പാച്ചുവേട്ടൻറെ വീടിനെയും
സ്കൂളിനെയും വേർതിരിക്കുന്ന സ്കൂൾമതിലിൽ കാൽ തൂക്കിയിട്ടിരുന്ന് ഉപ്പുമാവുതിന്നശേഷം
ഉച്ചക്ക് കള്ളനും പോലീസുംകളിയാണ് പതിവ്. പതിവുപോലെ അന്നും ഈയുള്ളവൻതന്നെയായിരുന്നു
കള്ളൻ. ഇൻസ്പെക്ടർ ബാബുവിൻറെ തല്ല് ആവോളം കൊണ്ട് മനംമടുത്ത് മൂന്നാംക്ലാസ്സിലെ ബഞ്ചിൽ
ക്ഷീണിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും എൻറെ പേടിസ്വപ്നമായ കുഞ്ഞിരാരിച്ചൻ മാഷ്
ചൂരലുമായി എത്തിക്കഴിഞ്ഞു. പൊക്കിൾവരെ നീണ്ട നരച്ചതാടിയും പിന്നിലേക്ക് ചീകിവെച്ച നീണ്ടമുടിയുമുള്ള
മാഷെ ഞങ്ങൾ ദുർവ്വാസാവിനെപ്പോലെ ഒരു മഹർഷിയായിട്ടാണ് സങ്കല്പിക്കാറ്. വെക്കേഷൻകാലത്ത്
മൂപ്പർ കാട്ടിൽ തപസ്സിനുപോകാറുണ്ടെന്ന് ഒരു ഐതിഹ്യം സ്കൂളിൽ പ്രചരിച്ചത് ഞങ്ങൾ വിശ്വസിച്ചിരുന്നു.
സ്റ്റാൻ, സിറ്റ് എന്നീ ആചാരങ്ങൾക്കു ശേഷം മാഷ്
കണക്കിലേക്കു പ്രവേശിച്ചു. എഴുന്നേൽപ്പിച്ച് നിർത്തി മുഖത്തോടുമുഖം നോക്കി സ്ളേറ്റിൽ കണക്ക് ചെയ്യിക്കലാണ്
മൂപ്പർക്കിഷ്ടപ്പെട്ട വിനോദം. ഞങ്ങൾ അപ്രകാരം നിന്ന് കണക്ക് ചെയ്യാൻ തുടങ്ങി. ഓരോരുത്തരും
സ്ളേറ്റ് ഇടതുകയ്യിൽ നെഞ്ചിൻറെ ഇടതുവശംചേർത്ത് പിടിച്ച് കണക്ക് ചെയ്യണം. മറ്റുള്ളവരുടെ
സ്ളേറ്റിലേക്ക് എത്തിനോക്കാതിരിക്കാനാണ് ഈ വിദ്യ. കണക്കിൽ ബാല്യകാലസഖിയിലെ മജീദിനേക്കാൾ
കഷ്ടമാണ് എൻറെ കാര്യം. മാണിക്കോത്ത് രാജീവൻ എൻറെ സ്ലേറ്റിലേക്ക് മെല്ലെഎത്തിനോക്കുന്നത്
കണ്ട് എനിക്ക് ചിരിയാണ് വന്നത്. പൊട്ടൻ! അവൻറെ കണക്കും തെറ്റാൻപോവുകയാണ്!! പെട്ടെന്നാണ്
കുഞ്ഞിരാരിച്ചൻ മാഷ് എൻറെ നേരെ കുതിച്ചുവന്നത്. നീ കണക്ക് കാണിക്കുമല്ലേടാ എന്ന് ചോദിച്ചുകൊണ്ട്
അദ്ദേഹം ചെപ്പിത്തോണ്ടിയുടെ മാത്രം വലുപ്പമുള്ള എൻറെ കൈ പിടിച്ച് ഒറ്റയേറ്!! ക്ലാസ്സിൻറെ
മൂലയിൽ ചാരിവെച്ചിരിക്കുന്ന നിരാലംബനായ ബ്ളാക്ക് ബോർഡിൻമേലാണ് ഞാൻ ചെന്നു വീണത്. ഒരു
നിമിഷത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. പീറ്റത്തെങ്ങിൽനിന്നു വീണ അണ്ണാൻകുഞ്ഞിനെപ്പോലെ
ഞാൻ ക്ലാസ്സിൻറെ മൂലയിലിരുന്നു വിറച്ചു. ബോർഡ് നിലതെറ്റി ക്ലാസ്സിൻറെ അരമതിലിനു മുകളിലൂടെ
മുറ്റത്തേക്കു മറിഞ്ഞുവീണു. ശബ്ദം കേട്ട് ഗോപാലൻമാഷും ദാമോദരൻമാഷും ഓടിവന്നു. എന്നെ
ഗോപാലൻമാഷും ബോർഡിനെ ദാമോദരൻമാഷും നേരേനിർത്തി. മാണിക്കോത്ത് രാജീവൻ എന്നെനോക്കി ചിരിച്ചു.
ഞാൻ കണക്കുചെയ്യുന്നതിൽ നിന്ന് കിഴിവ് നേടി ബെഞ്ചിൽ ഇരുത്തപ്പെട്ടു.
ക്ലാസ്സ് കഴിഞ്ഞ്
പോകുമ്പോൾ കുഞ്ഞിരാരിച്ചൻമാഷ് എന്നെ അടുത്തുവിളിച്ചു. ജുബ്ബയുടെ പോക്കറ്റിൽനിന്ന് അഞ്ചുപൈസയും
മേശവലിപ്പിലെ കൂറക്കാട്ടം പോലുള്ള ചോക്കുകളുടെ കൂട്ടത്തിൽനിന്ന് ഒരു കൂറക്കാട്ടവും
അലിവോടെ തന്നു. ഞാൻ വേദനകൾ മറന്നു. അഞ്ചുപൈസയേക്കാൾ വലുത് ആ കൂറക്കാട്ടമായിരുന്നു.!
പുറത്തുവിട്ട ഉടനെ ഉണ്ണിനായരുടെ പീടികയിലേക്കോടി അഞ്ചുപൈസക്ക് കോന്തി വാങ്ങി, മൂന്നെണ്ണം
ഞാനെടുത്തു. രണ്ടെണ്ണം സുഹൃത്തായ രാമചന്ദ്രന് കൊടുത്തു. മുന്നെണ്ണവും വേഗം തിന്ന ഞാൻ
രാമചന്ദ്രൻറെ കയ്യിൽ നിന്ന് ഒന്നിൻറെ പകുതികൂടി വാങ്ങിത്തിന്ന് ക്ലാസ്സിലേക്കോടി. എന്ന
ശിക്ഷിച്ച കുറ്റംബോധം കാരണം കുഞ്ഞിരാരിച്ചൻ മാഷ് അടുത്ത വെക്കേഷനിൽക്കൂടി തപസ്സിനു
പോകുന്നുണ്ട് എന്ന ഒരൈതിഹ്യം സ്കൂളിൽ പ്രചരിച്ചതിന് ഞാൻ ഉത്തരവാദിയേയല്ല!!
1 അഭിപ്രായം:
നല്ല ഓർമ്മകൾ.ഇഷ്ടമായി.. ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ