്കുകള്‍ തുടങ്ങിയവര്‍ പുതിയ ചങ്ങാതിമാരായി.അല്പസ്വല്പം എഴുത്ത്,വായന,ചിന്ത എന്നീ അസുഖങ്ങളുള്ളവര്‍ കഠിനശത്രുക്കളായി,വിരുദ്ധരായി. തുറന്ന സംവാദങ്ങളും പ്രത്യയശാസ്ത്രചര്‍ച്ചകളും ജനകീയ ഇടപെടലുകളും അന്യമായ ഉപജാപകസംഘമായി പാര്‍ട്ടി മാറി.നേതാക്കള്‍ എ.സി.കാറില്‍ യാത്രയായി.പ്രമേയങ്ങളിലും പ്രസംഗങ്ങളിലും മാത്രം വൈരുദ്ധ്യധിഷ്ഠിത ഭൗതികവാദവും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും അതിസാര പ്രവാഹമായി. നാട്ടിലെ കെടുതികള്‍ അവര്‍കാണാതായി...
സ്വകാര്യകമ്പനികള്‍ കേരളത്തില്‍ വന്ന് കോടികള്‍ ടോള്‍ പിരിക്കാന്‍ തുടങ്ങി.അവര്‍ കണ്ടില്ല. ഭൂമാഫിയ ഏക്കര്‍കണക്കിന് വയലുകള്‍ നികത്തിത്തുടങ്ങി.അവര്‍ അനങ്ങിയില്ല.കേരളത്തില്‍ സദാചാരപ്പോലീസുകാര്‍ അരങ്ങുവാണു.അവര്‍ മിണ്ടിയില്ല.ലീഗും എന്‍.എസ്.എസും,എസ്.എന്‍.ഡി.പി.യും സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസത്തെ തീറെഴുതിയെടുത്തു.അവര്‍ അറിഞ്ഞില്ല.പാവപ്പെട്ട കുട്ടികളെ പെരുവഴിയിലാക്കി cbse ക്കാര്‍ക്ക് പരവതാനി വിരിച്ചു.അവര്‍ ഇളകിയില്ല. ദുരിതം തിന്ന നഴ്‌സുമാര്‍ സ്വയം പ്രതിരോധം തീര്‍ത്തു.അവര്‍ ഇടപെട്ടതേയില്ല.എന്‍.ഡി.എഫും പി.ഡി.പി.യും ഉറഞ്ഞാടി.അവര്‍ പ്രതിരോധിച്ചില്ല. വിലകള്‍ കേവലമനുഷ്യരെ തിന്നു തീര്‍ത്തു.അവര്‍ പ്രതിഷേധിച്ചില്ല.മണ്ണും മലയും ജലവും മണലും കവരാന്‍ ദല്ലാളുകള്‍ തക്കം പാര്‍ത്തിരുന്നു.കുന്നുകള്‍ ലോറികയറിപ്പോയി. അവര്‍ വഴികാട്ടികളായി. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ തിലകം ചാര്‍ത്തി മാധ്യമങ്ങള്‍ അണിഞ്ഞൊരുങ്ങി.അവരാകട്ടെ സ്വന്തം ചാനലുകള്‍ പൈങ്കിളികള്‍ക്കും വെട്ടുകിളികള്‍ക്കും മേയാന്‍ വിട്ടുകൊടുത്തു. സാംസ്‌കാരികപ്രവര്‍ത്തകരെയും ചിന്തകരെയും മുഴുവന്‍ വലതുപക്ഷത്താക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.അതിലവര്‍ വിജയിച്ചു. ദളിതര്‍,ആദിവാസികള്‍,സ്ത്രീകള്‍,അസംഘടിതര്‍..നഴ്‌സുമാര്‍,അണ്‍ എയിഡഡ് അധ്യാപകര്‍...ഇവരെയൊന്നും കണ്ടതേയില്ല.കൊട്ടേഷന്‍ സംഘങ്ങള്‍ നേതൃത്വത്തിന്റെ കളിത്തോഴരായി..അധികാരസ്ഥാനങ്ങളില്‍ തമ്പടിക്കാനും ലഭിച്ച അധികാരം കൈവിടാതിരിക്കാനും ബന്ധുക്കളെ അവിടങ്ങളില്‍ കുടിയിരുത്താനും ശ്രമിക്കുന്നതുമാത്രമായി രാഷ്ട്രീയപ്രവര്‍ത്തനം മാറി.ഇതേ്രത മഹത്തായ സോഷ്യലിസം!! 
പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്ന ആയിരങ്ങള്‍ കൊടിയ നിരാശയിലും വേദനയിലും ആഴ്ന്നുപോയി.പുതിയ തലമുറയില്‍ നിന്ന് ആരും പ്രസ്ഥാനത്തിലേക്ക് എത്തിനോക്കിയതേയില്ല. അവര്‍ക്ക് മാതൃകയായിത്തോന്നാനുള്ളതൊന്നും അതിനകത്തുണ്ടായിരുന്നില്ല...
2012 മെയ് 4.അമ്പത്തൊന്നു വെട്ടുകളാല്‍, ഒരു ധീരനായ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷ്‌കരുണം കൊത്തിയരിഞ്ഞപ്പോള്‍ ധാര്‍മ്മികതയുടെ അവസാനത്തെ കണവും പാര്‍ട്ടിയില്‍നിന്ന് പടിയിറങ്ങിപ്പോയി.വിവേകശൂന്യരായ നേതൃത്വം ആ മനുഷ്യനെ പ്രസ്താവനകള്‍ കൊണ്ട് വീണ്ടും വീണ്ടും വെട്ടിനുറുക്കി.21 ാം നൂറ്റാണ്ടിലെ ഒരു രാഷ്ട്ട്രീയനേതൃത്വത്തിനു അനിവാര്യമായും വേണ്ടതായ വിവേകബുദ്ധി ഈ പ്രശ്‌നത്തില്‍ അവര്‍ കാണിച്ചതേയില്ല.മാധ്യമങ്ങളെ പഴി പറഞ്ഞും പെരും നുണകള്‍ ആവര്‍ത്തിച്ചും ജനങ്ങള്‍ വിഡ്ഢികളാണ് എന്ന തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയും അവര്‍ സ്വയം വിഡ്ഢികളായിക്കൊണ്ടേയിരുന്നു.ഈ തിരക്കില്‍ സമുദായ ശക്തികള്‍ വിദ്യാലയങ്ങള്‍ കൈക്കലാക്കി. പെട്രോളിനു വിലകൂട്ടി,പ്ലസ് വണ്ണിനു cbse ക്കാരെ തിരുകിക്കയറ്റി,നിലം നികത്തി,വനം വെളുപ്പിച്ചു..അറിയേണ്ടവര്‍ക്ക് അറിഞ്ഞില്ലെന്നു നടിക്കാന്‍ എളുപ്പമായി...കൊന്നതിന്റെയും ചത്തതിന്റെയും കണക്കുകളുമായി പ്രാകൃതരായ സെക്രട്ടറിമാര്‍ രംഗത്തുവന്നു.മറ്റൊരു സെക്രട്ടറി പെണ്ണുകേസില്‍ പുറത്തായി..മുപ്പത്തഞ്ച് വര്‍ഷം കോണ്‍ഗ്രസ്സിന്റെ നയരൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച,ഇന്ത്യയിലെ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എന്നും ചൂട്ടുപിടിച്ച പ്രണബ്മുഖര്‍ജി ഒറ്റ രാത്രികൊണ്ട് പാര്‍ട്ടിക്ക് അഭിമതനായി.നമ്മുടെ ഇടതു പക്ഷം എത്രമാത്രം വലതുപക്ഷമാണ് എന്ന് ജനങ്ങള്‍ മൂക്കത്തു വിരല്‍വച്ചു..വിനാശകാലേ വിപരീത ബുദ്ധി എന്ന് എന്റെ വലിയച്ഛന്‍ പറയുമായിരുന്നു!!

ചന്ദ്രശേഖരന്റെ രക്തം ഉണങ്ങാതെ കിടന്നു.അത് പല നേതാക്കളുടെയും ദുസ്വപ്‌നങ്ങളില്‍ വിരുന്നുവന്നു.. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ജീവിതത്തില്‍ സൂക്ഷിക്കുന്ന 

ഒരു വൃദ്ധന്‍ മാത്രം ഉണര്‍ന്നിരുന്ന് സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.അദ്ധേഹത്തെയാകട്ടെ അവര്‍ ക്രൂശിച്ചുകൊണ്ടേയിരുന്നു. ഇടത് മനസ്സ് സൂക്ഷിക്കുന്നവരും വിപ്ലവത്തെക്കുറിച്ച് കാല്പനികമെങ്കിലും സുഖകരമായ സ്വപ്‌നം സൂക്ഷിക്കുന്നവരുമായ നട്ടെല്ല് പണയം കൊടുക്കാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരെയാണ് ഒരു രാത്രകൊണ്ട് പാര്‍ട്ടി ഹതാശരാക്കിയത്. കടുത്ത മോഹഭംഗത്തിന്റെ ചുഴിയിലകപ്പെട്ട അവര്‍ പലവഴിക്ക് പിരിഞ്ഞുപോയി. ചിലര്‍ അരാഷ്ട്രീയ വാദികളായി.ചിലര്‍ രാഷ്ട്രീയ വിരോധികളായി.ചിലര്‍ മദ്യപാനികളായി.ചിലര്‍ എന്നേന്നേക്കുമായി നിശ്ശബ്ദരായി.മറ്റു ചിലര്‍ ഉദാസീനരും അലസരുമായി.വേറെ ചിലര്‍ ആത്മഹത്യയുടെ വക്കോളമെത്തി. ചിലര്‍ കടുത്ത മാനസികസംഘര്‍ഷത്തിനടിമകളായി.. വിശ്വാസത്തകര്‍ച്ചയുടെ ബലിക്കല്ലില്‍ അനേകായിരങ്ങളെ പാര്‍ട്ടി കുരുതികൊടുത്തു. അപഹാസ്യവും യുക്തിഹീനവും വിവേകരഹിതവുമായ നടപടികളിലൂടെ അനുദിനം ജനങ്ങളെ അകറ്റിക്കൊണ്ടിരിക്കുന്നതില്‍ പാര്‍ട്ടി ശ്രദ്ധപുലര്‍ത്തി. നിധികാക്കുന്ന ഭൂതങ്ങളെപ്പോലെ പഞ്ചായത്ത്,ബാങ്ക് ഭരണസമിതികളിലെ അംഗങ്ങളും സ്ഥാനമോഹികളും മാത്രം അന്ധവിശ്വാസത്തോടെ പാര്‍ട്ടിയെ ചുറ്റിപ്പറ്റിനിന്നു. പുച്ഛവും അഹങ്കാരവും അവിശ്വാസവും വെറുപ്പും മനുഷ്യവിരുദ്ധതയും മൂലധനമാക്കി ഒരു മഹാപ്രസ്ഥനത്തെയും പ്രത്യയശാസ്ത്രത്തെയും ഒറ്റിക്കൊടുത്ത നേതൃപാടവമേ നിന്നെ നമിക്കാതെ വയ്യ...ഞങ്ങെളയൊക്കെ ഒറ്റവെട്ടിനു കൊന്നുകൂടായിരുന്നോ നിങ്ങള്‍ക്ക്....എന്തിനിങ്ങനെ കൊത്തിയരിയുന്നു? എല്ലാം നശിപ്പിക്കുന്ന കൂട്ടത്തില്‍ നിങ്ങളുടെ ട്രങ്കുപെട്ടിയുടെ അടിയില്‍ ഒരുപക്ഷേ മൂലധനത്തിന്റയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ചിതലരിച്ച ഒരു കോപ്പി കണ്ടേക്കാം.അത് നശിപ്പിക്കരുത്. അതെങ്കിലും ഞങ്ങള്‍ക്ക് വേണം...കാരണം കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ ഞങ്ങള്‍ക്ക് ആരുടേയും ചീട്ടുവേണ്ട..ആ പുസ്തകത്തിലെ, ഇനിയും നിങ്ങള്‍ക്ക് നശിപ്പിക്കാനാകാത്ത സത്യത്തിന്റെ ബലം മതി..

2 അഭിപ്രായങ്ങൾ:

A. C. Sreehari പറഞ്ഞു...

കുഞ്ഞികൃഷ്ണന്‍നായര്‍ ചുമലില്‍ തൊട്ടു ചെവിയില്‍ പറയും:അത്ര ആവേശം വേണ്ട..ഇത്തിരി കട്ടി കുറഞ്ഞോട്ടെ...

vignesh gangan- വിഘ്നേഷ്‌ ഗംഗന്‍ പറഞ്ഞു...

ഞാന്‍ അജ്ഞത നടിക്കുക ആണോ അതോ വിഡ്ഢിയാണോ അതോ ഞാന്‍ കാണുന്നത് എല്ലാം മിത്യയാണോ..ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല..എന്തൊക്കെയോ എവിടെയോ നഷ്ടപ്പെട്ടു പോയി. എങ്കിലും ഈ പാര്‍ടിക്ക് പുറത്തേക്കു ഇല്ല.